കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ കബറടക്കശുശ്രൂഷ പൂര്‍ത്തിയായി. ഔദ്യോഗിക ബഹുമതികളോടെ കോട്ടയത്തെ ദേവലോകം അരമനയിലാണ് ചടങ്ങുകള്‍ നടന്നത്. അരമനയിലെ ചാപ്പലിനോടുചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടുചേര്‍ന്ന് ഭൗതികശരീരം സംസ്കരിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. സഭയിലെ തന്നെ മുതിര്‍ന്ന മെത്രോപോലീത്ത ആയ കുര്യാക്കോസ് മാര്‍ ക്ലിമ്മീസിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ (75) തിങ്കളാഴ്ച പുലര്‍ച്ചെ 2.40ഓടെയാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ കാലംചെയ്തത്. ബാവയുടെ ഭൗതികശരീരം രാവിലെ ആറുമണിയോടെ പരുമല പള്ളിയിലെത്തിച്ചു. മദ്ബഹയ്ക്കുമുന്പില് പൊതുദര്‍ശനത്തിനായി എംബാംചെയ്ത ശരീരം കണ്ണാടിക്കൂട്ടിലെ സിംഹാസനത്തിലിരുത്തി. രാവിലെമുതല്‍ വിശ്വാസികള്‍ ബാവയെ കാണാനായി പരുമലയിലേക്കൊഴുകിയെത്തിയിരുന്നു. പരുമലപ്പള്ളിയിലെ വിടവാങ്ങല്‍ പ്രാര്‍ഥനയ്ക്കുശേഷം തിങ്കാഴ്ച രാത്രി എട്ടുമണിയോടെയാണ് ഭൗതികശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്കു വിലാപയാത്രയായി എത്തിച്ചത്.
പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് മൂന്നുമണിയോടെ ചാപ്പലിലെ വിശുദ്ധ മദ്ഹബയില്‍ ശുശ്രൂഷാ ചടങ്ങുകള്‍ ആരംഭിച്ചു. അഞ്ചരയോടെയാണ് സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.
കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചിരുന്നു.
Content Highlights: Malankara Orthodox Syrian Church head Baselios Marthoma Paulose II Funeral