ജിദ്ദ> നാൽപത്തിമൂന്നാമത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലെ വിജയികൾക്ക് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. അഞ്ചു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 117 രാജ്യങ്ങളിൽ നിന്നുള്ള 166 മത്സരാർഥികൾ പങ്കെടുത്തു.
വിശുദ്ധ ഹറമിന്റെ മുറ്റത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് വിജയികളെ ആദരിച്ചത്. ഒന്നാം വിഭാഗത്തിൽ സൗദിയിൽ നിന്നുള്ള മത്സരാർഥി അയ്യൂബ് ബിൻ അബ്ദുൽ അസീസ് അൽവുഹൈബി ഒന്നാം സ്ഥാനത്തെത്തി ഗ്രാന്റ് പ്രൈസ് ആയ അഞ്ചു ലക്ഷം റിയാൽ കരസ്ഥമാക്കി. അൾജീരിയയിൽ നിന്നുള്ള സഅദ് ബിൻ സഅദി സുലൈം രണ്ടാം സ്ഥാനത്തും ഛാഢിൽ നിന്നുള്ള അബുൽഹസൻ ഹസൻ നജും മൂന്നാം സ്ഥാനത്തുമെത്തി. ഇവർക്ക് യഥാക്രമം നാലര ലക്ഷം റിയാൽ, നാലു ലക്ഷം റിയാൽ വീതം കാഷ് പ്രൈസ് നേടി.
രണ്ടാം വിഭാഗത്തിൽ സൗദിയിൽ നിന്നുള്ള അമ്മാർ ബിൻ സാലിം അൽശഹ്രി, ബഹ്റൈനിൽ നിന്നുള്ള മുഹമ്മദ് ബിൻ അദ്നാൻ അൽഅംരി, സിറിയയിൽ നിന്നുള്ള അബ്ദുൽ അസീസ് ബിൻ മാലിക് അതലി എന്നിവർ ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി, മൂന്നാം വിഭാഗത്തിൽ സോമാലിയയിൽ നിന്നുള്ള മുഹമ്മദ് ബിൻ ഇബ്രാഹിം മുഹമ്മദ്, സ്വീഡനിൽ നിന്നുള്ള ശുഅയ്ബ് ബിൻ മുഹമ്മദ് ഹസൻ, ബംഗ്ലാദേശിൽ നിന്നുള്ള ഫൈസൽ അഹ്മദ്, ഇന്തോനേഷ്യയിൽ നിന്നുള്ള മുഹമ്മദ് മുഫീദ് അൽഇസ്സ, ലിബിയയിൽ നിന്നുള്ള സിറാജുദ്ദീൻ മുഅമ്മദ് കിന്ദി എന്നിവർ യഥാക്രമം ഒന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിലെത്തി.
നാലാം വിഭാഗത്തിൽ സെനഗലിൽ നിന്നുള്ള മത്സരാർഥി മുഹമ്മദ് ഗാസി ഒന്നാം സ്ഥാനത്തും ലിബിയയിൽ നിന്നുള്ള ഹാതിം അബ്ദുൽഹമീദ് ഫലാഹ് രണ്ടാം സ്ഥാനത്തും ഉഗാണ്ടയിൽ നിന്നുള്ള യാസീൻ അബ്ദുറഹ്മാൻ മൂന്നാം സ്ഥാനത്തും ബംഗ്ലാദേശിൽ നിന്നുള്ള മുശ്ഫിഖുറഹ്മാൻ നാലാം സ്ഥാനത്തും ഇന്ത്യയിൽ നിന്നുള്ള ഇബ്രാഹിം ഷഹബന്ദരി അഞ്ചാം സ്ഥാനത്തുമെത്തി. ഖുർആൻ മനഃപാഠമാക്കുന്നതിനും പാരായണം ചെയ്യുന്നതിനും വ്യാഖ്യാനിക്കുന്നതിനുമുള്ള മത്സരത്തിൽ അഞ്ചാം വിഭാഗത്തിൽ മികച്ച രണ്ടാം സ്ഥാനവും കർണാടക ഭട്കൽ സ്വദേശിയിയായ ഇബ്രാഹിം ഷഹബന്ദരി കരസ്ഥമാക്കി.
അഞ്ചാം വിഭാഗത്തിൽ സോമാലിയയിൽ നിന്നുള്ള അബ്ദുൽഖാദിർ യൂസുഫ് മുഹമ്മദ് ഫ്രഞ്ച് ദ്വീപ് രാജ്യമായ റീയൂനിയനിൽ നിന്നുള്ള ഇൽയാസ് അബ്ദു, നെതർലാന്റ്സിൽ നിന്നുള്ള മർവാൻ ബിൻ ശലാൽ, ബോസ്നിയ, ഹെർസഗോവിനയിൽ നിന്നുള്ള മുസ്തഫ സനാനോവിച്ച്, നോർത്ത് മാസിഡോണിയയിൽ നിന്നുള്ള ഹാസിബ് അംറുല്ല എന്നിവർ യഥാക്രമം ഒന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിലെത്തി.
ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖും രാജകുമാരന്മാരും പണ്ഡിതരും അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ അംബാസഡർമാരും സർക്കാർ വകുപ്പ് മേധാവികളും സുരക്ഷ വകുപ്പ് മേധാവികളും മക്ക പ്രവിശ്യയിലെ മതപ്രബോധകരും ഖത്തീബുമാരും വിജയികളെ ആദരിക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..