ഈ ഡോളർ ആധിപത്യത്തെ ഇല്ലാതാക്കാനായി ഒരു മുന്നേറ്റം നടക്കുന്നുണ്ട്. ഡീഡോളറൈസേഷൻ എന്ന പദം ഈ മുന്നേറ്റത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു വന്നതാണ്.
എന്താണ് ഡീഡോളറൈസേഷൻ?
ഡോളറിന്റെ അപ്രമാദിത്വം എല്ലാ രാജ്യങ്ങളെയും വലച്ചിട്ടുണ്ട്. ഡോളറിനെതിരെ കനത്ത ഇടിവ് നേരിട്ട് രൂപ എന്ന് നാം വാർത്തകളിൽ കേൾക്കാറുണ്ട്. ഡോളര്‍ വിനിമയത്തിന് ഉപയോഗിക്കുമ്പോള്‍ ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കുറവായിരിക്കും. ഇത് ഭൂരിഭാഗം രാഷ്ട്രങ്ങളും ഏറ്റക്കുറച്ചിലുകളോടെ അനുഭവിക്കുന്നുണ്ട്. ഇതിന് പ്രധാന കാരണം ആഗോളവിപണിയിലെ പ്രധാന ചരക്കായ ഇന്ധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൈമാറ്റം ചെയ്യപ്പെടുന്നത് ഡോളര്‍ അടിസ്ഥാനമാക്കിയാണ് എന്നതാകുന്നു. പെട്രോള്‍ ബാരലിന് ഇത്ര ഡോളര്‍ എന്നാണ് പറയാറ് പോലും. ഇത്തരം സാഹചര്യം കൂടി കണക്കിലെടുത്താണ് ഓരോ രാജ്യത്തെയും കേന്ദ്ര ബാങ്കുകള്‍ ഡോളര്‍ കരുതല്‍ ധനമായി സൂക്ഷിക്കുന്നത്. എന്നാല്‍ കുറച്ചുകാലമായി ഡോളറിന്റെ ഈ മേധാവിത്വത്തിന് കടിഞ്ഞാണിടാനായി രാജ്യങ്ങളുടെ ഒരു കൂട്ടായ്മ ഉയര്‍ന്നുവന്നിട്ടുണ്ട്. അതായത് ഡീ ഡോളറൈസേഷന് എന്നാല്‍ കരുതല്‍ധനമായി ആഗോളതലത്തില്‍ ഡോളര്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക. ഒപ്പം ബദല്‍ കറന്‍സി കൊണ്ടുവരിക എന്ന ആശയമാണ്.
Read More: കേരളത്തിൽ ‘ചുപ്പക്കാബ്ര’ ഉണ്ടോ? അവ രാത്രിയിൽ വളർത്തുമൃഗങ്ങളുടെ കഴുത്തിൽ പല്ലിറക്കി ചോര കുടിക്കാറുണ്ടോ?എന്താണ് ബ്രിക്സ് കറൻസി?
യൂറോ മാതൃകയിൽ ബ്രിക്സ് രാജ്യങ്ങൾ ഒരു ഏകീകൃത കറൻസി കൊണ്ടുവരിക എന്ന് ബ്രസീൽ, റഷ്യ, ചൈന, എന്നീ രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്. ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ അതിവേഗം വളരുന്ന സാമ്പത്തികവ്യവസ്ഥകൾ ഒത്തുചേർന്ന് ഒരു കറൻസി രൂപീകരിച്ചാൽ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. അതെസമയം ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയിൽ പൊതു കറൻസി ഒരു അജണ്ടയായി ഉൾപ്പെടുത്തിയിട്ടില്ല. എല്ലാ രാജ്യങ്ങളുടെയും സമവായം വരാത്തതാണ് കാരണം.
എന്തിന്റെ പിന്തുണയിലാണ് പുതിയ കറൻസി?
സ്വർണ്ണം തന്നെയായിരിക്കും ബ്രിക്സ് കറൻസിക്കും പിന്തുണ നൽകുന്ന നിക്ഷേപം.
ഇന്ത്യയുടെ നിലപാട് എന്താണ്?
ബ്രിക്സ് രാഷ്ട്രങ്ങൾ പൊതു കറൻസി രൂപപ്പെടുത്തുന്നതിനോട് ഇന്ത്യക്ക് താൽപ്പര്യമില്ല. ആദ്യം ഈ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ശരിയായ രീതിയിൽ ശക്തിപ്പെടുത്തണമെന്ന് ഇന്ത്യ കരുതുന്നു. അതിനു ശേഷമേ ഏകീകൃത കറൻസിക്ക് പ്രാധാന്യമുള്ളൂ. ഇന്ത്യക്ക് യുഎസ്സുമായും യൂറോപ്യൻ രാജ്യങ്ങളുമായും മികച്ച ബന്ധമാണ് നിലവിലുള്ളത്. ഇന്ത്യയുടെ പ്രതിരോധ വ്യവസ്ഥയുടെ നിലനിൽപ്പും ഈ രാജ്യങ്ങളുമായുള്ള പ്രതിരോധവ്യാപാര ബന്ധങ്ങളെ ആശ്രയിച്ചുള്ളതാണ്. എടുത്തുചാടി ഒരു നിലപാട് ബ്രിക്സ് കറൻസിയുടെ കാര്യത്തിലെടുക്കാൻ ഇന്ത്യക്കാകില്ല.
എന്താണ് മറ്റ് രാജ്യങ്ങളുടെ നിലപാട്?
ചൈന, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളെ സംബന്ധിച്ച് അമേരിക്കയുടെ കറൻസിയെ വെല്ലുവിളിക്കുകയെന്നത് അവരുടെ രാഷ്ട്രങ്ങളിൽ ഭരിക്കുന്ന കക്ഷികൾക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന കാര്യംകൂടിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സാഹചര്യം നിലവിലില്ല. ദക്ഷിണാഫ്രിക്കയും ഇത് നിലവിലൊരു ചർച്ചാവിഷയമാക്കാൻ താൽപ്പര്യപ്പെടുന്നില്ല. അതെസമയം ഇതിൽ നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല. ചൈനയും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇത്തരം നീക്കങ്ങളെ സങ്കീർണ്ണമാക്കുമെന്നതിൽ സംശയമില്ല. ചൈനീസ് അധിനിവേശം എല്ലാത്തരത്തിലും വ്യാപിപ്പിക്കാൻ അവരെ സഹായിക്കുന്ന ഘടകമായി ഏകീകൃത കറൻസി മാറിയേക്കുമെന്ന ഭീതിയും നിലവിലുണ്ട്. പൊതുവിൽ ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങൾക്ക് ബ്രിക്സ് കറൻസി എന്ന ആശയത്തോട് താൽപ്പര്യക്കുറവില്ല. ബ്രസീലും ദക്ഷിണാഫ്രിക്കയും ബ്രിക്സ് കറൻസിയുടെ കാര്യത്തിൽ അൽപ്പം സംശയിക്കുന്നുണ്ടെന്നും പറയാം. ചൈന ബ്രിക്സിനെ യുഎസ് ഡോളറിനെതിരായ നീക്കങ്ങളുടെ ചവിട്ടുപടിയായി ഉപയോഗിക്കുകയും, ലോകനേതൃത്വം ഏറ്റെടുക്കുകയെന്ന അവരുടെ താല്‍പ്പര്യത്തെ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുമെന്നതാണ് പൊതുവെയുള്ള ഭീതി.
എന്താണിതിൽ റഷ്യയുടെ ഇടപെടൽ?
ഡോളറിനോടുള്ള ആശ്രിതത്വം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ച് പ്രവർത്തിക്കുന്ന രാജ്യങ്ങളിലൊന്ന്, ഡോളറിന്റെ മാതൃരാജ്യമായ അമേരിക്കയോട് എതിര്‍ത്തു നില്ക്കുന്ന റഷ്യയാണ്. കഴിഞ്ഞ മാസം ഡല്‍ഹി സന്ദര്‍ശിച്ച റഷ്യയുടെ സ്റ്റേറ്റ് ആയ ഡുമയുടെ ഡെപ്യൂട്ടി ചെയര്മാന് അലക്സാണ്ടര്‍ ബാബക്കോവ് റഷ്യ പുതിയ കറന്‍സിയുടെ പിറവിക്കായി നേതൃത്വം നല്കുന്നു എന്ന് പ്രസ്താവിക്കുകയുണ്ടായി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാജ്യങ്ങള്‍ അന്താരാഷ്ട്രവ്യാപാരത്തിനായി പുതിയ കറന്‍സി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുടെ പിന്തുണയുമെത്തി. “എല്ലാ രാത്രിയും ഞാന്‍ സ്വയം ചോദിക്കുന്ന ഒരു ചോദ്യം, എന്തുകൊണ്ടാണ് എല്ലാ രാജ്യങ്ങളും ഡോളറിനെ അടിസ്ഥാനമാക്കി വ്യാപാരം നടത്തേണ്ടി വരുന്നത് എന്നതാണ്,” അദ്ദേഹം പറഞ്ഞു. ഇതോടെ ഡോളറിന്റെ സ്ഥാനം ‘ബ്രിക്സ് കറന്‍സി’ ഇല്ലാതാക്കുമോ എന്ന ചര്‍ച്ച അന്താരാഷ്ട്ര തലത്തില്‍ സജീവമായി.
ഡോളറിനെ കീഴ്പ്പെടുത്താനാകുമോ?
ചര്‍ച്ചകള്‍ക്ക് പിന്നാലെ പല സാമ്പത്തിക വിദഗ്ധരും ചൂണ്ടികാട്ടിയ വസ്തുതകളിലൊന്ന് ഡോളറിന്റെ അപ്രമാദിത്വം അവസാനിപ്പിക്കുമെന്നത് 1960കള്‍ മുതല്‍ കേള്‍ക്കുന്നതാണ് എന്നതാണ്. ചര്‍ച്ച മാത്രമേ നടന്നിട്ടുള്ളു. ഇതുവരെ ഫലം കണ്ടില്ലെന്നും അവര്‍ പറയുന്നു. കണക്കുകള്‍ പ്രകാരം അന്താരാഷ്ട്ര വ്യാപാരത്തിന്റെ 84.3 ശതമാനവും ഡോളര്‍ ഉപയോഗിച്ചാണ് നടക്കുന്നത്. ഡോളര്‍ ഉപേക്ഷിക്കാന്‍ എത്ര ബ്രിക്സ് രാജ്യങ്ങള്‍ തയ്യാറാവുമെന്നും ഇതുവരെ വ്യക്തമായിട്ടില്ല. എത്രമാത്രം സഹകരിക്കുന്നുവെന്നത് പോലെയുള്ള പ്രായോഗിക ചോദ്യങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ വ്യക്തയില്ല. അതേസമയം ബ്രിക്സ് രാജ്യങ്ങളുടെ പൊതു കറന്‍സിയായി പോലും ഒരു കറന്‍സി പ്രയോഗത്തില്‍ വന്നാല്‍ ഡോളറിന് ഒരു തിരിച്ചടിയാവുമെന്ന കാര്യത്തില്‍ സംശയമേ ഇല്ല. എന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതിയ്ക്ക് തയ്യാറാത്ത റഷ്യ പോലുള്ള രാജ്യങ്ങള്‍ ഡോളര്‍ കരുതല്‍ ശേഖരമായി ഉപയോഗിക്കുന്ന രാജ്യങ്ങളുമായി സഹകരിക്കേണ്ടി വരാം. മറിച്ച് സംഭവിക്കണമെങ്കില്‍ റഷ്യയും ചൈനയും പോലുള്ള രാജ്യങ്ങളും ഒറ്റ ചേരിയില്‍ അണിനിരക്കണം. അങ്ങനെയെങ്കില്‍ ബ്രിക് കറന്‍സി സിംഹാസനത്തിലേറുമെന്നും വിദഗ്ധര്‍ പറയുന്നു.
ചൈനയും റഷ്യയും ഒരേ ചേരിയിലെത്തിയാല്‍ നിരവധി ഗുണങ്ങളുണ്ട്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഘടകമായി ഇരുരാജ്യങ്ങളുടെയും കൂട്ടായ്മയ്ക്ക് മാറാന്‍ സാധിക്കും. ഒപ്പം ബ്രിക്സ് രാജ്യങ്ങളും എത്തിയാല്‍ ജനാധിപത്യ സ്വഭാവത്തില്‍ ഉപയോഗിക്കുന്ന കറന്‍സിയായി ഇത് രൂപാന്തരപ്പെടാനും സാധ്യതകളേറെയാണ്.
കളമറിഞ്ഞ് കളിക്കുന്ന ഇന്ത്യ
ബ്രിക്സ് രാജ്യങ്ങള്‍ ഒരു പൊതു കറന്‍സി വികസിപ്പിക്കാനുള്ള സാധ്യതയെ തള്ളിയാണ് ഇന്ത്യ വിഷയത്തോട് പ്രതികരിച്ചിരിക്കുന്നത്. ഇതിനർത്ഥം ഡോളറിന്റെ മേധാവിത്വത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു എന്നല്ല. ബ്രിക്സ് കറന്‍സി വേണ്ടായെന്നും, പകരം ഓരോ രാജ്യവും അതത് രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ സ്വയം ശ്രമിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. ആഗോളതലത്തില്‍ ഇന്ത്യന്‍ രൂപയിലുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ആര്‍ബിഐ അടക്കം നടത്തിവരികയാണ്. കഴിഞ്ഞദിവസം യുഎഇയുമായുള്ള വ്യാപാരം രൂപയിലേക്ക് മാറ്റുന്നതിന് നടത്തിയ നീക്കമാണ് അതില്‍ ഒടുവിലത്തേത്. കൂടാതെ യുകെ, സിംഗപ്പൂര്‍ തുടങ്ങി ഇരുപതിലധികം രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയും നടത്തുന്നു. രണ്ട് കളത്തിലും ഇന്ത്യയുണ്ട്. യുഎസിനെ ഈ വിഷയത്തിന്റേ പേരില്‍ പിണക്കാനും ഇല്ല, എന്നലൊട്ട് ഡോളറിനെ തുണയ്ക്കുകയുമില്ല.