ലോകത്തിലെ ഏറ്റവും അപകടകാരിയായ എയർപോർട്ട് എന്ന വിശേഷണം നേപ്പാളിലെ ല്യൂക്ല എയർപോർട്ടിനാണ്. ടെൻസിങ് ഹിലരി എയർപോർട്ട് എന്നും ഈ വിമാനത്താവളം അറിയപ്പെടുന്നു. ഹിമാലയൻ മലനിരകളിലൊന്നിലാണ് ഈ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. 2,830 മീറ്റർ ഉയരത്തിലാണ് എയർപോർട്ടുള്ളത്. വളരെ ചെറിയൊരു റൺവേയാണിതിന്റേത്. 457 മീറ്റർ നീളവും 20 മീറ്റർ വീതിയും മാത്രം. മാത്രവുമല്ല, 12 ഡിഗ്രിയോളം ചെരിഞ്ഞാണ് ഈ റൺവേ നിൽക്കുന്നത്. ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽമതി നമ്മുടെ എൻജിൻ തവിടുപൊടി. 2004 മുതലുള്ള കണക്കുകളനുസരിച്ച് ഇവിടെ ടേക്കോഫ്-ലാൻഡിങ്സ് നടക്കുന്നതിനിടെയുള്ള അപകടങ്ങളിൽ 45 പേർ മരിച്ചിട്ടുണ്ട്.
ബീച്ചിൽ വിമാനമിറങ്ങുന്നത് കണ്ടിട്ടുണ്ടോ?
സ്കോട്ലാൻഡിലെ ബാര അന്താരാഷ്ട്ര വിമാനത്താവളമാണ് പൈലറ്റുമാരുടെ പേടിസ്വപ്നമായ മറ്റൊരിടം. ഇവിടെയും വളരെ ചെറിയ റൺവേയാണുള്ളത്. ഏറ്റവും വലിയ പ്രത്യേകത, ഒരു ബീച്ചിലാണ് വിമാനങ്ങൾ ഇറങ്ങുകയെന്നതാണ്. ബീച്ചിൽ വെള്ളം തെറിപ്പിച്ചുകൊണ്ട് വിമാനങ്ങളിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ധാരാളം യൂടൂബിൽ കാണാം. രാത്രികാലങ്ങളിലാണ് ഈ വിമാനത്താവളം ഏറെ സുരക്ഷിതം. കാലാവസ്ഥ കുറെക്കൂടി അനുകൂലമായിരിക്കും ഈ സമയത്ത്. കനത്ത കാറ്റുവീശലും വൻ തിരമാലകളുമെല്ലാം എപ്പോഴും ഉണ്ടാകാമെന്നതിനാൽ ലോകത്തിലെ റിസ്കി എയർപോർട്ടുകളുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ തന്നെ ബാര വിമാനത്താവളം വരും.
20 പൈലറ്റുമാർക്ക് മാത്രം അനുവാദമുള്ള വിമാനത്താവളം
ഭൂട്ടാനിലെ പാരോ വിമാനത്താവളവും പൈലറ്റുമാർക്ക് വളരെ റിസ്കിയാണ്. നിരവധി മലകളുടെ നടുക്കാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എന്നത് ലാൻഡിങ്ങും, ടേക്കോഫും പ്രയാസകരമാക്കുന്നു. ഈ വിമാനത്താവളത്തിൽ പൈലറ്റിന് വഴികാട്ടാൻ റഡാർ സൗകര്യമില്ല പ്രശ്നവുമുണ്ട്. അഥവാ പരിചയസമ്പന്നരായ പൈലറ്റുമാര്‍ക്ക് മാത്രമേ വഴിതെറ്റാതെ റൺവേ കണ്ടെത്താൻ കഴിയൂ. നിലവിൽ 20 പൈലറ്റുമാർക്ക് മാത്രമാണ് ഈ വിമാനത്താവളത്തിൽ വിമാനമിറക്കാനുള്ള അനുവാദമുള്ളത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ വിമാനത്താവളങ്ങളുടെ പട്ടികയിൽ പാരോയ്ക്ക് ഒന്നാംസ്ഥാനം കൊടുക്കണമെന്ന അഭിപ്രായക്കാർ ഏറെയാണ്.
Read: കേരളത്തിലെ സബർബൻ റെയിൽ പദ്ധതിക്ക് എന്താണ് സംഭവിച്ചത്?
ഫ്രാൻസിലെ കോർഷെവല്‍ വിമാനത്താവളത്തിന്റെ പ്രശ്നവും മലനിരകളാൽ ചുറ്റപ്പെട്ട് നിൽക്കുന്നു എന്നതാണ്. വളരെ ചെറിയ റൺവേയാണ് ഇവിടെയുള്ളത്. നോർവേയിലെ സ്വാൽബാർഡ് എയർപോർട്ടിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ നിർമ്മാണരീതിയാണ്. റൺവേ നിർമ്മിച്ചിരിക്കുന്നത് ഐസ് നിറഞ്ഞ മണ്ണിനുമുകളിലാണ്. ഇക്കാരണത്താൽ വേനല്‍ക്കാലങ്ങളിൽ റൺവേയുടെ സ്ഥിരത സംശയാസ്പദമാണ്. വളരെ ശ്രദ്ധയോടെയാണ് ഇവിടെ പ്രവര്‍ത്തനങ്ങൾ നടത്തുന്നത് എന്നതിനാൽ അപകടങ്ങളുണ്ടാകാറില്ല. എങ്കിലും വെല്ലുവിളി നിറഞ്ഞതാണ് ഈ എയർപോർട്ടും.
സെയ്ന്റ് മാർട്ടിൻ ദ്വീപിലെ പ്രിൻസസ് ജൂലിയാന വിമാനത്താവളം സ്ഥിതി ചെയ്യുന്നത് പ്രത്യേകത നിറഞ്ഞ ഒരു ഭൂമിശാസ്ത്രത്തിലാണ്. കടലിനു മുകളിലൂടെ കടന്നുവന്ന് നേരെ റൺവേയിലേക്ക് കയറുന്ന രീതിയിലാണ് ഇവിടുത്തെ സജ്ജീകരണം. ബീച്ചിൽ സൺബാത്ത് ചെയ്യുന്നവരുടെ മണ്ടയ്ക്കു മുതളിലൂടെ വിമാനം കടന്നുപോകുന്ന കാഴ്ച ഒരേസമയം രസകരവും ഭീതിജനകവുമാണ്. സാങ്കേതികമായി ഈ വിമാനത്താവളത്തിലെ റൺവേ അത്രകണ്ട് സുരക്ഷിതമല്ല. വളരെ നീളംകുറവാണ്. ഈ വിമാനത്താവളം നിർമ്മിച്ചത് ചെറിയ വിമാനങ്ങൾക്കായി നിര്‍മ്മിച്ചതാണ്. ടൂറിസം വളർന്നതോടെയാണ് വലിയ വിമാനങ്ങൾ ഇങ്ങോട്ടെത്താൻ തുടങ്ങിയത്.
കോഴിക്കോട് വിമാനത്താവളവും ഒന്നാമതാണ്!
ഇന്ത്യയിലെ ഏറ്റവും റിസ്കിയായ വിമാനത്താവളമെന്ന വിശേഷണം ചേരുക കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിനാണ്. നമുക്കറിയാവുന്നതു പോലെ ഇതൊരു ടേബിൾടോപ്പ് വിമാനത്താവളമാണ്. അഥവാ ഒരു മേശപ്പുറംപോലെ ഉയർന്നു നിൽക്കുന്നു ഈ വിമാനത്താവളം. സാധാരണ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ചെറിയ റൺവേയാണ് ഇവിടെയുള്ളത്. 2020ൽ ഇവിടെയൊരു വിമാനാപകടം ഉണ്ടാവുകയും ചെയ്തു. ഈ ടേബിൾടോപ്പ് റൺവേയിൽ നിന്ന് വിമാനം പുറത്തേക്ക് വീഴുകയായിരുന്നു.
Read: ക്വാലാലംപൂരിൽ നിന്ന് മലേഷ്യയിലേക്ക് 3 മണിക്കൂർ: പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുമ്പോൾ
Read: ഹോങ്കോം മുതൽ ന്യൂയോർക്ക് വരെ: ലോകത്തിലെ ഏറ്റവും മികച്ച മെട്രോകൾ
മംഗലാപുരം വിമാനത്താവളവും പൈലറ്റുമാർക്ക് വെല്ലുവിളി നൽകുന്ന ഒന്നാണ്. ഇതും ടേബിൾടോപ്പ് വിമാനത്താവളമാണ്. 2010ൽ ഈ വിമാനത്താവളത്തിൽ വലിയൊരു അപകടം നടക്കുകയും 158 പേർ മരിക്കുകയും ചെയ്തിരുന്നു. ഏറെ റിസ്കിയായ മറ്റൊരു ഇന്ത്യൻ വിമാനത്താവളം ലക്ഷദ്വീപിലേതാണ്. പൂർണമായും കടലിനാൽ ചുറ്റപ്പെട്ട നിലയിലാണ് അഗത്തി എയർഡ്രോം എന്ന ഈ വിമാനത്താവളത്തിന്റെ റൺവേ സ്ഥിതി ചെയ്യുന്നത്. എയ്റോഫോബിയയുള്ളവർ ഈ വിമാനത്താവളത്തോടടുക്കുമ്പോൾ താഴേക്ക് നോക്കാതിരിക്കുക. പേടിച്ചുപോകും.