കൊച്ചി > വിദേശ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ നിഫ്റ്റി സൂചികയുടെ റെക്കോർഡ് കുതിപ്പിന് തടസമായി, അതേ സമയം ബോംബെ സെൻസെക്സ് ഡിസംബറിൽ സൃഷ്ടിച്ച് റെക്കോർഡ് മറികടന്നിട്ടും ഇന്ത്യൻ ഇൻഡക്സുകൾക്ക് പ്രതിവാര നഷ്ടം. പിന്നിട്ട നാലാഴ്ച്ചകളിൽ നിക്ഷേപകരെ ആവേശം കൊള്ളിച്ച് മുന്നേറിയ മുൻ നിര ഓഹരി സൂചികകൾ കഴിഞ്ഞവാരം ഒരു ശതമാനം താഴ്ന്നു. സെൻസെക്സ് 405 പോയിൻറ്റും നിഫ്റ്റി സൂചിക 160 പോയിൻറ്റും ഇടിഞ്ഞു. വിദേശ ഓപ്പറേറ്റർമാർ തുടർച്ചയായ ഒമ്പതാം വാരത്തിലും വാങ്ങലുകാരായി രംഗത്ത് നിലകൊണ്ടു. ആഭ്യന്തര മ്വ്യൂചൽ ഫണ്ടുകളും നിക്ഷേപത്തിന് ഉത്സാഹിച്ചത് ഇൻഡക്സുകൾ റെക്കോർഡ് പുതുക്കാൻ ആവശ്യമായ പിൻതുണ നൽകിയെങ്കിലും ഊഹക്കച്ചവടക്കാർ ഉയർന്ന തലത്തിൽ ലാഭമെടുപ്പിന് മത്സരിച്ചത് സൂചികയിൽ വിള്ളലുളവാക്കി.
ബി എസ് ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ്, ലാർജ് ക്യാപ് സൂചികയും ഒരു ശതമാനം ഇടിഞ്ഞു. നിഫ്റ്റി മീഡിയ സൂചിക 3.6 ശതമാനവും മെറ്റൽ ഇൻഡക്സ് മൂന്ന് ശതമാനവും താഴ്ന്നു. ഓയിൽ ആൻറ് ഗ്യാസ്, എഫ് എം സി ജി, റിയാലിറ്റി വിഭാഗങ്ങൾക്കും തിരിച്ചടിനേരിട്ടു. ടാറ്റാ സ്റ്റീൽ ഓഹരി വില നാല് ശതമാനം ഇടിഞ്ഞ് 109 രൂപയായി. എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ആർ ഐ എൽ, എച്ച് യു എൽ, എം ആൻറ് എം, മാരുതി ഓഹരി വിലകൾ താഴ്ന്നപ്പോൾ നിക്ഷേപകരുടെ വരവ് എയർടെൽ, ടെക് മഹീന്ദ്ര, എച്ച് സി എൽ, റ്റി സി എസ്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക് ഓഹരി വിലകൾ ഉയർത്തി. വിദേശ ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ടവാരം ഒന്നര കോടി രൂപയുടെ നിക്ഷേപം മാത്രം നടത്തി. തുടർച്ചയായ പത്താം വാരത്തിലേയ്ക്ക് കടക്കുകയാണ് വിദേശ ഫണ്ടുകളുടെ പങ്കാളിത്തം.
ആഭ്യന്തര ഫണ്ടുകൾ 1702 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിനിമയ വിപണിയിൽ യു എസ് ഡോളറിന് മുന്നിൽ രൂപയ്ക്ക് വീണ്ടും കാലിടറുന്നു. രൂപയുടെ മൂല്യം 81.89 ൽ നിന്നും 82.03 ലേയ്ക്ക് ദുർബലമായി. ഈ വാരം 81.82 – 82.31 റേഞ്ചിൽ നീങ്ങാം. ഇതിനിടയിൽ വിദേശനാണ്യ കരുതൽ ശേഖരം 2.350 ബില്യൺ ഡോളർ ഉയർന്ന് 596.1 ബില്യൺ ഡോളറായി. ബോംബെ ഓഹരി സൂചിക 63,583 പോയിൻറ്റിലെ റെക്കോർഡ് തകർത്ത് 63,588 വരെ ഉയർന്ന ശേഷം വാരാന്ത്യം 62,979 പോയിൻറ്റിലാണ്. നിഫ്റ്റി 18,826 ൽ നിന്നും റെക്കോർഡായ 18,887 മറികടക്കാൻ കഠിന ശ്രമം നടത്തിയെങ്കിലും കേവലം ഒരു പോയിൻറ് വിത്യാസത്തിൽ 18,886 വരെ ഉയരാൻ സൂചികയ്ക്കായുള്ളു. വാരാന്ത്യം നിഫ്റ്റി 18,665 പോയിൻറ്റിലാണ്. വിപണിയുടെ 20 ദിവസങ്ങളിലെ ശരാശരി 18,600 റേഞ്ചിൽ താങ്ങുണ്ട്. ഈറേഞ്ചിൽ കാലിടറിയാൽ സൂചിക 18,580-18,490 പോയിൻറ്റിലേയ്ക്ക് സാങ്കേതിക പരീക്ഷണം നടത്താം. ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ താഴ്ന്നു.
ബാരലിന് 72.50 ഡോളറിൽ ഇടപാടുകൾ തുടങ്ങിയ എണ്ണ 67 ലേയ്ക്ക് അടുത്ത ശേഷം 69.52 ഡോളറിലാണ്. ചൈനീസ് കേന്ദ്ര ബാങ്ക് കഴിഞ്ഞ ദിവസം വായ്പാ നിരക്കുകൾ കുറച്ചു. സാമ്പത്തിക രംഗത്തെ ചലനങ്ങൾ എണ്ണയ്ക്ക് ഡിമാൻറ് കുറക്കുമെന്ന സൂചനയാണ് ക്രൂഡ് വില മൂന്ന് ശതമാനം ഇടിച്ചത്. ധനകാര്യസ്ഥാപനങ്ങൾ അന്താരാഷ്ട്ര സ്വർണ മാർക്കറ്റിൽ വിൽപ്പനയ്ക്ക് ഉത്സാഹിച്ചത് മാർച്ചിന് ശേഷമുള്ള താഴ്ന്ന തലത്തിലേയ്ക്ക് മഞ്ഞലോഹം നീങ്ങാൻ ഇടയാക്കി. ന്യൂയോർക്കിൽ ഔൺസിന് 1958 ഡോളറിൽ നിന്നും 1910 ലേയ്ക്ക് ഇടിഞ്ഞ സ്വർണ വില വ്യാപാരാന്ത്യം 1920 ഡോളറിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..