അതിവേഗ ട്രെയിനുകളോടിക്കാൻ പാകത്തിന് എല്ലാ പാതകളെയും ബലപ്പെടുത്താനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതിനായി എല്ലാ ട്രാക്കുകളും ആർ350എച്ച്ടി ഗുണനിലവാരമുള്ളതായിരിക്കും. യൂറോപ്യൻ റെയിൽ സ്റ്റാൻഡേഡായ ഇഎൻ13674 പ്രകാരം മിനിമം 350 ബിഎച്ച്എൻ കരുത്തുള്ള ഹീറ്റ് ട്രീറ്റഡ് റെയിലുകളാണ്.
സ്റ്റീൽ അതോരിറ്റി ഓഫ് ഇന്ത്യയാണ് (SAIL) രാജ്യത്ത് ആർ350എച്ച്ടി ഗ്രേഡ് റെയിലുകൾ നിർമ്മിക്കുക. ഈ റെയിലുകൾക്കായി റെയില്‍വേ ടെൻഡറുകൾ വിളിക്കും.
അതിവേഗ ട്രെയിനുകൾ ഓടിക്കാൻ ഈ മാറ്റം അനിവാര്യമാണെന്ന് റെയില്‍വേ പറയുന്നു. ആർ350എച്ച്ടി റെയിലുകളുടെ ഉപയോഗം സംബന്ധിച്ച് റെയിൽവേ ഒരു ഗൈഡ്ലൈൻ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ലോകത്തെങ്ങും നിലവിൽ ഉപയോഗിത്തിലുള്ള റെയിലുകളാണിവ. ഇക്കാരണത്താൽ തന്നെ രാജ്യത്തെ പ്രത്യേക ഫീൽഡ് ട്രയൽ നടത്തേണ്ട ആവശ്യകതയില്ല. എന്നാൽ, ഇന്ത്യൻ കമ്പനികൾ ആദ്യമായാണ് ഈ ഗ്രേഡിലുള്ള റെയിലുകൾ നിർമ്മിക്കുന്നത് എന്നതിനാൽ അവ സൂക്ഷ്മമായ നിരീക്ഷണപഠനങ്ങൾക്ക് വിധേയമാക്കും.
വന്ദേ ഭാരത് ട്രെയിനുകൾക്ക് ഇന്നും മിക്ക പാതകളിലും അതിന്റെ പരമാവധി വേഗത പിടിക്കാൻ സാധിച്ചിട്ടില്ല. ട്രാക്കുകളുടെ ബലക്കുറവും, പാതകളിലെ വളവുതിരിവുകളും മറ്റും ഇതിനൊരു കാരണമാണ്. നിലവിൽ രാജ്യത്ത് 25 വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. അഞ്ചെണ്ണം ഉടനെ ഓടിത്തുടങ്ങും. ഇവയ്ക്കു പിന്നാലെ വന്ദേ ഭാരതിന്റെ സ്ലീപ്പർ ട്രെയിനുകളും വരാനിരിക്കുന്നു. മറ്റൊരു ട്രെയിൻ വന്ദേ സാധാരൺ ആണ്. ഈ ട്രെയിനും അർദ്ധ അതിവേഗമുള്ളതാണ്. പരമാവധി 130 കിലോമീറ്റർ വേഗത പിടിക്കാൻ കഴിയുന്ന പുഷ്-പുൾ ട്രെയിനുകളാണ് വന്ദേ സാധാരണായി ഓടുക. ഇവയ്ക്കെല്ലാം മികച്ച റെയിലുകൾ നിർമ്മിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.