കണ്ണൂർ > പുതിയ ഇടങ്ങളും കാഴ്ചകളും രുചികളുമായി സഞ്ചാരികളെ എക്കാലവും വരവേൽക്കുന്ന നാടാണ് കണ്ണൂർ. കടലും പുഴയും കായലും മലയും വയലും കോടമഞ്ഞുമെല്ലാം ആസ്വദിക്കാവുന്ന ഭൂപ്രകൃതിയാണ് സവിശേഷത. കണ്ണൂരിനുമാത്രം സ്വന്തമായുള്ള ചരിത്രസാംസ്കാരിക പൈതൃകങ്ങളും അനുഭവങ്ങളുടെ അരങ്ങൊരുക്കുന്നു. വരുംവർഷങ്ങളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സാധ്യതകൾ പ്രതീക്ഷിക്കുന്ന തീർഥാടന ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടായി അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും നടപടികൾ വലിയ മാറ്റങ്ങൾക്കാണ് തുടക്കമിട്ടത്.
തീർഥാടനത്തിനൊപ്പം യാത്ര പുതിയ അനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള വികസനപദ്ധതികളാണ് ആരാധാനാലയങ്ങൾ നടപ്പാക്കിയത്. ജനങ്ങളൊഴുകിയെത്തുന്ന കൊട്ടിയൂർ വൈശാഖമഹോത്സവത്തിന് 12 കോടിയിൽപ്പരം രൂപയുടെ നിർമാണപ്രവർത്തനങ്ങൾ നടത്തി. തലശേരി പൈതൃക ടൂറിസം –- പഴശ്ശി സർക്യൂട്ട് ഫണ്ടിൽനിന്ന് 3.60 കോടി രൂപ വിനിയോഗിച്ചാണ് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയമൊരുക്കിയത്. രണ്ടുനിലക്കെട്ടിടത്തിൽ മ്യൂസിയം, ഹാൾ, ലൈബ്രറി, പ്രദർശന ഹാൾ എന്നിവയുമുണ്ട്. ഒന്നരക്കോടി ചെലവിട്ട് തലശേരി ജഗന്നാഥക്ഷേത്രത്തിൽ ക്ഷേത്രക്കുളം നവീകരിച്ചു. നവോത്ഥാന മ്യൂസിയം ഒരുക്കാൻ അഞ്ചുകോടി രൂപയും അനുവദിച്ചു.
തീർഥാടന ടൂറിസം പദ്ധതിയിലുൾപ്പെടുത്തി കേരളത്തിലെ ആദ്യത്തെ തെയ്യം മ്യൂസിയം അണ്ടലൂർക്കാവിൽ സ്ഥാപിച്ചു. 3.65 കോടി രൂപയാണ് ചെലവിട്ടത്. തൊടീക്കളം ക്ഷേത്രത്തിൽ ചുവർചിത്രകലാ മ്യൂസിയവും മക്രേരി അമ്പലത്തിൽ സംഗീതകലാ മ്യൂസിയവുമുണ്ട്. കൊട്ടിയൂർ ശിവക്ഷേത്രത്തിന്റെ പൈതൃക വിജ്ഞാന മ്യൂസിയവും തലശേരി സെന്റ് ആംഗ്ലിക്കൻ പള്ളിയിൽ കൊളോണിയൽ മ്യൂസിയവുമാണൊരുങ്ങുന്നത്. കതിരൂർ സൂര്യ നാരായണ ക്ഷേത്രം, ചിറക്കക്കാവ് ഭഗവതി ക്ഷേത്രം, ഊർപ്പഴശിക്കാവ്, പെരളശേരി ക്ഷേത്രം, തിരുവങ്ങാട് ക്ഷേത്രം, വേളം മഹാഗണപതി ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വ ക്ഷേത്രം, പള്ളിക്കുന്ന് മൂകാംബികക്ഷേത്രം എന്നിവിടങ്ങളിലും സൗകര്യങ്ങൾ വർധിപ്പിച്ചു.
ചാലിൽ മസ്ജിദ്, അലി ഹാജി മസ്ജിദ്, തായലങ്ങാടി മസ്ജിദ് കക്കുളങ്ങര മസ്ജിദ്, ഇല്ലിക്കുന്ന് ഗുണ്ടർട്ട് ചർച്ച്, തലശേരി സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് , ആംഗ്ലിക്കൽ ചർച്ച് എന്നിവ തലശേരി പൈതൃകടൂറിസം പദ്ധതിയിലുണ്ട്. മാടായി പള്ളി, മൂന്നുപെറ്റുമ്മ പള്ളി, സെയ്താർ പള്ളി, ഒളിയങ്കര ജുമാമസ്ജിദ്, പെരിങ്ങത്തൂർ പള്ളി, കണ്ണവും വെളമ്പത്ത് മഖാം, താവം പള്ളി, ഹോളിട്രിനിറ്റി കത്തീഡ്രൽ, പാപ്പിനിശേരി ആറോൺ പള്ളി, സെന്റ് മേരിസ് പള്ളി, മാഹി സെന്റ് തെരേസാസ് പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങളാണ്. ധാരാളം സഞ്ചോരികളെത്തുന്ന തെയ്യക്കാലവും വൻസാധ്യതകളാണ് തുറന്നിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..