ഇന്ത്യ ഓഹരി വിപണി വീണ്ടും വിൽപ്പനക്കാരുടെ നിയന്ത്രണത്തിലേയ്ക്ക് വഴുതി. കോപ്പർറേറ്റ് മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക് തിളക്കം മങ്ങിയതാണ് നാലാഴ്ച്ച നീണ്ടുനിന്ന ബുൾ റാലിക്ക് അന്ത്യം കുറിച്ചത്. വിദേശ ധനകാര്യസ്ഥാനപങ്ങൾ അവരുടെ ബാധ്യതകൾ ഒഴിവാക്കാൻ നടത്തിയ നീക്കത്തിൽ മുൻ നിര ഇൻഡക്സുകൾ തളർന്നു. ബോംബെ സെൻസെക്സ് 524 പോയിൻറ്റും നിഫ്റ്റി സൂചിക 99 പോയിൻറ്റും പ്രതിവാര തളർച്ചയിലാണ്.
ബോംബെ സെൻസെക്സ് 66,684 ൽ നിന്നും 66,984 പോയിൻറ്റ് വരെ മുന്നേറിയ ശേഷമാണ് തിരുത്തലിൻറ്റ പാദയിലേയ്ക്ക് പ്രവേശിച്ചത്. വാരാന്ത്യ ദിനത്തിലെ വിൽപ്പന സമ്മർദ്ദത്തിൽ സൂചിക 65,878 വരെ ഇടിഞ്ഞ ശേഷം ക്ലോസിങിൽ അൽപ്പം മെച്ചപ്പെട്ട് 66,160 ലാണ്. ഈവാരം 65,697 ലെ താങ്ങ് നിലനിർത്തി 66,800 റേഞ്ചിലേയ്ക്ക് തിരിച്ചു വരവിന് ശ്രമിക്കാം. ആ നീക്കം വിജയിക്കാതെ വന്നാൽ സെൻസെക്സ് 65,200 ലേയ്ക്ക് സാങ്കേതിക തിരുത്തൽ നടത്താം.
നിഫ്റ്റി 19,867 പോയിൻറ്റ് വരെ കയറി ശേഷം 19,563 ലേയ്ക്ക് സാങ്കേതിക തിരുത്തൽ കാഴ്ച്ചവെച്ചു. വാരാന്ത്യം നിഫ്റ്റി 19,646 ലാണ്. വിപണിക്ക് 19,500-19,390 റേഞ്ചിൽ സപ്പോർട്ടുണ്ട്. ഇത് നിലനിർത്താനായാൽ ആഗസ്റ്റ് മദ്ധ്യം സൂചിക 19,825-19,999 ലക്ഷ്യമാക്കും. ഐ റ്റി മേഖല പുറത്തുവിട്ട തൈമാസ റിപ്പോർട്ടുകൾക്ക് തിളക്കം കുറഞ്ഞത് വിപണിക്ക് തിരിച്ചടിയായി. ഇൻഫോസീസ് ഓഹരിക്ക് നേരിട്ട തളർച്ച മറ്റ് വിഭാഗങ്ങളിലേയ്ക്കും വ്യാപിച്ചു. നിഫ്റ്റി ബാങ്ക്, ഐ ടി, എഫ് എം സി ജി വിഭാഗങ്ങൾക്ക് ഒരു ശതമാനം ഇടിവ് നേരിട്ടു. അതേ സമയം ബി എസ് ഇ മീഡ് ക്യാപ്, സ്മോൾ ക്യാപ് ഇൻഡക്സുകൾ കരുത്ത് നിലനിർത്തി. നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഫാർമ, ഹെൽത്ത് കെയർ, മീഡിയ, മെറ്റൽ സൂചികകൾ മികവിലാണ്.
വിദേശ ഫണ്ടുകൾ ജൂലൈയിൽ ഇതിനകം 19,282 കോടി രൂപയുടെ ഓഹരികൾ വാങ്ങി. പോയവാരം അവർ 2012 കോടിയുടെ ഓഹരി ശേഖരിച്ചതിനിടയിൽ 5086 കോടിയുടെ വിൽപ്പനയും നടത്തി. അതേ സമയം ആഭ്യന്തര ഫണ്ടുകൾ സൂചികയുടെ തകർച്ച തടയാൻ 5233 കോടി രൂപയുടെ വാങ്ങലുകൾക്ക് മത്സരിച്ചു. ടെക് മഹീന്ദ്രയുടെ നിരക്ക് എട്ട് ശതമാനം ഇടിഞ്ഞു. റ്റി സി എസ്, വിപ്രോ, എച്ച് സി എൽ, ആർ ഐ എൽ, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ സി, ഇൻഡ് ബാങ്ക്, മാരുതി, എച്ച് യു എൽ, എം ആൻറ് എം തുടങ്ങിയവയ്ക്ക് തിരിച്ചടി.
സാർവദേശീയ വിപണിയിൽ ക്രൂഡ് ഓയിൽ വൻ കുതിച്ചു ചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ എണ്ണ വില ബാരലിന് 80.63 ഡോളറിലാണ്. എണ്ണ കയറ്റുമതി ആഗസ്റ്റ് മുതൽ കുറക്കുമെന്ന് വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിപണി വില വരും ആഴ്ച്ചകളിൽ 85 ഡോളറിലേയ്ക്ക് സഞ്ചരിക്കാം.
അമേരിക്ക പലിശ നിരക്കിൽ കാൽശതമാനം വർദ്ധന വരുത്തിയത് ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണ വിലയിൽ വൻ ചാഞ്ചാട്ടമുളവാക്കി. ട്രോയ് ഔൺസിന് 1960 ൽ നിന്നും 1974 വരെ മുന്നേറിയ സ്വർണം വാരാവസാനം പെടുന്നനെ 1940 ഡോളറിലേയ്ക്ക് ഇടിഞ്ഞങ്കിലും മാർക്കറ്റ് ക്ലോസിങിൽ 1959 ഡോളറിലാണ്. ആഗോള വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ നിരക്ക് 2000 ഡോളറിനെ മഞ്ഞലോഹം മറികടക്കാനുള്ള ശ്രമത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..