കൊച്ചി > ഓഹരി ഇൻഡക്സുകൾ മൂന്നാം വാരവും മികവ് നിലനിർത്തി. അൽപ്പം വൈകിയെങ്കിലും മൺസൂണിന്റെ വരവ് ഹ്രസ്വകാലയളവിൽ ഓഹരി സൂചികയ്ക്ക് തിളക്കം പകരും. പോയവാരം ബോംബെ സെൻസെക്സ് 437 പോയിന്റും നിഫ്റ്റി സൂചിക 128 പോയിന്റും കയറി. മുൻ ആഴ്ചകളിൽ ഇവ യഥാക്രമം 1352, 455 പോയിന്റ് ഉയർന്നു. ബാങ്ക് നിഫ്റ്റിയും മികവ് നിലനിർത്തി.
അതേ സമയം ബി എസ് ഇ ഐ ടി, എഫ് എം സി ജി സൂചികൾക്ക് തിരിച്ചടി നേരിട്ടു. ബോംബെ സൂചിക 62,257 ൽ നിന്നും 62,930 ലെ പ്രതിരോധം തകർത്ത് 63,321 പോയിന്റ് വരെ ഉയർന്നു. സൂചികയിലെ കുതിച്ചു ചാട്ടത്തിനിടയിൽ കേന്ദ്ര ബാങ്ക് പലിശ സ്റ്റഡിയായി തുടരുമെന്ന വെളിപ്പെടുത്തൽ ഫണ്ടുകളെ ബാധ്യതകൾ വിറ്റുമാറാൻ പ്രേരിപ്പിച്ചു. ഇടപാടുകളുടെ അവസാന രണ്ട് ദിവസങ്ങളിൽ വിപണി നിയന്ത്രണം ഇതോടെ വിൽപ്പനക്കാരിലേയ്ക്കും തിരിഞ്ഞു.
മാർക്കറ്റ് ക്ലോസിങിൽ സൂചിക 62,984 പോയിന്റിലാണ്. ഈ വാരം 62,580 റേഞ്ചിലെ താങ്ങ് നിലനിർത്താനായില്ലെങ്കിൽ സെൻസെക്സ് 62,180 റേഞ്ചിലേയ്ക്ക് തളരും. അതേ സമയം തിരിച്ചു വരവിന് ശ്രമം നടത്തിയാൽ 63,350- 63,700 റേഞ്ചിൽ പ്രതിരോധം നിലനിൽക്കുന്നു. നിഫ്റ്റി 18,534 പോയിന്റിൽ നിന്നും 18,777 വരെ കയറിയെങ്കിലും വാരാന്ത്യം 18,662 പോയിന്റിലാണ്. വിദേശ ധനകാര്യസ്ഥാപനങ്ങൾ ഈമാസം 9788 കോടി രൂപയുടെ ഓഹരികൾ വാങ്ങി. നടപ്പ് വർഷം അവർ ഇതു വരെ 39,047 കോടി രൂപ നിക്ഷപിച്ചു. പിന്നിട്ടവാരം അവർ 961 കോടിയുടെ ഓഹരികൾ ശേഖരിച്ചു.
ആഭ്യന്തര ഫണ്ടുകൾ പോയവാരം മൂന്ന് ദിവസങ്ങളിലായി 2834 കോടിയുടെ ഓഹരികൾ വാങ്ങി. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം ഇടിഞ്ഞു. 82.33 ൽ നിന്നും 82.42 ലേയ്ക്ക് ദുർബലമായി. വിലക്കയറ്റ ഭീഷണി അകലുമെന്ന നിലപാടാണ് ആർബിഐ പോയവാരം വായ്പാ അവലോകനത്തിൽ വിലയിരുത്തിയത്. അതേ സമയം എൽ നിനോ പ്രതിഭാസ ഫലമായി മൺസൂൺ രണ്ടാം പകുതിയിൽ രാജ്യം വരൾച്ചയുടെ പിടിയിൽ അകപ്പെടുമെന്ന സൂചനകൾ ആശങ്ക ഉളവാക്കുന്നു. പസഫിക്ക് സമുദ്രത്തിലെ താപനില ഉയർന്ന് തുടങ്ങിയത് എൽ നിനോ ഇതിനകം തന്നെ തുടക്കം കുറിച്ചതായി വേണം വിലയിരുത്താൻ.
അതേ സമയം ജൂൺ ആദ്യ പത്ത് ദിവസങ്ങളിൽ കേരളത്തിൽ മഴയുടെ അളവിൽ 58 ശതമാനം കുറവ് സംഭവിച്ചു. എൽ നിനോ പ്രതിഭാസ ഫലമായി മുൺസൂൺ രണ്ടാം പകുതിയിൽ രാജ്യം വരൾച്ചയിലേയ്ക്ക് തിരിഞ്ഞാൽ ഖാരീഫ് വിളവിൽ കുറവ് സംഭവിക്കും. ഇത് നാണയപ്പെരുപ്പത്തിലേയ്ക്ക് രാജ്യത്തെ തള്ളിയിടാം.
മുൻ നിര ഓഹരിയായ എൽ ആന്റ് റ്റിയുടെ നിരക്ക് അഞ്ചര ശതമാനം മികവിൽ 2363 രൂപയായി. ആക്സിസ് ബാങ്ക്, ഇൻഡസ് ബാങ്ക്, ടാറ്റാ മോട്ടേഴ്സ്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, മാരുതി, എം ആന്റ് എം, ആർ ഐ എൽ ഓഹരികളും മികവിലാണ്. ടെക് മഹീന്ദ്ര ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞു. ഇൻഫോസിസ്, റ്റി സി എസ്, എച്ച് സി എൽ, ഐ റ്റി സി, ഐ റ്റി സി, എസ് ബി ഐ, എയർ ടെൽ ഓഹരി വിലകളും താഴ്ന്നു.
അമേരിക്കൻ കേന്ദ്ര ബാങ്ക് ഈ വാരം വായ്പാ അവലോകനത്തിനായി ഒത്ത് ചേരും. ഫെഡ് റിസർവ് യോഗത്തിൽ പലിശ നിരക്ക് സംബന്ധിച്ച് പുതിയ പ്രഖ്യാപാനങ്ങൾക്ക് പ്രതീക്ഷിക്കാം. യൂറോപ്യൻ കേന്ദ്ര ബാങ്കും ജാപാനീസ് കേന്ദ്ര ബാങ്കും സാന്പത്തിക സ്ഥിതി വിലയിരുത്താൻ ഈ വാരം യോഗം ചേരുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..