ജേവാറില്‍ വരാനിരിക്കുന്ന എയർപോർട്ടിൽ (Noida International Airport) നിന്ന് വെറും ആറുകിലോമീറ്റർ അകലെയാണ് ഈ ഫിലിംസിറ്റിക്ക് സ്ഥലം കണ്ടിരിക്കുന്നത്. ആയിരം ഏക്കറിൽ വൻ സന്നാഹങ്ങളോടെയാണ് ഫിലിംസിറ്റി ഒരുക്കുക. നേരത്തെ പുറത്തിറക്കിയ ടെൻഡറിലെ പാളിച്ചകൾ തിരുത്തിയാണ് പുതിയ ടെൻഡറിറക്കാൻ തയ്യാറെടുത്തിരിക്കുന്നത്. ആയിരം ഏക്കറിൽ ഒരുമിച്ച് നിക്ഷേപം നടത്താനാണ് ആദ്യ ടെൻഡറുകൾ ലക്ഷ്യം വെച്ചത്. അത് പരാജയപ്പെട്ടതോടെ ഭൂമി നാല് ഭാഗങ്ങളായി തിരിച്ച് ഓരോ ഘട്ടങ്ങളായി നിക്ഷേപം നടത്തിക്കാൻ ശ്രമിക്കും.
പുതിയ ടെൻഡർ വ്യവസ്ഥകളും മറ്റും സംസ്ഥാന കാബിനറ്റിൽ ചർച്ച ചെയ്യും. അന്തിമാനുമതി ലഭിച്ചാൽ അതോരിറ്റി ടെൻഡർ ഇഷ്യൂ ചെയ്യും. അടുത്തമാസം തന്നെ ടെൻഡര്‍ ഇറക്കാനാകുമെന്ന പ്രതീക്ഷ യമുന എക്സ്പ്രസ്വേ അതോരിറ്റി സിഇഒ അരുൺ വീർ സിങ് പങ്കുവെച്ചു.
ബോയ്ക്കോട്ട് രാഷ്ട്രീയം തിരിച്ചടിക്കുമ്പോൾ
നേരത്തെ ഭൂമിയുടെ ലീസ് പിരീഡ് 60 വർഷമായാണ് നിശ്ചയിച്ചിരുന്നത്. ഇത് 90 വർഷമായി പുതുക്കിയിട്ടുണ്ട്. കൂടാതെ, ഒരു ഹെക്ടറിൽ താഴെ വരുന്ന ഭൂമി സബ് ലൈസൻസിങ് ചെയ്യുന്നത് വിലക്കുന്ന ഉപാധിയും പുതുക്കിയ ടെൻഡറിലുണ്ട്. യമുന എക്സ്പ്രസ്വേ അതോരിറ്റി സിഇഒ അരുൺ വീർ സിങ് പറയുന്നതു പ്രകാരം, ആയിരം ഏക്കറിൽ ഒരുമിച്ച് നിക്ഷേപം നടത്താൻ ആളെക്കിട്ടാത്തതാണ് ഒരു കാരണം. മറ്റൊന്ന് സിനിമാ നിർമ്മാണങ്ങൾ അത്ര എളുപ്പത്തിൽ ഒരിടത്തേക്ക് കൊണ്ടുവരിക സാധ്യമല്ല. അത് സമയമെടുത്ത് നടക്കേണ്ട ഒരു പ്രക്രിയയാണ്. സിനിമാ നിര്‍മ്മാണത്തിന് ആവശ്യമായ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യം യുപിയിൽ സൃഷ്ടിക്കപ്പെട്ടാൽ മാത്രമേ ഫിലിം സിറ്റി എന്ന ആശയം വിജയിക്കൂ എന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
ഹിന്ദി സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് യോഗിയുടെ ക്ഷണത്തിന് തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനു കാരണം വലിയൊരു പരിധി വരെ യുപിയിലെ രാഷ്ട്രീയ കാലാവസ്ഥയാണ് കാരണം. ഇതിനകം തന്നെ ഹിന്ദി സിനിമ ബോയ്ക്കോട്ട് രാഷ്ട്രീയം അടക്കമുള്ള നശീകരണ പ്രവർത്തനങ്ങളുടെ തിക്തഫലം അനുഭവിച്ചു കഴിഞ്ഞു. സെൻസറിങ് കൂടുതൽ കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. യുപിയിൽ വെച്ച് സിനിമാനിർമ്മാണം നടത്തുകയെന്നത് മിക്കവർക്കും അചിന്ത്യമാണ്.
ആദ്യഘട്ടത്തിൽ 230 ഏക്കറിലെ പ്രവൃത്തികൾക്കാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ഈ 230 ഏക്കറിൽ 155 ഏക്കറിൽ ഫിലിം സിറ്റിക്കാവശ്യമായ സജ്ജീകരണങ്ങൾ വരും. ബാക്കി 75 ഏക്കറിൽ വാണിജ്യപരമായ സൗകര്യങ്ങളാണ് ഒരുക്കുക. ഇവിടെ ഷോപ്പിങ് കോംപ്ലക്സുകൾ, മാളുകൾ, സർവ്വീസ് അപ്പാർട്ടുമെന്റുകൾ, വില്ലകൾ തുടങ്ങിയവ നിലവിൽ വരും. ഭാവിയിൽ വലിയൊരു ടൂറിസ്റ്റ് കേന്ദ്രമാക്കി വളർത്താനാണ് ഉത്തർപ്രദേശ് സർക്കാരിന്റെ പദ്ധതി. ഫിലിം സിറ്റിയിൽ സ്വാഭാവികമായും ഉണ്ടാകുന്ന വമ്പൻ സ്റ്റുഡിയോകളും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളും റെസ്റ്റോറന്റുകളും അമ്യൂസ്മെന്റ് പാർക്കുകളുമെല്ലാം ഇവിടെയുമുണ്ടാകും.
വിവിധ പ്രൊഡക്ഷന കമ്പനികളുമായും, സിനിമാ നിർമ്മാതാക്കളുമായും മ്യൂസിക് കമ്പനികളുമായുമെല്ലാം യമുന എക്സ്പ്രസ്വേ അതോരിറ്റി ചർച്ച നടത്തുകയും അവരുടെ ഉപദേശനിർദ്ദേശങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. സോണി, ടി സീരീസ്, ഒമാക്സ്, സ്റ്റാർ ടിവി ഗ്രൂപ്പ്, പിവിആർ, എംഎക്സ് പ്ലേയർ, സൂം ടിവി തുടങ്ങിയ കമ്പനികൾ ചർച്ച നടത്തിയവരിലുൾപ്പെടുന്നു.
മുഖ്യമന്ത്രി യോഗിയുടെ സ്വപ്നപദ്ധതി
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേകം താൽപ്പര്യമെടുത്താണ് ഈ പ്രോജക്ട് മുന്നോട്ടു നീക്കുന്നത്. ഈ വർഷം ജനുവരി മാസത്തിൽ പ്രമുഖരായ നടന്മാരുമായും നിർമ്മാതാക്കളുമായും സംവിധായകരുമായുമെല്ലാം അദ്ദേഹം നേരിട്ട് കൂടിക്കാഴ്ച നടത്തുകയുണ്ടായി. സുനിൽ ഷെട്ടി, മനോജ് ജോഷി, ജാക്കി ഷ്രോഫ്, രാഹുൽ മിത്ര തുടങ്ങിയവർ ഈ യോഗത്തിലുണ്ടായിരുന്നു. ഈ യോഗത്തിൽവെച്ച് സുനിൽ ഷെട്ടി സിനിമാ നിർമ്മാണം സംബന്ധിച്ച വളരെ പ്രസക്തമായ ഒരു ആശങ്ക യോഗിയുമായി പങ്കുവെക്കുകയും ചെയ്തു. ബോളിവുഡിലെ ബോയ്ക്കോട്ട് സംസ്കാരം (#BoycottBollywood) സിനിമയെ നശിപ്പിക്കുന്നതു സംബന്ധിച്ച് അദ്ദേഹം യോഗിയെ ധരിപ്പിച്ചു. സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം യോഗത്തിൽ പറയാൻ ധൈര്യം കാട്ടി.
പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോഴും സുനില്‍ ഷെട്ടി ഇക്കാര്യം സംസാരിച്ചു. എല്ലാ മേഖലയിലും മോശക്കാരുണ്ടാകും. അതിനർത്ഥം ആ മേഖലകൾ മോശമാണെന്നല്ല. ഡ്രഗ് ഉപയോഗിക്കുന്നവരുണ്ടാകാം. അതിനർത്ഥം സിനിമാക്കാരെല്ലാം ഡ്രഗ്ഗടിച്ച് നടക്കുകയാണെന്നല്ല: അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച സുധീർ മിശ്രയും യോഗിയുടെ രാഷ്ട്രീയം സിനിമയ്ക്കുണ്ടാക്കിയ തിരിച്ചടി വ്യംഗ്യമായി വിവരിക്കാനാണ് സന്ദർഭം ഉപയോഗിച്ചത്. സിനിമാ മേഖലയെ വില്ലന്മാരുടെ താവളമായി ചിത്രീകരിക്കുന്നതാണ് ഫിലിം സിറ്റി പദ്ധതിയിൽ നിക്ഷേപം നടത്താൻ ആളുകൾ തയ്യാറാകാത്തതെന്നു വരെ അദ്ദേഹം പറഞ്ഞു. “ഇൻഡസ്ട്രിയിലെ 90 ശതമാനം പേരും കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നവരാണ്. വളരെ കഴിവുള്ളവരും സർഗ്ഗാത്മകതയുള്ളവരുമാണ്,” അദ്ദേഹം ചൂണ്ടിക്കാട്ടി.
രജിനിയുടെ കൂടിക്കാഴ്ചയും മാറിയ കാലവും
നടൻ രജിനികാന്തും യോഗിയുമായി നേരിട്ട് ഒരു കൂടിക്കാഴ്ച നടന്നു. രജിനിക്ക് പ്രോജക്ടിൽ താൽപ്പര്യമുണ്ടെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നതാണ്. (ഈയടുത്ത ദിവസങ്ങളിൽ രജിനി യോഗിയെ കണ്ടത് വാർത്തകളിൽ നിറഞ്ഞിരുന്നു. അദ്ദേഹം യോഗിയുടെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങിയത് വിവാദമാകുകയുമുണ്ടായി.)
അതെസമയം ഈ പദ്ധതിയിൽ നിക്ഷേപം നടത്താൻ തയ്യാറായി ഒരാൾ വരികയുണ്ടായി. സിനിമാ നിർമ്മാതാവ് കെസി ബൊകാഡിയ ആയിരുന്നു അത്. ഇദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുഹൃത്താണ്. ഒരു സിനിമാ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുകയാണ് അദ്ദേഹത്തിന്റെ പദ്ധതി. മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഫിലിം സിറ്റി പദ്ധതിയുടെ അപ്രായോഗികത അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ താൻ ശ്രമിച്ചുവെന്ന് ബൊകാഡിയ പറയുകയുണ്ടായി. പണ്ടത്തെപ്പോലെ ആരും ഫിലിം സിറ്റികൾ തിരഞ്ഞ് നടക്കുന്നില്ല. ഒരു സ്മാർട്ട്ഫോണുണ്ടെങ്കിൽ സിനിമ എടുക്കാവുന്ന കാലമാണിത്.
യമുന എക്സ്പ്രസ്വേയുമായി ചേർന്നാണ് ഫിലിംസിറ്റി വരുന്നത്. കൂടാതെ വരാനിരിക്കുന്ന ജേവാർ എയർപോർട്ടിൽ നിന്ന് വെറും 15 മിനിറ്റ് ദൂരമേ ഇങ്ങോട്ടുള്ളൂ. ഫിലിം സിറ്റിയിലേക്കുള്ള ബിസിനസ് മെച്ചപ്പെടുത്തിയാൽ എക്സ്പ്രസ്വേയിലും വിമാനത്താവളത്തിലും തിരക്കേറും. ഇതാണ് യോഗിയുടെ ലക്ഷ്യം.