മസ്കറ്റ് > ഒമാനിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്കൂൾ ആയ ഇന്ത്യൻ സ്കൂൾ മസ്കറ്റിന്റെ അധികൃതർക്ക് രക്ഷിതാക്കളുടെ നേതൃത്വത്തിൽ പരാതി നൽകി.
സ്കൂൾ പ്രിൻസിപ്പൽ അടുത്തിടെ രാജിവച്ചിരുന്നു. എന്നാൽ ഇതുവരെയും പുതിയ പ്രിൻസിപ്പലിനെ നിയമിക്കാൻ സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല. അതിനാൽ സ്കൂളിന്റെ ദൈനംദിന പ്രവർത്തങ്ങൾ ഉൾപ്പെടെ പല അക്കാഡമിക് പ്രവർത്തങ്ങളും നിശ്ചലാവസ്ഥയിലാണ്. സ്കൂളിൽ നിരവധി അധ്യാപകരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും നിയമനങ്ങൾ നടത്തിയിട്ടില്ല. പല വിഷയങ്ങൾക്കും നിലവിൽ വേണ്ടത്ര അധ്യാപകർ ഇല്ല. സി ബി എസ് ഇ ഉൾപ്പെടെയുള്ള വാർഷിക പരീക്ഷകൾ മാസങ്ങൾക്കുള്ളിൽ ആരംഭിക്കും. ഈ സാഹചര്യത്തിൽ അധ്യാപകരില്ലാത്തത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു.
ഇന്ത്യൻ സ്കൂളുകളിലെ ഇൻഷുറൻസ് ടെൻഡർ നടപടിക്രമങ്ങളിലെ സുതാര്യത സംബന്ധിച്ചുണ്ടായ ഗൗരവതരമായ ആക്ഷേപങ്ങളിലും അന്വേഷണം നടത്തിയിട്ടില്ല.
സ്കൂൾ ഡയറക്ടർ ബോർഡിൻറെ കീഴിലുള്ള അക്കാഡമിക് സബ് കമ്മിറ്റി നടപ്പിൽ വരുത്തിയ കേന്ദ്രീകൃത ബുക്ക് പർച്ചെസിങ്ങ് സമ്പ്രദായവുമായി ബന്ധപ്പെട്ടും നിരവധി പ്രശ്നങ്ങളും പരാതികളുമുണ്ട്. ചില അധ്യാപർ നടത്തുന്ന അനിയന്ത്രിതമായ സ്വകാര്യ ട്യൂഷൻ സ്കൂളിന്റെ വിദ്യാഭ്യാസനിലവാരത്തെ ദോഷകരമായി ബാധിക്കുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
പരാതിയോടൊപ്പം നിരവധി രക്ഷിതാക്കൾ ഒപ്പിട്ട ഭീമഹർജി രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ മസ്കറ്റ് ഡയറക്ടർ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്യത്തിന് കൈമാറി. രക്ഷിതാക്കളുടെ പരാതിയെ അത്യന്തം ഗൗരവത്തോടെ കാണുന്നുവെന്നും , പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ അതിവേഗം എടുക്കുമെന്നും ചെയർമാൻ ഉറപ്പു നൽകിയതായി രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ കെ വി വിജയൻ, സുഗതൻ എന്നിവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..