ട്രെയിൻ വന്നുനിൽക്കുന്ന കെട്ടിടത്തിന്റെ അടിസ്ഥാനജോലികളാണ് പൂർത്തിയായിരിക്കുന്നത്. ഇനി ഡയമണ്ട് തീമിലേക്ക് മാറ്റാൻ പദ്ധതിയിടുന്ന കെട്ടിടത്തെ ആ രീതിയിൽ രൂപകൽപ്പന ചെയ്യുന്ന ജോലികളാണ് നടക്കുക. കൂടാതെ നിരവധിയായ സാങ്കേതികജോലികളും കിടക്കുന്നു. വജ്രത്തിന്റെ ആകൃതിയിലായിരിക്കും ഈ സ്റ്റേഷൻ പുറമെ നിന്നുള്ള കാഴ്ചയിൽ.
നാല് പ്ലാറ്റ്ഫോമുകളാണ് ഈ സ്റ്റേഷനിലുള്ളത്. കൺകോഴ്സിന്റെ താഴത്തെ നിലയിൽ പാർക്കിങ് സൗകര്യം, റെസ്റ്റ്റൂമുകൾ, സെക്യൂരിറ്റി ചെക്കിങ് സംവിധാനങ്ങൾ, കാൽനട സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കും. ബിസിനസ് ലോഞ്ച്, നഴ്സറി, ഷോപ്പുകൾ, ടിക്കറ്റിങ് കൗണ്ടറുകൾ, കസ്റ്റമർ കെയർ സൗകര്യങ്ങൾ തുടങ്ങിയവയും ഉണ്ടാകും.
അതെസമയം ബുള്ളറ്റ് ട്രെയിൻ കോറിഡോറിന്റെ ഇതര ജോലികളും അതിവേഗം പുരോഗമിക്കുകയാണ്. 2026ഓടെ ജോലികൾ പൂർത്തീകരിക്കാനാണ് പദ്ധതിയിടുന്നത്. ജപ്പാനിൽ നിന്ന് 24 ഇ5 സീരീസ് ഷിൻകാൻസെൻ ട്രെയിൻ സെറ്റുകൾ വാങ്ങുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 11,000 കോടി രൂപയാണ് ഇതിന് ചെലവ്. 2027ൽത്തന്നെ ഈ ട്രെയിൻ ഓടിത്തുടങ്ങും. മുംബൈ-അഹ്മദാബാദ് കോറിഡോറിന്റെ ഗുജറാത്തിന്റെ ഭാഗത്താണ് ട്രെയിൻ ആദ്യമായി ഓടുക. ഇതിനായി ഗുജറാത്തിന്റെ ഭാഗത്ത് ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.
ട്രെയിൻസെറ്റുകൾ വാങ്ങാൻ ഇന്ത്യ ജപ്പാനെ മാത്രമാണ് ആശ്രയിക്കുക. ജപ്പാനുമായുള്ള കരാറിന്റെ ഭാഗമാണിത്. ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയുടെ ഫണ്ടിങ്ങോടെയാണ് ഈ അതിവേഗപാതയുടെ പണികൾ നടക്കുന്നത്. ഹിറ്റാച്ചി റെയിൽ, കാവസാക്കി ഹെവി ഇൻഡസ്ട്രീസ് എന്നീ കമ്പനികളാണ് ജപ്പാനിൽ ട്രെയിൻസെറ്റുകൾ നിർമ്മിക്കുന്നത്.
ഒക്ടോബർ അവസാനത്തോടെ ഈ കമ്പനികൾ എത്ര ചെലവിൽ ട്രെയിൻസെറ്റുകൾ ഉണ്ടാക്കിത്തരാനാകും എന്നത് അവതരിപ്പിക്കും. ഓരോ ട്രെയിൻസെറ്റിലും പത്ത് കോച്ചുകളാണുണ്ടാവുക. ഓരോ കോച്ചിലും 690 യാത്രക്കാരെ ഉൾക്കൊള്ളാനാകും.
സെപ്തംബർ 1ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ജാപ്പനീസ് പ്രതിനിധികളുമായി ഒരു കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജപ്പാൻ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവുമായി അശ്വിനി വൈഷ്ണവ് ഈയടുത്തിടെ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. സെപ്തംബറിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പദ്ധതിയുടെ പുരോഗതി ഇരുവിഭാഗങ്ങളും വിലയിരുത്തും.