തൊടുപുഴ> തമിഴ്നാട്ടുകാർക്ക് ഒരു പഴനി ഉണ്ടെങ്കിൽ കേരളീയർക്കുമുണ്ടൊരു പഴനി. തൊടുപുഴക്കാരുടെ സ്വന്തം ഉറവപ്പാറ. തൊടുപുഴയിൽ നിന്ന് നാല് കി. മീറ്റർ അകലെ ഒളമറ്റമെന്ന സ്ഥലത്താണ് ഉറവപ്പാറ സ്ഥിതി ചെയ്യുന്നത്. പട്ടണത്തിന്റെ ഒരുവശത്തായി തലയെടുപ്പോടെ ഉറവപ്പാറ നിൽക്കുന്നത് കാണാൻ ഒരു ആനച്ചന്തവുമുണ്ട്. സഞ്ചാരികളും ധാരാളമെത്തുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 150 മീറ്റർ ഉയരത്തിലാണ് ഉറവപ്പാറ. പാറയുടെ അടിവാരത്തുനിന്ന് നോക്കിയാൽ കയറാൻ പ്രയാസകരമാണെന്ന് തോന്നാമെങ്കിലും കയറി തുടങ്ങിയാൽ പിന്നെ ലക്ഷ്യത്തിലെത്താം.
തൊടുപുഴ പട്ടണവും സമീപ പ്രദേശങ്ങളും കൃത്യമായി കാണാൻ വേറെ എവിടേക്കും പോകേണ്ടതായില്ല. ഇവിടുത്തെ പ്രധാന ആകർഷണം ഒരു സുബ്രഹ്മണ്യ ക്ഷേത്രമാണ്. മലയാള പഴനിയെന്ന പേര് വരാൻ കാരണവും മറ്റൊന്നല്ല. പാറയുടെ മുകളിൽ നിന്നാൽ ഒരു വശത്ത് പട്ടണത്തിന്റെ വിശാലമായ കാഴ്ച. മറുവശത്ത് പല മലമേലാപ്പും ആസ്വദിക്കാം. പ്രകൃതി രമണീയമായ കാഴ്ചയും തണുത്ത കാറ്റും വിശാലമായി നീണ്ടുനിവർന്നു കിടക്കുന്ന പാറയുമാണ് ഉറവപ്പാറയെ കൂടുതൽ മനോഹരമാക്കുന്നത്. വാഴ തോട്ടങ്ങളും പൈനാപ്പിൾ തോട്ടങ്ങളും കൃഷിയിടങ്ങളുമെല്ലാം പാറക്ക് മുകളിൽനിന്ന് കാണുന്നത് ഏറെ ആസ്വാദ്യകരം. മണിയന്തടം, കരിങ്കുന്നം, തെക്കുംഭാഗം എന്നീ മലകൾക്ക് മുകളിലൂടെ മേഘങ്ങൾ തൊട്ടുരുമ്മി പോകുന്നതും ഇവിടെ കാണാനാവും. വേനലിന് ഒരു ശമനമെന്നപോലെ പെയ്ത മഴയിൽ പാറയ്ക്കുമുകളിൽ വളർന്ന പച്ചപുല്ലും ചെടികളും ഹരിതാഭ പകരുന്നു.
‘ആൺപാറ’, ‘പെൺപാറ’ എന്നീ രണ്ട് പാറകളാണ് ഇവിടെയുള്ളത്. പെൺപാറയിലാണ് ക്ഷേത്രം. മഹാഭാരതകഥയുമായി ഐതിഹ്യമുള്ള ഭീമന്റെ അടുപ്പും, ഭീമപാദ തീർഥക്കുളവും ഇവിടെയുണ്ട്.12 വർഷത്തെ വനവാസത്തിനിടെ പാണ്ഡവരും ഭാര്യ ദ്രൗപതിയും അവിടെ തങ്ങിയിരുന്നു എന്നതാണ് ഐതിഹ്യം. ഭീമൻ മൂന്ന് വലിയപാറകൾ ഉപയോഗിച്ച് ഒരു അടുപ്പ് സ്ഥാപിച്ച് ചേന പാകം ചെയ്തിരുന്നതായും ജലക്ഷാമം നേരിട്ടപ്പോൾ ഭീമൻ ഒരു വലിയ പാറയിൽ കാൽ പതിച്ചപ്പോഴാണ് കുളം രൂപപ്പെട്ടതെന്നുമാണ് കഥ. ആ കുളം ഒരിക്കലുംവറ്റാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഉറവ വറ്റാത്ത പാറയായതുകൊണ്ടാണ് ‘ഉറപ്പാറ’ എന്ന് പേര് വന്നതെന്ന് മറ്റു ചിലരും പറയുന്നു. പ്രിയപ്പെട്ടവരോടൊപ്പവും തനിച്ചും ഇരിക്കാനും വിശ്രമിക്കാനും പറ്റിയ സ്ഥലമാണ്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. സൂര്യാസ്തമയ കാഴ്ചയും കണ്ട് ഉറവപ്പാറ ആസ്വദിക്കാം. തൊടുപുഴ -ഇടുക്കി റോഡിൽ ഒളമറ്റത്താണ് ഉറവപ്പാറ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..