എന്താണ് ഓസ്റ്റിയോപൊറോസിസ്
പൊതുവെ പ്രായമായവരിൽ കണ്ടുവരുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. എല്ലുകളുടെ സാന്ദ്രത കുറയുകയും അതുപോലെ എല്ലിലെ ടിഷ്യുവിൻ്റെ ആരോഗ്യം മോശമാവുകയും ചെയ്യുന്നതോടെ എല്ലുകൾ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ഈ അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. നിശബ്ദമായ രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. എല്ലുകൾക്ക് ഒടിവ് സംഭവിക്കുന്നത് വരെ ഇതിൻ്റെ ലക്ഷണങ്ങളൊന്നും പുറത്ത് വരില്ല എന്നതാണ് യാഥാർത്ഥ്യം.
പ്രായവും ലിംഗവും
പ്രായമായവരിൽ, പ്രത്യേകിച്ച് ആർത്തവ വിരാമത്തിലൂടെ കടന്നുപോയ സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് കൂടുതലായി കാണപ്പെടാൻ സാധ്യതയുണ്ട്. അതുപോലെ പ്രായത്തിനനുസരിച്ച് പുരുഷന്മാർക്ക് ദുർബലമായ അസ്ഥികൾ ഉണ്ടാകാം. ഇടയ്ക്കിടെ ഉണ്ടാകുന്ന ഒടിവുകൾ, പ്രത്യേകിച്ച് നട്ടെല്ല്, ഇടുപ്പ്, കൈത്തണ്ട, മറ്റ് ഭാരമുള്ള അസ്ഥികൾ എന്നിവയെല്ലാം ദുർബലമായ അസ്ഥികളുടെ ആദ്യ ലക്ഷണങ്ങളാണ്. ഈ ഒടിവുകൾ ചെറിയ പരിക്കുകളോ വീഴ്ചകളോ ഉണ്ടാകാൻ കാരണമായേക്കാം. പ്രായമായവരിൽ അവ പ്രത്യേകിച്ച് ഗുരുതരമായി കാണപ്പെടുന്നു.
പ്രധാന ലക്ഷണങ്ങൾ
ഓസ്റ്റിയോപൊറോസിസിന് പല തരത്തിലുള്ള ലക്ഷണങ്ങളുണ്ട്. ഇതിൽ പ്രധാനമായ ചിലത് നോക്കാം. എല്ലുകളുടെ ഒടിവ് മൂലം ക്രമേണ ഉയരം നഷ്ടപ്പെടാം, ഇത് ഗുരുതരമായ കേസുകളിൽ ഒരു കുനിഞ്ഞ നിലയിലോ “ഡോവജർ ഹമ്പ്” എന്നതിലേക്കോ നയിക്കുന്നു. അതുപോലെ വിട്ടുമാറാത്ത നടുവേദന, നട്ടെല്ലിലെ കംപ്രഷൻ ഒടിവുകൾ കാരണം വിട്ടുമാറാത്ത നടുവേദനയ്ക്ക് കാരണമാകുന്ന്. ഇത് ഓസ്റ്റിയോപൊറോസിസിന്റെ ലക്ഷണമാകാം.
പൊതുവായ അസ്ഥിയും സന്ധി വേദനയും, വ്യക്തമായ ആഘാതമില്ലാതെ പോലും, അസ്ഥി ബലഹീനതയെ സൂചിപ്പിക്കുന്നു. എന്തെങ്കിലും പിടിക്കുമ്പോൾ ബലമില്ലാത്ത് പോലെ തോന്നുന്നത് അസ്ഥിയുടെ സാന്ദ്രത കുറയുന്നതിൻ്റെ സൂചനയാണ്. ദുർബലമായ അസ്ഥികൾ താടിയെല്ലിനെ ബാധിക്കുകയും മോണയുടെയും പല്ലുകളുടെയും ആരോഗ്യ പ്രശ്നത്തിനും കാരണമാകും. എളുപ്പത്തിൽ നഖങ്ങൾ പൊട്ടി പോകുന്നതും അസ്ഥികളുടെ ആരോഗ്യം മോശമാകുന്നതിന്റെ സൂചകമായിരിക്കാം. അതുപോലെ നട്ടെല്ലിന് പ്രശ്നമുണ്ടാകുന്നതും അസ്ഥികൾ ദുർബലമാകുന്നതിൻ്റെ സൂചനകളാണ്.
എങ്ങനെ രോഗത്തെ തടയാം
അസ്ഥികളുടെ പ്രശ്നം പരിഹരിക്കാൻ കാൽസ്യവും വൈറ്റമിൻ ഡിയും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. ഇലക്കറികൾ, പാൽ ഉത്പ്പന്നങ്ങൾ, എന്നിവയെല്ലാം നല്ലതാണ്. അതുപോലെ കൃത്യമായ വ്യായാമവും വളരെ പ്രധാനമാണ്. നടത്തം, ജോഗിങ്, ഡാൻസ്, സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ് വ്യായാമങ്ങൾ എന്നിവയെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പുകവലിയും മദ്യപാനവും ഉപേക്ഷിക്കാൻ ശ്രമിക്കുക. അതുപോലെ രോഗമുണ്ടെന്ന് സംശയമുള്ളവർ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. നടക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള പിന്തുണ തേടുക. 60 വയസിന് മുകളിലുള്ള സ്ത്രീകളും 70 വയസിന് മുകളിലുള്ള പുരുഷന്മാരും തീർച്ചയായും കൃത്യമായ ഇടവേളകളിൽ എല്ല് പരിശോധനകൾ നടത്താൻ ശ്രമിക്കുക. ചില കേസുകളിൽ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുന്നതും രോഗം തടയാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗം നേരത്തെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നതാണ് ഓസ്റ്റിയോപൊറോസിസ് തടയുന്നതിൽ നിർണായകമായിട്ടുള്ളത്. ആവശ്യത്തിന് പ്രതിരോധങ്ങൾ സ്വീകരിക്കുന്നത് രോഗം തടയാൻ സഹായിക്കും. അതുപോലെ എല്ലുകളുടെ ബലം സംരക്ഷിക്കുന്ന ജീവിതശൈലി പിന്തുടരാൻ ശ്രമിക്കുക. ആവശ്യമുള്ള വൈദ്യോപദേശം തേടുന്നതും ആരോഗ്യമുള്ള എല്ലുകൾ നിലനിർത്താൻ സഹായിക്കും. നേരത്തെ തന്നെ രോഗം കണ്ടെത്തുകയോ അല്ലെങ്കിൽ എല്ലിന് ആവശ്യമായ രീതിയിലുള്ള രീതികൾ പിന്തുടരുകയും ചെയ്യുന്നത് രോഗങ്ങൾ തടയാൻ സഹായിക്കും.