കൽപ്പറ്റ > മഴകൊണ്ട് മുളയ്ക്കുന്ന വിത്തുകൾ മാത്രമല്ല, മഴയിൽ വിരിയുന്ന പ്രത്യേക സൗന്ദര്യംകൂടിയുണ്ട് വയനാടിന്. നൂൽമഴ ആയാലും പെരുമഴ ആയാലും ഈറനണിഞ്ഞ വയനാടന്‍ മലഞ്ചെരുവുകള്‍ സഞ്ചാരികള്‍ക്കെന്നും ആവേശമാണ്. കാർഷിക നാടിന്റെ മഴയനുഭവം തൊട്ടറിയാൻ നിരവധിയാളുകളാണ് ചുരംകയറിയെത്തുന്നത്.
ടൂറിസം ഭൂപടത്തിൽ പ്രത്യേക സ്ഥാനമുണ്ടെങ്കിലും വയനാടിന്റെ മഴക്കാലം പുറത്തുള്ളവര്‍ക്ക് അത്ര പരിചിതമായിരുന്നില്ല. മണ്‍സൂണ്‍ ഭീതിയുടെ നാളുകളാണെന്നായിരുന്നു സങ്കല്‍പ്പം. വൈത്തിരിയിലെ നൂൽമഴപോലും ഈ തെറ്റിദ്ധാരണയിൽ ആസ്വാദകരില്ലാതെ പെയ്തൊഴുകി. കാലംമാറിയതോടെ വയനാടൻ മഴയുടെ സൗന്ദര്യം ലോകം തിരിച്ചറിഞ്ഞു. പ്രണയമായും ഗന്ധർവ ഗാനമായും പ്രതീക്ഷയായും മണ്‍സൂണിനെ സഞ്ചാരികളിപ്പോൾ അടയാളപ്പെടുത്തി.
സഞ്ചാരികള്‍
പെയ്തിറങ്ങുന്നു
ഓഫ് സീസൺ എന്നാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മഴക്കാലത്തെ വിശേഷിപ്പിച്ചിരുന്നത്. ഈ സമയം ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വഴി അടഞ്ഞു കിടക്കും. ഇത് ജില്ലയുടെ തനത് വരുമാനത്തില്‍ കുറവുവരുത്തി. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, ടാക്സി, പൊതുവിപണി തുടങ്ങി സര്‍വമേഖലയും മഴത്തണുപ്പില് പനിച്ചുക്കിടക്കും. ജീവനക്കാര്‍ക്ക് ഉപജീവനത്തിനായി മറ്റുവഴികള്‍ തേടേണ്ടി വരും.
ഇതിൽ മാറ്റംവരുത്തണമെന്ന ചിന്തയാണ് മണ്‍സൂണ്‍ ടൂറിസമെന്ന ആശയത്തിലെത്തി നിന്നത്. ടൂറിസം വകുപ്പും ഡിടിപിസിയും വയനാട് ടൂറിസം ഓർഗനൈസേഷനും സംയുക്തമായി നടത്തുന്ന ‘സ്പ്ലാഷ്–- മഴയുത്സവം’ ഇത്തരത്തില്‍ വയനാടിന്റെ മണ്‍സൂണ്‍ ആഘോഷങ്ങളുടെ നേര്‍ചിത്രമാണ്. പാടത്തെ ചെളിയിൽ കുളിച്ച് കുട്ടികൾ പന്ത് തട്ടുന്നത് ഇക്കാലത്ത് മഡ് ഫുട്ബോളായി മാറും. മുട്ടോളം ചെളിയിലുള്ള വടംവലിയും കൗതുകകരമാണ്. മഴനനഞ്ഞുള്ള ഈ കായികാനുഭവം നേടാന്‍ സഞ്ചാരികൾക്കും താൽപ്പര്യമുണ്ട്.
നിറഞ്ഞ പ്രകൃതിസൗന്ദര്യം
പ്രകൃതിയുടെ വശ്യസൗന്ദര്യം തന്നെയാണ് വയനാടിന്റെ ആകർഷണം. മഴക്കാലത്ത് ഈ സൗന്ദര്യം ഉച്ചിയിലാകും. വെള്ളച്ചാട്ടങ്ങൾ അതിന്റെ മാദകത്വം പൂർണതോതിൽ പകരും. സൂചിപ്പാറയും കാന്തൻപാറയും മീൻമുട്ടിയും അഭൗമ്യ സൗന്ദര്യ കേന്ദ്രങ്ങളാകും. പതഞ്ഞുപൊന്തുന്ന വെള്ളവും ശബ്ദവും മനസ്സിനും ശരീരത്തിനും കുളിരുപകരും. കുറുവദ്വീപ് ഉൾപ്പെടെ നിറഞ്ഞുകവിയുന്ന പുഴക്കാഴ്ചകളും മഴക്കാലത്തെത്തുന്നവര്ക്ക് മാത്രം സ്വന്തമാണ്. പുഴയോളങ്ങൾക്ക് മുകളിലൂടെ ഒഴുകുന്ന റാഫ്റ്റിങും കയാക്കിങ്ങും മണ്‍സൂണ്‍ ടൂറിസത്തെ ത്രസിപ്പിക്കുന്നു.
കാർഷിക സംസ്കൃതി
മണ്‍സൂണ്‍ കാലത്തെ വയനാടന്‍ ജീവിതരീതി അറിയാനും സഞ്ചാരികള്‍ക്ക് കഴിയും. ഭക്ഷണം, വിനോദം, അതിജീവനം തുടങ്ങിയ മേഖലകളില്‍ വയനാടന്‍ ജനത നടത്തുന്ന പോരാട്ടങ്ങള്‍ ആഴത്തിലറിയാനും മണ്‍സൂണ്‍ ടൂറിസം സഹായിക്കും. വയനാടിനെ പൂര്ണമായുള്ക്കൊള്ളാന് മണ്‍സൂണ്‍ ടൂറിസം സഞ്ചാരികളെ പ്രാപ്തമാക്കും. ഈ സാധ്യത പരിപോഷിപ്പിക്കുകയാണ് ടൂറിസം വകുപ്പും ഡിടിപിസിയും ഡബ്ല്യുടിഒയും. കഴിഞ്ഞ 10 വർഷത്തിനിടയില്‍ 30–-40 ശതമാനം സഞ്ചാരികളാണ് മഴക്കാലത്ത് ജില്ലയില്‍ അധികമെത്തിയത്. ടൂറിസം സംരംഭകർ കൂടുതലായി എത്തുന്നതോടെ മണ്‍സൂണ്‍ നാളുകളില്‍ ലോകം വയനാട്ടിലേക്ക് നീളുമെന്ന് തീര്‍ച്ചയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..