പാലക്കാട് > കിളികൊഞ്ചലും മരങ്ങളും കാറ്റുമായി മനസ്സിന് കുളിരേകുന്ന ഒരിടമുണ്ട് കൊല്ലങ്കോട്ട്. സഞ്ചാരികളെ മാടിവിളിക്കുന്ന, നെല്ലിയാമ്പതി മലനിരകളെ തഴുകി തെന്മലയിലൂടെ ഒഴുകി താഴേക്കിറങ്ങുന്ന സീതാർകുണ്ട് വെള്ളച്ചാട്ടം.
മഴക്കാലത്ത് സജീവമാകുന്ന വെള്ളച്ചാട്ടം കാണാൻ നിരവധിയാളുകളാണ് എത്തുന്നത്. കൊല്ലങ്കോട്ടുനിന്ന് മുതലമടയിലേക്കുള്ള റോഡിൽ നെന്മേനിയിൽനിന്ന് വഴിതിരിഞ്ഞ് നെൽപ്പാടങ്ങൾക്കും മാന്തോപ്പുകൾക്കും ഇടയിലൂടെ വേണം വെള്ളച്ചാട്ടത്തിലെത്താൻ. മലയോരത്തെ റോഡിലൂടെ നാലുകിലോമീറ്റർ മാത്രമാണ് ദൂരം. യുവാക്കളുടെ പറുദീസയായ ഇവിടെ നിരവധി അപകടങ്ങളും പതിഞ്ഞിരിപ്പുണ്ട്.
മഴക്കാലത്ത് ഏതുനിമിഷവും ഒഴുകിയെത്തുന്ന മലവെള്ളം മനുഷ്യജീവനുകളെടുക്കും. വെള്ളച്ചാട്ടത്തിലെ കുഴികളും അപകടമുണ്ടാക്കും. നിരവധിപേരാണ് ഇവിടെ അപകടത്തിൽ മരിച്ചത്. ഇതേത്തുടർന്ന് കുറച്ചുകാലത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെ സഞ്ചാരികൾ വെള്ളത്തിൽ ഇറങ്ങുന്നത് പതിവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..