വളരെ ചെറിയ കുട്ടികളാണ് മരിച്ചതെങ്കിൽ അവരെ നിലത്ത് കിടത്തുകപോലുമില്ല. അമ്മയുടെ കൈകളിൽത്തന്നെ കിടത്തും. പ്രായം രണ്ടുവയസ്സിനു മുകളിലാണെങ്കിൽ മാത്രമാണ് നിലത്ത് കിടത്തുക.
മാത്രവുമല്ല മൂന്നുദിവസം മാത്രമാണ് പുല ആചരിക്കുക എന്നുമുണ്ട്. പല ജാതിവിഭാഗങ്ങളിലും ആചാരങ്ങളിൽ ചെറിയചെറിയ വ്യത്യാസങ്ങൾ കണ്ടെന്നുവരാം. എങ്കിലും പൊതുവെ കുഞ്ഞുങ്ങളുടെ മരണങ്ങൾക്ക് ആചാരാനുഷ്ഠാനങ്ങൾ കുറവാണ്.
കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന പതിവും ഹൈന്ദവർക്കിടയിലില്ല. മറവ് ചെയ്യുന്നതാണ് പതിവ്. ഭൗതികശരീരത്തിൽ യാതൊരു പ്രത്യേകതയും ഹൈന്ദവവിശ്വാസം കാണുന്നില്ല. ആത്മാവ് വിട്ടുകഴിഞ്ഞാല്പ്പിന്നെ അത് വെറും ജഡമാണ്. ജഡം ചീയാൻ വിടുന്നതിനെക്കാൾ ദഹിപ്പിച്ച് എത്രയുംവേഗം ശുദ്ധീകരിക്കാനാണ് ശ്രമിക്കേണ്ടത്. ഇക്കാരണത്താലാണ് മുതിർന്നവരെ ദഹിപ്പിക്കുന്നത്. ഭൗതികശരീരം വഹിക്കുന്ന എല്ലാ മാലിന്യങ്ങളും കത്തിക്കുന്നതോടെ ശുദ്ധീകരിക്കപ്പെടുന്നു.
കുഞ്ഞുങ്ങളുടെ ശരീരം പക്ഷെ മലിനമല്ലെന്ന് ഹിന്ദുവിശ്വാസം പറയുന്നു. കുഞ്ഞുങ്ങളെയും വിശുദ്ധന്മാരെയും ദഹിപ്പിക്കാറില്ല. അവർ ശുദ്ധീകരിക്കപ്പെട്ട ശരീരത്തോടു കൂടിയവരാണ്. ആത്മാവ് എത്രത്തോളം പരിശുദ്ധമാണോ അത്രത്തോളം പരിശുദ്ധമാണ് അവരുടെ ഭൗതികശരീരവും.
കുഞ്ഞുങ്ങളെ ദഹിപ്പിക്കരുതെന്നു മാത്രമല്ല, ദഹനപ്രക്രിയ നടക്കുന്ന ശ്മശാനത്തിലേക്ക് കുഞ്ഞുങ്ങളെ അടുപ്പിക്കുന്നതിനും വിലക്കുണ്ട് ഹൈന്ദവാചാരങ്ങളിൽ.
ഈ വിഷയത്തിൽ ഏറ്റവും വിശദമായി പ്രതിപാദിച്ചിട്ടുള്ളത് യജുർവ്വേദത്തിലാണ്. ഇത് പ്രധാനമായും ബ്രാഹ്മണ സമുദായക്കാരാണ് ആചരിക്കുന്നത്. പല്ല് വരാത്ത കുഞ്ഞുങ്ങളെ ഓങ്കാരമന്ത്രോച്ചാരണത്തോടെ മറവു ചെയ്യുകയാണ് വേണ്ടത്. പല്ല് വന്ന കുഞ്ഞുങ്ങളാണെങ്കിൽ മാത്രമേ മന്തോച്ചാരണങ്ങൾ പാടുള്ളൂ. ഉപനയനം കഴിയാത്ത കുഞ്ഞുങ്ങളെയും മറവ് ചെയ്യുകയാണ് വേണ്ടത്. കന്യകയായ പെൺകുട്ടിയുടെ കാര്യത്തിലും ഇങ്ങനെയാണ്.
ഹൈന്ദവാചാരങ്ങളെല്ലാം ഒരുപോലെയല്ല. വിവിധ ജാതിവിഭാഗങ്ങളിൽ അത് വ്യത്യാസപ്പെടും. ജാതികളിലെ ഉപജാതികളിലും ആചാരങ്ങളിൽ കാര്യമായ വ്യത്യാസങ്ങൾ വരുന്നത് കാണാം. ചില പ്രദേശങ്ങളിൽ ഓരോ കുടുംബങ്ങൾക്കും താന്താങ്ങളുടേതായ രീതികളുണ്ട്.