പ്രമുഖ ക്രൈഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്‌റ്റേഴ്‌സ് വെളിപ്പെടുത്തൽ ഓഹരി വിപണിയെയും ധനമന്ത്രാലയത്തെയും പ്രകമ്പനം കൊള്ളിച്ചു. രാജ്യാന്തര ഫണ്ടുകൾ പ്രതികൂല വാർത്തകൾക്കിടയിൽ വിപണിയിൽ നിന്നും ഒരു ചുവട് പിൻ വലിഞ്ഞു. ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾക്ക് തുടർച്ചയായ നാലാം വാരത്തിലും തകർച്ചയിൽ നിന്നും രക്ഷനേടാനായില്ല. സെൻസെക്‌സ് 374 പോയിന്റ് നിഫ്‌റ്റി സൂചിക 118 പോയിന്റും നഷ്‌ടത്തിൽ.
മൂഡീസ് ഇൻവെസ്‌റ്റേഴ്‌സ് ഇന്ത്യയുടെ ദീർഘകാല പ്രാദേശിക, വിദേശ കറൻസി റേറ്റിംഗുകൾ Baa3 – ൽ നിലനിർത്തി. ജൂണിൽ മൂഡീസുമായി ധനമന്ത്രാലയം നടത്തിയ കൂടിക്കാഴ്ചയിൽ റേറ്റിംഗ് ഉയർത്തണമെന്ന് ആവശ്യപ്പെട്ടങ്കിലും അവർ തയ്യാറായില്ല. ഇന്ത്യയുടെ റേറ്റിംഗ് നിലനിർത്തുമ്പോഴും വളർച്ച ഏതാനും വർഷങ്ങളിൽ കുറഞ്ഞുവെന്ന നിലപാടിലാണ് മൂഡീസ്. കടബാധ്യതകൾക്ക് മുന്നിൽ ഇന്ത്യ ക്ലേശിക്കുന്നതായി അവർ വിലയിരുത്തി. മണിപ്പൂരിലെ സ്ഥിതിഗതികളും മൂഡീസിൻറ്റ ശ്രദ്ധയിൽ വന്നതിനൊപ്പം മൂന്ന് മാസങ്ങളിലെ 150 മരണങ്ങൾ കണ്ടില്ലെന്ന് നടിക്കാനും രാജ്യന്തര റേറ്റിംഗ് ഏജൻസിക്കായില്ല.
സെൻസെക്‌സ് 65,322 പോയിന്റിൽ നിന്നും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഇതിനിടയിൽ മുൻ നിര ഓഹരികളിലെ വിൽപ്പനതരംഗം വിപണിയെ മൊത്തത്തിൽ തളർത്തിയതോടെ സൂചിക 64,754 ലേയ്‌ക്ക് ഇടിഞ്ഞെങ്കിലും മാർക്കറ്റ് ക്ലോസിങിൽ 64,948 പോയിന്റിലാണ്. ഈവാരം 64,600 ലെ സപ്പോർട്ട് നിലനിർത്തി ഉയരങ്ങളിലേയ്‌ക്ക് തിരിച്ചു കയറാൻ ശ്രമം നടത്തിയാൽ സെൻസെക്‌സ് 65,450 വരെ ഉയരാം. എന്നാൽ ആദ്യ സപ്പോർട്ടിൽ കാലിടറിയാൽ വിപണി സ്വഭാവികമായും 64,252 പോയിന്റിലേയ്‌ക്ക് തളരും.
നിഫ്‌റ്റി സൂചിക 19,428 ൽ നിന്നും 19,482 വരെ ഉയർന്ന ഘട്ടത്തിൽ വിദേശ ഫണ്ടുകൾ ബാധ്യതകൾ ഒഴിവാക്കാൻ രംഗത്ത് എത്തിയതോടെ 19,254 വരെ താഴ്‌ന്നു. വ്യാപാരാന്ത്യം ക്ലോസിങിൽ നിഫ്‌റ്റി 19,310 പോയിൻറ്റിലാണ്. നിഫ്‌റ്റി ഫ്യൂച്ചേഴ്‌സിൽ ഓപ്പൺ ഇൻട്രസ്‌റ്റ് മൂന്ന് ലക്ഷം കരാറുകൾ ഉയർന്ന് 133.5 ലക്ഷത്തിൽ എത്തിയത് വരും ദിനങ്ങളിൽ തകർച്ചയ്‌ക്ക് ആക്കം കൂട്ടാനും ഇടയുണ്ട്.
ആഭ്യന്തര ഫണ്ടുകൾ 4206 കോടി രൂപയുടെ ഓഹരികൾ പിന്നിട്ട വാരം ശേഖരിച്ചതിനൊപ്പം 314 കോടി രൂപയുടെ വിൽപ്പനയും നടത്തി. വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം 4102 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഒരു ദിവസം അവർ 723 കോടി രൂപയുടെ ഓഹരികളും വാങ്ങി. രൂപയുടെ വിനിമയ മൂല്യം ഇതിനിടയിൽ 82.72 ൽ നിന്നും പെടുന്നനെ 83 ലെ പ്രതിരോധം തകർത്ത് 83.41 ലേയ്‌ക്ക് നിലംപതിച്ചത്. വാരാന്ത്യം രൂപയുടെ മൂല്യം 83.10 ലാണ്. മുൻ നിര ഓഹരികളായ ഹിൻഡാൽക്കോ, ജെ എസ് ഡബ്ലയു സ്‌റ്റീൽ, ടാറ്റാ സ്‌റ്റീൽ തുടങ്ങിയവ വിൽപ്പന സമ്മർദ്ദത്തിൽ. റ്റി സി എസ്, എച്ച് ഡി എഫ് സി ബാങ്ക്, എസ് ബി ഐ, എയർടെൽ, ഐ റ്റി സി, ബി പി സി എൽ, ഒ എൻ ജി സി, സിപ്ല തുടങ്ങിയവയ്‌ക്ക് തിരിച്ചടി.
രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിലിൽ വില താഴ്‌ന്നു. ജൂണിന് ശേഷം ആദ്യമായി ക്രൂഡ് ഓയിൽ പ്രതിവാര നഷ്‌ടത്തിലാണ്. വാരാന്ത്യം എണ്ണ വില ബാരലിന് 84 ഡോളർ. ന്യൂയോർക്കിൽ സ്വർണം ഔൺസിന് 1900 ഡോളറിലെ നിർണായക താങ്ങ് നഷ്‌ടപ്പെട്ടു. 1910 ഡോളറിൽ ഇടപാടുകൾ തുടങ്ങിയ മഞ്ഞലോഹം 1885 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1889 ഡോളറിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..