നമ്മ മെട്രോ സ്മാർട്ട് കാർഡ് വില്‍പ്പന നിയന്ത്രിക്കുന്നു; നീക്കം നാഷണൽ കോമൺ മൊബിലിറ്റി കാർഡുകളെ പ്രോത്സാഹിപ്പിക്കാൻ
Authored by പ്രണവ് മേലേതിൽ | Samayam Malayalam | Updated: 23 Aug 2023, 7:20 pm
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ്. നിലവിലെ സ്മാർട്ട് കാർഡ് സംവിധാനം പതിയെ നിർത്തലാക്കാനാണ് തീരുമാനം.
ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഉപയോഗിച്ചുതന്നെ മെട്രോ പ്രവേശനവും, ടോൾ ഡ്യൂട്ടി അടവുമടക്കമുള്ള നിരവധി സേവനങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് നാഷണൽ കോമൺ മൊബിലിറ്റി കാർഡ്. ഡെബിറ്റ്/ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന, പണം പിൻവലിക്കൽ അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും ഈയൊരു കാർഡുകൊണ്ട് നടത്താനാകും. നിരവധി കാർഡുകൾ കൊണ്ടുനടക്കുന്നതിന്റെ ബുദ്ധിമുട്ട് യാത്രക്കാർക്ക് ഒഴിവായിക്കിട്ടുകയും ചെയ്യും.
ഈ കാർഡുകൾ മിക്ക യാത്രക്കാരുടെയും പക്കലെത്തിക്കാനാണ് നമ്മ മെട്രോ ഇപ്പോൾ ശ്രമിക്കുന്നത്. പതിയെ നിലവിലെ സ്മാർട്ട് കാർഡ് സംവിധാനം നിർത്തലാക്കുകയും ചെയ്യും.
രാജ്യത്തെ എല്ലാ ഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന ഒന്നായി മാറും നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ. ഷോപ്പിങ്ങിനും ചില്ലറ വിൽപ്പനശാലകളിലുമെല്ലാം ഈ കാർഡ് ഉപയോഗിക്കാനാകും. കറൻസി ഉപയോഗം കുറയ്ക്കാനായി നന്ദൻ നിലേകനി സമിതി നിർദ്ദേശിച്ച മാറ്റങ്ങളിലൊന്നാണ് നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ അവതരിപ്പിക്കുകയെന്നത്.
ഈ കാർഡ് ഇതുവരെ കൊച്ചി മെട്രോയിൽ നടപ്പായിട്ടില്ല. പകരം കൊച്ചി 1 കാർഡ് എന്ന സംവിധാനമാണ് നിലവിലുള്ളത്. ആക്സിസ് ബാങ്കുമായി ചേർന്നാണ് ഈ കാർഡ് പ്രവർത്തിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക