മനാമ > രാജ്യത്തിന് പുറത്തുള്ളവർക്ക് വിസ പുതുക്കാൻ പുതിയ സംവിധാനവുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. ഓൺലൈൻ വഴി ജീവനക്കാരുടെ വിസ പുതുക്കാൻ തൊഴിലുടമക്ക് അവസരം നൽകുന്നതാണ് പുതിയ സേവനം. എന്നാൽ വിസ കാലാവധി കഴിയുന്നതിന് മുമ്പ് മാത്രമേ ഇത് സാധ്യമാവുകയുളളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബഹ്റൈൻ പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സിന്റെ നേതൃത്വത്തിലാണ് രാജ്യത്തിന് പുറത്തുളളവർക്ക് വിസ പുതുക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി. വാണിജ്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ, രജിസ്റ്റർ ചെയ്ത തൊഴിലാളികൾ, വീട്ടുജോലിക്കാർ എന്നിവരെ ഉൾപ്പെടുത്തി ലേബർ മാർക്കറ്റ് റെഗുലർ അതോറിറ്റിയുമായി സംയോജിപ്പിച്ചാണ് സേവനം ലഭ്യമാക്കുക.
ബഹ്റൈൻ നാഷണൽ പോർട്ടൽ വഴി റസിഡൻസി പെർമിറ്റ് പുതുക്കാൻ കഴിയും. വർക്ക് പെർമിറ്റ്, പ്രവാസി മാനേജ്മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക എൽഎംആർഎ ചാനലുകൾ വഴിയോ പുതുക്കാവുന്നതാണ്. സർക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ടുപേവുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി പറഞ്ഞു. രാജ്യത്തെ തൊഴിൽ മേഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം പ്രവാസി തൊഴിലാളികളുടെയും ബിസിനസ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ കൂടി ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..