റിയാദ്> ബംബാനിൽ കൊടിയ തൊഴിൽ ചൂഷണത്തിനിരയായതിനെ തുടർന്ന് എംബസിയിൽ പരാതി നൽകിയ ഒൻപത് ഇന്ത്യൻ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടിയുമായി സ്പോൺസർ. ഒരു സ്വകാര്യ കമ്പനിയിൽ പ്ലാസ്റ്ററിംഗ് ജോലിക്കായെത്തിയ തൊഴിലാളികൾക്ക് ഇക്കാമയും ശമ്പളവും നൽകാത്തതിനെ തുടർന്നാണ് പരാതിയുമായി എംബസിയെ സമീപിച്ചത്.
പരാതി നൽകിയത്തിന് പിന്നാലെ സ്പോൺസർ പ്രതികാര നടപടിയുടെ ഭാഗമായി താമസസ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. പുതുതായി വന്ന നാലുപേരുടെ എക്സിറ്റ് അടിക്കുകയും വിവരം തെഴിലാളികളിൽ നിന്നു മറച്ചുവെക്കുകയും ചെയ്തു. ഉത്തർ പ്രദേശ് സ്വദേശികളായ രോഹിതാഷ്, രാം നാരായൺ, ഉത്തരാഖണ്ഡ് സ്വദേശി സാസിദ് ഹുസൈൻ, തമിഴ്നാട് സ്വദേശി പൂവലിംഗം എന്നിവരുടെ എക്സിറ്റാണ് കാലാവധി തീർന്ന് പിഴയിൽ എത്തിയത്. ഇനി ഇവർക്ക് രാജ്യം വിടമെങ്കിൽ എക്സിറ്റ് കാലാവധി കഴിഞ്ഞതിന്റെ പിഴത്തുകയായ ആയിരം റിയാൽ വീതം അടക്കുകയും നിയമ നടപടികൾ പൂർത്തിയാക്കുകയും വേണം.
ഒന്നര വർഷം മുതൽ നാലുമാസം വരെയുള്ള വ്യത്യസ്ത ഘട്ടങ്ങളിലായാണ് തൊഴിലാളികൾ സൗദിയിൽ എത്തിയത്. ഒന്നര വർഷമായ മലപ്പുറം സ്വദേശി രഞ്ജുവിന്റെയും മൂന്ന് ഉത്തരാഖണ്ഡുകാരുടെയും ഇക്കാമയുടെ കാലാവധി കഴിഞ്ഞിട്ട് ഒൻപത് മാസം പിന്നിട്ടു. കേളി കലാ സാംസ്കാരിക വേദിയുടെ ജീവകാരുണ്യവിഭാഗം, ഷുമേസിയിലെ പെർഫക്റ്റ് ഫാമിലി ട്രേഡിംഗ് കമ്പനിയുടെ സൂപ്പർ മാർക്കറ്റുമായി സഹകരിച്ച് ഭക്ഷണവും കുടിവെള്ളമടക്കമുള്ള അവശ്യ സഹായങ്ങൾ എത്തിച്ചു നൽകി. ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നും നിയമ നടപടികൾ പൂർത്തിയാകുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..