വയര്‍ ചാടുന്നതിന് പിന്നിലെ കാരണങ്ങള്‍
പല കാരണങ്ങള്‍ കൊണ്ട് നമ്മളുടെ വയര്‍ ചാടാം. അത് ഓരോരുത്തരിലും ഓരോ കാരണങ്ങളായിരിക്കും വയര്‍ ചാടുന്നതിന് കാരണമാകുന്നത്. പലപ്പോഴും തെറ്റായിട്ടുള്ള ആഹാരരീതികള്‍ വയര്‍ ചാടുന്നതിലേയ്ക്ക് നയിക്കാറുണ്ട്. അതുപോലെ തന്നെ വ്യായാമം ചെയ്യാതെ സ്ഥിരമായി ഇരിക്കുന്നതും ജീവിതശൈലികളും നമ്മളുടെ അമിതവണ്ണത്തിലേയ്ക്കും അതുപോലെ തന്നെ കുടവയര്‍ വരുന്നതിലേയ്ക്കും നയിക്കുന്നു.
ആഹാരവും വ്യായാമക്കുറവും മാത്രമല്ല, ഉറക്കമില്ലായ്മ, അമിതമായിട്ടുള്ള മാനസിക പിരിമുറുക്കം, ചില രോഗങ്ങള്‍, അതുപോലെ തന്നെ മരുന്നുകള്‍ എന്നിവയെല്ലാം തന്നെ വയര്‍ ചാടുന്നതിലേയ്ക്ക് നയിക്കുന്നു.
നിങ്ങള്‍ക്കും പാല് കുടിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടോ?
ലാക്ടോസ് ഇൻടോളറൻസ്: കാരണവും ലക്ഷണങ്ങളും
സ്ട്രെസ്സ് ബെല്ലി
നമ്മളുടെ സ്ട്രെസ്സ് ഹോര്‍മണ്‍സ് നമ്മളുടെ ശരീരഭാരത്തേയും അതുപോലെ തന്നെ വയര്‍ ചാടുന്നതിലേയ്ക്കും നയിക്കുന്ന അവസ്ഥയെയാണ് സ്ട്രെസ്സ് ബെല്ലി എന്ന് പറയുന്നത്. ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ട് വരുന്നതും സ്ട്രെസ്സ് ബെല്ലിയാണ്. ഈ സ്ട്രെസ്സ് ബെല്ലി എന്നത് ഒരു രോഗാവസ്ഥയല്ല. സ്ട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ നമ്മളുടെ അടിവയര്‍ കൂടുന്നതിന് കാരണമാകുന്ന അവസ്ഥയാണ് ഇത്.
നമ്മളുടെ ആഡ്രീനല്‍ ഗ്രന്ഥിയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളാണ് നമ്മളുടെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കുന്നതും അതുപോലെ തന്നെ മെറ്റബോളിസം കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതും. നമ്മള്‍ക്കറിയാം, മെറ്റബോളിസം കുറയുന്നത് സത്യത്തില്‍ അമിതവണ്ണത്തിലേയ്ക്ക് നയിക്കും. അതുപോലെ തന്നെ പ്രമേഹവും വയര്‍ ചാടുന്നതിന് ഒരു കാരണമാണ്. എന്നാല്‍, നമ്മള് വളരെയധികം സ്ട്രെസ്സ് അനുഭവിക്കുന്ന സമയത്ത് ഈ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ശരീരത്തിലെ എനര്‍ജി ബാലന്‍സ് ചെയ്യാന്‍ കൂടുന്നു. ഇത് അമിതവണ്ണം മുതല്‍ കുടവയറിലേയ്ക്ക് വരെ നയിക്കുന്നു.
കോര്‍ട്ടിസോള്‍ അമിതമായാല്‍
കോര്‍ട്ടിസോള്‍ ലെവല്‍ അമിതമായാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. അതില്‍ തന്നെ അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം, അതുപോലെ പ്രമേഹം വര്‍ദ്ധിക്കും, ഇവ കൂടാതെ, അടിവയര്‍ ചാടുകയും അമിതവണ്ണം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. സൈക്കോസൊമാറ്റിക് മെഡിസിന് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കോര്‍ട്ടിസോള്‍ ലെവല്‍ അമിതമായിട്ടുള്ളവരില്‍ അരക്കെട്ടിലെ കൊഴുപ്പ് അമിതമായിരിക്കും, അതുപോലെ, ബോഡിമാസ്സ് ഇന്‍ഡക്സിനേക്കാള്‍ കൂടുതലായിരിക്കും ഇവരുടെ ശരീരഭാരം എന്നും പറയുന്നു. അതിനാല്‍ സ്ട്രെസ്സ് കുറയ്ക്കാന്‍ നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
നല്ല ഉറക്കം
നമ്മളുടെ സ്ട്രെസ്സ് കുറയണമെങ്കില്‍ നമ്മള്‍ക്ക് നല്ല ഉറക്കം കൃത്യമായി തന്നെ ലഭിക്കണം. ഒരു ദിവസം 7 മുതല്‍ എട്ട് മണിക്കൂര്‍ വരെയെങ്കിലും ഒരാള്‍ക്ക് ഉറങ്ങാന്‍ സാധിക്കണം. അതും കരുതി നല്ലപോലെ കുറേ നേരം ഉറങ്ങിയാല്‍ ശരീരഭാരം കുറയുകയുമില്ല. 6 മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരിലും അതുപോലെ തന്നെ 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരിലും വിസറല്‍ ഫാറ്റ് കൂടുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്.
ഇത്തരത്തില്‍ വിസറല്‍ ഫാറ്റ് കൂടിയാല്‍ അത് നമ്മളുടെ ചര്‍മ്മത്തിന്റേയും അതുപോലെ തന്നെ അവയവങ്ങളിലും അടിഞ്ഞ് കൂടുന്നു. ഇത്തരത്തില്‍ ഫാറ്റ് അടിഞ്ഞ് കൂടുന്നത് വയര്‍ ചാടാന്‍ കാരണമാണ്. അതുപോലെ തന്നെ ഫാറ്റിലിവര്‍ അസുഖങ്ങളിലേയ്ക്ക് നയിക്കാം. അതിനാല്‍, നല്ലപോലെ ഉറങ്ങാന്‍ ശ്രദ്ധിക്കാം.
വ്യായാമവും ആഹാരവും
നല്ല ഉറക്കവും നല്ല ആരോഗ്യ ശീലങ്ങള്‍ പ്രത്യേകിച്ച് മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുന്നതും സത്യത്തില്‍ സ്ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ക്യത്യമായ വ്യായാമം ചെയ്യുന്നത്, പ്രത്യേകിച്ച് മനസ്സിനെ ശാന്തമാക്കുന്ന രീതിയിലുള്ള മെഡിറ്റേഷന്‍ കാര്യങ്ങള്‍ ചെയ്യുന്നത് സ്ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
കാലറി അമിതമായിട്ടടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കാം. ഉപ്പ്, മധുരം എന്നിവ കുറയ്ക്കാം. അതുപോലെ, നല്ലപോലെ പഴം പച്ചക്കറികള്‍ ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും സ്ട്രെസ്സ് ബെല്ലി കുറയ്ക്കാന്‍ സഹായിക്കും. ഇക്കാര്യങ്ങള്‍ ചെയ്തിട്ടും നിങ്ങളുടെ സ്ട്രെസ്സ് മാനേജ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ഡോക്ടറുടെ സഹായം തേടാവുന്നതാണ്.