അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് അറിയാത്ത ആൾ ആണെങ്കിൽ പോലും ആരെങ്കിലും മുഖത്ത് നോക്കിയാൽ ചിരിക്കും എന്ന് ചിത്ര എത്ര വിനയത്തോടെയാണ് പറഞ്ഞത്. തന്റെ ഈ സ്വഭാവത്തിന്റെ പേരിൽ അമ്മ പറഞ്ഞ വഴക്കും ഗായിക ഓർമ്മിച്ചു. അമ്മയുടെ വഴക്ക് പേടിച്ച്, സംഗീത ജീവിതത്തിന്റെ ആരംഭകാലത്ത് സ്റ്റേജിൽ പാടുമ്പോൾ ചിരി അടക്കിപ്പിടിച്ച് ആരെയും നോക്കാതെ പാട്ടുപുസ്തകത്തിൽ മാത്രം നോക്കി പാടിയ ചിത്ര ഇപ്പോൾ ചിന്തിക്കുന്നത് നേരെ തിരിച്ചും. ഏന്തൊക്കെ പറഞ്ഞാലും ചിത്രയുടെ സംസാരവും വീഡിയോകളുമൊക്കെ ഒരു ചെറുചിരിയോടെ അല്ലാതെ പ്രേക്ഷകർക്കും കണ്ടുതീർക്കാനാവില്ല.
ചിരി നമുക്ക് നൽകുന്ന ഗുണങ്ങൾ ഇവയാണ്
മനസ്സ് തുറന്ന് ചിരിക്കണം
മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് സ്വയം മറന്ന് ചിരിക്കാൻ കഴിയുക എന്നത്. കെ എസ് ചിത്രയെ പോലെ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കാനൊന്നും കഴിയാറില്ല നമ്മളിൽ പലർക്കും. നമുക്ക് ചുറ്റുമുള്ള പതിവായി കാണുന്ന പല ആളുകളും ഒന്ന് ചിരിച്ച് കണ്ടിരുന്നെങ്കിൽ എന്ന് ആശിക്കാറില്ലേ? പക്ഷെ ഗൗരവമാണ് എന്തിനും എല്ലാത്തിനും.
മനസ്സ് തുറന്ന് ചിരിക്കാൻ കഴിയുക എന്നത് മഹാഭാഗ്യമാണ്. ഒന്നാലോചിച്ച് നോക്കൂ, നമ്മുടെയൊക്കെ കുട്ടിക്കാലത്ത് ശ്വാസം വരെ നിലച്ച് പോകുന്ന രീതിയിൽ ചിരിച്ചിരുന്നവരാണ് നമ്മളിൽ പലരും. ചിരിക്കാൻ അന്ന് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ടിയിരുന്നില്ല. മുതിർന്നപ്പോഴോ? എന്തെങ്കിലും തമാശ കേട്ടാൽ തന്നെ ചിരി വരുന്നത് അപൂർവം. വളരെ ഗൗരവത്തോടെ ജീവിത സാഹചര്യങ്ങളെ സമീപിക്കുമ്പോൾ ചിരിക്കുക എന്നത് അത്ര പ്രധാന കാര്യമായി നമുക്ക് പലർക്കും തോന്നാറില്ല. ചിരിക്കാൻ ഇന്ന് നമുക്കെല്ലാം ഓരോരോ കാരണങ്ങൾ വേണം.
ചിരിക്കാൻ മറന്നുപോകുന്ന കൂട്ടരെ കുറിച്ച് പറയുമ്പോൾ നർമ്മം കൊണ്ട് ജീവിതം ആഘോഷമാക്കിയ ആളുകളെ കുറിച്ച് പറയാതിരിക്കാനാവില്ല. പ്രതിസന്ധികൾ പെട്ടന്ന് അതിജീവിക്കാനും ജീവിതത്തിൽ സന്തോഷം കണ്ടെത്താനും ഇവരെ കഴിഞ്ഞേ മറ്റാർക്കും കഴിയൂ എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല.
മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ചിരി
ചിരിച്ചാൽ ആയുസ്സ് കൂടുമെന്നാണ് പൊതുവെ പറയുന്നത്. പല രോഗങ്ങളും ഭേദപ്പെടുത്താൻ കഴിയുന്ന അതിശക്തമായ മരുന്നാണ് ചിരി. ആരോഗ്യപരവും മനസികപരവുമായ മാറ്റങ്ങൾക്ക് ചിരി സഹായിക്കുന്നുണ്ട്. ജീവിതത്തെ പിടിച്ചുലയ്ക്കുന്ന എന്ത് കാര്യങ്ങൾ സംഭവിച്ചാലും തൊട്ടടുത്ത നിമിഷം മനസ്സ് തുറന്ന് ചിരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്.
മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച മാർഗമാണ് തുറന്ന് ചിരിക്കുന്നത്. മാത്രമല്ല രക്തയോട്ടം മെച്ചപ്പെടുത്താനും ചിരിക്കുന്നത് സഹായിക്കുമത്രേ! ഇഷ്ടമില്ലാത്ത സന്ദർഭങ്ങളിൽ പോലും പുഞ്ചിരിക്കുമ്പോൾ നമ്മുടെ പിരിമുറുക്കം പകുതിയായി കുറഞ്ഞ് പോകാറുണ്ട് എന്ന് പഠനങ്ങൾ പോലും ചൂണ്ടിക്കാണിക്കുന്നു. പിരിമുറുക്കം കൂടുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന പല ഹോർമോണുകളുടെയും തോത് കുറയ്ക്കാൻ ചിരി മാത്രം മതി.
പലപ്പോഴും കൊടുത്താൽ ഉടൻ തിരിച്ച് കിട്ടുന്ന ഒരേ ഒരു കാര്യം ചിരിയാണ്. ഒരാളെ നോക്കി പുഞ്ചിരിച്ചാൽ മിക്കാവാറും സാഹചര്യങ്ങളിൽ ആ വ്യക്തിയും നിങ്ങളെ നോക്കി ചിരിക്കുക സ്വാഭാവികം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ചിരിയുടെ ശക്തി തന്നെ കാരണം. അതായത് ഒരു ചിരി നമ്മുടെ മാത്രമല്ല, ചുറ്റുമുള്ളവരുടെയും മാനസിക സ്ഥിതി മെച്ചപ്പെടുത്തുന്നത് കേവലം നിങ്ങൾ കൈമാറിയ ഒരു ചിരിയാണ്,
രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ പുഞ്ചിരിക്ക് ആകും എന്ന് എത്രപേർക്കറിയാം? പ്രതിരോധശേഷി മെച്ചപ്പെടുത്തി ആയുസ്സ് വർധിപ്പിക്കാൻ ഒരു ചിരിയോളം മികച്ച മരുന്ന് വേറെയില്ല.
ചിരിക്കുമ്പോൾ ഉണ്ടാകുന്ന എൻഡോർഫിനുകൾ രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായി പ്രവർത്തിക്കുമെന്ന് പലർക്കും അറിയില്ല. അതെ, സമ്മർദ്ദം നിയന്ത്രിച്ച് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സന്തോഷം നൽകാനും ചിരി സഹായിക്കുന്നത് അങ്ങനെയാണ്.