ഇന്ന് ലോക സ്കിസോഫ്രീനിയ ദിനം. എന്താണ് സ്കിസോഫ്രീനിയ? ഇത് ഒരു രോഗമാണോ? ഈ അവസ്ഥയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? സ്കിസോഫ്രീനിയ എങ്ങനെ ചികിത്സിക്കാം?
കൂടെ നിർത്തണം സ്കിസോഫ്രീനിയ രോഗികളെ
ഹൈലൈറ്റ്:
- ആരെയാണ് സ്കിസോഫ്രീനിയ ബാധിക്കുന്നത്?
- സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങൾ എന്തൊക്കെ?
- ഇത് എങ്ങനെ ചികിത്സിച്ച് ഭേദമാക്കാം?
സ്കിസോഫ്രീനിയ ബാധിക്കുന്നത്:
സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ 15-നും 30-നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലും 25-നും 30-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലുമാണ് സാധാരണയായി ഇതുകാണുന്നത്. സാധാരണയായി നൂറുപേരില്‍ ഒരാള്‍ക്ക് സ്കീസോഫ്രീനിയ കണ്ടുവരുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
കാരണങ്ങള്‍:
ശാരീരികവും മാനസികവുമായ പല കാരണങ്ങളും ഒരാളെ സ്കീസോഫ്രീനിയയിലേക്ക് നയിക്കാറുണ്ട്.
തലച്ചോറിലെ രാസപദാര്‍ത്ഥങ്ങളായ ഡോപാമൈന്‍ (dopamine) ഗ്ളൂട്ടമേറ്റ് (glutamate) എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ ഈ രോഗത്തിനു കാരണമാകുന്നു.
ചില കേസുകളിൽ പാരമ്പര്യം, ജന്മനാ തലച്ചോറിനേറ്റ ക്ഷതം, ഗര്‍ഭാവസ്ഥയില്‍ ബാധിച്ച വൈറസ് രോഗങ്ങള്‍, കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണങ്ങളാകാം. മാനസിക സംഘര്‍ഷങ്ങളും കുടുംബപ്രശ്നങ്ങളുമൊക്കെ അനുഭവിക്കുന്നത് ഈ രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കും.
ഇനി 2 മീറ്റർ പോരാ, വേണം സാമൂഹിക അകലം 10 മീറ്റർ എങ്കിലും; കാരണം അറിയുക
ലക്ഷണങ്ങള്‍:
*ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നതായും കേള്ക്കുന്നതായുമുള്ള തോന്നല്‍
*തെറ്റായ വിചാരങ്ങള്‍, അനാവശ്യ സംശയം, അസാധാരണമായ ചിന്തകള്‍.
*ഇല്ലാത്ത ഗന്ധവും രുചിയും അനുഭവപ്പെടുന്ന തോന്നൽ
*തങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കുന്നുവെന്നും അവര്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള തോന്നല്‍
*സംശയകരമായ ചിന്തകളും പരസ്പര വിരുദ്ധവും ക്രമമില്ലാതെയുള്ള സംസാരവും
*ഓരോ സാഹചര്യങ്ങളിലും അനുയോജ്യമായ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള തടസ്സം
*ഒരു കാര്യത്തിലും താല്പര്യമില്ലായ്മ
*സംസാരിക്കാനുള്ള പ്രയാസം
കൗമാരക്കാരിൽ സ്കീസോഫ്രീനിയയുടെ സാധാരണ ലക്ഷണങ്ങൾ:
*സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും പിൻവലിയൽ
*സ്കൂളിലെ പ്രകടനത്തിലെ കുറവ്, പഠന കാര്യങ്ങളിൽ അസാധാരണമായ പിന്നാക്കാവസ്ഥ
*ഉറങ്ങുന്നതിൽ പ്രശ്നം
*അകാരണമായ ദേഷ്യം അല്ലെങ്കിൽ വിഷാദാവസ്ഥ
ചികിത്സ എങ്ങനെ?
വളരെ നേരത്തെ തിരിച്ചറിയുകയും കൃത്യമായി ചികിത്സ നൽകുകയും ചെയ്താൽ സ്കിസോഫ്രീനിയ ഭേദമാക്കാം. ഇതിനായി പ്രത്യേക തെറാപ്പികൾ ലഭ്യമാണ്. ഇലക്ട്രോകണ്വല്സീവ് തെറാപ്പിയും കൗണ്‍സെലിംഗ് പോലുള്ള ചികിത്സകളും ഈ അവസ്ഥയെ മറികടക്കാൻ ഫലപ്രദമാണ്. എന്നാൽ കുറഞ്ഞ കാലയളവിനുള്ളിൽ ഈ അവസ്ഥ മാറ്റിയെടുക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ മിക്കവർക്കും ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടതായി വരും. എങ്കിൽ മാത്രമേ സാധാരണ ജീവിതത്തിലേയ്ക്ക് അവരെ തിരികെ കൊണ്ടുവരാൻ സാധിക്കൂ.
കൂടെയുണ്ടാകണം:
സ്കിസോഫ്രീനിയ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ അവരെ പരിചരിക്കുന്നവര്‍ക്ക് വളരെ വലിയ പങ്കുണ്ട്. അവർക്ക് ഈ അസുഖത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. രോഗികള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകാനുള്ള സാധ്യതകള്‍ കുറയ്ക്കാനുള്ള വഴികളെക്കുറിച്ച് അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ ചികിത്സ പൂർണമാകൂ.
കൂടെയുള്ളവർ ശ്രദ്ധിക്കേണ്ടത് :
*രോഗികളില്‍ ആത്മഹത്യാപ്രവണതയുടെ എന്തെങ്കിലും സൂചനകള്‍ കാണുകയാണെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ അറിയിക്കേണ്ടതാണ്.
*കുറ്റപ്പെടുത്തുകയോ നിര്‍ബന്ധിക്കുകയോ ചെയ്യാതെ ഊര്‍ജ്ജസ്വലതയോടെ ജീവിക്കാന്‍ പരിചാരകര്‍ രോഗികളെ പ്രേരിപ്പിക്കണം
*മരുന്നുകള്‍ കൃത്യമായി കഴിക്കാന്‍ രോഗികളെ പ്രേരിപ്പിക്കണം
* രോഗികളുടെ നല്ല പ്രവൃത്തികളെ അഭിനന്ദിക്കുകയും അത്തരം പ്രവൃത്തികള്‍ തുടര്‍ന്നും ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും വേണം.
*അവരോട് തര്‍ക്കിക്കുന്ന വിധത്തില്‍ സംസാരിക്കരുത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : know the signs and symptoms of schizophrenia
Malayalam News from malayalam.samayam.com, TIL Network