ബോംബെ സെൻസെക്സും നിഫ്റ്റി സൂചികയും റെക്കോർഡുകൾ പുതുക്കി പുതിയ ഉയരങ്ങൾ സ്വന്തമാക്കി. വിദേശ ഫണ്ടുകൾ മുൻ നിര രണ്ടാം നിര ഓഹരികൾ ശേഖരിക്കാൻ ഉത്സാഹിച്ചത് ബി എസ് ഇ സൂചിക 623 പോയിന്റ്റും എൻ എസ് ഇ സൂചിക 180 പോയിന്റ്റും പ്രതിവാര നേട്ടത്തിന് അവസരം ഒരുക്കി. നിഫ്റ്റി എഫ് എം സി ജി സൂചിക റെക്കോർഡ് തലത്തിലേയ്ക്ക് ഉയർന്നു. മിഡ് ക്യാപ്, സമോൾ ക്യാപ് ഇൻഡക്സുകളിലും മുന്നേറ്റം.
ഇന്ത്യൻ വിപണി തുടർച്ചയായ നാലാം ആഴ്ച്ചയാണ് കരുത്ത് നിലനിർത്തുന്നത്. ഇൻഡക്സുകൾ അഞ്ച് ശതമാനം ഈ അവസരത്തിൽ വർദ്ധിച്ചു. അതേ സമയം മാർക്കറ്റ് സാങ്കേതികമായി ഓവർ ബ്രോട്ടായി മാറിയതാണ് വാരാന്ത്യ ദിനം വിദേശ ഓപ്പറേറ്റർമാരെ മുൻ നിര ഓഹരികളിൽ പ്രോഫിറ്റ് ബുക്കിങിന് പ്രേരിപ്പിച്ചത്. വിദേശ ഓപ്പറേറ്റർമാർ വാരത്തിന്റ്റ ആദ്യ നാല് ദിവസങ്ങളിൽ 6723 കോടി രൂപയുടെ ഓഹരികൾ വാങ്ങി. എന്നാൽ വെള്ളിയാഴ്ച്ച ഒറ്റ ദിവസം അവർ 1999 കോടി രൂപയുടെ ഓഹരി വിറ്റു. ഈ മാസം അവർ മൊത്തം 43,804 കോടി രൂപ നിക്ഷേപിച്ചു.
നിഫ്റ്റി സൂചിക 19,564 ൽ നിന്നും 20,000 നെ ലക്ഷ്യമാക്കി കുതിച്ചെങ്കിലും 19,991 വരെ ഉയരാനായുള്ളു. ഐ റ്റി വിഭാഗം ഓഹരികളിലെ വിൽപ്പന സമ്മർദ്ദം നിഫ്റ്റിയെ സർവകാല റെക്കോർഡിൽ നിന്നും 19,700 ലേയ്ക്ക് തളർത്തിലെങ്കിലും വ്യാപാരാന്ത്യം 19,745 പോയിന്റ്റിലാണ്. സെൻസെക്സ് 66,060 പോയിന്റ്റിൽ നിന്നും മികവോടെയാണ് ട്രേഡിങിന് പുനരാരംഭിച്ചത്. ഒരവസരത്തിൽ സൂചിക റെക്കോർഡായ 67,619 പോയിന്റ്റ് വരെ കയറി. എന്നാൽ വെളളിയാഴ്ച്ചത്തെ വിൽപ്പന തരംഗം സെൻസെക്സ് 66,533 ലേയ്ക്ക് താഴ്ന്ന ശേഷം വ്യാപാരാന്ത്യം 66,684 പോയിന്റ്റിലാണ്. ഈവാരം 65,900 താങ്ങ് നിലനിർത്തിയാൽ 67,530 ലേയ്ക്ക് ഉയരാം.
നിഫ്റ്റിയിൽ എസ് ബി ഐ, ഐ റ്റി സി, എൽ ആന്റ് റ്റി, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ സി, ഇൻഡ് ബാങ്ക്, ആർ എ എൽ, സിപ്ല, ഡോ: റെഡീസ്, സൺ ഫാർമ്മ, ബി പി സി എൽ, മാരുതി, വിപ്രോ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടപ്പോൾ വിൽപ്പന സമ്മർദ്ദവും ലാഭമെടുപ്പും മൂലം ആറ് ശതമാനം തകർച്ചയെ ഇൻഫോസീസ് ടെക്നോജി അഭിമുഖീകരിച്ചു. ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 82.16 ൽ നിന്നും 81.86 ലേയ്ക്ക് മികവ് കാഴ്ച്ചവെച്ച ശേഷം 81.96 ലാണ്. വിദേശനാണ്യ കരുതൽ ശേഖരം 15 മാസത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ. 12.74 ബില്യൺ ഡോളർ ഉയർന്നു. കഴിഞ്ഞ വർഷം മെയ്ക്ക് ശേഷം ആദ്യമായി കരുതൽ ധനം 600 ബില്യൺ ഡോളറിലെ നിർണായക പ്രതിരോധം കടന്ന് 609 ബില്യൺ ഡോളറിലെത്തി.
റഷ്യ ക്രൂഡ് ഓയിൽ കയറ്റുമതി നിയന്ത്രിക്കാനുള്ള നീക്കം ഇന്ത്യയ്ക്ക് പ്രവഹരമാവും. ആഗസ്റ്റ് മുതൽ പ്രതിദിന കയറ്റുമതിയിൽ അഞ്ച് ലക്ഷം ബാരലിന്റ്റ കുറവ് വരുത്തും. ക്രൂഡ് ഓയിൽ വില ബാരലിന് 76.84 ഡോളർ. പുതിയ സാഹചര്യത്തിൽ വിനിമയ വിപണിയിൽ രൂപയ്ക്ക് വീണ്ടും തിരിച്ചടി നേരിടാം. സാർവദേശീയ വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1954 ഡോളറിൽ നിന്നും 1984 വരെ കയറിയ ശേഷം വാരാന്ത്യം വില 1960 ഡോളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..