ഈ 27 പദ്ധതികളിൽ 16 എണ്ണവും എൻഎച്ച് 66ന്റെ വിവിധ സ്ട്രച്ചുകളാണ്. അവയുടെ പട്ടിക താഴെ:
1) തലപ്പാടി മുതൽ ചെങ്ങള വരെയുള്ള പാത. 2) ചെങ്ങള മുതൽ നീലേശ്വരം വരെയുള്ള പാത. 3) നീലേശ്വരം മുതൽ തളിപ്പറമ്പ് വരെയുള്ള പാത. 4) തളിപ്പറമ്പ് മുതൽ മുഴുപ്പിലങ്ങാട് വരെയുള്ള പാത. 5) മാഹി അഴിയൂർ മുതൽ വെങ്ങലം വരെയുള്ള പാത. 6) മൂരാട് പാലോലിപ്പാലം. 7) രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയുള്ള പാത. 8) വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുള്ള പാത. 9) കാപ്പിരിക്കാട് മുതൽ തളിക്കുളം വരെയുള്ള പാത. 10) തളിക്കുളം മുതൽ കൊടുങ്ങല്ലൂർ വരെയുള്ള പാത. 11) കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള പാത. 12) തുറവൂർ മുതൽ പറവൂർ വരെയുള്ള പാത. 13) പറവൂർ മുതൽ കൊറ്റൻകുളങ്ങര വരെയുള്ള പാത. 14) കൊറ്റൻകുളങ്ങര മുതൽ കൊല്ലം വരെയുള്ള പാത. 15) കൊല്ലം മുതൽ കടമ്പാട്ടുകോണം വരെയുള്ള പാത. 16) കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെയുള്ള പാത.
മേൽപ്പറഞ്ഞ സ്ട്രച്ചുകൾക്കായി സംസ്ഥാന സർക്കാർ പദ്ധതിയുടെ 25 ശതമാനം ചെലവ് വഹിക്കുന്നുണ്ട്. 5748 കോടി രൂപയാണ് സംസ്ഥാനം നൽകുന്നത്.
ഗ്രീൻഫീൽഡ് പാതകൾ
ഇതുകൂടാതെ സംസ്ഥാനത്ത് മൂന്ന് ഗ്രീൻഫീൽഡ് പാതകൾ കൂടി വരാനുണ്ട്. ഇവയുടെ പണി തുടങ്ങിയിട്ടില്ല. എൻഎച്ച് 966ന്റെ ഭാഗമായ പാലക്കാട്-കോഴിക്കോട് സെക്ഷനിൽ വരുന്ന നാലുവരിപ്പാതയാണ് ഇവയിലൊന്ന്. 121 കിലോമീറ്റർ നീളത്തിൽ ആക്സസ് കൺട്രോൾഡ് പാതയാണിത്. എല്ലാ വാഹനങ്ങൾക്കും ഈ പാതയിലേക്ക് പ്രവേശനമുണ്ടാകില്ല. പാലക്കാടും കോഴിക്കോടും തമ്മിലുള്ള ദൂരം വെറും 2 മണിക്കൂറായി ചുരുക്കും ഈ പാത. എൻഎച്ച് 544, എൻഎച്ച് 66 എന്നിവയുമായി ഈ പാത ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.
ഏറെ പ്രതീക്ഷയോടെ കേരളം കാക്കുന്ന മറ്റൊരു പദ്ധതിയാണ് മറ്റൊന്ന്. കൊച്ചി – തേനി ഗ്രീൻഫീൽഡ് പാത. കൊച്ചി-തൂത്തുക്കുടി ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ഭാഗമാണ് ഈ പാത. സംസ്ഥാനത്തിന്രെ സാമ്പത്തിക വികസനത്തിന് വലിയ പങ്ക് നൽകാൻ ശേഷിയുള്ള കൊച്ചി-തേനി പാതയുടെ അലൈൻമെന്റ് നിർണ്ണയത്തിന്റെ ഘട്ടത്തിലാണ് ഇപ്പോഴുള്ളത്.
തിരുവനന്തപുരത്തുനിന്ന് തുടങ്ങി അങ്കമാലിയിൽ അവസാനിക്കുന്ന മെയിൻ സെൻട്രൽ റോഡ് അഥവാ എംസി റോഡ് ആണ് ഈ പട്ടികയിലെ മറ്റൊരു ഗ്രീൻഫീൽഡ് പാത. പാതയുടെ അലൈൻമെന്റ് ഇതിനകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 257 കിലോമീറ്റർ നീളത്തിൽ ആറുവരിയിലാണ് എംസി റോഡ് നിർമ്മിക്കപ്പെടുന്നത്. ഈ മൂന്ന് ഗ്രീൻഫീൽഡ് ഹൈവേകളുടെയും ഭൂമി ഏറ്റെടുക്കലിനായി കേരളം 4440 കോടി രൂപ ചെലവഴിക്കുന്നുണ്ട്. ആകെ വരുന്ന സ്ഥലമേറ്റെടുപ്പു ചെലവിന്റെ 25 ശതമാനമാണിത്.
അങ്കമാലി – കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസും വരാനിരിക്കുന്ന പാതകളുടെ പട്ടികയിൽ പെടുന്നു. കൊല്ലം – ചെങ്കോട്ട ഗ്രീൻഫീൽഡ് പാതയും വരാനുണ്ട്.
വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡാണ് വരാനിരിക്കുന്ന മറ്റു പദ്ധതികളിലൊന്ന്. പൊന്നുംവിലയുടെ രണ്ടിരട്ടി ചെലവിട്ടാണ് ഈ പാതയ്ക്ക് സ്ഥലം വാങ്ങിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ചരക്കുനീക്കം സുഗമമാക്കാൻ ഈ റോഡ് ഉപകാരപ്പെടും.
വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതാ 66മായും, നാവായിക്കുളം റിങ് റോഡുമായും ബന്ധിപ്പിക്കുന്ന പാതയ്ക്ക് തത്ത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്. 2 കിലോമീറ്റർ ദൂരമാണ് ഈ പാതയ്ക്കുള്ളത്. നാലുവരിയായി പാത പണിയും.
ഈ പാതകൾക്കെല്ലാമായി 70,114 കോടി രൂപയാണ് ചെലവ് വരിക. മൊത്തം 960.27 കിലോമീറ്റർ ദൂരം വരും.