പൂഞ്ഞാർ > വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്… സ്ഥിരം വഴികളിൽ നിന്ന് മാറ്റം ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ ഇടമാണ് പഴുക്കാക്കാനത്ത് വലക്കെട്ട്–-കണ്ണാടി മലകൾക്കിടയിലെ കട്ടിക്കയം വെള്ളച്ചാട്ടം. ഇല്ലിക്കൽകല്ലിൽ നിന്ന് ഇവിടേക്ക് അധികം ദൂരമില്ല. പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ കട്ടിക്കയം വെള്ളച്ചാട്ടത്തിന്റെ തുടക്കഭാഗം വരെ വാഹനമെത്തും. വഴിയും മികച്ചത്. ഓഫ്റോഡ് വാഹനങ്ങൾ വേണമെന്നില്ല. കാറിലും സ്കൂട്ടറിലും വരെ ആളുകളെത്തുന്നു.
വെള്ളച്ചാട്ടത്തിന്റെ അരുകിലെ ദുർഘടമായ വഴിയിലൂടെ നടന്നിറങ്ങണം. കുറച്ചുഭാഗം കൊൺക്രീറ്റ് പടവുകളുണ്ടെങ്കിലും പകുതിയിലേറെ ദൂരവും കുത്തനെ ഇറക്കമുള്ള നടപ്പുവഴി തന്നെ ആശ്രയം. പക്ഷെ താഴെയെത്തിയാൽ കട്ടിക്കയംവെള്ളച്ചാട്ടം നിങ്ങളെ മോഹിപ്പിക്കും എന്ന് തീർച്ച. വെള്ളം പതിക്കുന്ന ഭാഗത്തേക്ക് നീന്തിയെത്തുന്ന സാഹസികരുണ്ട്. വഴുക്കുന്ന പായും ഒഴുക്കും ആഴവും താണ്ടണം. പക്ഷെ നമ്മുടെ സുരക്ഷ നമ്മുടെ മാത്രം ഉത്തരവാദിത്തമാണന്നത് മറക്കാതിരിക്കുക.
ചുറ്റുമുള്ള പാറകളിൽ ഇരുന്നാൽ, വെള്ളച്ചാട്ടത്തിൽ നിന്ന് പൊടിമഴപോലെ പാറി വീഴുന്ന ജലകണങ്ങൾക്കിടയിൽ സുരക്ഷിതമായി കാഴ്ചകളാസ്വദിക്കാം. പാറയിലൂടെ നിരന്നൊഴുകുന്ന വെള്ളം വീണ്ടും താഴക്ക് പതിക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ വെള്ളച്ചാട്ടത്തിന്റെ ഭാഗത്തേക്ക് ഇറങ്ങാനാവില്ല. കുത്തനെയുള്ള പാറക്കെട്ടുകളും ഇരുവശവും വളർന്നു നിൽക്കുന്ന കാടും ഈറ്റക്കാടുകളും വഴി തടയും. ഇതിനെ മറികടന്ന് താഴെക്കിറങ്ങാൻ ശ്രമിക്കുന്നത് ഏറെ അപകടകരവുമാണ്.ഈരാറ്റുപേട്ടയിൽ നിന്ന് മൂന്നിലവു വഴി ഇല്ലിക്കകല്ലിലേക്ക് പോകുന്ന വഴി പഴുക്കാക്കാനത്തു നിന്ന് കട്ടിക്കയത്ത് എത്താം. തൊടുപുഴയിൽ നിന്ന് വരുമ്പോൾ മേലുകാവിനടുത്ത് കാഞ്ഞിരം കവലയിൽ നിന്ന് ഇല്ലിക്കൽകല്ല് റോഡിലൂടെയും പഴുക്കാക്കാനത്ത് എത്താം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..