ഭാഗം: 9
തട്ട്തട്ടാക്കി പ്രകൃതി രൂപകൽപന ചെയ്ത ഏണിപ്പടികളിൽ കൃഷി ചെയ്ത് വിളയിച്ച് കൊയ്തെടുക്കുന്നത് നേരിൽ കാണാൻ വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് ‘തെഗാലലാംഗ് റൈസ് ടെറർ’ അഥവാ ‘ഉബുഡ് റൈസ് ഫീൽഡ്സ്’. ബാലിയുടെ സാംസ്കാരിക തലസ്ഥാനമായ ഉബുഡിന്റെ വടക്ക് ഭാഗത്താണ് പ്രകൃതി തീർത്ത ഈ ഏണിപ്പാടങ്ങൾ. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയിൽ 7 ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ ഇവിടം സന്ദർശിക്കാം. പ്രവേശന ഫീസ് വേണം.
പരമ്പരാഗത ജലസേചന സമ്പ്രദായമാണ് നെൽകൃഷിക്ക് ഇന്നും പ്രദേശത്തെ കർഷകർ ഉപയോഗിക്കുന്നത്.
എട്ടാം നൂറ്റാണ്ടിലാണ് പരമ്പരാഗത കാർഷിക രീതി ബാലിയിൽ ആരംഭിച്ചതെന്നാണ് അനുമാനം. ചുറ്റുമുള്ള കുന്നുകളിൽ നിന്ന് ഒഴുകി വരുന്ന വെള്ളം തട്ട്തട്ടായുള്ള വയലുകളിൽൽ നിന്ന് താഴെയുള്ള പാടങ്ങളിലേക്ക് ഒഴുക്കാൻ പണ്ട് മുതലേ കർഷകർ ചാലുകൾ കീറിയിരുന്നു. പമ്പ് സെറ്റുകളോ മോട്ടോറുകളോ കൃഷിക്കായി ഉപയോഗിക്കാത്ത പഴയ കേരളീയ നാട്ടിൻപുറം ശൈലി. കതിരിടാൻ നിൽക്കുന്ന നെൽവയലുകൾക്ക് നടുവിലൂടെ വിനോദ സഞ്ചാരികൾക്കായി കല്ലുകൾ പാകിയ ഇടുങ്ങിയ നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്. പാടവരമ്പുകൾ അൽപം വീതികൂട്ടി നിർമ്മിച്ച വഴികൾ. സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ ഉയരത്തിലാണ് ‘ടെഗലലാംഗ് റൈസ് ടെറസ്’ സ്ഥിതി ചെയ്യുന്നത്.
അവിടെയെത്തുമ്പോൾ തണുത്ത കാറ്റ് നമ്മെ തഴുകിയെത്തും. പരമ്പരാഗത ജീവിത രീതികളെ ഇന്തോനേഷ്യക്കാരെപ്പോലെ വാശിയോടെ പിന്തുടരുന്ന അർധ നഗരവൽകൃത സമൂഹം ലോകത്ത് വേറെ ഉണ്ടാകുമോ എന്ന് സംശയമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് സഞ്ചാര സാഹിത്യകാരൻ എസ്.കെ പോറ്റക്കാട് പറഞ്ഞതിൽ നിന്ന് എടുത്തുപറയത്തക്ക ആചാര മാറ്റങ്ങളൊന്നും പൊതുവെ ഇന്തോനേഷ്യക്കാർക്കും പ്രത്യേകിച്ച് ബാലിക്കാർക്കും സംഭവിച്ചിട്ടില്ല.
പരമ്പരാഗത നെൽകൃഷിയെ വിനോദ സഞ്ചാര കേന്ദ്രമാക്കിയ ബാലി രീതി കേരളത്തിനും അനുകരിക്കാം. പാലക്കാട്ടെ ചിറ്റൂരിലെ നെൽപ്പാടങ്ങളും കുട്ടനാട്ടിലെ പാടശേഖരങ്ങളും ഇന്നും നമ്മുടെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഇടം നേടിയിട്ടില്ല. കുറ്റ്യാടിയിലും നാദാപുരത്തുമെല്ലാമുള്ള തെങ്ങിൻ തോപ്പുകളും നാം വിനോദ സഞ്ചാരത്തിന് തെരഞ്ഞെടുത്ത പട്ടികയിൽ ഇടം കൊടുത്തിട്ടില്ല. പുഴയോരങ്ങൾ സൗന്ദര്യവൽക്കരിച്ചാൽ മറ്റൊരിടത്തുമില്ലാത്ത ദൃശ്യവിരുന്നൊരുക്കാൻ നമുക്കാകും.
ഭൂമിയുടെ കിടപ്പിന് അനുസൃതമായാണ് ഉബുഡ് റൈസ് ഫീൽഡിൽ കൃഷി ചെയ്തിരിക്കുന്നത്. റോഡിൽ നിന്ന് പാടങ്ങളിലേക്ക് ഇറങ്ങാൻ ഏണിപ്പടികൾ കണക്കെ പടവുകൾ ഉണ്ടാക്കിയിട്ടുണ്ട്. നടവഴികളുടെ ഓരങ്ങളിൽ ശീതളപാനിയങ്ങളും ലഘുഭക്ഷണവുമെല്ലാം കിട്ടുന്ന ചെറിയ ഷോപ്പുകൾ മുളയിൽ കെട്ടിപ്പൊക്കി നിർമ്മിച്ചിട്ടുണ്ട്.
കുറ്റിപ്പുറം പാലത്തിനടുത്തെ പഴയ ‘ബാംബു’ ഹോട്ടൽ പോലെ. കൃഷിയിടങ്ങൾ പരന്ന് കിടക്കുന്നത് കൊണ്ട് എവിടെയും തിരക്ക് അനുഭവപ്പെടുന്നില്ല. പലരും പല വഴികളാണ് ഇറങ്ങാനും കയറാനും തെരഞ്ഞെടുക്കുന്നത്. ടൂറിസ്റ്റുകൾക്ക് ദൃശ്യസൗന്ദര്യം ആസ്വദിക്കാൻ വിശാലമായ ഒരു ലോകം തന്നെയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഒരു കാഴ്ച കാണാൻ ഒരുപാട് വഴികൾ. ഒരു ലക്ഷ്യത്തിലെത്താനുള്ള വിവിധ വഴികൾ പോലെ. അവിടെയും ബാലി ബഹുസ്വരത കൈവിട്ടിട്ടില്ല! ആകെമൊത്തം നോക്കിയാൽ സത്യത്തിലേക്ക് ഒന്നിലധികം വഴികളുണ്ടെന്ന് ബാലി സഞ്ചാരികളെ ഓർമ്മപ്പെടുത്തുകയാണെന്ന് തോന്നും.
ഏകശിലാ സംസ്കൃതിയെ കുഴിച്ചുമൂടി വൈവിദ്ധ്യങ്ങളെ സഹിഷ്ണുതയോടെ സ്വീകരിച്ചവരാണ് ബാലിക്കാർ. പഴയ കൃഷി
സമ്പ്രദായം പരിചയപ്പെടുത്തുന്ന നെൽപാട സ്ഥലത്ത് റോഡിനിരുവശവും നിരവധി ചെറിയ വാണിജ്യ സ്ഥാപനങ്ങളുമുണ്ട്. ബാലിനീസ് രീതിയിലെ എല്ലാ തരത്തിലുള്ള കരകൗശല വസ്തുക്കളും ഇവിടെ കിട്ടും.
ഓരോ ടൂറിസം ഡെസ്റ്റിനേഷനുകളിലും നാട്ടുകാരായ ഒരുപാട് ഗൈഡുകളെ കാണാം. ഓൺലൈൻ വഴിയാണ് പലരും ഗൈഡുകളെ കണ്ടെത്തുന്നത്. സ്ഥലത്ത് വെച്ചും ഗൈഡുകളുടെ സഹായം തേടാം. അവർക്ക് പ്രത്യേകം ചാർജ് കൊടുക്കണം. ഗൈഡുകൾ തമ്മിൽ കശപിശയോ വാക്കേറ്റമോ ഒന്നുമില്ല.
ഏത് ടൂറിസ്റ്റ് കേന്ദ്രത്തിൽ ചെന്നാലും ഒരു ആധ്യാത്മിക കേന്ദ്രത്തിലെത്തിയ അനുഭൂതിയാണ്. ബഹളങ്ങളില്ല. അനാവശ്യ തിരക്കുകളില്ല. ഉച്ചത്തിലുള്ള സംസാരങ്ങളോ പൊട്ടിച്ചിരികളോ ഇല്ല. എല്ലായിടത്തും നിറയെ ആളുകളുണ്ട്. എന്നാൽ ശാന്തം, സ്വസ്ഥം. ഒരുവട്ടം ബാലിയിലോ ഇന്തോനേഷ്യയുടെ മറ്റു ഭാഗങ്ങളിലോ വന്നാൽ വീണ്ടും വീണ്ടും വരാൻ തോന്നുന്നത് പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല. ഇവിടുത്തെ മനുഷ്യരുടെ അക്ഷോഭ്യ സ്വഭാവ മഹിമ കൊണ്ടുകൂടിയാണ്.
കൊയ്ത്തും മെതിയുമൊക്കെ പരമ്പരാഗത രീതിയിൽ ഒരുഭാഗത്ത് നടക്കുന്നു. വെള്ളക്കാരായ വിദേശികൾ അതിശയത്തോടെ അവയെല്ലാം നോക്കി നിൽക്കുന്നത് കാണാൻ എന്തൊരു രസമാണെന്നോ! അൻപത് കൊല്ലം മുമ്പുള്ള കേരളീയ ഗ്രാമങ്ങൾ കാണാൻ താൽപര്യമുള്ളവർ കാണേണ്ട സ്ഥലം ഇന്തോനേഷ്യയാണ്. ചെമ്മൺ പാതകൾക്ക് പകരം ടാറിട്ട റോഡുകളും പുല്ല് മേഞ്ഞ വീടുകൾക്ക് പകരം ഓടിട്ട വീടുകളുമാണെന്ന വ്യത്യാസം മാത്രം. പാടം തൂർത്ത് ഇവിടെ ആരും വീടു വെക്കുകയോ കെട്ടിടങ്ങൾ പണിയുകയോ ചെയ്യുന്നില്ല. കാരണം അതവരുടെ ജീവനോപാധിയാണ്. സർക്കാരും അത് പ്രോൽസാഹിപ്പിക്കുന്നില്ല.
ബാലിയിലെ പ്രശസ്ത പുണ്യ നീരുറവയായ ‘തീർത്ഥ എംപുൽ ക്ഷേത്രത്തി’ന് ആയിരം വർഷത്തിലേറെ പഴക്കമുണ്ട്.
”തീർത്ഥ ക്ഷേത്രം’ വാർമ്മദേവ രാജവംശ കാലത്ത് സുഭിക്ഷമായ ഒരു നീരുറവയ്ക്ക് സമീപത്താണ് സ്ഥാപിതമായത്.’തീർത്ഥ എംപുൽ’ എന്ന ഭൂഗർഭ ജലസ്രോതസ്സിൽ നിന്നാണ് ക്ഷേത്രത്തിന് ഈ പേര് ലഭിച്ചത്.
പക്കേരിസൻ നദിയുടെ ഉറവിടമാണത്രെ ഈ നീരുറവ. ക്ഷേത്രത്തെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ജബ പുര (മുറ്റത്തെ മുറ്റം), ജബ തെംഗ (മധ്യ മുറ്റം), ജെറോൻ (അകത്തെ മുറ്റം). ജബ തെംഗയിൽ 30 കൽക്കുഴലുകളുള്ള 2 കുളങ്ങളും ഉൾപ്പെടുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് പ്രകൃത്യാ ഒഴുകിയെത്തുന്ന നീരുറവയിൽ കുളിക്കാൻ തീർത്ഥാടകരും സഞ്ചാരികളും മൽസരിക്കുന്നത് കണ്ടു.
രോഗശാന്തിക്കായും നേർച്ചയുടെ ഭാഗമായും കൗതുകത്തിനും വിനോദത്തിനും കുളിക്കുന്നവരുണ്ടെന്ന് ഓരോരുത്തരുടെയും
മുഖഭാവം ശ്രദ്ധിച്ചാൽ മനസ്സിലാകും. ചിലർ തണുപ്പുള്ള ആ ശുദ്ധ തീർത്ഥം പ്ലാസ്റ്റിക് കേനുകളിലാക്കി കൊണ്ടുപോകുന്നതും കാണാം. ഇങ്ങിനെ ചെയ്യുന്നത് ഭൂരിഭാഗവും വിദേശികളാണ്. മക്കത്ത് പോയാൽ ‘സംസം’വെള്ളം കൊണ്ടുവരുന്ന പോലെ.
വിഷ്ണുവിന് സമർപ്പിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് അഭിമുഖമായുള്ള ഒരു കുന്നിൻ മുകളിൽ, 1954ൽ പ്രസിഡന്റ് ഹാജി സുകാർണോയുടെ സന്ദർശനത്തിനായി ഒരു ഗസ്റ്റ്ഹൗസ് നിർമ്മിച്ചത് ശ്രദ്ധയിൽ പെട്ടു. ഒരു മുസ്ലിം ഭരണകർത്താവ് ക്ഷേത്രം സന്ദർശിക്കുന്നതും ബഹുഭൂരിഭാഗം ഹൈന്ദവ വിശ്വാസികൾ അധിവസിക്കുന്ന പ്രൊവിശ്യ ക്ഷേത്രത്തോട് ചേർന്ന് അദ്ദേഹത്തിന് വിശ്രമമന്ദിരം ഉൾപ്പടെയുള്ള സൗകര്യങ്ങെളൊരുക്കിയതും ഇന്തോനേഷ്യൻ മതനിരപേക്ഷതയുടെ മികച്ച ഉദാഹരണമാണ്.
തദ്ദേശ വകുപ്പ് മന്ത്രിയായിരിക്കെ കുറിപ്പുകാരൻ ശബരിമല സന്നിധാനത്ത് പോയതിനെതിരെ കേരളത്തിലെ ചില വർഗ്ഗീയക്കോമരങ്ങൾ മുഴക്കിയ അട്ടഹാസം ആ ചരിത്രം കേട്ടപ്പോൾ ഞാൻ ഓർത്തു. നിലവിൽ പ്രധാനപ്പെട്ട അതിഥികൾക്കുള്ള വിശ്രമകേന്ദ്രമായാണ് പ്രസ്തുത റസ്റ്റ് ഹൗസ് ഉപയോഗിക്കുന്നത്.
സസ്യലതാതികൾ നിറഞ്ഞ രണ്ട് പച്ചക്കുന്നുകൾക്കിടയിലാണ് ക്ഷേത്രത്തിൻ്റെ നിൽപ്പ്. 500 ഇന്ത്യൻ രൂപയാണ് ഇങ്ങോട്ടുള്ള പ്രവേശന ഫീ. ചന്ദനത്തിരി കത്തിച്ചുവെച്ച് പുഷ്പങ്ങളും പഴവും പൂജിച്ച് പുരോഹിതൻമാരുടെ അനുഗ്രഹം വാങ്ങുന്ന വിദേശികളും ധാരാളം.
പ്രാചീന ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള പുരാവസ്തുക്കളെ ഇത്രമേൽ മാർക്കറ്റ് ചെയ്യുകയും ഉപജീവന മാർഗ്ഗമാക്കുകയും ചെയ്യുന്ന സമൂഹം ആത്മീയതയുടെ ഭൗതികവൽക്കരണം പ്രായോഗികമാക്കിയവരാണ്. ‘ബാതിക്’ തുണി ഉടുത്ത് വേണം ഇവിടെയും പ്രവേശിക്കാൻ. തിരിച്ച് വരുമ്പോൾ വാങ്ങിയേടത്ത് തന്നെ മേൽവസ്ത്രം തിരിച്ചേൽപ്പിക്കണം.
ഇന്തോനേഷ്യൻ ‘ഖാദി’ എന്നറിയപ്പെടുന്ന ‘ബാതിക്കി’ന് ഇതിലും വലിയ പ്രചാരം വേറെ കിട്ടാനില്ല. കേരളത്തിലെ പുരാവസ്തു ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ അവരവർ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന് മുകളിൽ ‘ഖാദി’ തുണി ഉടുക്കണം എന്ന് വ്യവസ്ഥ വെച്ച് അത് ഓരോ എൻട്രൻസ് കൗണ്ടറിനടുത്തും സൗജന്യമായി നൽകിയാൽ എത്ര നന്നാകും! മടങ്ങി വരുമ്പോൾ തുണി തിരിച്ച് നൽകുകയും ചെയ്യുക. ‘ഖാദി’ക്ക് ഇത് നൽകുന്ന പ്രചാരം സീമാതീതമാകും.
ഗ്രാമ ഹൃദയങ്ങളിലൂടെ രണ്ട് മണിക്കൂർ കാർ യാത്ര ചെയ്താണ് ബാലിയിലെ ബംഗ്ലി റീജൻസിയിൽ സ്ഥിതി ചെയ്യുന്ന പരമ്പരാഗത ഗ്രാമങ്ങളിലൊന്നായ ‘പെംഗ്ലിപുരാൺ’ വില്ലേജിൽ എത്തിയത്. നയന മനോഹരമായ ഗ്രാമ്യ ഭംഗി ആസ്വദിച്ചുള്ള യാത്ര ജീവിതത്തിലൊരിക്കലും മറക്കില്ല. പെംഗ്ലിപുരാൺ ഗ്രാമം ബാലിയിലെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
ദൈനംദിന ജീവിതത്തിൽ പരമ്പരാഗത സംസ്കാരം ഇപ്പോഴും കാത്ത് സൂക്ഷിക്ഷിക്കുന്ന ആളുകളാണ് ഗ്രാമവാസികൾ. മുളയും മരവും ഉപയോഗിച്ചുണ്ടാക്കിയ പൈതൃക വീടുകളിലാണ് അവർ താമസിച്ചിരുന്നത്. പരമ്പരാഗത വീടുകൾക്കു പിറകിൽ തട്ടുകളില്ലാതെ സർക്കാർ പണിതുകൊടുത്ത വീടുകളിലാണ് അവർ ഇപ്പോൾ താമസിക്കുന്നത്. പെംബ്ലിപുരാൺ ഗ്രാമം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുന്നു.
ഇതൊരു ടൂറിസ്റ്റ് കേന്ദ്രമായതോടെ കൃഷിക്കും കരകൗശല വസ്തുക്കൾക്കും പുറമെ ടൂറിസത്തിലൂടെ ലഭിക്കുന്ന വരുമാനം ‘ആധുനിക ഗ്രാമീണർക്ക്’ വലിയൊരു ആശ്വാസമാണ്. ഇവർ ആദിവാസികളല്ല. പരിഷ്കാരികളായ ഗ്രാമവാസികളാണ്. വസ്ത്രത്തിലും ഭക്ഷണത്തിലും മറ്റുള്ളവരുമായി ഇടപഴകുന്നതിലും ഗോത്രസമൂഹങ്ങളെപ്പോലെ അറച്ചു നിൽക്കാത്തവർ. കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട്. കുടുംബാംഗങ്ങൾ പുറത്തേക്ക് ജോലിക്കും പോകുന്നു.
ഒരു വീട്ടിൽ വെറുതെയൊന്ന് കയറി നോക്കി.
അവരുടെ കുടുംബപ്പേര് ‘ബുഡിസ്’എന്നാണ്. ഏട്ടാം ക്ലാസിൽ പഠിക്കുന്ന ‘ഇഗഡെ അകുഷ് ബുഡി അർസ’ക്ക് അൽപസ്വൽപ്പം ഇംഗ്ലീഷ് അറിയാം. ഇഗഡെയുടെ മുത്തച്ഛൻ മരിച്ചു. മുത്തശ്ശി ജീവിച്ചിരിപ്പുണ്ട്. അച്ഛനും അമ്മയും അദ്ധ്യാപകരാണ്. ഒരു സഹോദരിയും സഹോദരനുമുണ്ട്. എല്ലാവരും പഠിക്കുന്നു. ഗ്രാമത്തിൽ മുസ്ലിങ്ങളോ മറ്റു സഹോദര മതസ്ഥരോ താമസക്കാരായി ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി.
മുസ്ലിങ്ങളെ ഇഷ്ടമാണോ എന്ന് തിരക്കി. ‘ഗുഡ്’ എന്നാണ് ആ എട്ടാംക്ലാസുകാരൻ പ്രതികരിച്ചത്.
മതമൈത്രി കുട്ടികളിൽ ചെറുപ്പത്തിലേ വളർന്നു വരണം. രക്ഷിതാക്കളും ഭരണകൂടവും അവർക്ക് ‘ശരിയായ ചരിത്രം’ പറഞ്ഞുകൊടുക്കണം. യാഥാർത്ഥ്യങ്ങൾ പാഠ്യപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റി അസഹിഷ്ണുത പറഞ്ഞുകൊടുക്കാൻ അധികാരികൾ തന്നെ ശ്രമിക്കുന്ന ഒരു നാട്ടിൽ ജനങ്ങൾക്കിടയിൽ വിഭാഗീയത വർധിച്ചില്ലെങ്കിലല്ലേ അൽഭുതമുള്ളൂ. അവരുടെ പഴയ വീടിൻ്റ അകം തുറന്ന് കണ്ടു. തറയിൽ നിന്ന് മൂന്നടി ഉയരത്തിൽ നിർമ്മിച്ച മരം കൊണ്ടുള്ള കട്ടിലുകൾ. പ്രത്യേകം തറ ഉയർത്തിയുള്ള അടുപ്പുകൾ. എല്ലാം തനിമയിൽ സംരക്ഷിച്ച് നിർത്തിയിട്ടുണ്ട്. ദൈവവും മനുഷ്യരും പരിസ്ഥിതിയും തമ്മിലുള്ള ബന്ധങ്ങളുടെ സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ബാലിനീസ് സമൂഹത്തിന്റെ തത്ത്വചിന്ത ഗ്രഹിക്കാൻ ഈ ഗ്രാമം കണ്ടാൽ മതി.
സ്വന്തം സംസ്കാരവും പാരമ്പര്യവും നഷ്ടപ്പെടാതെ എങ്ങിനെ ഒരു ടൂറിസം ഡെസ്റ്റിനേഷൻ്റെ ഭാഗമാകാമെന്നതിൻ്റെ ജീവിക്കുന്ന തെളിവാണ് പംഗ്ലിപുരാൺ പൈതൃക വില്ലേജ്. 1995ൽ മുളങ്കാടുകൾ അതിൻ്റെ തനിമയിൽ നിലനിർത്തിയതിന് ഇന്തോനേഷ്യൻ ഗവൺമെന്റിന്റെ ”കൽപതരു’ അവാർഡ് പെംഗ്ലിപുരൺ ഗ്രാമത്തിനാണ് ലഭിച്ചത്. പൈതൃക ദേശം കാണാൻ വരുന്നവർക്ക് വിശ്രമിക്കാനും പ്രാർത്ഥന നടത്താനും മരപ്പലകകൾ തീർത്ത് കെട്ടിപ്പൊക്കിയ ഒരു വലിയ കൂടാരമുണ്ട്. പ്രാർത്ഥനാ ഹോളാണത്.
ഒരുസംഘം ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഉച്ചസമയത്ത് അവിടെ കൂട്ടനമസ്കാരം നിർവ്വഹിക്കുന്നത് കണ്ടു. മനസ്സിൻ്റെ ക്യാമറയിൽ ഓരോന്നും പകർത്തി നടക്കുന്നതിനിടയിൽ ദൃഷ്ടിപഥത്തിൽ പെട്ട ഒരു സ്ത്രീയുടെ വേഷവും മുഖവും കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ മലയാളിയാണെന്ന് തോന്നി. എവിടുത്തുകാരാണെന്ന് ചോദിച്ചു. ഹൈദരാബാദുകാരാണവർ. കാർത്തിക്, അഞ്ചു വർഷമായി സിംഗപ്പൂരിൽ കഠ എഞ്ചിനീയറായി ജോലി നോക്കുന്നു. സെക്കന്തരബാദാണ് സ്വദേശം. ഭാര്യ പ്രത്യുഷ. കണ്ടാൽ ഒരു മലയാളി തന്നെ. മകൾ അഞ്ചുവയസ്സുകാരി വെർണിക.
ജോലിക്കിടയിലെ പിരിമുറക്കം കുറക്കാൻ വന്നതാണ് ആ യുവ എഞ്ചിനീയറും കുടുംബവും. കൂട്ടത്തിൽ ഒരു ഹോളണ്ടുകാരനെയും പ്രിയതമയേയും പരിചയപ്പെട്ടു.
കക്ഷി ഫിസിയോതെറാപ്പിസ്റ്റാണ്. വിനോദത്തിൻ്റെ ഭാഗമായി ബാലിയിൽ എത്തിയതാണ്. 72 കുടുംബങ്ങളാണ് ഗ്രാമത്തിൽ അധിവസിക്കുന്നത്. ഓരോ വീടിന് മുന്നിലും ഓരോ കുടുംബ ക്ഷേത്രങ്ങളുണ്ട്. എല്ലാ വീടുകളോടനുബന്ധിച്ചും ഓരോരുത്തരും രണ്ടും മുന്നും കൊച്ചുകൊച്ചു കടകൾ സജ്ജീകരിച്ചിട്ടുണ്ട്.
വസ്ത്രങ്ങളും കരകൗശല വസ്തുക്കളും ഭക്ഷ്യോൽപ്പന്നങ്ങളും അവിടെ ലഭ്യമാണ്. നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്. മുളക്കൂട്ടങ്ങളും മരങ്ങളും കാർഷികോൽപന്നങ്ങളും നിറഞ്ഞ ഗ്രാമത്തിലൂടെയുള്ള മടക്കയാത്രയും വല്ലാത്തൊരു അനുഭവമാണ് സമ്മാനിച്ചത്.
ഇന്തോനേഷ്യയിലെ ബാലിയിലെ ബദുങ്ങിലെ ഉംഗാസനിലുള്ള ഒരു സാംസ്കാരിക പാർക്കാണ് ‘ഗരുഡ വിഷ്ണു വാഹന സാംസ്കാരിക പാർക്ക്’(Garuda Wisnu Kencana Cultural Park).
ഗുറാ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ അടുത്താണിത്. ഹിന്ദു ദേവനായ വിഷ്ണുവിനും വിഷ്ണുവിന്റെ വാഹനമായ ഗരുഡനുമാണ് ‘സാംസ്കാരിക ക്ഷേത്രം’ സമർപ്പിച്ചിരിക്കുന്നത്. ബാലിയുടെ മുഖമുദ്രയായി മാറത്തക്കരീതിയിൽ ഗരുഡന്റെ മുകളിൽ വിഷ്ണു ഇരിക്കുന്ന രീതിയിലാണ് പ്രതിമ പണിതിരിക്കുന്നത്.
ഇവിടുത്തെ പ്രധാന ആകർഷണ കേന്ദ്രവും ഈ പ്രതിമയാണ്. ഐനിയോമൻ നുവാർട്ട എന്ന പ്രശസ്ത ശിൽപി, 126 മീറ്റർ ഉയരത്തിലും 60 മീറ്റർ വീതിയിലും കൊത്തിയുണ്ടാക്കിയതാണ് ഈ ഭീമാകാരൻ ഗരുഡ വിഷ്ണു പ്രതിമ.
ദീർഘദർശനത്തോടെ ആസൂത്രണം ചെയ്ത പ്രതിമാ നിർമ്മാണം ബാലിയെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് വിഭാവന ചെയ്തത്. ലോകത്തിലെ ഏറ്റവും എടുപ്പുള്ളതും അതിശയകരവുമായ ശിൽപങ്ങളിൽ ഒന്നാണിത്.
പ്രാദേശിക ബാലിനീസ് സാംസ്കാരിക പൈതൃകങ്ങളെ മികച്ച നിലയിൽ പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടി.
ബാലി കൾച്ചർ പാർക്ക് ടൂറിസ്റ്റ് സ്പോട്ടിലെ ഗരുഡ വിഷ്ണു പ്രതിമക്ക് പുറമെ സന്ദർശകർക്ക് സൂര്യാസ്തമയം കാണാനും വേദി ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് മുമ്പെത്തിയത് കൊണ്ട് അസ്തമയാസ്വാദനം നടന്നില്ല. വിവിധ വിനോദ പരിപാടികളും സന്ദർശകർക്കായി അവിടെയുണ്ട്.
ഗരുഡ വിഷ്ണു പ്രതിമയും അനുബന്ധ സ്ഥാപനങ്ങളും ദൃഷ്ടിയിൽ പെട്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവന്നത് പ്രശസ്ത മലയാള സിനിമാ സംവിധായകൻ രാജീവ് അഞ്ചലിൻ്റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ പണിത കൊല്ലം അഞ്ചലിലുള്ള ‘ജഡായുപാറ’യാണ്. അതിൻ്റെ എത്രയോ ഇരട്ടിവരും ‘ഗരുഡ വിഷ്ണു പ്രതിമ’. അടുത്ത് നിന്ന ദമ്പതികളോട് പ്രതിമയുടെ പശ്ചാതലത്തിൽ ഒരു ഫോട്ടോ എടുത്ത് തരുമോ എന്ന് ചോദിച്ചു. തീർച്ചയായും എന്ന് പറഞ്ഞ് എൻ്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ഫോട്ടോ എടുത്തു.
പിന്നെ ഞങ്ങൾ പരിചയപ്പെട്ടു. പേര്: തഅഖ്മിദോവ് ഇസ്മായിൽ മേക്സിമോവിച്ച്. റഷ്യൻ ഫെഡറേഷനിലെ
ദാഗിസ്ഥാൻ റിപബ്ലിക്കുകാരൻ. ഭാര്യ അലീസയും കൂടെയുണ്ട്. ‘സോവിയറ്റ് യൂണിയൻ ലോകത്തിലെ ഒന്നാം ശക്തിയായിരുന്നു. ഒളിംബിക്സിൽ ഉൾപ്പടെ ലോകത്ത് ഒന്നാം സ്ഥാനം പതിവായി യു.എസ്.എസ്.ആർ നേടി.
ഇത് കണ്ട് അസൂയ പൂണ്ട അമേരിക്ക സോവിയറ്റ് യൂണിയനെ തകർക്കാൻ ഗോർബച്ചേവിനെ കൂട്ടു പിടിച്ചു. ഒന്നായിരുന്ന റഷ്യ നിരവധി രാജ്യങ്ങളായി. സോവിയറ്റ് യൂണിയൻ ആയിരുന്നപ്പോൾ ഉള്ള ശക്തി നഷ്ടപ്പെട്ടു. ഞങ്ങൾക്കതിൽ മനസ്ഥാപമുണ്ട്. എന്നാലും റഷ്യൻ ഫെഡറേഷന് ഇപ്പോൾ ശക്തനായ ഒരു പ്രസിഡണ്ട് ഉണ്ട്.
അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ ലോകശക്തിയായി മാറിക്കഴിഞ്ഞു’ എൻ്റെ ചോദ്യങ്ങൾക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. തൻ്റെ നാട്ടുകാർക്ക് വീഡിയോയിൽ ഒരാശംസ നേരണം എന്നദ്ദേഹം അഭ്യർത്ഥിച്ചു. നിഷ്കപടമായ ഇസ്മായിൽ മേക്സിമോവിച്ചിൻ്റെ ആഗ്രഹത്തോട് പുറംതിരിഞ്ഞ് നിൽക്കാനാവില്ല.
ഭീമൻ പാറക്കെട്ടുകൾ മുറിച്ച് വലിയ കല്ല് കൊണ്ടുവന്ന് വെച്ചതാണെന്ന് തോന്നിക്കും വിധമാണ് ഒര വലിയ മല, നിരവധി പാറക്കല്ലുകൾ കൊണ്ടുണ്ടാക്കിയ കെട്ടിടങ്ങൾ പോലെ കീറിമുറിച്ചാണ് ഗരുഡ വിഷ്ണു സാംസ്കാരിക ക്ഷേത്രം സംവിധാനിച്ചിരിക്കുന്നത്. രണ്ട് കിലോമീറ്റർ കുത്തനെ നടന്നാൽ ഗരുഡ വിഷ്ണു പ്രതിമയുടെ അടുത്തെത്താം. പ്രതിമാ സമുച്ഛയം കാണാൻ 700 ഇന്ത്യൻ രൂപക്ക് സമാനമായ തുക കൊടുത്ത് ടിക്കറ്റെടുക്കണം.
ഇന്തോനേഷ്യയിലെ കാഴ്ചകൾ കാണാൻ കണ്ണും മനസ്സും മാത്രം പോര. കനമുള്ള കീശയും വേണം. കുന്നിൻമുകളിലേക്ക് ഒരുക്കിയിട്ടുള്ള നടവഴിയിലൂടെ നടന്ന് കയറാൻ താൽപര്യമില്ലാത്തവർക്ക് തുറന്ന ഇലക്ട്രിക് വാഹനവുമുണ്ട്. അതിൽ കയറാൻ ഇരുന്നൂറ് ഇന്ത്യൻ രൂപ വേറെ കൊടുക്കണം.
കുന്നിൻ മുകളിൽ 23 നിലകളുള്ള കെട്ടിടസമുച്ഛയമെന്ന് തോന്നിക്കുന്ന കൂറ്റൻ കെട്ടിടത്തിന് മുകളിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ലിഫ്റ്റിൽ ആവശ്യക്കാർക്ക് കയറി ”ബുർജ് ഖലീഫ’യുടെ മുകളിലെത്തി ചുറ്റുമുള്ള കാഴ്ചകൾ കാണാൻ കഴിയും പോലുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിന് ആയിരം രൂപ അധികമായി നൽകണം.
പ്രതിമക്കു താഴെ നിലതാനത്തോട് ചേർന്ന വലിയ ഹാളിൽ ശീതളപാനിയങ്ങളും ചെറിയ ഷോപ്പുകളുമുണ്ട്. ഗരുഡ വിഷ്ണു പ്രതിമക്ക് താഴെ ശുചിമുറിക്കടുത്തായി നമസ്കരിക്കാനുള്ള ചെറിയൊരു മസ്ജിദുമുണ്ട്.
മഹാഭൂരിപക്ഷം ഹൈന്ദവ വിശ്വാസികളുള്ള ബാലിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം അഞ്ചുനേരം പ്രാർത്ഥിക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയത് പ്രത്യേകം പ്രസ്താവ്യമാണ്.
ഇന്ത്യയിൽ പള്ളികൾ പൊളിക്കുകയും പിടിച്ചടക്കാൻ നോക്കുകയും ചെയ്യുമ്പോൻ ബാലിയിൽ ആധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കു സമീപം പോലും അവിടെയെത്തുന്ന മുസ്ലിം സഹോദരങ്ങൾക്ക് പ്രാർത്ഥനക്ക് സംവിധാനമൊരുക്കുകയാണ് ഹൈന്ദവ ഭൂരിപക്ഷ പ്രൊവിശ്യാ ഗവൺമെൻ്റ്.
ഗരുഡ വിഷ്ണു പ്രതിമ കണ്ട് ഇലക്ട്രിക് ബാഗിയിൽ തന്നെ മടങ്ങി. പാതിവഴിയിൽ വാഹനത്തിലുള്ളവരെ ഇറക്കി, ഡ്രൈവർ ഒരു വഴി ചൂണ്ടി അതിലൂടെ നടന്ന് പോകാൻ ആവശ്യപ്പെട്ടു. നട്ടുച്ചക്ക് കാൽനടയായി പുറത്തേക്കുള്ള കവാടത്തിലെത്താൻ വിളിച്ചു പറഞ്ഞ ഡ്രൈവറോട് ദേഷ്യം തോന്നി. എന്നാൽ അയാൾ കാണിച്ചുതന്ന വഴിയിലൂടെ നടന്ന് മേൽക്കൂരയില്ലാത്ത ഗുഹയിലേക്ക് പ്രവേശിച്ചു. വലിയ പാറകൾ ഉയർന്ന് നിന്നതിനാൽ തണലും തണുപ്പും അനുഭവപ്പെട്ടു. പിന്നീടങ്ങോട്ട് കാഴ്ചയുടെ മായാ പ്രപഞ്ചമായിരുന്നു. ഡ്രൈവറെ ശപിച്ചതിൽ ദു:ഖം തോന്നി.
ആയിരക്കണക്കിന് ആളുകൾക്ക് കലാപരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന അൽഭുതപ്പെടുത്തുന്ന ഒരു ഓപ്പൺ ഓഡിറ്റോറിയം. ‘പ്ലാസ ഗരുഡ’ എന്ന ഗരുഡ പ്രതിമയുടെ പശ്ചാതലത്തിലാണ് ഓഡിറ്റോറിയം സജ്ജീകരിച്ചിരിക്കുന്നത്. അവിടെയുള്ള സ്റ്റേജിന് തുല്യമായ ഒരു സ്റ്റേജ് ഞാനിതുവരെ കണ്ടിട്ടില്ല. നീളവും വീതിയും അതുല്യം. തുരങ്കം പോലെ മേൽക്കൂര വെക്കാതെ മല തുരന്നുണ്ടാക്കിയ നല്ല കാറ്റും വെളിച്ചവും തണലും കിട്ടുന്ന പല വഴികൾ. നിർദ്ദിഷ്ട വഴിയിലൂടെ ഞാൻ നടന്നു. പിന്നെ എത്തിയത് ഒരു കൊമേഴ്സ്യൽ കോംപ്ലക്സിനുള്ളിലാണ്. അവിടെയും കാണാൻ ധാരാളമുണ്ട്.
വിഷ്ണു പ്ലാസയിലേക്കുള്ള ദിശാ ബോർഡ് കണ്ടപ്പോൾ അങ്ങോട്ട് നടന്നു. കളകളാ നിർഗ്ഗളിക്കുന്ന കിണറിന് മുകളിലായി വലിയൊരു വിഷ്ണു പ്രതിമ. ഒരിക്കലും വറ്റാത്ത ജലസ്രോദസ്സിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നതിൻ്റെ ഭംഗി വർണ്ണിക്കാൻ വാക്കുകൾ അപര്യാപ്തം. വിഷ്ണു പ്രതിമയുടെ അടുത്തായി വയസ്സൻ മരങ്ങൾ ഉയരത്തിൽ പടർന്ന് നിൽക്കുന്നു. പ്രതിമയുടെ സമീപത്ത് ഒരു പുരാതന പ്രതിഷ്ഠയുമുണ്ട്.
വഴിയരികിലെ കൊച്ചു തടാകത്തിൽ ഇരുകൈകളിലും താമരമൊട്ടുകൾ കയ്യിലേന്തി നിൽക്കുന്ന ലക്ഷ്മീ വിഗ്രഹം നോക്കി നിൽക്കവെ ഒരാൾ പിറകിൽ വന്ന് പുറത്ത് തട്ടി.
നോക്കിയപ്പോൾ ഡിഗ്രിക്ക് പി.എസ്.എം.ഒയിൽ ഒരുമിച്ച് പഠിച്ച സക്കരിയ്യ. അവനും ഭാര്യ ഡോ: രോഷ്ണിയും മെഡിസിന് പഠിക്കുന്ന മകളും സി.എ ചെയ്യുന്ന മകനും കൂടെയുണ്ട്. കുടുംബസമേതം ബാലി കാണാൻ വന്നതാണ്. വർണ്ണക്കാഴ്ചകളുടെ ലോകത്ത് ഒരു സഹപാഠിയെ കാണാനായത് പഴയ ഓർമ്മകളുടെ മഴവിൽ നിറങ്ങളെ പൊലിപ്പിച്ചു.
ബാലിയുടെ പൂർവ്വകാല സാമൂഹ്യ ജീവിതം പ്രതിഫലിപ്പിക്കുന്ന വിഭവങ്ങൾ ഒരുക്കിയ മ്യൂസിയം കാണാതെ പോന്നിരുന്നെങ്കിൽ അതൊരു നഷ്ടമായേനെ. പുറത്തേക്കുള്ള നടത്തത്തിൽ മടുപ്പ് തോന്നാതിരിക്കാൻ ഒരു കച്ചവടത്തെരുവ് തന്നെ വഴിയിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. പാനിയങ്ങളും ഭക്ഷണവുമെല്ലാം അവിടെ ലഭ്യം. ക്ഷീണിക്കുന്നവർക്ക് വിശ്രമിക്കാൻ മരങ്ങളുടെ ചുവട്ടിൽ വിശ്രമ സ്ക്വയറുകളുമുണ്ട്. ടൂറിസം ഡെസ്റ്റിനേഷൻ, വിനോദ സഞ്ചാരികൾക്ക് മുഷിപ്പ് വരാത്ത വിധം എങ്ങിനെയാണ് സജ്ജീകരിക്കുക എന്നതിന് ലോകത്തെ മികച്ച ഉദാഹരണങ്ങളിലൊന്ന് ബാലിയാകും. തീർച്ച. (തുടരും)
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..