അബുദാബി> മലപ്പുറത്തിന്റെ മഹത്വവും മനുഷ്യത്വവും അബുദാബിയുടെ മണ്ണില്‍ ഒരു നേര്‍കാഴ്ചയുടെ വിരുന്നായി അരങ്ങൊരുങ്ങുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മലപ്പുറം ജില്ലാ കെഎംസിസിയാണ് മലപ്പുറത്തിന്റെ മനോഹരമായ കാഴ്ചകളും അനുഭവങ്ങളും ‘മഹിതം മലപ്പുറം’ എന്ന പേരിലാണ് മലപ്പുറം ഫെസ്റ്റ് ഒരുക്കുന്നത്.
മലപ്പുറം ജില്ലയുടെ മഹിതമായ മത മൈത്രിയും, മാനുഷിക മൂല്യങ്ങളുടെ മഹത്വവും പാരമ്പര്യവും കലാ-സാംസ്കാരിക പൈതൃകവുമെല്ലാം അരങ്ങൊരുക്കിയാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷം സംഘടിപ്പിക്കുന്നത്. സമ്പന്നമായ സാംസ്കാരിക വൈവിധ്യവും, തനതായ മലപ്പുറത്തിന്റെ രുചി കൂട്ടുകളും, കായിക മികവുമെല്ലാം ഇവിടെ നേരില്‍ കണ്ടാസ്വദിക്കാന്‍ കഴിയും.
മഹിതം മലപ്പുറം പരിപാടിയിലെ മുഖ്യ അതിഥി തിരുനാവായ എടക്കുളം സ്വദേശി കുറുമ്പ അമ്മയാണ്. കെഎംസിസിയുടെ സജ്ജീവപ്രവർത്തകൻ അസീസ് കാളിയാടനെ കുട്ടിക്കാലം മുതൽ പോറ്റിവളർത്തിയ അയ്യപ്പന്റെയും കറുമ്പിയുടെയും മകളായ കുറുമ്പയെ പങ്കെടുപ്പിക്കുക വഴി ‘ആര് എന്ത് വർഗീയവിഷവിത്ത് നട്ടാലും മലയാള മണ്ണിൽ അത് മുളക്കില്ല’ എന്നും, മതസൗഹാർദ്ദമാണ് കേരളത്തിന്റെ അധിഷ്ഠാന ശിലയെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
ശനിയാഴ്ച വൈകീട്ട് നാലു മുതല്‍ പതിനൊന്നുവരെയും ഞായറാഴ്ച രാവിലെ 9 മുതല്‍ രാത്രി പതിനൊന്ന് വരെയുമായിരിക്കും മലപ്പുറം ഫെസ്റ്റ് നടക്കുക. നൂറിലേറെ കലാകാരന്മാര് അണിനിരക്കുന്ന കലാ-സാംസ്കാരിക പരിപാടികള്‍ ഉണ്ടാകും. കൂടാതെ പ്രശസ്ത കലാകാരന് മധുലാല്‍ കൊയിലാണ്ടിയുടെ കലാപ്രകടനവും ഉണ്ടായിരിക്കും. സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ എഴുത്തുകാരി കെ പി സുധീര പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്കല്‍, മലപ്പുറം ജില്ലാ കെഎംസിസി ഉപദേശകസമിതിയംഗം ടികെ അബ്ദുല്‍ സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍, ജനറല്‍ സെക്രട്ടറി ഹംസക്കോയ കെ കെ, ട്രഷറര്‍ അഷ്റഫ് അലി പുതുക്കുടി, ഫെസറ്റ് ജനറല്‍ കണ്‍വീനര്‍ നൗഷാദ് തൃപ്രങ്ങോട്, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പ്രതിനിധി ഡോ: നവീന്‍ ഹൂദ് അലി, ടോബ്സ് ആന്റ് താസ ഓണ്‍ലൈന്‍ സര്‍വീസ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ശരീഫ് എന്നിവര്‍പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..