Also Read : ചന്ദ്രയാൻ 3ന്റെ വിജയത്തിന് ശേഷം ‘എക്സിൽ’ ട്രെന്റായി ‘അറസ്റ്റ് പ്രകാശ് രാജ്’
ജപ്പാൻ്റെ ബഹിരാകാശ ഏജൻസിയായ ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി അഥവാ ജാക്സയുമായി ചേർന്നാണ് ചന്ദ്രയാൻ – 4 ദൗത്യം നടപ്പാക്കുക. ലൂണാർ പോളാർ എക്സ്പ്ലൊറേഷൻ മിഷൻ (ലൂപ്പെക്സ്) എന്ന പേരും ഇതിനുണ്ട്. ജലത്തിൻ്റെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ തന്നെയായിരിക്കും ഈ ദൗത്യവും ശ്രദ്ധ കേന്ദ്രീകരിക്കുക. എത്രമാത്രം ജലം ചന്ദ്രോപരിതലത്തിൽ ലഭ്യമാണെന്നും ലഭ്യമായ ജലം ഉപയോഗിക്കാൻ സാധിക്കുമോയെന്നും പരിശോധിക്കുകയാണ് ദൗത്യത്തിൻ്റെ ലക്ഷ്യം.
She travel: പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച ആദ്യ വിമാനയാത്ര വിശേഷവുമായി കായംകുളത്തെ കുടുംബശ്രീ പ്രവർത്തകർ
ചന്ദ്രൻ്റെ ധ്രുവമേഖലകളിൽ ഖരരൂപത്തിൽ വെള്ളമുണ്ടെന്നാണ് നിരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളതെങ്കിലും ജീവൻ നിലനിർത്താൻ ഇത് സാധിക്കുമോയെന്ന് ഇനിയും ഉറപ്പായിട്ടില്ല. ഭാവിയിലെ ചാന്ദ്രദൗത്യങ്ങളിൽ ഇക്കാര്യം നിർണായകമാണ്. മനുഷ്യരെ ദീർഘകാലം ചന്ദ്രനിൽ താമസിപ്പിക്കാനുള്ള പദ്ധതികൾക്ക് നാസ അടക്കമുളള ഏജൻസികൾ തയ്യാറെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജലസാന്നിധ്യം സംബന്ധിച്ച സ്ഥിരീകരണവും വിശദീകരണങ്ങളും നിർണായകമാണ്.
ചന്ദ്രനിലെ ജലം ഏതെങ്കിലും തരത്തിൽ മനുഷ്യർക്ക് ഉപയോഗിക്കാൻ കഴിഞ്ഞാൽ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വെള്ളം ഭൂമിയിൽനിന്ന് കൊണ്ടുപോകേണ്ടി വരില്ല. പരിമിതമായ ജലം മാത്രമാണ് ലഭിക്കുകയെങ്കിൽ അതനുസരിച്ച് കുടിവെള്ളം ദൗത്യത്തിനായി ഭൂമിയിൽനിന്നു കൊണ്ടുപോകേണ്ടി വരും. വിക്ഷേപണവാഹനത്തിൽ സംഭരിക്കേണ്ട വസ്തുക്കളുടെ ഭാരം കൂടുന്നത് ദൗത്യം കൂടുതൽ ദുഷ്കരമാക്കും. അതിനാൽ ചന്ദ്രനിൽ നിന്നുതന്നെ പരമാവധി വെള്ളം കണ്ടെത്തുകയാണ് പ്രധാനം. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ലൂപ്പെക്സ് അഥവാ ചന്ദ്രയാൻ നാലിനു കഴിയുമെന്നാണ് പ്രതീക്ഷ.
Also Read : ഇസ്രോ മേധാവിയെ ഫോണിൽ വിളിച്ച് മോദി; ഇത് ചരിത്രമുഹൂർത്തമെന്ന് പ്രധാനമന്ത്രി
ചന്ദ്രയാൻ മൂന്ന് പേടകത്തിന് 14 ദിവസം മാത്രമാണ് ആയുസ്സുള്ളത്. എന്നാൽ ഭാവിയിലെ ദൗത്യത്തിന് കൂടുതൽ ദൈർഘ്യമുണ്ടാകും. അതുകൊണ്ടുതന്നെ, ശേഷിയേറിയ ബാറ്ററികളും കനംകുറഞ്ഞ സോളാർ പാനലുകളും വേണ്ടിവരും. 14 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചന്ദ്രനിലെ രാത്രിയിലും പ്രവർത്തിക്കാൻ പേടകത്തിന് ഊർജം സംഭരിച്ചുവെക്കണം. കൂടാതെ ജലത്തിൻ്റെയും ചന്ദ്രനിലെ മണ്ണിൻ്റെയും സാംപിളുകൾ ശേഖരിക്കേണ്ടതുണ്ട്. ഇതിനായി ചന്ദ്രോപരിതലം കുഴിക്കാനുള്ള ഉപാധികളും പരിശോധിക്കാനുള്ള സാങ്കേതികഭാഗങ്ങളും റോവറിലുണ്ടാകും. ചന്ദ്രനു പുറമെ ചൊവ്വ ഉൾപ്പെടെയുള്ള ഗോളങ്ങളിലേക്കുള്ള ഗവേഷണപദ്ധതികൾക്കും ഇത് ഉപകാരപ്പെടും. 2026ഓടു കൂടി വിക്ഷേപണം സാധ്യമാക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്.
Read Latest National News and Malayalam News