ഒരേസമയം രണ്ട് ഇന്ത്യൻ ടീമുകൾ വ്യത്യസ്ത ഫോർമാറ്റിൽ കളിക്കുന്നതും, മുന്നോട്ടും അങ്ങനെ ഉണ്ടാവുമോ എന്നതിനും രവി ശാസ്ത്രി മറുപടി പറഞ്ഞു
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ജേതാക്കളെ നിർണയിക്കാൻ മൂന്ന് മത്സരങ്ങളെങ്കിലും വേണമായിരുന്നു എന്ന് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി. മൂന്ന് മത്സരങ്ങളിൽ നിന്നും വിജയിയെ തിരഞ്ഞെടുക്കുക എന്നതാണ് താനായിരുനെങ്കിൽ പരിഗണിക്കുക എന്നും അദ്ദേഹം പറഞ്ഞു. ജൂൺ 18ന് സതാംപ്ടണിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ നടക്കുക.
“ഈ ദീർഘമായ യാത്രയിൽ, ലോകമെമ്പാടും രണ്ടര വർഷം കളിച്ച ക്രിക്കറ്റിന്റെ പര്യവസാനമായി ഫൈനലിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കുന്നതായിരുന്നു അനുയോജ്യം. പക്ഷേ നമുക്കിത് എത്രയും വേഗം തീർക്കണം. കാരണം, ഭാവി മത്സരങ്ങളും ടൂർണമെന്റുകളും വീണ്ടും വരും.അതുകൊണ്ട് ഒരെണ്ണം കഴിഞ്ഞാൽ ഒരെണ്ണം കഴിഞ്ഞതാണ്. കളിക്കാർ അവരുടെ അവകാശം നേടി, ഇത് ഒറ്റ രാത്രി കൊണ്ടൊന്നും നേടിയതല്ല. നിങ്ങൾ മുകളിലായിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് വീണ്ടും മുകളിലേക്ക് പോകാനുള്ള കഴിവുണ്ട്” ശാസ്ത്രി പറഞ്ഞു.
“ഇത് ആദ്യത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലാണ്, മത്സരത്തിന്റെ തീവ്രത നോക്കുകയാണെങ്കിൽ, ഇതായിരിക്കും ഏറ്റവും വലുതായി മാറുക.” ശാസ്ത്രി കൂട്ടിച്ചേർത്തു.
“ഇതിനു ഒരുപാട് മൂല്യമുണ്ട്. ഞങ്ങളെല്ലാവരും ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നതിൽ ഒരുപാട് അഭിമാനം കൊള്ളുന്നവരാണ്. അതുകൊണ്ട് തന്നെ ഫൈനലിൽ കളിക്കാൻ വളരെ സന്തോഷമുണ്ട്.” രവി ശാസ്ത്രിയുടെ വാക്കുകൾക്ക് യോജിപ്പ് രേഖപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു.
ഒരേസമയം രണ്ട് ഇന്ത്യൻ ടീമുകൾ വ്യത്യസ്ത ഫോർമാറ്റിൽ കളിക്കുന്നതും, മുന്നോട്ടും അങ്ങനെ ഉണ്ടാവുമോ എന്നതിനും രവി ശാസ്ത്രി മറുപടി പറഞ്ഞു. “ഇപ്പോൾ ഇത് സംഭവിക്കുന്നത് നിലവിലെ യാത്ര നിയന്ത്രണങ്ങൾ കാരണമാണ്. പക്ഷേ നമുക്ക് അറിയില്ല, ഭാവിയിൽ മത്സരങ്ങൾ കൂട്ടണമെങ്കിൽ, പ്രത്യേകിച്ച് ടി20യിലും ഏകദിനത്തിലും, അങ്ങനെയെങ്കിൽ ഇങ്ങനെ മുന്നോട്ട് പോകും. എന്തു കൊണ്ട് അങ്ങനെ ആയിക്കൂടാ?” അദ്ദേഹം പറഞ്ഞു.
“നിങ്ങൾക്ക് അത്രയും അധികം കളിക്കാരുണ്ടെങ്കിൽ, നിങ്ങൾക്ക് ടി20 യെ കൂടുതൽ വ്യാപകമാക്കണമെങ്കിൽ ഇത് മുന്നോട്ടുള്ള വഴിയാകാം. നിങ്ങൾ ചിന്തിക്കുന്നത് നാലോ എട്ടോ വർഷത്തിനിടയിൽ ഒളിംപിക്സിൽ കളിക്കുന്നതാണെങ്കിൽ കൂടുതൽ രാജ്യങ്ങൾ കളിക്കാൻ വരേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ധോണിയെ കീപ്പറാക്കാൻ ഗാംഗുലിയുടെ സമ്മതത്തിന് 10 ദിവസമെടുത്തു: കിരൺ മോർ
“ഇപ്പോഴത്തെ ഘടന അനുസരിച്ചും , ദീർഘ കാലമായി കളിക്കുന്ന ഘടന അനുസരിച്ചും, കളിക്കാരെ ഉത്സാഹത്തോടെ നിർത്താനും അവർക്ക് വേണ്ട മാനസിക ഇടം കണ്ടെത്താനും വളരെ ബുദ്ധിമുട്ടാണ്.” കോഹ്ലി ശാസ്ത്രിയുടെ വാക്കുകളോടൊപ്പം കൂട്ടിച്ചേർത്തു.
“ഓരോ ദിവസവും കടുത്ത സമ്മർദ്ദങ്ങളുമായി ഇടപെടേണ്ടി വരുമ്പോൾ, ഒരു സ്ഥലത്ത് മാത്രമായി ഒതുങ്ങി തങ്ങി നിൽക്കുന്നത് നിങ്ങൾക്കറിയാമല്ലോ, അതുകൊണ്ട് ഭാവിയിൽ രണ്ട് ടീമുകൾ എന്നത് ഒരു മാനദണ്ഡമായി മാറിയേക്കാം. കോഹ്ലി പറഞ്ഞു.
“നിലവിലുള്ള അധിക ജോലിഭാരത്തിന് പുറമെ, നിങ്ങൾക്ക് മറ്റൊരു മാർഗങ്ങളുമില്ലാത്തതിനാൽ മാനസികാരോഗ്യം സംബന്ധിച്ച കാര്യങ്ങളും വലിയ താമസമില്ലാതെ ചിത്രത്തിൽ വരും” കോഹ്ലി കൂട്ടിച്ചേർത്തു. “ഈ കാലത്ത് നിങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങും, തിരിച്ചു റൂമിലേക്ക് വരും, മത്സരത്തിൽ നിന്നും മാറി നിന്ന് ഒന്ന് നടക്കാൻ പോയോ, കഴിക്കാൻ പോയോ, ഒരു കാപ്പി കുടിച്ചോ, ഞാൻ ഒന്ന് സ്വായം റിഫ്രഷ് ചെയ്യട്ടെ എന്ന് പറയാനുള്ള അവസരമില്ല” കോഹ്ലി പറഞ്ഞു.