നിലവിലെ വന്ദേ ഭാരത് പൂർണമായും റിസർവ്ഡ് ട്രെയിനാണെങ്കിൽ അൺറിസർവ്ഡ് യാത്രക്കാരെ പരിഗണിച്ചായിരിക്കും വന്ദേ ഭാരത് ട്രാക്കിലെത്തുക. മെട്രോ കോച്ചുകൾക്ക് സമാനമായി, സീറ്റുകൾക്കു പുറമെ നിന്നുകൊണ്ട് യാത്രചെയ്യാനുള്ള സ്ഥലവും കോച്ചുകൾക്കുള്ളിൽ ഉണ്ടാകും. ഓരോ കോച്ചിലും 100 സീറ്റുകളും 200 യാത്രക്കാർക്ക് നിൽക്കാനുള്ള സ്ഥലവുമാണ് ഉണ്ടാകുകയെന്ന് ഐസിഎഫ് ജനറൽ മാനേജർ ബിജി മല്യ പറയുന്നു. പൂർണമായും ശീതീകരിച്ച കോച്ചുകളായിരിക്കും വന്ദേ മെട്രോയുടെ പ്രത്യേകത. കോച്ചുകൾക്ക് അടിയിൽ ഘടിപ്പിച്ച ട്രാക്ഷൻ മോട്ടറുകളുടെ സഹായത്തോടെ വന്ദേ മെട്രോയ്ക്ക് 130 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും.
മെട്രോ ട്രെയിനുകളെപ്പോലെ ഓട്ടോമാറ്റിക് വാതിലുകളും ഉണ്ടാകും. യാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടി എമർജൻസി ടോക്ക് ബാക്ക് സംവിധാനം, സിസിടിവി ക്യാമറകൾ തുടങ്ങിയവയുണ്ടാകും. വന്ദേ ഭാരത് പോലെ തന്നെ സെമി പെർമനൻ്റ് കപ്ലറുകളും സീൽഡ് ഗ്യാങ് വേകളും ഉപയോഗിച്ചാണ് കോച്ചുകൾ തമ്മിൽ ബന്ധിപ്പിക്കുക. ഇതിനാൽ എട്ട് കോച്ചുകളുള്ള ട്രെയിനിനുള്ളിലൂടെ യാത്രക്കാർക്ക് യഥേഷ്ടം ഏതു കോച്ചിലേക്കും സുരക്ഷിതമായി സഞ്ചരിക്കാനാകും. വന്ദേ ഭാരത് ട്രെയിനുകളെപ്പോലെ കോച്ചുകൾക്കുള്ളിലെ ചില്ലുവാതിൽ ഉണ്ടാകുമോ എന്ന് ഉറപ്പില്ല. ഹ്രസ്വദൂര യാത്രക്കാരെ ലക്ഷ്യമിടുന്ന ട്രെയിനുകൾക്കുള്ളിൽ ഇതിനുതകുന്ന സീറ്റുകളാകും ഉണ്ടാകുക. വന്ദേ ഭാരത് മാതൃകയിലുള്ള, വൃത്തിയുള്ള ശുചിമുറികളും യാത്രക്കാർക്കായി അറിയിപ്പുകൾ നൽകാനുള്ള എൽഇഡി ബോർഡുകളും സ്പീക്കറുകളുമുണ്ടാകും.
ട്രെയിനിൻ്റെ രൂപം എങ്ങനെയായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും വന്ദേ ഭാരതുമായി പുതിയ ട്രെയിൻ ഒട്ടേറെ സാങ്കേതികഘടകങ്ങൾ പങ്കിടുമെന്ന് ഉറപ്പാണ്. എന്നാൽ രൂപത്തിൽ നിലവിലെ മെട്രോ ട്രെയിനുകളുമായി സാമ്യതയുണ്ടായേക്കാം. നിലവിലെ മെമു ട്രെയിനുകളെ അപേക്ഷിച്ച് പെട്ടെന്ന് വേഗമാർജിക്കാനും നിർത്താനും വന്ദേ മെട്രോയ്ക്ക് കഴിയും. മെട്രോ ട്രെയിനുകളിലേതുപോലെ ഇരുവശത്തേക്കും തുറക്കുന്ന വാതിലുകളാകും കോച്ചുകളിൽ ഉണ്ടാകുക. വൻനഗരങ്ങളിലേക്ക് ദിവസേന എത്തുന്ന യാത്രക്കാർക്കുവേണ്ടി 200 കിലോമീറ്ററോളം വരുന്ന റൂട്ടുകളിലായിരിക്കും ഇത്തരം ട്രെയിനുകൾ ഓടുക.
ഇതിനിടെ, വന്ദേ ഭാരതിൻ്റെ സ്ലീപ്പർ പതിപ്പ് പുറത്തിറക്കാനുള്ള നടപടികളുമായും ചെന്നൈ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി മുന്നോട്ടുപോകുകയാണ്. അടുത്ത വർഷം മാർച്ചോടു കൂടി ആദ്യ ട്രെയിൻ തയ്യാറാകുമെന്നാണ് പ്രതീക്ഷ. 11 എസി ത്രീ ടയർ കോച്ചുകൾ, നാല് എസി ടു ടയർ കോച്ചുകൾ, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിവയാണ് ട്രെയിനിൽ ഉണ്ടാകുക. 600 കിലോമീറ്ററിലധികം ദൂരം വരുന്ന റൂട്ടുകളിലായിരിക്കും പുതിയ ട്രെയിൻ വിന്യസിക്കുക. യാത്രക്കാർക്ക് എളുപ്പത്തിൽ ഭക്ഷണം ലഭ്യമാക്കാനായി ഓരോ കോച്ച് ഇടവിട്ട് പാൻട്രി ഉണ്ടാകും. ട്രെയിനിൻ്റെ രൂപകൽപന പുരോഗമിക്കുകയാണെന്നും വൈകാതെ ആദ്യ ട്രെയിൻ പുറത്തിറങ്ങുമെന്നും ബി ജി മല്യ വ്യക്തമാക്കി.