കൊച്ചി > കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ ജോര്‍ജ് എന്ന 23കാരന്. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക് ഉത്തരമാവുകയുമായിരുന്നു ‘അവോധ’യെന്ന നൈപുണ്യശേഷി വികസന സംരംഭം.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, എത്തിക്കല്‍ ഹാക്കിങ്, മെഡിക്കല്‍ കോഡിങ്, ഷെയര്‍ ട്രേഡിങ് തുടങ്ങിയ 14 കോഴ്സുകളാണ് അവോധയുടെ സേവനങ്ങള്‍. കാക്കനാട് ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 2020 ജൂണിലാണ് തുടക്കം കുറിക്കുന്നത്. പറവൂരില്‍ ജോസഫിന്റെ വീട്ടില്‍ ബിപിന്‍രാജ് പണടാന്, അശ്വിന് ശേഖര്‍, ഏബല്‍ സൈമണ്‍ എന്നീ സുഹൃത്തുക്കളുമായി ആരംഭിച്ച കമ്പനിക്ക് ഇന്ന് ഫ്രീലാന്സെഴ്സ് ഉള്‍പ്പടെ 1500ഓളം ജീവനക്കാരുണ്ട്.
ഓണ്‍ലൈന്‍ പഠനങ്ങള്‍ക്ക് മറ്റനവധി വഴികളുണ്ടെങ്കിലും മാതൃഭാഷയില്‍ (നിലവില്‍ മലയാളം, തമിഴ്) ചിട്ടപ്പെടുത്തിയ വിദഗ്ധ പരിശീലന ക്ലാസുകളാണ് അവോധയെ വ്യത്യസ്തമാക്കുന്നത്. പരിശീലനത്തിനിടെയില്‍ സംശയ നിവാരണവും ഇടപെടലുകളും മാതൃഭാഷയില്‍ തന്നെയാണ് നടക്കുന്നത്. ആറ് മാസത്തോളം നീളുന്ന പരീശിലന കാലയളവ് പൂര്‍ത്തിയാക്കി ജോലി നേടിയതിനു ശേഷം മാത്രം കോഴ്സ് ഫീസ് പൂര്‍ണമായി നല്കിയാല് മതിയെന്ന വാഗ്ദാനവും അവോധയെ മറ്റുള്ള നൈപുണ്യശേഷി വികസന സ്ഥാപനങ്ങളില്‍ നിന്നും വേറിട്ടതാക്കുന്നു. പരിശീലന കാലയളവില്‍ 25 ശതമാനം ഫീസ് നല്കി പരിശീലനം പൂര്‍ത്തിയാക്കാം. മൂന്നു മാസം ഓണ്‍ലൈന്‍ കോഴ്സും മൂന്നു മാസം ഇന്റേണ്‍ഷിപ്പുമായാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ഇന്റേണ്‍ഷിപ്പും അതിനു ശേഷം ജോലി കണ്ടെത്തലുമെല്ലാം അവോധ പൂര്‍ത്തിയാക്കും. കോഴ്സ് കഴിഞ്ഞു ഓഫര്‍ ലെറ്റര്‍ ലഭിക്കുമ്പോള്‍ ഫീസിന്റെ 25 ശതമാനവും ആദ്യ ശമ്പളം ലഭിക്കുമ്പോള്‍ ബാക്കി 50 ശതമാനം ഫീസും നല്കിയാല് മതി.
തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ അവോധയ്ക്ക് മേഖലാ ഓഫീസുകളുണ്ട്. ഓപ്പറേഷന്‍സ് വിഭാഗം ജോസഫ് കൈകാര്യം ചെയ്യുമ്പോള്‍ മാര്‍ക്കറ്റിംഗ് വിഭാഗം ബിപിന്‍രാജ്, അശ്വിന്, ഏബല്‍ എന്നിവര്‍ കൈകാര്യം ചെയ്യും. അടുത്ത മാസത്തോടെ കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലും കമ്പനിയുടെ അടുത്ത പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് നൈപുണ്യശേഷി വികസനത്തിനുള്ള കോഴ്സുകള്‍ ദക്ഷിണേന്ത്യയിലെ പ്രധാന മൂന്ന് ഭാഷകളിലും ലഭ്യമാവും. ഇതിനിടെയില്‍ അവോധയെ തേടി അമേരിക്കന്‍ കമ്പനിയില്‍ നിന്നും 5 മില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപ വാഗ്ദാനമെത്തി. ഇതിന്മേലുള്ള അവസാവഘട്ട ചര്‍ച്ച പുരോഗമിക്കുകയാണ്. അമേരിക്കന്‍ നിക്ഷേപം കൂടി ലഭ്യമാകുന്നതോടെ അവോധയെ കൂടുതല്‍ മികച്ച ഉയരങ്ങളിലെത്തിക്കാനുളള വമ്പന്‍ വികസന പദ്ധതികള്‍ക്ക് തയ്യാറെടുക്കുകയാണ് അവോധ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..