ഹൃദയാഘാതം: ചികിത്സ അന്നും ഇന്നും
തൊണ്ണൂറുകളുടെ തുടക്കത്തിലൊക്കെ ഹാർട്ട് അറ്റാക്ക് മൂലം രോഗി ചികിത്സയ്ക്ക് എത്തിയാൽ മരുന്നുകൾ നൽകുക, ഇഞ്ചക്ഷൻ കൊടുക്കുക എന്നതൊക്കെ മാത്രമായിരുന്നു ആകെ ചെയ്യാനുണ്ടായിരുന്നത്. പല സ്ഥലത്തും ആൻജിയോഗ്രാം ചെയ്യാനുള്ള സൗകര്യം പോലും ഇല്ല. ICU -ൽ അഡ്മിറ്റ് ചെയ്യുക. മരുന്ന് കൊടുക്കുക. ഇത്രയുമൊക്കെയായിരുന്നു ആകെ ചെയ്യാൻ കഴിയുമായിരുന്നത്. ഇത്തരത്തിൽ വളരെ കുറഞ്ഞ ചികിത്സ മാർഗ്ഗങ്ങൾ മാത്രമുള്ളതിനാൽ ആ സമയത്ത് ഇത്തരം രോഗികളിൽ 20% ആളുകൾ മരണപ്പെടാനും സാധ്യതയുണ്ടായിരുന്നു.
എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. ഹൃദയാഘാതം മൂലം ഒരു രോഗി ചികിത്സയ്ക്കായി എത്തിയാൽ ഉടൻ തന്നെ ബ്ലോക്ക് കണ്ടുപിടിച്ച് വളരെ പെട്ടന്ന് തന്നെ ആൻജിയോപ്ലാസ്റ്റി ചെയ്യാനുള്ള സൗകര്യങ്ങൾ ഇന്നുണ്ട്. ചികിത്സയ്ക്ക് ശേഷം ഏകദേശം 98% ആളുകളും സുഖം പ്രാപിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നുണ്ട്.
പ്രൈമറി ആൻജിയോപ്ലാസ്റ്റി എന്നത് ഹൃദ്രോഗ ചികിത്സാ രംഗത്ത് വന്ന വലിയൊരു മാറ്റമാണ്. അതായത് ഹൃദയാഘാതം സംഭവിച്ച് അത്യാഹിത വിഭാഗത്തിൽ എത്തുന്ന ഒരു രോഗിയെ 90 മിനിറ്റിനുള്ളിൽ തന്നെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കാൻ സാധിക്കുന്നു.
National Doctors Day 2023 Wishes: ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം, ഡോക്ടർമാർക്കായി സ്നേഹ സന്ദേശങ്ങൾ അയക്കാം
കൊളസ്ട്രോൾ ചികിത്സയിൽ വന്ന മാറ്റം
തൊണ്ണൂറുകളിൽ കൊളസ്ട്രോൾ ചികിത്സിക്കാൻ ഫലപ്രദമായ പ്രത്യേക മരുന്നുകളൊന്നും ഉണ്ടായിരുന്നില്ല. ഭക്ഷണത്തിലെ നിയന്ത്രണം, വ്യായാമം തുടങ്ങിയവയൊക്കെയായിരുന്നു കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായി നിർദേശിച്ചിരുന്നത്. ഇതൊക്കെ ചെയ്താലും വലിയ തോതിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സാധിച്ചിരുന്നില്ല. ഫലമോ, കൊളസ്ട്രോൾ മൂലം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ മൂലം ചികിത്സയ്ക്കെത്തുകയും രോഗനിർണ്ണയ സമയത്ത് ഒന്നിലധികം ബ്ലോക്കുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.
1995 സമയത്താണ് ഇതിനെ ചെറുക്കാൻ ഫലപ്രദമായ മരുന്നെത്തിയത്. എന്നാൽ പല രോഗികൾക്കും ഈ മരുന്ന് കഴിച്ചാൽ കരളിനെ ബാധിക്കുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാൽ ഈ മരുന്ന് കരളിനെയോ വൃക്കകളെയോ ബാധിക്കുന്നേയില്ല. കരൾ വഴി ഈ മരുന്ന് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. അങ്ങനെ മരുന്ന് മൂലം കൊളസ്ട്രോൾ കുറയ്ക്കാൻ കഴിഞ്ഞ രോഗികളുടെ എണ്ണവും വർധിച്ചു. ഈ കാലത്തിനുള്ളിൽ തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മറ്റ് പല മരുന്നുകളും വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഓരോ രോഗികളുടെയും അവസ്ഥ തിരിച്ചറിഞ്ഞ് നൽകാൻ കഴിയുന്ന പല മരുന്നുകളും ഇൻജക്ഷനുകളുമൊക്കെ ഇന്ന് ലഭ്യമാണ്.
ഹൃദയ വാൽവ് തകരാറുകൾക്കുള്ള ചികിത്സ
വാൽവ് സംബന്ധമായ തകരാറുകൾ മുപ്പത് വർഷം മുമ്പ് വളരെ സാധാരണമായിരുന്നു. റുമാറ്റിക് ഹാർട്ട് ഡിസീസ് പോലുള്ളവയൊക്കെ വളരെ സാധാരണമായി കണ്ടുവരുന്ന അവസ്ഥകളായിരുന്നു. എന്നാൽ കാലക്രമേണ സാമൂഹിക ചുറ്റുപാടുകൾ മെച്ചപ്പെട്ടതോടെ റുമാറ്റിക് ഹാർട്ട് ഡിസീസ് രോഗികളുടെ എന്നതിൽ കുറവ് വന്നിട്ടുണ്ട്.
Aortic Stenosis ആണ് ഇപ്പോൾ കണ്ടിവരുന്ന വാൽവുലാർ ഹാർട്ട് ഡിസീസിൽ പ്രധാനം. പ്രായം ചെന്ന ആളുകളിലാണ് ഈ അവസ്ഥ കൂടുതൽ കണ്ടുവരുന്നത്. ഈ അവസ്ഥ മുപ്പത് വർഷം മുമ്പായിരുന്നെങ്കിൽ, അന്ന് അതിന് ചികിത്സ ഓപ്പറേഷൻ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ഓപ്പറേഷൻ പോലുമില്ലാതെ വാൽവ് മാറ്റിവെയ്ക്കാനുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലേയ്ക്ക് നമ്മുടെ ആരോഗ്യ മേഖല വളർന്നിരിക്കുന്നു. അതായത് വാൽവ് കരാറുമായി വരുന്ന 80 വയസുള്ള ഒരു വ്യക്തിയെ ഓപ്പറേഷന് വിധേയമാക്കാതെ തന്നെ വാൽവ് മാറ്റിവെക്കാൻ ഇന്ന് നമുക്ക് സാധിക്കുന്നു.
ടോയ്ലെറ്റിൽ അധിക സമയം ഇരിക്കുന്നത് പുരുഷന്മാർ, പക്ഷെ മലബന്ധം പ്രശ്നങ്ങൾ കൂടുതൽ സ്ത്രീകൾക്കെന്ന് സർവേ
ഹൃദയമിടിപ്പ് തകരാറിനുള്ള ചികിത്സയിൽ വന്ന മാറ്റങ്ങൾ?
ഇതിനെ മൊത്തത്തിൽ arrhythmia എന്ന് പറയുന്നു. ഹൃദയതാളം കുറവാണെങ്കിൽ പേസ്മേക്കറും, കൂടുതൽ ആണെങ്കിൽ മരുന്നുകളുമായിരുന്നു തൊണ്ണൂറുകളിൽ രോഗിക്ക് നൽകിയിരുന്നത്. എന്നാൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹൃദയമിടിപ്പ് കൂടുതൽ ഉള്ള രോഗികളിൽ അത് സാധാരണ അവസ്ഥയിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കുന്നുണ്ട്. ഈ ഒരു സാങ്കേതിക വിദ്യ ദീർഘകാലം മരുന്ന് ഉപയോഗിക്കേണ്ട സാഹചര്യത്തിൽ നിന്ന് രോഗിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.