അനുദിനം യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് മെട്രോകളിൽ. ദക്ഷിണേന്ത്യയിലെ മെട്രോ ട്രെയിനുകളുടെ കാര്യം മാത്രമെടുത്ത് പരിശോധിച്ചാൽ ഇത് വ്യക്തമാകും.
ചെന്നൈ മെട്രോ റെയിലിൽ കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണം 25 ശതമാനം വർദ്ധിക്കുകയുണ്ടായി. ഈ വർഷത്തിന്റെ ആദ്യമാസത്തിൽ 2.13 ലക്ഷം പേരായിരുന്നു മെട്രോയിലെ യാത്രക്കാർ. 2023 ജൂലൈ മാസമെത്തിയപ്പോൾ മെട്രോ യാത്രക്കാരുടെ എണ്ണം 2.66 ലക്ഷമായി ഉയർന്നു. ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനിലൂടെ 23,473 യാത്രക്കാരാണ് ദിവസവും കടന്നുപോകുന്നത്.
ഒരു ടൈയർ 2 നഗരമായ കൊച്ചിയിലെ മെട്രോയുടെ വളരുക തന്നെയാണ്. ആലുവ മുതൽ എസ്എൻ ജങ്ഷൻ വരെയുള്ള നിലവിലെ 25.2 കിലോമീറ്റർ സ്ട്രെച്ചിൽ ഇപ്പോൾ യാത്രക്കാരുടെ എണ്ണം മുന്നിരട്ടിയിലധികമായി ഉയർന്നിട്ടുണ്ട്. 25,000 യാത്രക്കാരാണ് ആറുവർഷം മുമ്പ് ഈ സർവീസ് തുടങ്ങുമ്പോൾ ഉണ്ടായിരുന്നത്. ഇത് 80,000 ആയി ഉയർന്നുകഴിഞ്ഞു ഇപ്പോൾ. തൃപ്പൂണിത്തുറയിലേക്ക് സർവീസ് നീട്ടുന്നതിന്റെ പ്രവർത്തനങ്ങൾ നടക്കുകയാണ്. തൃപ്പൂണിത്തുറയോട് കണക്ട് ചെയ്യപ്പെട്ടാൽ യാത്രക്കാർ വലിയതോതിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനു പിന്നാലെ രണ്ടാമത്തെ ഘട്ടത്തിൽ ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് ഇൻഫോപാർക്ക് വരെ പോകും. ഇതിനുപിന്നാലെ ആലുവയിൽ നിന്ന് എയർപോർട്ട് വരെ കണക്ട് ചെയ്യുന്ന മറ്റൊരു ലൈൻ കൂടി ആലോചിക്കുന്നുണ്ട്. ഇതാണ് മൂന്നാംഘട്ടം. ഇവയെല്ലാം പൂർത്തിയാകുന്നതോടെ നഗരത്തിലെ വലിയൊരുവിഭാഗം ഈ ഗതാഗതമാർഗ്ഗത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബെംഗളൂരുവിലെ നമ്മ മെട്രോയിൽ നിന്ന് വരുന്ന വാർത്തകളും പ്രതീക്ഷാനിർഭരമാണ്. പ്രതിദിന മെട്രോ യാത്രക്കാരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞുവെന്നതാണ് പുതിയ വാർത്ത. ജനുവരി മാസത്തിൽ 5.32 ലക്ഷത്തിൽ നിന്നിരുന്ന യാത്രക്കാരുടെ എണ്ണം ജൂലൈ മാസമെത്തിയപ്പോൾ 6.1 ലക്ഷത്തിലേക്ക് വളർന്നു. ജൂലായിലെ മിക്ക ദിവസങ്ങളിലും ഇത്രയും യാത്രക്കാരുണ്ടായി എന്നതാണ് പ്രത്യേകത. കൂടുതൽ സ്ട്രെച്ചുകൾ ചേർത്തുകൊണ്ടിരിക്കുകയാണ് ബെംഗളൂരു മെട്രോ ഇപ്പോൾ.
ഹൈദരാബാദ് മെട്രോയും വൻ ഹിറ്റാണ്. ദിവസവും 5 ലക്ഷം യാത്രക്കാർ ഹൈദരാബാദ് മെട്രോ സർവ്വീസ് ഉപയോഗിക്കുന്നുണ്ട്. ഇത് വരുംനാളുകളിൽ കൂടുമെന്നാണ് പ്രതീക്ഷ. ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ പറയുന്നതു പ്രകാരം യാത്രക്കാരുടെ എണ്ണം ദിനംപ്രതിയെന്നോണം കൂടുകയാണ്.
നഗരങ്ങളിലെ സഞ്ചാരരീതികളെല്ലാം മാറുകയാണ്. ഭാവിയിൽ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ ജനങ്ങൾ എത്തിച്ചേരുമെന്നു തന്നെയാണ് നിലവിലെ ട്രെൻഡുകൾ നൽകുന്ന സൂചന. കൊച്ചി മെട്രോ യാത്രക്കാരുടെ കാര്യത്തിൽ ഇനിയും അതിന്റെ ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്നു പറയാമെങ്കിലും അതിന് അധികനാളുകൾ കാത്തിരിക്കേണ്ടി വരില്ലെന്നുറപ്പാണ്. ഇതുതന്നെയാണ് രാജ്യത്തെ മറ്റ് മെട്രോകളുടെയും കാര്യം.