കൽപ്പറ്റ > കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കകൾക്കിടയിലും വിനോദസഞ്ചാരമേഖലക്ക് പ്രതീക്ഷയായി കുറുവാദ്വീപും സൂചിപ്പാറയും തുറന്നു. രണ്ടുവർഷത്തിനുശേഷം തുറന്ന കുറുവയിൽ ആദ്യദിനംതന്നെ വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രവേശനം.
മാസ്ക്, സാനിറ്റൈസർ, വെള്ളം എന്നിവയെല്ലാം സജ്ജീകരിച്ചു. സന്ദർശകരെ തെർമൽ സ്കാനിങ്ങിനും വിധേയരാക്കി. 1150 പേർക്കായിരുന്നു പ്രവേശനം. കൂടുതൽ ആളുകൾ വന്നെങ്കിലും ഇവരെ തിരിച്ചയച്ചു. എറണാകുളം, മലപ്പുറം കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളെത്തി. ഒരേ സമയം 15 പേരെ മാത്രമേ ചങ്ങാടത്തിൽ കയറ്റൂ. യാത്രക്കാർ ഇറങ്ങിയശേഷം ചങ്ങാടങ്ങൾ സാനിറ്റൈസർ ഉപയോഗിച്ച് ശുദ്ധീകരിക്കുന്നുണ്ട്. ഒരു മണിക്കൂർ ഇടവേളയിൽ 100 പേരെയാണ് കടത്തിവിടുന്നത്.
സൂചിപ്പാറയിലും ആദ്യദിനം നൂറുകണക്കിന് സഞ്ചാരികൾ എത്തി. രണ്ട് കേന്ദ്രങ്ങളും തുറന്നതോടെ ഈ പ്രദേശങ്ങളിലാകെ ഉണർവ് പ്രകടമാണ്. കച്ചവട സ്ഥാപനങ്ങൾക്കും ഓട്ടോറിക്ഷ, ജീപ്പ് തൊഴിലാളികൾക്കുമെല്ലാം കേന്ദ്രങ്ങൾ തുറന്നത് വൻ പ്രതീക്ഷയാണ് നൽകുന്നത്. അതേസമയം കോവിഡ് രണ്ടാം വരവിൽ വ്യാപനം രൂക്ഷമാവുന്ന സ്ഥിതിയുണ്ടായാൽ പ്രതിസന്ധിയുണ്ടാവുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
മനം കവരുന്ന കുറുവ
പുൽപ്പള്ളി > 900 ഏക്കർ സ്ഥലത്ത് 60 തുരുത്തുകൾ. ദ്വീപിനുള്ളിൽ അപൂർവ ഔഷധ ചെടികളും പക്ഷികളും. ചുറ്റുമുള്ള ജലാശയത്തിൽ വലിയ മത്സ്യസമ്പത്ത്. പനമരം –-മാനന്തവാടി പുഴകൾ കൂടൽകടവിൽ സംയോജിച്ച് കബിനി നദിയായി മാറുന്ന ഭാഗത്ത് രൂപപ്പെട്ടതാണ് പ്രധാന ഇക്കോടുറിസം കേന്ദ്രമായ കുറുവ ദ്വീപ്. പരിസ്ഥിതി സംഘടനകളുടെ ഇടപെടലിനെ തുടർന്നാണ് രണ്ട് വർഷംമുമ്പ് കുറുവ അടച്ചത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് നിബന്ധനകളോടെ വീണ്ടും പ്രവേശനം ആരംഭിച്ചത്.
മാനന്തവാടി ഭാഗത്തുനിന്ന് പയ്യമ്പള്ളി, പാൽവെളിച്ചം വഴി ഡിടിപിസി കൗണ്ടറിൽനിന്ന് ടിക്കറ്റ് വാങ്ങി ചങ്ങാടംവഴി സഞ്ചാരികൾക്ക് ദ്വീപിലെത്താം. പുൽപ്പള്ളി പക്കം ചെറിയമാല ഭാഗത്ത് നിന്ന് വനസംരക്ഷണ സമിതി കൗണ്ടറിൽനിന്ന് ടിക്കറ്റ് വാങ്ങി ചങ്ങാടം കടന്ന് ദ്വീപിലെത്താം. മുതിർന്നവർക്ക് 80രൂപയും കുട്ടികൾക്ക് 55 രൂപയുമാണ് പ്രവേശന നിരക്ക്. രാവിലെ 9.30 മുതൽ പകൽ 3.30വരെയാണ് പ്രവേശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..