ഇഴയുന്ന ദേശീയപാത നിര്‍മാണം
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തുണ്ടായ പ്രധാന നേട്ടങ്ങളിലൊന്ന് പൊട്ടിപ്പൊളിഞ്ഞ റോഡുകളിലുണ്ടായ മാറ്റവും, പുതിയ പാതകളുടെ നിര്‍മാണങ്ങളുമാണ്. പദ്ധതി പ്രഖ്യാപനത്തിനൊപ്പം തന്നെ അതിവേഗതയില്‍ പാത നിര്‍മാണം പൂര്ത്തിയാവാറുമുണ്ട്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ദേശീയപാതകളുടെ നിര്‍മാണം ഒച്ചിഴയുന്ന വേഗതയിലാണ് ഇപ്പോള്‍ മുന്നോട്ട് പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷത്തെ ആദ്യ നാല് മാസങ്ങളില്‍ 2,670 കിലോമീറ്റര്‍ ഹൈവേ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഈ സാമ്പത്തിക വര്‍ഷം ഗതാഗത മന്ത്രാലയം ലക്ഷ്യമിട്ടിരിക്കുന്നത് 13,800 കിലോമീറ്റര്‍ നീളുന്ന ദേശീയപാത നിര്‍മാണമാണെന്ന് മനmdസിലാവുമ്പോഴാണ് വേഗക്കുറവ് മനസിലാവുക. അതായത് ലക്ഷ്യമിട്ടിരിക്കുന്നതിന്റെ വെറും 20 ശതമാനം മാത്രമാണ് ആറ് മാസത്തിനകത്ത് പൂര്‍ത്തിയായിരിക്കുന്നത്. അടുത്ത ആറ് മാസംകൊണ്ട് ശേഷിക്കുന്ന 80% നിര്‍മാണവും പൂര്‍ത്തീകരിക്കണം. ഇതിനൊപ്പംതന്നെ പുതിയ റോഡ് പദ്ധതികള്‍ അനുവദിക്കുന്നതിലും കുറവുണ്ടായി. 1,125 കിലോമീറ്റര്‍ പാത നിര്‍മാണമാണ് പുതുതായി അനുവദിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം സമാന കാലയളവില്‍ ഇത് 1,975 കിലോമീറ്ററായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിന് നിരവധി കാരണങ്ങളുണ്ട്. അവയെ ഇങ്ങനെ വേര്‍തിരിക്കാം:
1. മണ്‍സൂണ്‍ വ്യതിയാനം
മണ്‍സൂണ്‍ സീസണിലെ വ്യതിയാനമാണ് ഹൈവേ നിര്‍മ്മാണം മന്ദഗതിയിലായതിന്റെ കാരണങ്ങളിലൊന്ന്. മണ്‍സൂണ്‍ നീണ്ടുപോവുന്നതും അപ്രതീക്ഷിതമായി മഴപെയ്യുന്നതും നിര്‍മാണപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. എന്നാലും, വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ നിര്‍മ്മാണം പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ജൂലൈയില്‍ ഹൈവേ നിര്‍മ്മാണം വെറും 420 കി.മീറ്ററില്‍ ഒതുങ്ങി. പ്രതിദിനം 14 കി.മീ പാതമാത്രമാണ് നിര്‍മിച്ചത്. ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ നേടിയ 2,670 കി.മീറ്റര്‍ പാതയാണ് പൂര്‍ത്തിയാക്കി. ഈ താരതമ്യത്തില്‍ നിന്നാണ് മണ്‍സൂണ്‍കാല നിര്‍മാണത്തിലെ കുറവ് വ്യക്തമാവുന്നത്. അതേസമയം, വരുംമാസങ്ങളിലും മഴ ചതിക്കുമോയെന്ന ഭയം ഉദ്യോഗസ്ഥര്‍ക്കുണ്ട്. പ്രതിദിനം ശരാശരി 36.51 കിലോമീറ്റര്‍ എന്ന തരത്തില്‍ റെക്കോര്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത് 2020-2021 സാമ്പത്തിക വര്‍ഷത്തിലാണ്. തൊട്ടടുത്ത 2022 സാമ്പത്തികവര്‍ഷം ദേശീയപാതാ നിര്‍മ്മാണത്തിന്റെ വേഗത പ്രതിദിനം 20.99 കിലോമീറ്ററായി കുറഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ദൈര്‍ഘ്യമേറിയ മണ്‍സൂണ്‍ 2021-22ല്‍ നിര്‍മാണ വേഗത പ്രതിദിനം 28.64 കിലോമീറ്ററായി കുറച്ചതായും മന്ത്രാലയം പറയുന്നു. അതായത് 2019-20ല്‍ 10,237 കിലോമീറ്ററും 2020-21ല്‍ 13,327 കിലോമീറ്ററും 2021-22ല്‍ 10,457 കിലോമീറ്ററും ദേശീയ പാതയാണ് മന്ത്രാലയം നിര്‍മ്മിച്ചത്.
2. തിരഞ്ഞെടുപ്പ്
റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുമ്പോള്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള പാദത്തില്‍ ഹൈവേ പദ്ധതികള്‍ മന്ദഗതിയിലാവാറുണ്ട്. അതേസമയം, കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുന്ന പദ്ധതികളുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്. 12,500 കിലോമീറ്റര്‍ പാത നിര്‍മാണമായിരുന്നു ഈ വര്‍ഷത്തെ ആദ്യ പ്രഖ്യാപിത ലക്ഷ്യം. പിന്നീട് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് 13,800 കിലോമീറ്ററായി സര്‍ക്കാര്‍ മാറ്റി നിശ്ചയിച്ചത്.
3. മണലിന്റെയും കല്ലിന്റെയും ലഭ്യതക്കുറവ്
നിര്‍മാണ ആവശ്യത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് കേരളത്തിലെ പദ്ധതികള്‍ നേരിടുന്ന പ്രശ്നം. ദേശീയപാത 66 വികസന പ്ലാനിന്റെ ഭാഗമായുള്ള 24 പദ്ധതികളില്‍ നാലെണ്ണം മാത്രമാണ് കേരളത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതെല്ലാം വിലയിരുത്തിയിട്ടുള്ള ഓട്ടത്തിലാണ് ഗതാഗതമന്ത്രാലയവും. നിലവില്‍ പ്രതിദിനം 40 കി.മീ അധികം പാത നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം ശ്രമിച്ച് വരികയാണ്. എങ്കില്‍ മാത്രമേ പ്രഖ്യാപിത ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിക്കു.
4. ഭൂമി ഏറ്റെടുക്കലിലെ കാലതാമസം മുതല്‍ കരാറുകാര്‍ വരെ നീളുന്ന പ്രശ്നങ്ങൾ
ദേശീയപാത പദ്ധതികളുടെ വേഗക്കുറവിന് കാരണമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത് ഭൂമി ഏറ്റെടുക്കലിലെ കാലതാമസം, പരിസ്ഥിതി- വനാനുമതി, റെയില്‍വേ അനുമതികള്‍, കരാറുകാരുടെ മോശം പ്രകടനം, ചില സംസ്ഥാനങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങിയവയാണ്. തടസ്സങ്ങള്‍ നീക്കുന്നതിനും പദ്ധതി നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിനുമായി ചീഫ് ജനറല്‍ മാനേജര്‍മാരുടെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) റീജിയണല്‍ ഓഫീസുകള്‍ സ്ഥാപിക്കല്‍, ഭൂമി ഏറ്റെടുക്കല്‍ പ്രശ്നങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന ഗവണ്മെന്റുകളുടെ ചീഫ് സെക്രട്ടറിമാരുടെ അധ്യക്ഷതയില്‍ ഉന്നതാധികാരസമിതികള്‍ രൂപീകരിക്കുക, എല്ലാ പദ്ധതികളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവലോകനം ചെയ്യുന്നതിനും ഫീല്‍ഡ് യൂണിറ്റുകള്‍ സ്ഥാപിക്കുക എന്നിവയെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും പറയുന്നു. ഈ ശ്രമങ്ങളോടെ എന്‍എച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസം ഗണ്യമായി കുറഞ്ഞതായും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. റോഡ് ഗതാഗത ഹൈവേ സഹമന്ത്രി ജിതിന് പ്രസാദ് രാജ്യസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.