മൂലമറ്റം > സഹസിക യാത്രയുടെ അനുഭൂതിയിൽ കുറച്ചുദൂരം പച്ചപ്പ് നിറഞ്ഞ പുൽമേടുകളും വെള്ളച്ചാട്ടവും ആസ്വദിക്കാം. കപ്പക്കാനം തുരങ്കം അന്വേഷിക്കുന്നവരോട് ഒറ്റവാചകത്തിൽ പറയാനുള്ളത് ഇതാണ്. വിനോദസഞ്ചാരികളുടെയും സാഹസിക സഞ്ചാരികളുടെയും പ്രിയപ്പെട്ട കേന്ദ്രമായി മാറുകയാണ് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കാൻ നിർമിച്ച കപ്പക്കാനം തുരങ്കം. വാഗമണിന് സമീപം ഇരുകൂട്ടിയാർ മുതൽ നാല് കിലോമീറ്ററോളമുള്ള തുരങ്കമാണിത്.
രണ്ട് ആറുകളുടെ സംഗമസ്ഥലമായതിനാലാണ് ഇവിടം ഇരുകൂട്ടിയാർ എന്ന് അറിയപ്പെടുന്നത്. ആറുകളെ തടയണ കെട്ടി സംഭരിച്ച് നിർത്തും. അവിടെനിന്നും നിർമിച്ച തുരങ്കം കപ്പക്കാനത്ത് അവസാനിക്കുന്നു. വീണ്ടും കാട്ടിലൂടെ കപ്പക്കാനം തോട്ടിലെ വെള്ളത്തിനൊപ്പം ഈ വെള്ളത്തെ ഒഴുക്കി ഇടുക്കി ഡാമിലെത്തിക്കുന്നു. തുരങ്കത്തിന് അടുത്തായി മറുവശത്ത് കിടിലൻ കപ്പക്കാനം വെള്ളച്ചാട്ടം. ജലനിരപ്പ് കുറവാണെങ്കിൽ സുഖമായി വെള്ളച്ചാട്ടത്തിൽ കുളിച്ചുകയറാം. ദിവസവും ആയിരകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
മനോഹരമായ ഇവിടം സിനിമ ചിത്രീകരണ സ്ഥലം കൂടിയാണ്. തമിഴ് ചിത്രങ്ങളടക്കം നിരവധി സിനിമകളിലൂടെ തുരങ്കം ലോകം കണ്ടു. വിവാഹ ഫോട്ടോഗ്രാഫർമാരുടെയും ഇഷ്ട ഇടങ്ങളിലൊന്നാണ് നിത്യഹരിത വനങ്ങളും പുൽമേടുകളും സംയോജിക്കുന്ന ഇവിടം. വെള്ളം കുറവുള്ളപ്പോൾ തുരങ്കത്തിലൂടെ നടക്കാം. ഇരുട്ടാണെങ്കിലും ടോർച്ച് ലൈറ്റ് വെളിച്ചത്തിൽ അകത്തേക്ക് നടക്കുന്നവരേറെയാണ്. ഉള്ളിൽ ഓക്സിജന്റെ അളവ് വ്യത്യാസമുള്ളതിനാൽ ഒരുപാട് ഉള്ളിലേക്ക് കയറുന്നത് അപകടകരമാണ്. മഴക്കാലത്ത് വഴുക്കലും വെള്ളക്കൂടുതലും അപകടം ക്ഷണിച്ചുവരുത്തും.
മൂലമറ്റത്തുനിന്ന് ആശ്രമം വഴിക്ക് 13 കിലോമീറ്ററും. മൂലമറ്റം – വാഗമൺ റൂട്ടിൽ ഉളുപ്പുണിയിൽ നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ തുരങ്കത്തിലെത്താം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..