“അടുത്തത് ഞങ്ങളുടെ ഊഴമാണ്” എന്നും ലാലുപ്രസാദ് യാദവ് മാധ്യമങ്ങളോട് സംസാരിക്കവെ പ്രസ്താവിച്ചു. തന്റെ ഭാര്യയും ആർജെഡി നേതാവുമായ റാബ്രി ദേവിയുടെ വീട്ടിൽ സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞ് സംസാരിക്കുകയായിരുന്നു ലാലു.
മണിപ്പൂരിനെ ഓർമ്മിച്ചുകൊണ്ടായിരുന്നു ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അർവിന്ദ് കെജ്രിവാളിന്റെ സ്വാതന്ത്ര്യദിന പ്രസംഗം. രണ്ട് വിഭാഗങ്ങളായി ജനങ്ങൾ തിരിഞ്ഞ് പരസ്പരം കൊന്നൊടുക്കുകയാണ്. ഹരിയാനയിലും ഇതുതന്നെയാണ് സ്ഥിതി. ഇങ്ങനെയാണെങ്കിൽ ഇന്ത്യ എങ്ങനെയാണ് ‘വിശ്വഗുരു’ ആയിത്തീരുകയെന്ന് കെജ്രിവാൾ ചോദിച്ചു. ആർഎസ്എസ് രൂപപ്പെടുത്തിയ ‘വിശ്വഗുരു’ എന്ന പ്രയോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ പ്രസ്താവനകളിലെ ഒരു പ്രധാന ഇനമാണ്. മോദിയുടെ ഭരണത്തിൻകീഴിൽ ഇന്ത്യ വിശ്വഗുരുവായിത്തീർന്നുവെന്നത് ബിജെപിയുടെ പ്രചാരണമന്ത്രങ്ങളിലൊന്നുമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ഒരു മൂഢമായ തിരഞ്ഞെടുപ്പ് പ്രസംഗമായി തരംതാണുവെന്നായിരുന്നു കോൺഗ്രസ്സിന്റെ പ്രതികരണം. തന്റെ സ്വന്തം പ്രതിച്ഛായയെക്കുറിച്ച് സംസാരിക്കാനാണ് പ്രധാനമന്ത്രി പ്രസംഗത്തിന്റെ ഏറെ സമയവും ചെലവിട്ടതെന്ന് ജയ്റാം രമേശ് പ്രതികരിച്ചു. അബദ്ധമായ നയങ്ങളും, തെറ്റായ ഉദ്ദേശ്യത്തോടെയുള്ള നീക്കങ്ങളും, അനീതിയും നിറഞ്ഞതാണ് മോദിയുടെ ഭരണകാലം.
വാചാലത കൊണ്ട് എല്ലാക്കാലത്തും എല്ലാറ്റിനെയും മൂടിവെക്കാൻ സാധിക്കില്ലെന്ന് ജയ്റാം രമേശ് വ്യക്തമാക്കി. തന്റെ സർക്കാർ എന്താണ് നേടിയതെന്ന് വിശദീകരിക്കാനല്ല ഓഗസ്റ്റ് 15ലെ പ്രസംഗത്തിൽ മോദി ശ്രമിച്ചത്. പകരം അതൊരു വെറും തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗമായി മാറി. നുണകളും അതിശയോക്തികളും നിറഞ്ഞതായിരുന്നു ആ പ്രസംഗം. സ്വാതന്ത്ര്യം നേടിത്തരാൻ വേദനകളും യാതനകളും അനുഭവിച്ചവരെ ഓർക്കുന്നതിനു പകരം തന്റെതന്നെ പ്രതിച്ഛായയെക്കുറിച്ചായിരുന്നു മോദിയുടെ സംസാരം മുഴുവനെന്ന് ജയ്റാം രമേശ് ആരോപിച്ചു.