പ്രകൃതി സൗന്ദര്യം ആസ്വദിച്ചും ഗ്രാമീണരെ കണ്ടും മക്കാനികളിൽ നിന്ന് നല്ല ചായ കുടിച്ചും തമാശകൾ പറഞ്ഞും തമിഴ്നാട്ടിലൂടെ യാത്ര മുന്നോട്ടു നീങ്ങി. ചെറിയ വീടുകളും കിലോമീറ്റർ നീണ്ടുകിടക്കുന്ന കൃഷിയിടങ്ങളും കുറ്റിപ്പൊന്തകളും നിറഞ്ഞ തരിശുനിലങ്ങൾ ഭേദിച്ചാണ് റോഡ് യാത്ര. നിരവധി മലയാളി കുടുംബങ്ങളെ യാത്രയിലുടനീളം കണ്ടു. ഊട്ടിയും ദിണ്ടിഗലും തഞ്ചാവൂരും വേളാങ്കണ്ണിയും കടന്ന് യാത്ര തിരുവാരൂരിലേക്ക്… ഡോ കെ ടി ജലീലിന്റെ തമിഴ്നാട് യാത്രാക്കുറിപ്പുകൾ ഒന്നാം ഭാഗം
ഒന്നാം ഭാഗം
തമിഴ്നാട്ടിലൂടെ ഒരു നീണ്ട കാർ യാത്ര കുറേകാലമായി ആഗ്രഹിച്ചതാണ്. നിഷ്കളങ്കരായ തമിഴരുടെ ഭാവപ്പകർച്ചകൾ കണ്ടുള്ള യാത്ര. ചെറിയ വീടുകളും കിലോമീറ്റർ നീണ്ടുകിടക്കുന്ന കൃഷിയിടങ്ങളും കുറ്റിപ്പൊന്തകളും നിറഞ്ഞ തരിശുനിലങ്ങൾ ഭേദിച്ചുള്ള റോഡ് യാത്ര. സമയം ഒത്തുവന്നതിപ്പോഴാണ്. വളാഞ്ചേരിയിൽ നിന്ന് നിലമ്പൂർ, ഗൂഢല്ലൂർ വഴി ഊട്ടിയിലേക്ക്. ഇടക്ക് ചുങ്കത്തറയിൽ വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുത്തു. പഴയ സഹപ്രവർത്തകൻ കുഞ്ഞാൻക്കയെ പള്ളിയിൽ വെച്ച് കണ്ടു. പരിചയം പുതുക്കി. ഉച്ചഭക്ഷണത്തിന് അദ്ദേഹം ഒരുപാട് നിർബന്ധിച്ചു. പെട്ടന്ന് യാത്ര തുടരേണ്ടതിനാൽ ആതിഥ്യം സ്വീകരിക്കാൻ കഴിഞ്ഞില്ല. പ്രകൃതി സൗന്ദര്യം ആസ്വദിച്ചും ഗ്രാമീണരെ കണ്ടും മക്കാനികളിൽ നിന്ന് നല്ല ചായ കുടിച്ചും തമാശകൾ പറഞ്ഞും ഞങ്ങൾ മുന്നോട്ടു നീങ്ങി. അത്യാവശ്യം നല്ല തണുപ്പാണ് ഊട്ടിയിൽ. പച്ചപുതച്ച ഊട്ടിയുടെ സൗന്ദര്യം നാൾക്കുനാൾ വർധിക്കുന്ന പോലെ.
ഊട്ടി അഥവാ ഉദഗമണ്ഡലം തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പ്രസിദ്ധമായ മലയോര പട്ടണം. നീലഗിരി ജില്ലയുടെ ആസ്ഥാനവും ഊട്ടിയാണ്. തമിഴ്നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമെന്ന ഖ്യാതി ഊട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. “ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ്” എന്നും ഊട്ടി അറിയപ്പെടുന്നു. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചത്; അതിന്റെ ചുരുക്കമാണ് ഊട്ടി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാന കേന്ദ്രമായാണ് ഊട്ടി വികസിച്ചത്. ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണിത്. മേട്ടുപ്പാളയം-ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകങ്ങളിൽ ഒന്നായി ഇടം പിടിച്ചിട്ടുണ്ട്. റോഡിന്റെ ഓരം ചേർന്നും കിലോമീറ്ററുകൾ നീളത്തിൽ റെയിൽപാളം കടന്നുപോകുന്നത് കാണാം.
മേട്ടുപ്പാളയത്താണ് ആദ്യ ദിവസം താമസിച്ചത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വാട്ടർതീം പാർക്ക് മേട്ടുപ്പാളയത്താണ്. എവിടെയും ബിസിനസ് രംഗത്തെ മലയാളി സാന്നിദ്ധ്യം പ്രത്യേകം പറയേണ്ടതില്ലല്ലോ? മേട്ടുപ്പാളയത്തിൻ്റെ വ്യാപാര സാദ്ധ്യത മുൻകൂട്ടിക്കണ്ട് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ബിസിനസ് സംരഭങ്ങൾ മികച്ച നിലയിൽ മുന്നോട്ടു പോകുന്നതായി മലയാളി ബിസിനസ്സുകാർ സാക്ഷ്യപ്പെടുത്തി. ബ്ലാക്ക് തണ്ടർ വാട്ടർ തീം പാർക്കാണ് ഇവിടുത്തെ മുഖ്യ ആകർഷണ കേന്ദ്രം. 2020 ൽ ജാതിയാചാരങ്ങൾ ലംഘിച്ച് നടന്ന ഒരു വിവാഹത്തിൻ്റെ പേരിൽ ദമ്പതികളും തുടർന്ന് 17 ദളിത് ആക്ടിവിസ്റ്റുകളും കൊലചെയ്യപ്പെട്ട കുപ്രസിദ്ധിവും മേട്ടുപ്പാളയത്തിനുണ്ട്.
മേട്ടുപ്പാളയത്തുനിന്ന് പളനിയിലേക്കാണ് ശനിയാഴ്ച രാവിലെ പുറപ്പെട്ടത്. സാമാന്യം നീണ്ട യാത്ര. വൈകുന്നേരം 4 മണിയോടെ പളനിയിൽ എത്തി. ക്ഷേത്ര ദർശനത്തിന് അതീവ താൽപര്യം ഉണ്ടായിരുന്നു. അഹിന്ദുക്കൾ ക്ഷേത്രനടയിൽ പ്രവേശിക്കുന്നത് അനുവദനീയമല്ലെന്നായിരുന്നു സെക്യൂരിറ്റിക്കാരന്റെ പക്ഷം. സംശയം തീർക്കാൻ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെ എസ്ഐയോടും ചോദിച്ചു. നിരാശയായിരുന്നു ഫലം. അതോടെ പളനി ക്ഷേത്രം കാണാനുള്ള ശ്രമം തൽക്കാലം ഉപേക്ഷിച്ചു. തദ്ദേശമന്ത്രിയായിരിക്കെ ശബരിമലയിൽ പോയതിനെ തുടർന്ന് ചിലരുണ്ടാക്കിയ കോലാഹലങ്ങൾ ഓർത്തു. ആരെയെങ്കിലും വേദനിപ്പിച്ച് നേടുന്നതൊന്നും നേട്ടമല്ലല്ലോ? പളനി ശ്രീ സുബ്രമണ്യ ക്ഷേത്രത്തിന്റെ ചുറ്റും നടന്ന് കാഴ്ചകൾ കണ്ട് സായൂജ്യമടഞ്ഞു. നിരവധി മലയാളി കുടുംബങ്ങളെ ക്ഷേത്ര കവാടത്തിൽ പരിചയപ്പെട്ടു. അയ്യപ്പസ്വാമിയുടെ ജ്യേഷ്ഠ സഹോദരൻ മുരുകനാണ് പളനിയിലെ പ്രതിഷ്ഠ. തല മുണ്ഡനം ചെയ്താണ് പല വിശ്വാസികളും ക്ഷേത്രത്തിൽ കയറുന്നത്. അതിനെല്ലാമുള്ള സൗകര്യം ദേവസ്വവും സ്വകാര്യ വ്യക്തികളും ക്ഷേത്ര പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ നഗരമാണ് കൊടൈക്കനാൽ. പശ്ചിമ ഘട്ടത്തിൽ നിന്ന് വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ടൂറിസമാണ് ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പ്രദേശവാസികളുടെ പ്രധാന വരുമാനമാർഗ്ഗം വിനോദസഞ്ചാരം തന്നെ. പ്രകൃതിരമണീയമായ മലകൾ കൊണ്ട് സമൃദ്ധമാണ് കൊടൈക്കനാൽ. ചുരം കയറിയുള്ള കൊടൈക്കനാൽ യാത്ര ആനന്ദകരമാണ്. മുകളിൽ നിന്ന് നോക്കിയാൽ ദൂരെ പളനി ക്ഷേത്രവും കുന്നിന് താഴെയായി ഒരു വലിയ ജലസംഭരണിയും ദൃഷ്ടിപഥത്തിൽ പെടും. മലയ്ക്ക് തട്ടുകൾ ഉണ്ടാക്കിയാണ് കൊടൈക്കനാൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആകാശത്തേക്ക് ഏണിപ്പടികൾ വെച്ചത് പോലെ തോന്നും കുന്നുകളിൽ പ്രകൃതിയും മനുഷ്യനും കൂടി ഒരുക്കിയ തട്ടുകൾ കാണുമ്പോൾ. പ്രകൃതിയെ അലോസരപ്പെടുത്തിയല്ല അവിടെയുള്ള നിർമാണങ്ങൾ. ഭൂമിയുടെ കിടപ്പിന് അനുസൃതമായാണ് കെട്ടിടങ്ങൾ പണിതിരിക്കുന്നതും ടൗൺഷിപ്പ് സംവിധാനിച്ചിരിക്കുന്നതും. കൊടൈക്കനാലിലും മോശമല്ലാത്ത തുണുപ്പുണ്ട്. അവിടുത്തെ തടാകം വൃത്തിയുള്ളതായി തോന്നിയില്ല. ദൃശ്യഭംഗി ആസ്വദിക്കാനെത്തിയ നിരവധി മലയാളി കുടുംബങ്ങളെ അവിടെ വെച്ച് കാണാനിടയായി.
ദിണ്ടിഗൽ കോട്ടകളുടെ ദേശമാണ്. ദിണ്ടിഗലിലെ പാറമുകൾ ഭാഗം ചുറ്റുമുള്ള സമതലമായുള്ള പ്രദേശത്തു കൂടെയുള്ള സൈന്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പറ്റിയ ഇടമായിരുന്നു. തന്ത്രപൂർവമായ ഈ സ്ഥലം വടക്കു നിന്ന് മധുരയിലേക്കുള്ള ശത്രു നീക്കങ്ങളെ നിരീക്ഷിക്കാൻ സഹായിച്ചു. 17ഉം 18ഉം നൂറ്റാണ്ടുകളിൽ മറാഠികളുടെയും,1755ൽ ഹൈദരാലിയുടെയും സൈനിക മുന്നേറ്റങ്ങൾക്ക് ദിണ്ടിഗൽ കോട്ട സാക്ഷ്യം വഹിച്ചു. 1767ലും 1783ലും ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കിയെങ്കിലും ഹൈദരാലിയുമായി ഉടമ്പടിയിലേർപ്പെട്ട് ഹൈദരാലിക്കു തന്നെ കോട്ട കൈമാറി. 1791ൽ ടിപ്പുവിന്റെ മരണശേഷം കോട്ട അധീനപ്പെടുത്തിയ ബ്രിട്ടീഷുകാർ പിന്നീടത് സ്വന്തമാക്കി. ദിണ്ടിഗൽ കോട്ട ദൂരെനിന്നേ കാണാനായുള്ളൂ. ദിണ്ടിഗൽ വഴി തിരുപ്പൂരിൽ ഉച്ചയോടെ എത്തി. ബനിയൻ ക്ലോത്തിന്റെ സാമ്രാജ്യമാണ് തിരുപ്പൂർ. ബാല്യകാല സുഹൃത്തും തുണി വ്യാപാരിയുമായ പത്മകുമാർ എന്ന പപ്പൻ പരിചയപ്പെടുത്തിയ കോഴിക്കോട്ടുകാരൻ സുജിലിന്റെ ചെറിയൊരു കമ്പനി സന്ദർശിച്ചു. സുഭിക്ഷമായ വെജിറ്റേറിയൻ ഊണും കഴിച്ച് ട്രിച്ചിറപ്പള്ളിയിലേക്ക് തിരിച്ചു.
ഏറെക്കാലത്തെ മോഹമായിരുന്നു ട്രിച്ചിയിലെ ജമാൽമുഹമ്മദ് കോളേജ് കാണണമെന്നത്. നിരവധി മലയാളിക്കുട്ടികൾ പഠിക്കുന്ന സ്ഥാപനം. എന്റെ കോളേജ് കാല സുഹൃത്ത് ഷാജഹാൻ മാടമ്പാട്ടുൾപ്പടെ പ്രമുഖർ പൂർവ്വവിദ്യാർഥികളായ കോളേജ്. വിരലിലെണ്ണാവുന്നവരെങ്കിലും മലയാളി അധ്യാപകരുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രം. ഫലക്കി മൗലവിയുടെ ചെറുമകൻ പ്രൊ. നജീബ് അവിടെ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സഹോദരി പുത്രൻ പിഎസ്എം.ഒ കോളേജിലെ എന്റെ അധ്യാപകനും പിന്നീട് സഹപ്രവർത്തകനുമായ പ്രൊഫ. ഹബീബ് സാറെ വിളിച്ചു. അപ്പോഴാണ് നജീബ് സാർ റിട്ടയർമെന്റിന് ശേഷം നാട്ടിൽ താമസമാക്കിയ വിവരം അറിഞ്ഞത്. കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ഡോ. റസാക്കിന്റെ നമ്പർ ഹബീബ് സാർ തപ്പിയെടുത്ത് തന്നു. വിളിച്ചപ്പോൾ അദ്ദേഹം സ്ഥലത്തില്ല. അറബിക് ഡിപ്പാർട്ട്മെന്റിലെ ഡോ. നിഷാദലിയുടെ നമ്പർ തന്നു. പേരുകേട്ടപ്പോൾ തന്നെ പരിചയത്തിന്റെ ലാഞ്ചന മനസ്സിലേക്ക് അലച്ചെത്തി. ഊഹം തെറ്റിയില്ല. ഡൽഹി ജെ.എൻ.യു വിൽ നിന്ന് എൻ്റെ പിതൃസഹോദര പൗത്രൻ കരീമിന്റെ കൂടെ പിഎച്ച്ഡി ചെയ്തിരുന്ന മിടുക്കൻ. വണ്ടൂർ സ്വദേശി.
മകൻ ഫാറൂഖ് ഡൽഹി യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് പഠിക്കാൻ പോയ കാലത്ത് ജെ.എൻ.യു ഹോസ്റ്റലിൽ നിഷാദലിയുടെയും കരീമിൻ്റെയും കൂടെയാണ് താമസിച്ചത്. ഒരിക്കൽ നിഷാദലി വീട്ടിലും വന്നിട്ടുണ്ട്. ഞങ്ങൾ കോളേജ് കവാടത്തിലെത്തി നിമിഷങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം ആഗതനായി. കോളേജ് മുഴുവൻ ഞങ്ങൾ ചുറ്റിക്കറങ്ങിക്കണ്ടു. രണ്ട് ഷിഫ്റ്റായാണ് ജമാൽമുഹമ്മദ് സ്വയംഭരണ കോളേജ് പ്രവർത്തിക്കുന്നത്. രാവിലെ 8 മുതൽ ഒരു മണി വരെയും ഉച്ചക്ക് ശേഷം 1.30 മുതൽ 5.30വരെയും. വലിയ കോളേജാണ്. അറുപത് ഏക്കർ സ്ഥലത്താണ് കോളേജും സ്കൂൾ ഉൾപ്പടെയുള്ള അനുബന്ധ സ്ഥാപനങ്ങളും സംവിധാനിച്ചിരിക്കുന്നത്. പതിനായിരത്തിലധികം വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നുണ്ടത്രെ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ക്യാമ്പസുകൾ. അദ്ധ്യാപകരും അനദ്ധ്യാപകരും ക്ലീനിംഗ് തൊഴിലാളികളും ഉൾപ്പടെ ആയിരത്തിലധികം ജീവനക്കാർ. മമ്പാട് എംഇഎസ് സ്വയംഭരണ കോളേജിന്റെ ക്യാമ്പസിലെത്തിയ പ്രതീതി. ജമാൽമുഹമ്മദ് കോളേജ് അധികൃതർ ഭംഗിയായും വൃത്തിയായുമാണ് ക്യാമ്പസ് പരിപാലിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ ബോദ്ധ്യമായി. മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും മുൻ എംപിയുമായ പ്രൊ. ഖാദർമൊയ്തീൻ സാഹിബ് ചരിത്രാദ്ധ്യാപകനായി സേവനം ചെയ്തത് ഈ കോളേജിലാണ്. തൊട്ടടുത്താണ് അദ്ദേഹത്തിൻ്റെ വീടെന്ന് നിഷാദലി പറഞ്ഞു. സ്ഥലത്തുണ്ടെങ്കിൽ കാണാമായിരുന്നെന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം പക്ഷെ മദിരാശിയിലായിരുന്നു. നിഷാദലിയോട് സലാം പറഞ്ഞ് തഞ്ചാവൂർ വഴി ചിദംബരത്തേക്ക് നീങ്ങി.
തമിഴ്നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് തഞ്ചാവൂർ. ബ്രിട്ടീഷുകാർ തഞ്ചോർ എന്നാണിതിനെ വിളിച്ചത്. “തമിഴ്നാടിന്റെ അന്നപാത്രം“ എന്നും തഞ്ചാവൂർ അറിയപ്പെടുന്നു. അത്രമേൽ കൃഷികളാണ് ഇവിടെ നടക്കുന്നത്. രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന നഗരമാണ് തഞ്ചാവൂർ. ക്ഷേത്രനഗരിയെന്ന പേരിലും പട്ടണം പ്രസിദ്ധമാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നായ ബൃഹദീശ്വര ക്ഷേത്രത്തിൻ്റെ മുൻപിലൂടെയാണ് ഞങ്ങൾ കടന്നു പോയത്. ആൾക്കൂട്ടം കണ്ടപ്പോൾ കാർ നിർത്തി ഇറങ്ങി. സമയക്കുറവ് മൂലം ക്ഷേത്രത്തിൻ്റെ ഉള്ളിലേക്ക് കടന്നില്ല. മാത്രമല്ല ഭക്തരുടെ തിരക്കുമായിരുന്നു. ക്ഷേത്രത്തിൻ്റെ പടിപ്പുര തന്നെ അതിൻ്റെ കീർത്തി വിളിച്ചോതി. ഈ മഹാശിവ ക്ഷേത്രം ചോളരാജാക്കൻമാരിൽ പ്രമുഖനായ രാജരാജ ചോളനാണ് നിർമ്മിച്ചത്. തമിഴ് വാസ്തുവിദ്യയുടെ മനോഹാര്യത മുഴുവൻ ക്ഷേത്ര നിർമ്മിതിയിൽ പ്രതിഫലിച്ചിട്ടുണ്ട്. മൂന്നാം ദിവസത്തെ ഉറക്കം ചിദംബരത്തായിരുന്നു.
ചിദംബരം നടരാജ ക്ഷേത്രത്തിന്റെ മണ്ണാണ്. നൃത്തത്തിന്റെ അധിപനായ ശിവന്റെ രൂപമായ നടരാജനാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. പൗരാണികത അവകാശപ്പെടാനാകുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. പട്ടണം തില്ലൈ എന്നറിയപ്പെട്ടിരുന്ന കാലത്ത് ഇവിടെ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ചിദംബരം എന്ന വാക്കിൻ്റെ അർത്ഥം “ബോധത്തിന്റെ ഘട്ടം” എന്നാണ്. ക്ഷേത്ര വാസ്തുവിദ്യ കലയും ആത്മീയതയും, സർഗ്ഗാത്മക പ്രവർത്തനവും ദൈവികതയും എല്ലാം ഈ ക്ഷേത്രനടയിൽ സമന്വയിച്ചതായാണ് ജനങ്ങൾ കരുതുന്നത്. ഭരത മുനിയുടെ നാട്യശാസ്ത്രത്തിൽ നിന്നുള്ള 108 മുഖഭാവങ്ങളും ക്ഷേത്ര ചുവരിൽ കൊത്തുപണികളാൽ അലങ്കൃതമാക്കിയിട്ടുണ്ട്. ഈ ഭാവങ്ങൾ ഇന്ത്യൻ ക്ലാസിക്കൽ നൃത്തമായ ഭരതനാട്യത്തിന്റെ എല്ലാമെല്ലാമാണ്.
പടകൂറ്റൻ ക്ഷേത്ര ഗോപുരത്തിലൂടെ ഞങ്ങൾ അകത്ത് കടന്നു. നാല് ഭാഗത്തും ക്ഷേത്ര ഗോപുരങ്ങളുണ്ട്. വാസ്തുവിദ്യയുടെ പറുദീസയാണ് നടരാജ ക്ഷേത്രം. ഭീമൻ കല്ലുകൾ ചേർത്തുവെച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രാർത്ഥനകളും ഉച്ചത്തിലുള്ള മന്ത്രോച്ഛാരണങ്ങളും ക്ഷേത്രാകത്തളത്തെ പ്രകമ്പനം കൊള്ളിച്ചു. ഞങ്ങൾ ക്ഷേത്രം ചുറ്റിനടന്ന് കണ്ടു. ഒരുഭാഗത്തെത്തിയപ്പോൾ തടാകം പോലെ ഒരു വലിയ കുളം ദൃശ്യമായി. ക്ഷേത്രത്തിൻ്റെ ഉൾഭാഗം ഏതാണ്ട് മുഴുവൻ മനസ്സിൻ്റെ കണ്ണാടിയിൽ പതിപ്പിച്ചാണ് മടങ്ങിയത്.
ചിദംബരത്തെ പിന്നിലാക്കി നാഗൂർ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. ഡ്രൈവർ മുനീറിന് തീർത്ഥാടന സ്ഥലങ്ങളിൽ നല്ല പ്രാവിണ്യമാണ്. അവന്റെ അറിവും ഗൂഗിളിന്റെ സഹായവും വഴി തെറ്റാതെ ഞങ്ങളെ നാഗൂറിലെത്തിച്ചു. സൂഫിവര്യനായ ഹസ്റത്ത് സയ്യിദ് ഷാഹുൽ ഹമീദിന്റെ ശവകുടീരമാണ് നാഗൂർ ദർഗ എന്ന് പേരുകേട്ട ഈ തീർത്ഥാടന കേന്ദ്രം. തമിഴ്നാട്ടിലെ ഒരു തീരദേശ പട്ടണമായ നാഗൂരിലാണ് ദർഗയുടെ സ്ഥാനം. ദർഗയുടെ പുറത്തെ വാതിലുകൾ എപ്പോഴും തുറന്നിരിക്കും. അകത്തെ വാതിലുകൾ രാവിലെ 4:00 മുതൽ 06:00 വരെയും വൈകുന്നേരം 6:00 മുതൽ രാത്രി 10:00 വരെയും മാത്രമേ തുറന്ന് കൊടുക്കുകയുള്ളൂ. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12:00 മുതൽ 2:30 വരെ അകം വാതിലുകൾ തുറന്നിടപ്പെടും.
16-ാം നൂറ്റാണ്ടിൽ തഞ്ചാവൂരിലെ രാജാവായിരുന്ന അച്യുതപ്പ നായകിന്റെ ശാരീരിക പ്രയാസങ്ങൾ സയ്യിദ് ഷാഹുൽഹമീദ് ഭേദമാക്കുകയും നാഗൂരിൽ നിരവധി അത്ഭുതങ്ങൾ കാണിക്കുകയും ചെയ്തതായാണ് വിശ്വസിക്കപ്പെടുന്നത്. “നാഗോറിന്റെ ഭരണാധികാരി” എന്നും ഖാദിർ വാലി ബാബ എന്നും അർത്ഥങ്ങളുള്ള “നാഗൂർ ആണ്ടവർ” എന്നാണ് ജനങ്ങൾ ആദരവോടെ സയ്യിദ് ഷാഹുൽ ഹമീദിനെ വിളിച്ചത്. നാനാജാതി മതസ്ഥർ ദിവസവും സയ്യിദുപ്പാപ്പയുടെ അനുഗ്രഹം തേടിയെത്തുന്നു. പ്രദേശത്തെ ഹൈന്ദവരുടെ അകമഴിഞ്ഞ സംഭാവനകളോടെ ഹസ്രത്ത് ഷാഹുൽ ഹമീദ് ഉപ്പാപ്പയുടെ തീവ്ര ഭക്തരാണ് ദർഗ ഇന്ന് കാണുംവിധം നിർമ്മിച്ചത്. തഞ്ചാവൂരിലെ ഹിന്ദു മറാഠാ ഭരണാധികാരി പ്രതാപ് സിംഗിന്റെ വലിയ പിന്തുണ ദർഗയുടെ നിർമ്മാണത്തിന് ലഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. ഹിന്ദു-മുസ്ലിം മൈത്രി ഉൽഘോഷിക്കുന്ന സൗഹൃദ പൊയ്കയാണ് നാഗൂർ ദർഗ.
ഉച്ചയോടെയാണ് ദർഗയിൽ എത്തിയത്. ചെന്നിറങ്ങിയപ്പോൾ തന്നെ മലപ്പുറത്തു നിന്നും തെക്കൻ കേരളത്തിൽ നിന്നുമുള്ള മലയാളികൾ ഒത്തുകൂടി. എല്ലാവർക്കും ഹസ്തദാനം നൽകി ദർഗയിലേക്ക് നടന്നു. സയ്യിദ് യൂസഫ് ഞങ്ങളെ അനുഗമിച്ചു. ദർഗയുടെ തൊട്ടു മുന്നിൽ അത്തറും തൊപ്പിയും വിൽക്കുന്ന ഒരു കാസർഗോഡുകാരനെ പരിചയപ്പെട്ടു. നാഗൂരിൽ മൈനോരിറ്റി മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജും പോളിടെക്നിക്കുമെല്ലാം തല ഉയർത്തി നിൽക്കുന്നത് റോഡരികിൽ കണ്ടു.
വേളാങ്കണ്ണിയായിരുന്നു ഞങ്ങളുടെ അടുത്ത ഉന്നം. റോമും ഗ്രീസുമായി വ്യാപാരം നടത്തിയ തുറമുഖ നഗരമാണ് വേളാങ്കണ്ണി. 2004-ലെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ സുനാമിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഈ കൊച്ചു പട്ടണത്തിനാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണിയിലുള്ള “ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്” അഥവാ വേളാങ്കണ്ണി പള്ളി. റോമൻ കത്തോലിക്കാസഭയുടെ കീഴിലുള്ള ഈ ദേവാലയം, പേരു സൂചിപ്പിക്കുന്നത് പോലെ ആരോഗ്യമാതാവെന്നു അറിയപ്പെടുന്ന വിശുദ്ധ മറിയത്തിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടതാണ്.
ഈ ദേവാലയം ഇവിടെ സ്ഥാപിക്കപ്പെടാൻ ഹേതുവായത് പതിനാറാം ശതകത്തിൽ പള്ളി നിൽക്കുന്ന സ്ഥലത്തും സമീപപ്രദേശത്തും ഉണ്ടായ മാതാവിന്റെ ചില ദർശനങ്ങളും അത്ഭുത പ്രവർത്തനങ്ങളുമാണെന്നാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി വർഷം മുഴുവനും വിശ്വാസികൾ വേളാങ്കണ്ണിയിൽ എത്തുന്നു. സെപ്റ്റംബർ മാസത്തിലെ എട്ടുനോമ്പ് പെരുന്നാളിനാണ് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുക. കിഴക്കിന്റെ ലൂർദെന്നു കൂടി അറിയപ്പെടുന്ന വേളാങ്കണ്ണി പള്ളിയെ മാർപ്പാപ്പ 1962-ൽ ബസിലിക്കയായി പ്രഖ്യാപിച്ചു. ഉണ്ണിയേശുവിനെ കൈയ്യിലേന്തിയുള്ള വേളാങ്കണ്ണി മാതാവിന്റെ രൂപം പ്രശസ്തവും എന്നാൽ ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ പ്രചാരത്തിലിരിക്കുന്നവയിൽ നിന്നു വ്യത്യസ്തവുമാണ്.
16-17 നൂറ്റാണ്ടുകളിൽ തമിഴ്നാട്ടിലെ വേളാങ്കണ്ണി പട്ടണത്തിൽ രണ്ടുതവണ പ്രത്യക്ഷപ്പെട്ടതായി കേൾവികേട്ടതിനെ തുടർന്ന് വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന് ആളുകൾ നൽകിയ പേരാണ് വേളാങ്കണ്ണി മാതാവ്. വേളാങ്കണ്ണി ദേവാലയ സമുച്ചയം ഒരു ലോകമാണ്. യേശു ജനങ്ങളെ അനുഗ്രഹിക്കുന്ന മഹാശിൽപം അൽഭുതപ്പെടുത്തുന്ന കാഴ്ച തന്നെ. അവിടെയെത്തുമ്പോൾ അനിർവചനീയമായ ഒരാശ്വാസം നമ്മളെ തേടിയെത്തും. ആരൊക്കെയോ സംരക്ഷിക്കാനുണ്ടെന്ന തോന്നൽ ക്രൈസ്തവ വിശ്വാസിയല്ലാത്തവരിൽ പോലും തോന്നിക്കുമാറ് ഗാംഭീര്യം അതിനുണ്ട്. ഉദ്ദേശം ഒരു മുന്നൂറ് മീറ്റർ നീളത്തിൽ ഓട്ട മൽസരത്തിനൊരുക്കിയ ട്രാക്ക് പോലെ മണൽ നിറച്ച പത്തുപന്ത്രണ്ടടി വീതിയിലുള്ള മണലരുവി കൺവെട്ടത്ത് ഉടക്കി. ശ്രദ്ധിച്ചപ്പോഴാണ് നേർച്ചയുടെ ഭാഗമായി ആളുകൾ അത്രയും നിളം മുട്ട്കുത്തി നടന്ന് വേളാങ്കണ്ണി മാതാവിന്റെ സന്നിധാനത്തിൽ എത്തുന്നത് കണ്ടത്. കുറച്ചു സമയം ഞാൻ മണലിൽ മുട്ട്കുത്തി നടക്കുന്നവരെത്തന്നെ നോക്കി നിന്നു. വല്ലാത്തൊരു വിസ്മയമാണത്. അങ്കമാലിക്കാരെയും കോട്ടയംകാരെയും അവിടെ വെച്ച് കണ്ടുമുട്ടി.
മുത്തുപ്പേട്ട ദർഗയായിലേക്കാണ് വേളാങ്കണ്ണി മാതാവിന്റെ ദിവ്യഭൂമിയിൽ നിന്ന് യാത്ര തുടർന്നത്. തിരുവാരൂർ ജില്ലയിലെ മുത്തുപേട്ട പട്ടണത്തിലെ ഷെയ്ഖ് ദാവൂദ് കംലീൽ വലിയുള്ള ദർഗയുടെ പേരാണ് മുത്തുപേട്ട് ദർഗ . 1000 വർഷത്തിലേറെ പഴക്കമുള്ള ഈ ദർഗ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമുള്ള മുസ്ലീം നിർമിതികളിൽ ഒന്നാണ്. നൂറുകണക്കിന് തീർത്ഥാടകരാണ് ദിവസവും ഇവിടെ എത്തുന്നത്. ചെന്നിറങ്ങിയ ഉടനെതന്നെ മലയാളികൾ തിരിച്ചറിഞ്ഞു. അതുകണ്ടാകണം ദർഗയുടെ ഭാരവാഹികൾ ഞങ്ങളെ സ്വീകരിച്ചു. മഖാമിൽ പോയി പ്രാർത്ഥന നടത്തി. നീണ്ട ഖബർ ഭക്തരിൽ അൽഭുതം ഉളവാക്കും. സൂഫി ദർഗകൾ എനിക്കെന്നും പ്രിയപ്പെട്ടതാണ്. നാനാജാതിമതസ്ഥർ എത്തുന്ന സൗഹൃദ തീരമാണ് ഓരോ സൂഫീ മഖാമും. ലോകത്ത് ഇന്ത്യയിലും പേർഷ്യയിലുമാണ് ഇത്തരം സൂഫീ ദർഗകൾ കാണാനാവുക. മുസ്ലിം സമുദായത്തിലെ പരിഷ്കരണ വാദികൾ ദർഗകളുടെ മഹത്വം അംഗീകരിക്കാത്തവരാണ്. ഖബർ പൂജയിലേക്ക് ഇത് വിശ്വാസികളെ വഴിതെറ്റിക്കുമെന്ന് അവർ വാദിക്കുന്നു. എന്നാൽ മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിങ്ങൾ ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര സമൂഹത്തിൽ എല്ലാവർക്കും ഒത്തുകൂടാനും അവരെ ഐക്യപ്പെടുത്താനുമുള്ള ഇടം എന്ന നിലയിൽ ദർഗകളിലേക്കുള്ള തീർത്ഥാടനങ്ങളെ പ്രോൽസാഹിപ്പിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..