2019ൽ ഖത്തറിനോട് സമനില നേടിയ മത്സരത്തിന് ശേഷം സമീപകാലത്ത് ഇന്ത്യയുടെ പ്രകടനം താഴോട്ട് പോവുകയായിരുന്നു
2019ൽ ഏഷ്യൻ ചാംപ്യൻമാരായ ഖത്തറിനോട് സമനില നേടാനായ ഇന്ത്യ ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം പാദത്തിൽ അതേ എതിരാളികളുമായി നാളെ ഏറ്റുമുട്ടുകയാണ്.
2019 സെപ്റ്റംബറിൽ നടന്ന മത്സരത്തിൽ ശക്തമായ പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഖത്തറിനെ ഗോൾ രഹിത സമനിലയിൽ തളയ്ക്കാനായിരുന്നുയ. ഈ ഫലം ഇന്ത്യയുടെ അടുത്ത കാലത്തെ ഏറ്റവും മികച്ച ഫലമായി കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ വർഷം കോവിഡ് -19 രോഗബാധ കാരണം യോഗ്യതാ മത്സരങ്ങൾ നിർത്തിവച്ച ശേഷം ബാക്കിയുള്ള എല്ലാ ഗ്രൂപ്പ് ഇ മത്സരങ്ങളും ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് മാറ്റിയിരുന്നു.
2019ലെ മത്സരത്തിന് ശേഷം ഇന്ത്യയുടെ പ്രകടനം അതിനുശേഷം താഴോട്ട് പോയി. അതേസമയം ഗ്രൂപ്പ് ടോപ്പർമാരായ ഖത്തർ മികച്ച നിലയിലാണ് വ്യാഴാഴ്ചത്തെ മത്സരത്തിൽ എത്തുന്നത്.
മാർച്ചിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ലക്സംബർഗിനെയും (1-0), അസർബൈജാനെയും (2-1) പരാജയപ്പെടുത്തിയ ഖത്തർ അയർലൻഡിനെതിരെ 1-1ന് സമനില പിടിക്കുകയും ചെയ്തിരുന്നു,
മാർച്ചിൽ യുഎഇക്കെതിരായ സൗഹൃദമത്സരത്തിൽ 6-0ന് പരാജയപ്പെട്ടതിന് പിറകെയാണ് ഇന്ത്യ ഖത്തറിനെ നേരിടാനൊരുങ്ങുന്നത്.
പരിശീലനത്തിലും പിന്നാക്കമാണ് ഇന്ത്യൻ ടീം. മെയ് തുടക്കത്തിൽ കൊൽക്കത്തയിൽ നടത്താൻ തീരുമാനിച്ചിരുന്ന ഒരു ദേശീയ ക്യാമ്പ് റദ്ദാക്കേണ്ടിവന്നതും ഇന്ത്യയുടെ തയ്യാറെടുപ്പിൽ തീരിച്ചടിയായി. മേയ് 19ന് മാത്രമാണ് ടീം ഇവിടെയെത്തിയത്. കളിക്കാർക്ക് അവർ ആഗ്രഹിക്കുന്ന സൗകര്യങ്ങൾ ലഭിക്കുകയും ചെയ്തിരുന്നില്ല.
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഇത് അനുയോജ്യമായ ഒരു തയ്യാറെടുപ്പല്ലെന്ന് പരിശീലകൻ സ്റ്റിമാക് തന്നെ നിരാശ പ്രകടിപ്പിച്ചിരുന്നു.
പോസിറ്റീവ് വശങ്ങൾ പരിശോധിക്കുമ്പോൾ, സ്റ്റിമാക്കിന് വളരെക്കാലത്തിന് ശേഷം ഒരു കരുത്തുറ്റ മുഴുവൻ ഇന്ത്യൻ ടീമിനെ കളത്തിലിറക്കാനുള്ള അവസരം ലഭിക്കും.
2019 ലെ ഖത്തറിനെതിരായ മത്സരത്തിൽ വൈറസ് ബാധയെത്തുടർന്ന് സുനിൽ ഛേത്രി ഉണ്ടായിരുന്നില്ല, അദ്ദേഹത്തിന്റെ തിരിച്ചുവരവ് തീർച്ചയായും ഇന്ത്യൻ യുവനിരയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
മാർച്ചിൽ യുഎഇക്ക് എതിരായ മത്സരം അടക്കം രണ്ട് സൗഹൃദ മത്സരങ്ങളും ഛേത്രിക്ക് നഷ്ടമായി. . ഫിഫ ചാർട്ടിൽ ഇന്ത്യ 105-ാം സ്ഥാനത്താണ്. ഖത്തറിന് 58-ാം സ്ഥാനമുണ്ട്.
“ഏഷ്യയിലെ മികച്ച ടീമുകളിലൊന്നാണ് ഖത്തർ. മുൻകാലങ്ങളിൽ യൂറോപ്യൻ, തെക്കേ അമേരിക്കൻ ടീമുകൾക്കെതിരെ ഭേദപ്പെട്ട ചില ഫലങ്ങൾ അവർ നേടിയിട്ടുണ്ട്, ”ഛേത്രി പറഞ്ഞു.
“ഞങ്ങൾ അവസാനമായി അവർക്കെതിരെ ഒരു പോയിന്റ് എടുത്തത് ഒരു ടീം എന്ന നിലയിൽ ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ട്, ”ഛേത്രി പറഞ്ഞു.
2019 ൽ സമനിലയിൽ അവസാനിച്ച ഗെയിമിലും ഖത്തർ മത്സരതത്തിലുടനീളം ആധിപത്യം പുലർത്തിയിരുന്നു.ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു, സന്ദേശ് ജിംഘൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിരോധം ഖത്തറിനെ സമനിലയിൽ തളയ്ക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി നിലവിൽ ഗ്രൂപ്പ് ഇയിൽ നാലാമതാണ് ഇന്ത്. ഇതിനകം തന്നെ ഇന്ത്യയുടെ ലോകകപ്പ് പ്രവേശന സാധ്യത അവസാനിച്ചെങ്കിലും 2023ലെ ഏഷ്യൻ കപ്പിനായുള്ള ശ്രമത്തിലാണ് ടീം.
കളിച്ച ആറ് യോഗ്യതാ മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും ഖത്തർ വിജയിച്ചിട്ടുണ്ട്.
ടോപ്പ് സ്‌ട്രൈക്കർ അൽമോസ് അലി, ഹസൻ അൽ-ഹെയ്‌ഡോസ് എന്നിവരടങ്ങുന്ന ശക്തമായ ആക്രമണനിരയുള്ള ഖത്തർ വലിയ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
ഇന്ത്യൻ ടീം:
ഗുർപ്രീത് സിങ് സന്ധു, അംരീന്ദർ സിംഗ്, ധീരജ് സിങ്, പ്രീതം കോട്ടാൽ, രാഹുൽ ഭേകെ, നരേന്ദർ ഗെഹ്ലോട്ട്, ചിങ്‌ലെൻസാന സിംഗ്, സന്ദേശ് ജിംഘൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, ശുഭാഷിഷ് ബോസ്, ഉദാന്ത സിംഗ്, ബ്രൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, റൗളിൻ ബാർഗസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് താപ്പ, പ്രണോയ് ഹാൽഡർ, സുരേഷ് സിങ്, ലാലെങ്‌മാവിയ റാൽട്ടെ, അബ്ദുൾ സഹൽ, യാസിർ മുഹമ്മദ്, ലാലിയാൻസുവാല ചാങ്‌തെ, ബിപിൻ സിങ്, ആഷിക് കുരുണിയൻ, ഇഷാൻ പണ്ഡിറ്റ്, സുനിൽ ഛേത്രി, മൻവീർ സിംഗ്.
മത്സര സമയം: രാത്രി 10:30