സബർബൻ റെയിൽ പദ്ധതി നടപ്പാക്കാനായി സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും ചേർന്ന് രൂപീകരിച്ച സംവിധാനമാണ് കെ-റൈഡ്.
ഇപിസി മാതൃകയിലാണ് പ്രവൃത്തികൾ നടത്തേണ്ടത്. പദ്ധതിക്കുള്ള ചെലവ് സർക്കാർ വഹിക്കുകയും, എൻജിനീയറിങ്, നിർമ്മാണ ജോലികളെല്ലാം സ്വകാര്യ പങ്കാളി നിർവ്വഹിക്കുകയും ചെയ്യുന്ന മാതൃകയാണിത്.
കനക ലൈനിൽ ആകെ 46.285 കിലോമീറ്റർ നീളത്തിലാണ് പാത വരുന്നത്. ഇതിൽ 8.96 കിലോമീറ്റർ വയഡക്ടിലാണ്. തറനിരപ്പിലൂടെ 37.92 കിലോമീറ്റർ ദൂരവും. ഈ ദൂരത്തിനിടയിൽ 19 സ്റ്റേഷനുകൾ വരും. രജൻകുണ്ഠെ, മുഡ്ഡനഹള്ളി, യെലഹങ്ക, ജക്കൂർ, ഹെഗ്ഡെ നഗർ, തനിസാന്ദ്ര, ഹെന്നൂർ, ഹൊറമാവ്, ഛന്നസാന്ദ്ര, ബെന്നിഗനഹള്ളി, കാഗദാസ്പുര, ദൊഡ്ഡനെകുണ്ഡി, മാരതഹള്ളി, ബെലന്ദൂർ റോഡ്, കാർമെലാരാം, അംബേദ്കർ നഗർ, ഹുസ്കൂർ, സിംഗേന അഗ്രഹാര, ബൊമ്മസാന്ദ്ര, ഹീലലിഗെ എന്നിവയാണ് സ്റ്റേഷനുകൾ.
ഈ സ്റ്റേഷനുകളുടെ കെട്ടിടങ്ങൾ നിലവിലെ ടെൻഡറിൽ ഉൾപ്പെട്ടിട്ടില്ല. ബാക്കിയെല്ലാ ജോലികളും ടെൻഡറിൽ വരും. റോഡ് വീതികൂട്ടൽ, വശങ്ങളിലെ ഓവുചാലുകൾ, സർവ്വീസ് റോഡുകൾ തുടങ്ങിയവയെല്ലാം.
നാല് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. ഇതിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് എൽ ആൻഡ് ടി ആണ്. പ്രോജക്ടിന്റെ എലിവേറ്റഡ് ഭാഗത്തിനും അറ്റ്-ഗ്രേഡ് ഭാഗത്തിനും പ്രത്യേകമായി തുക ക്വാട്ട് ചെയ്യണമെന്ന നിബന്ധനയുണ്ടായിരുന്നു. എലിവേറ്റഡ് ഭാഗത്തിന് 1,021 കോടി രൂപയും, അറ്റ്-ഗ്രേഡ് ഭാഗത്തിന് 1,424 കോടി രൂപയുമാണ് എൽ ആൻഡ് ടിയുടെ ക്വാട്ട്.
നിലവിൽ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ അതിവേഗം പുരോഗമിക്കുകയാണ്. ഈ പദ്ധതിയിലെ ഏറ്റവും നീളം കൂടിയ ലൈനാണ് കനക ലൈൻ. സാംപിഗെ ലൈനിൽ 41.478 കിലോമീറ്റർ നീളമാണ് പാതയ്ക്ക് വരുന്നത്. മല്ലിഗെ ലൈനിൽ 24.866 കിലോമീറ്ററും. പാരിജാത ലൈനിൽ 35.52 കിലോമീറ്റർ നീളമുണ്ട് പാതയ്ക്ക്. നാല് പാതകളിലുമായി 45.392 കിലോമീറ്റർ ഭാഗം എലിവേറ്റഡാണ്. 103.856 കിലോമീറ്റർ അറ്റ്-ഗ്രേഡും.
ബെംഗളൂരു നഗരത്തിന്റെ വളർച്ചയെ പിന്നാക്കം വലിക്കുന്ന ഘടകമായി മാറിയിരിക്കുകയാണ് ഗതാഗതപ്രശ്നങ്ങൾ. റോഡുഗതാഗതത്തെയാണ് അടുത്തകാലം വരെ ബെംഗളൂരു കാര്യമായി ആശ്രയിച്ചിരുന്നത്. പിന്നീട് മെട്രോ റെയിൽ വന്നെങ്കിലും അതിനെ ആശ്രയിക്കുന്നത് ഒരു പ്രത്യേക സാമ്പത്തിക വിഭാഗമാണ്. സാധാരണക്കാരെക്കൂടി ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ഗതാഗത സംവിധാനമാണ് സബർബൻ ട്രെയിൻ. ഈ ഗതാഗത സംവിധാനം നഗരത്തിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യും.