ഇന്ന് നാദിയക്കൊപ്പം അവളുടെ ജന്മവീട്ടിൽപോയി അച്ഛനെയും അമ്മയേയും സന്ദർശിച്ചു. രാജയും കൂടെയുണ്ടായിരുന്നു. എസ്സെനിൽനിന്ന് ഏറെ അകലെയല്ലാതെ പശ്ചിമജർമനിയിലെ മറ്റൊരു പ്രധാന പട്ടണമായ ഡോർട്ടുമുണ്ടിലാണ് നാദിയയുടെ വീട്. ഡോർട്ട്മുണ്ട് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ മനസ്സിലുള്ള നഗരമാണ്. ലോകപ്രസിദ്ധമായ Borussia Dortmund എന്ന ഫുട്ബോൾ ക്ലബും Westfalenstadion എന്ന സ്റ്റേഡിയവും ജർമൻ ഫുട്ബോൾ മ്യൂസിയവുമാണ് പ്രശസ്തിക്കു കാരണം. ഫുട്ബോളിന്റെ മാത്രമല്ല കലയുടേയും സംഗീതത്തിന്റേയും നഗരമാണ് ഡോർട്ട്മുണ്ട്. ലോകയുദ്ധങ്ങളുടേയും നാസിഭീകരതയുടേയും എറെ മുറിവുകളേറ്റ നഗരമാണെന്നും പറയാം. എല്ലാ സന്തോഷങ്ങളുടെയും അടിയിൽ ഒരു ദു:ഖമുണ്ടെന്ന് പറയാറുണ്ടല്ലോ.
നാസികൾ പഴയ ജൂതപ്പള്ളി (Old Jewish Synagogue) തകർത്തു കളഞ്ഞ സ്ഥലത്താണ് ഇവിടത്തെ പുതിയ ഓപ്പറാ ഹൗസ് (Opernhaus) പണിതിരിക്കുന്നത്.
വെസ്റ്റ്ഫാലിയയിലെ ഡോർട്ട്മുണ്ട് നഗരം
ജർമൻകാരുടെ അഹങ്കാരമായ ഹൈവേ ഓട്ടോബാനിലൂടെ കാറിലായിരുന്നു ഡോർട്ടുമുണ്ടിലേക്കുള്ള യാത്ര. വാടകക്കെടുത്ത കാറാണ്. നാദിയയാണ് ഡ്രൈവർ. രാജക്ക് ഇനിയും ജർമൻ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയിട്ടില്ല. കഠിനമായ പരീശീലനങ്ങളും പരീക്ഷകളും കടന്നുകഴിഞ്ഞാൽ മാത്രം ലഭിക്കുന്ന ആധികാരിക രേഖയാണ് ഇവിടത്തെ ഡ്രൈവിംഗ് ലൈസൻസ്.
അവിദഗ്ദനായ ഒരു ഡ്രൈവർക്കു മുന്നിൽ പൊലിയാനുള്ളതല്ല തങ്ങളുടെ പൗരന്മാരുടെ ജീവനെന്ന് ജർമൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഓട്ടോബാനിലൂടെ അതിവേഗത്തിലാണ് നാദിയയുടെ ഡ്രൈവിംഗ്. ഏതാണ്ട് രണ്ടുമണിക്കൂറെടുത്ത് ഞങ്ങൾ ഡോർട്ടുമുണ്ടിലെത്തി. റൈനിന്റെ പോഷകനദികളായ Emsher ന്റേയും Ruhr ന്റേയും സമീപത്താണ് ഈ പ്രദേശം. North Rhine Westphalia സ്റ്റേറ്റിലെ മൂന്നാമത്തെ വലിയ നഗരമാണ്.
ഹൈവേയിൽനിന്ന് നഗരത്തിലേക്ക് തിരിഞ്ഞപ്പോൾ തന്നെ ചെറുതും വലുതുമായ ഫൂട്ബോൾ സ്റ്റേഡിയങ്ങൾ കണ്ടുതുടങ്ങി. പഴങ്ങളും പൂക്കളും വിൽക്കുന്ന കടകളാണ് വഴിയോരത്തെ കാഴ്ച. വേനൽക്കാല വസ്ത്രങ്ങളുടെ വിപണി പൊടിപൊടിക്കുന്നു. ചായക്കപ്പ് ഭിക്ഷാപാത്രമായി നീട്ടിപ്പിടിച്ച വൃദ്ധന്മാർ വെയിസ്റ്റ് ബിന്നുകൾക്കരികിൽ ഇരിപ്പുണ്ട്. അവർ അഭയാർത്ഥികളാണെന്നാണ് നാദിയ പറയുന്നത്.
113 വർഷങ്ങൾക്കു മുമ്പ് 1909ൽ 18 ഫുട്ബോൾ പ്രേമികൾ ചേർന്ന് തുടങ്ങിയതാണ് ബൊറസ്യ ഡോർട്ട്മുണ്ട്. ഇന്നതിൽ ഒന്നര ലക്ഷത്തോളം അംഗങ്ങളുണ്ട്. Westfalen സ്റ്റേഡിയം അവരുടെ ഉടമസ്ഥതയിലുള്ളതാണ്. ഫുട്ബോൾ എന്ന കായികകല ഡോർമുണ്ടുകാരുടെ മാത്രമല്ല പൊതുവെ ജർമൻ ജനതയുടെ വികാരമാണ്.
ലോകമത്സരങ്ങളിൽ തങ്ങളുടെ രാജ്യം ജയിക്കുമ്പോഴാണ് അവരുടെ പ്രധാന ആഘോഷം. 2018ലെ ലോകകപ്പിന്റെ കാലത്ത് ഈ ലേഖകൻ എഴുതിയ ‘അർജൻ്റിനാ ഫാൻസ് കാട്ടൂർക്കടവ്’ എന്ന കഥയിൽ ജർമൻ ടീമിനെക്കുറിച്ച്
ജർമനിയുടെ ഡോർട്ട്മുണ്ട് ഫുട്ബോൾ ആരാധകർ
പറയുന്നുണ്ട്. പൊതുവെ അർജന്റീനൻ പക്ഷപാതികളായ കാട്ടൂർക്കടവുകൾ 2014ലെ വിജയത്തോടെ ജർമൻ പക്ഷത്തേക്ക് ചായുന്നുണ്ട്. അതിന് ന്യായമായി തൊഴിലുറപ്പിനു പോകുന്ന ജന്വേച്ചി പറയുന്നത്: ‘‘യൂറോപ്പ് വെള്ളക്കാരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല’’ എന്നാണ്.
നഗരത്തിൽ തന്നെയാണ് നാദിയയുടെ വീട്. ചരിത്രപ്രസിദ്ധമായ പഴയ സെമിത്തേരി (Hauptfriedhof) ഇവിടെ അടുത്താണ്. ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരടക്കമുള്ള ആയിരക്കണക്കിന് മനുഷ്യർ ഇവിടെ നിത്യവിശ്രമം കൊള്ളുന്നു.
മൂവായിരത്തിലേറെ കല്ലറകളുള്ള ഒരു വാർസെമിട്രി പ്രത്യേകമായുണ്ട്. ഡോർട്ടുമുണ്ട് പ്രിസണിൽ ഹിറ്റ്ലർ ഗില്ലറ്റിൻ ഉപയോഗിച്ച് കൊന്നൊടുക്കിയ ജൂതരുടേയും കമ്യൂണിസ്റ്റുകാരുടേയും വിഭാഗം വേറെ. അയ്യായിരത്തിലേറെ സോവിയറ്റ് ഭടന്മാർ ഇവിടെ ഉറങ്ങുന്നു. ലക്ഷക്കണക്കിന് മക്കളെ ബലി കൊടുത്തിട്ടാണ് അന്ന് സോവിയറ്റ് യൂണിയൻ നാസിസം എന്ന മഹാഭീകരതയിൽനിന്ന് ലോകത്തെ രക്ഷിച്ചത്.
നാദിയയുടെ (Nadja Bouteldja) വീടിനു ചുറ്റും വിസ്തൃതമായ വയലുകളാണ്. വയലുകളും കാടും നഗരത്തോട് ചേർന്നുകിടക്കുന്നത് ജർമനിയുടെ സൗഭാഗ്യമാണ്. ഒരേ മാതൃകയിലുള്ള എട്ടുപത്തു വീടുകൾ. ഒരു കോളനി എന്നു പറയാം. മൂന്നുനില വീടുകളാണ്. പക്ഷേ കൂർത്ത മേൽക്കൂരക്കുള്ളിലെ മുന്നാംനില ഉപയോഗിക്കാനാവുമോ എന്നു സംശയമാണ്. അങ്ങോട്ട് കുത്തനെയുള്ള ഒരു ഇരുമ്പുകോണിയാണ്. പ്രായമായവർ കയറാൻ വിഷമിക്കും. എങ്കിലും ഞാൻ കയറി.
വയൽക്കരയിലെ നാദിയയുടെ വീട്
നാദിയയുടെ കുഞ്ഞനിയത്തി സുറായ അവൾ വളർത്തുന്ന മുയലുകളെ കാണിക്കാൻ കൊണ്ടുപോയതാണ്. അലസന്മാരായ രണ്ട് തടിയൻ മുയലുകൾ. ഒന്നിന്റെ പേര് എനിക്കിപ്പാഴും ഓർമ്മയുണ്ട്: ‘പീനട്ട്.’ എല്ലാ വീടുകൾക്കും സൗകര്യപ്രദമായ വീട്ടുതൊടികൾ ഉണ്ട്. ചെറിയ ഉദ്യാനവും അടുക്കളത്തോട്ടവും പരിപാലിക്കുന്നു. മുയലുകൾക്കുവേണ്ടി ചുറ്റും വലകെട്ടിത്തിരിച്ച ഇടവും കണ്ടു. Bouteldja കളുടെ വീട്ടിൽ കുട്ടികൾക്ക് ചാടിക്കളിക്കാനായി ഒരു വലിയ എയർ ബാഗ് സ്ഥാപിച്ചിട്ടുണ്ട്.
നാദിയയുടെ അച്ഛൻ ബഷോ ബോട്ടെഡ്ജ അൾജീരിയക്കാരനാണ്. അമ്മ പോളണ്ടുകാരി ഗബ്രിയേല. അച്ഛൻ മുസ്ലീമും അമ്മ ക്രിസ്ത്യാനിയുമാണ്. ഇരുവരും വിശ്വാസികൾ. റംസാൻ കാലത്ത് നോമ്പെടുക്കുന്നതിൽ ഒതുങ്ങുന്നു അച്ഛന്റെ മതാചാരം. പക്ഷേ അമ്മ കൂടുതൽ വിശ്വാസിയാണ്. പോളണ്ടുകാർക്ക് മതം ജീവിതത്തിന്റെ ഭാഗമാണത്രെ. മക്കളെ തങ്ങളുടെ മതത്തിലേക്കു ചേർക്കാൻ ഇരുവരും ശ്രമിച്ചിട്ടില്ല.
നാദിയയുടെ അച്ഛനമ്മമാരെക്കുറിച്ച് ഞാൻ നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. ഭാഷാപ്രശ്നം ഉള്ളതുകൊണ്ട് ശരീരാഖ്യാനത്തിലൂടെയാണ് അമ്മ മനസ്സിൽ നിറയുന്ന സ്നേഹം പ്രകടിപ്പിക്കുന്നത്. അച്ഛന് കുറച്ചൊക്കെ ഇംഗ്ലീഷ് അറിയാം. ജർമനും ഫ്രഞ്ചും അറബും കൂട്ടിക്കലർത്തിയ ഒരുതരം ഇംഗ്ലീഷിലാണ് അദ്ദേഹം സംസാരിക്കുന്നത്. കുട്ടിക്കാലത്തു തന്നെ താൻ നാടുവിട്ടു പോന്നു എന്ന് അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് അൾജീരിയ. തലസ്ഥാനം അൾജിയേഴ്സ്. ടുണീഷ്യ, ലിബിയ, നീഷർ, മൊറോക്കൊ, മാലി എന്നിവയുമായാണ് അതിർത്തി പങ്കിടുന്നത്. ‘സഹാറാ മരുഭൂമി എന്നു കേട്ടിട്ടില്ലേ? ഞങ്ങളുടെ രാജ്യത്താണ്.’ ബഷോ പറഞ്ഞു.
‘പക്ഷേ ഞാൻ ജനിച്ചുവളർന്നത് അൾജിയേഴ്സിന് അടുത്തുള്ള ഗ്രാമത്തിലാണ്. ആ ഭാഗത്ത് മരുഭൂമി ഇല്ല. കുറച്ചൊക്കെ ഫലഭൂയിഷ്ടിയുള്ള സ്ഥലമാണ്. ഇപ്പോഴും ഞങ്ങൾക്കവിടെ കൃഷിയുണ്ട്. മാതാപിതാക്കൾ മരിച്ചതുകൊണ്ട് നോക്കിനടത്താൻ ആരുമില്ല.’
ദീർഘകാലം ഫ്രാൻസിന്റെ അധീനതയിലായിരുന്നതുകൊണ്ട് ഫ്രഞ്ച് അവിടത്തെ പ്രധാന ഭാഷയാണ്. തനിക്കു നന്നായി ഫ്രഞ്ച് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ പഴയ ഫ്രഞ്ചധീന പ്രദേശങ്ങളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. കേരളത്തിനകത്തെ മയ്യഴിയെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം അത്ഭുതം കൊണ്ടു.
പത്തൊമ്പതാം നൂറ്റാണ്ടിലാണ് (1830) അൾജീരിയയിൽ ഫ്രഞ്ച് ആധിപത്യം ആരംഭിച്ചത്. പെട്രോളിയത്തിന്റെ കലവറ എന്ന നിലയിൽ സമ്പന്നമാണെങ്കിലും തന്റെ രാജ്യം നിരവധി ദുരിതങ്ങളിലൂടെ കടന്നുപോന്നതായി ബഷോ പറയുന്നു. ബാല്യകാലം അത്ര സന്തോഷകരമായിരുന്നില്ല. നന്നായി പഠിച്ചിരുന്നതുകൊണ്ട് സ്കൂൾ കാലത്തു തന്നെ ഒരു ജർമൻ സ്കോളർഷിപ്പ് ലഭിച്ചു. ജർമനിയിൽ പോയി താമസിച്ചു പഠിക്കാനുള്ള സഹായമാണ്. ജർമൻകുടുംബങ്ങളിൽ അവിടത്തെ മുതിർന്നവരുടെ സംരക്ഷണയിൽ താമസിച്ചു വേണം പഠനം. എൻജിനീയറിംഗ് വരെ പഠിച്ചു. ജോലി കിട്ടി. അതിനിടയിൽ പോളണ്ടുകാരിയായ ഗബ്രിയേലയെ പ്രണയിച്ചു വിവാഹം ചെയ്തു. നാലുകുട്ടികൾ. ഒരാണും മൂന്നു പെണ്ണും.
മുത്തവളാണ് നാദിയ. പത്താം ക്ലാസിൽ പഠിക്കുന്ന ഏറ്റവും ഇളയവളാണ് എനിക്ക് മുയലുകളെ പരിചയപ്പെടുത്തി തന്ന സുറായ. മറ്റൊരു സഹോദരി ലൈല മെഡിസിന് പഠിക്കുന്നു. സഹോദരൻ നസീം ഗവേഷണം നടത്തുകയാണ്. അയാൾ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി ജർമൻകാരിയാണ്. അമ്മ ഗബ്രിയേല പോളണ്ടിലെ വാഴ്സയിലാണ് ജനിച്ചത്. മുത്തശ്ശി ജർമനിയിൽ ജോലി ചെയ്തിരുന്നു. പഠനകാലത്ത് മുത്തശ്ശിക്കൊപ്പം വന്നുനിന്നതാണ്. പിന്നെ ജീവിതം ഇവിടെയായി. ഇപ്പോഴും വെക്കേഷനിൽ അവർ വാഴ്സയിലേക്കു പോകും. വൃദ്ധനായ മൂത്തസഹോദരൻ മാത്രമാണ് അവിടെ ബാക്കിയുള്ളത്. അദ്ദേഹം അവിവാഹിതനാണ്.
ഗബ്രിയേല സ്പെഷൽ സ്കൂൾ ടീച്ചറാണ്. പഠനത്തിലും ജീവിതത്തിലും ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുക എന്നതാണ് ചുമതല. ജർമനിയിൽ ശാരീരികമായി ബുദ്ധിമുട്ടുന്ന ഓരോ കുട്ടിക്കും ഒരു ടീച്ചർ വെച്ച് സഹായത്തിനുണ്ടെന്ന് അവർ പറഞ്ഞു. ‘രോഗം കുറ്റമല്ല’ എന്ന് തോപ്പിൽ ഭാസി ‘അശ്വമേധം’ നാടകത്തിലൂടെ പ്രഖ്യാപിച്ചത് ഓർക്കുമല്ലോ. ശാരീരിക വൈകല്യങ്ങളുമായി ജനിക്കുന്നത് ആ കുഞ്ഞിന്റെയോ മാതാപിതാക്കളുടെയോ കുറ്റമല്ല. രാസയുദ്ധങ്ങളുടേയും പരിസ്ഥിതിനാശത്തിന്റേയും ഇരകൾ മാത്രമാണ് അവർ. അധികാരികളാണ് കുറ്റക്കാർ. അതുകൊണ്ട് ഭിന്നശേഷിക്കാരെയും രോഗികളേയും പരിചരിക്കേണ്ടത് സമൂഹത്തിന്റെ / സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
ഇത്തരമൊരു മാനവികതയിലേക്ക് ജർമനിയെ നയിച്ചത് ചരിത്രത്തിൽനിന്നുള്ള ചില ചോദ്യങ്ങളാകാം.
നാസിഭരണ കാലത്തെ കുപ്രസിദ്ധ ആക്ഷൻ ടി 4 സംഘത്തിലെ അംഗങ്ങൾ
നാസികാലത്തെ Aktion T4 നേയും (മാറാരോഗികളേയും മനോനില തെറ്റിയവരേയും ഉന്മൂലനം ചെയ്യുന്ന പരിപാടി) Involuntary Euthanasia നേയും (സമ്മതമില്ലാത്ത ദയാവധം) പറ്റി ചങ്കിടിപ്പോടെ നമ്മൾ വായിച്ചിട്ടുണ്ടല്ലോ. വംശശുദ്ധി കാത്തു സൂക്ഷിക്കുക, ചികിത്സാ ബജറ്റ് കുറക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണത്രെ ഇത്തരം ‘കർമപരിപാടികൾ’ നടപ്പിലാക്കിയത്.
യുദ്ധത്തിൽ മരിക്കുന്ന കരുത്തരുടെ എണ്ണം കണക്കാക്കി അത്രയും അനാരോഗ്യവന്മാരെ കൊല്ലേണ്ടതുണ്ടെന്ന് ‘ഡാർവിനെ മുൻനിർത്തി’ നാസി പണ്ഡിതർ ശഠിച്ചു. ‘അനാരോഗ്യ’ത്തിന്റെ പേരിൽ ആയിരക്കണക്കിനു കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. ഡോർട്ടുമുണ്ടിലെ Aplerbeck Hospital അന്ന് ഇത്തരം കൊലകളുടെ കേന്ദ്രമായിരുന്നുവത്രെ. കൗതുകകരമായ സംഗതി ഇത്തരം ഉന്മൂലനങ്ങൾക്ക് ഹിറ്റ്ലറുടെ വലംകയ്യായി നിന്ന മന്ത്രി ജോസഫ് ഗോബൽസ് ജന്മനാ ഒരു മുടന്തനും കരൾവീക്കക്കാരനും ആയിരുന്നു എന്നതാണ്.
പോളിഷ്, അൾജീരിയൻ സമ്മിശ്രഭക്ഷണമാണ് ഉച്ചക്ക് വിളമ്പിയത്. ബഷോ പ്രത്യേക താൽപ്പര്യമെടുത്ത് സ്വയം തയ്യാറാക്കിയ ടർക്കിക്കറിയായിരുന്നു മുഖ്യവിഭവം. വലിയൊരു പാത്രത്തിൽ അഭിമാനത്തോടെ അദ്ദേഹം അതുകൊണ്ടുവെച്ചു. ഇറച്ചിയുടെ അസാധാരണ വലുപ്പം എന്നെ തെല്ലു ഭയപ്പെടുത്തി. അതു മനസ്സിലാക്കിയ ബഷോ അത് ചെറിയ കഷണങ്ങളാക്കി മുറിക്കാൻ തുടങ്ങി. ഉപ്പും കുരുമുളകും സോസുകളും ചേർത്ത് കഴിച്ചപ്പോൾ നല്ല രുചി തോന്നി. കൂടെ ബ്രഡ്ഡുകളും സൂപ്പും മീനും ഇലക്കറികളുമുണ്ട്. വയർ വല്ലാതെ നിറഞ്ഞു.
വൈകീട്ട് ഞങ്ങൾ ചുറ്റുമുള്ള വയലുകളിൽ നടക്കാനിറങ്ങി. പാർപ്പിടങ്ങൾക്കരികിലെ വയലുകൾ എന്നിൽ ഗൃഹാതുരത നിറച്ചു. ഞാൻ ജനിച്ചത് ഇങ്ങനെയൊരു ഗ്രാമത്തിലാണ്. ചെമ്മണ്ട കോൾപ്പടവുകളുടെ കരയിൽ. ഇപ്പോൾ താമസിക്കുന്നതും ഒരു വയൽക്കരയിൽ. ഡോർട്ടുമുണ്ടിലെ കൃഷിയിടങ്ങൾ ഞങ്ങളുടെ കാട്ടൂർ തെക്കുംപാടത്തെ ഓർമിപ്പിച്ചു. ബാർലിയും ചില ഓയിൽ സീഡുകളുമാണ് കണ്ടങ്ങളിൽ വിളയുന്നത്. വരമ്പുകളിലെ മരങ്ങളിൽ ആപ്പിളും പിയറും പാകമായി നിൽക്കുന്നു. നടന്ന് സ്ട്രോബറി വിളവെടുക്കുന്ന ഒരു പാടത്തെത്തി. കേട്ടിട്ടുണ്ടെങ്കിലും യൂറോപ്പിലെ ഒരു വിളവെടുപ്പു മഹോത്സവത്തിൽ പങ്കെടുക്കുന്നത് ആദ്യമാണ്.
സ്ട്രോബറി പാടം
സ്ട്രോബറി പല പ്രായത്തിൽ പാകമായിക്കിടക്കുന്നു. നന്നായി ചുവന്നു തുടുത്ത പഴങ്ങളുള്ള ഒരു ഭാഗം വേർതിരിച്ച് അവിടെയാണ് വിളവെടുപ്പ്. ചെറിയൊരു കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട്. അവിടെയിരിക്കുന്ന ലേഡി, പഴങ്ങൾ ശേഖരിക്കുവാനുള്ള ഒരു കൂട നമുക്കു തരും. കണ്ടത്തിലിറങ്ങി നമുക്കു പറിക്കാം. പറിക്കുക തിന്നുക; പറിക്കുക കൂടയിൽ നിറക്കുക, അങ്ങനെയാണ് പരിപാടി. ചെടിയിൽ നിന്നു പറിച്ച പഴങ്ങൾ നേരിട്ട് തിന്നാൻ എനിക്കു ഭയമായിരുന്നു. പെസ്റ്റിസൈഡ് ഇല്ല എന്ന് പറഞ്ഞ് നാദിയയും അച്ഛനും ധൈര്യം തന്നു.
കീടനാശിനികൾ ഉപയോഗിക്കാതെ കൃഷി ചെയ്യുന്നത് ഇന്ത്യയിലിപ്പോൾ ആലോചിക്കാൻ പറ്റാത്ത കാര്യമാണല്ലോ. എത്രമാത്രം വിഷമാണ് നാം നിത്യേന അകത്താക്കുന്നത്. മാരകമായ കാൻസർ രോഗത്തിന്റെ വ്യാപനം ഈ വിഷഭക്ഷണം കാരണമാണ് എന്നതിൽ ഒരു സംശയവുമില്ല. കീടനാശിനിയില്ലാത്ത ജർമൻ കൃഷിരീതി നമുക്ക് എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? കൂടയിൽ നിറച്ച സ്ട്രോബറിപ്പഴങ്ങൾ കൗണ്ടറിൽ ഏൽപ്പിച്ചു. മാന്യ വനിത അത് പായ്ക്ക് ചെയ്തു തന്നു. അതിന് വില കൊടുക്കണം. ഞങ്ങൾ തിരിച്ചുപോന്നു.
സ്ട്രോബറി പഴം
സമയം രാത്രി ഒമ്പതു മണിയായിട്ടും ഡോർട്ട്മുണ്ട് നഗരം സൂര്യവെളിച്ചത്തിൽ കുളിച്ചുനിൽക്കുകയാണ്. വേനലാഘോഷിച്ച് ആളുകൾ തെരുവിലുണ്ട്. ജർമനിയിലെ എല്ലാ നഗരങ്ങൾക്കും അതിജീവനത്തിന്റെ കഥ പറയാനുണ്ട്.
ഒന്നാം ലോകയുദ്ധത്തിലെ ബോംബിങ്ങിൽ പാടെ തകർന്നുപോയ നഗരമാണ് ഡോർട്ടുമുണ്ട്. ഖനികളും ഉരുക്കു വ്യവസായ ശാലകളും ഉണ്ടായിരുന്നതിനാൽ ഇത് ശത്രുക്കളുടെ മുഖ്യ ലക്ഷ്യമായിരുന്നു. ഇന്ന് തകർച്ചയുടെ അവശേഷിപ്പുകളില്ലാതെ ഈ നഗരം പ്രകാശിക്കുന്നു. നാദിയയുടെ കാർ ഓട്ടോബാനിലൂടെ കുതിച്ചു,
10. നാട്ടുചന്തകൾ
ശനിയും ഞായറും ജർമനിയിൽ പൊതു ഒഴിവുദിവസങ്ങളാണ്. നിരത്തുകളിൽ തിരക്കു കുറവായിരിക്കും. പാനിയക്കടകളും റെസ്റ്ററാന്റുകളും മാത്രമേ തുറന്നുപ്രവർത്തിക്കുകയുള്ളു. ഉച്ചയോടടുക്കുമ്പോൾ അവക്കു മുന്നിലിട്ട കസേരകളിൽ എന്തെങ്കിലുമൊക്കെ കുടിച്ചും ഭക്ഷിച്ചും ആളുകൾ ഒത്തുകൂടും. ഏറെയും പ്രായമായവരാണ്. മേശക്ക് ഇരുഭാഗത്തുമായി മുഖാമുഖം നോക്കി മിണ്ടാതെയിരിക്കുന്ന വൃദ്ധദമ്പതികളേയും കാണാറുണ്ട്.
അവധിദിനങ്ങളിലെ പ്രധാന നഗരക്കാഴ്ച വീക്കിലി മാർക്കറ്റുകളാണ്. നമ്മുടെ പഴയ ആഴ്ചച്ചന്തകൾ തന്നെ. ആളൊഴിഞ്ഞ നഗരകേന്ദ്രങ്ങളും ഫുട്പാത്തുകളും പാർക്കിംഗ് ഏരിയകളുമാണ് ചന്തകളുടെ ആസ്ഥാനം. ചെറുതും വലുതുമായ ചന്തകളുണ്ട്.
കഴിഞ്ഞ വരവിൽ ബർളിൻ നഗരത്തിൽ ഞങ്ങൾ സന്ദർശിച്ച ചന്തകൾ ചെറുതും ലളിതവുമായിരുന്നു. വാഹനമൊഴിഞ്ഞ പാർക്കിംഗ് പ്ലേസുകളിൽ രണ്ടോ മൂന്നോ താൽക്കാലിക ബൂത്തുകൾ. ചില വണ്ടിപ്പീടികകളുമുണ്ട്. പഴങ്ങളും പച്ചക്കറികളുമാണ് അവിടെ വിൽപ്പന നടത്തിയിരുന്നത്.
ഇവിടെ എസ്സെനിലെ നാട്ടുചന്തകൾ വലുതും വിപുലവുമാണ്. Essen Hauptbahnhof മുന്നിലെ വിശാലമായ നഗരചത്വരം ഒരു ദിവസംകൊണ്ട് ജനകീയമായ ഒരു കച്ചവടകേന്ദ്രമായി മാറിയിരിക്കുന്നു. Shops on Wheels എന്നു പറയാവുന്ന വിധം പ്രത്യേകം സജ്ജീകരിച്ച തട്ടുകളുള്ള വാഹനങ്ങളിലാണ് കച്ചവടം. ഒരോന്നിലും വ്യത്യസ്ത വസ്തുക്കൾ ശേഖരിച്ച് വിൽപ്പനക്ക് നിരത്തിയിരിക്കുന്നു. ഒന്നിൽ മുട്ടയാണെങ്കിൽ മറ്റൊന്നിൽ മാംസം. വൈവിധ്യമുള്ള ചീസുകൾ. പാലുൽപ്പന്നങ്ങൾ.
മത്സ്യമാംസക്കടകളുണ്ട്. വിവിധയിനം തേനുകൾ വിൽക്കുന്ന കട കണ്ടു. വൈനുകളുടെ മറ്റൊന്ന്. യൂറോപ്യൻ ജനതയുടെ മുഖ്യഭക്ഷണമായ ബ്രഡ്ഡുകൾ പല രൂപത്തിൽ പല വലുപ്പങ്ങളിൽ നിരത്തിവെച്ചിരിക്കുന്നു. ഭീമാകാരമായവയും ഉണ്ട്. പായ്ക്ക് ചെയ്ത സാലഡുകൾ. പൂക്കൾ നിറഞ്ഞ ചെറിയ ചെടികൾ ജർമൻകാർക്ക് പ്രിയപ്പെട്ടതാണെന്നു തോന്നുന്നു. പിന്നെ നിത്യജീവിതത്തിനുള്ള വസ്തുവഹകൾ. വസ്ത്രങ്ങൾ, ചെരിപ്പ്, ലഘുയന്ത്രങ്ങൾ, പാത്രങ്ങൾ, ബക്കറ്റുകൾ, കത്തി, സ്പൂൺ, കയിൽ. കുക്കിംഗ് ഉപകരണങ്ങൾ. പച്ചക്കറികൾക്ക് പ്രത്യേകമായ ഒരു വിഭാഗം തന്നെ തിരിച്ചതായി കണ്ടു. വേനലായതു കൊണ്ട് സമ്മർ വസ്ത്രങ്ങളുടെ കമനീയമായ ശേഖരം ഉണ്ടായിരുന്നു.
ഇത്തരം ചന്തകളിൽ മറ്റു വിപണികളേക്കാൾ വിലക്കുറവ് ഉണ്ടാകേണ്ടതാണല്ലോ. ഇവിടെ അങ്ങനെയില്ലെന്ന് കുട്ടികൾ പറയുന്നു. സാധനങ്ങൾ ഫ്രഷ് ആണ് എന്നതാണ് ഗുണം. പിന്നെ കൃഷിക്കാരും മറ്റ് ഉൽപ്പാദകരും നേരിട്ടുകൊണ്ടുവന്ന് വിൽക്കുന്നു എന്ന വിശേഷമുണ്ടല്ലോ. പഴയ തലമുറ തന്നെയാണ് ഇത്തരം ചന്തകളിലെ പ്രധാന ഉപഭോക്താക്കൾ. ആൾത്തിരക്ക് ഏറെയുണ്ടെങ്കിലും അതിനനുസരിച്ചുള്ള ശബ്ദവും ബഹളവും ഇല്ലെന്നത് ജർമൻ വീക്കിലി മാർക്കറ്റുകളുടെ പ്രത്യേകതയാണ്. എന്തെങ്കിലും അഴുക്കോ മാലിന്യമോ കാണാനാവില്ല.
ഇവിടത്തെ നിശ്ശബ്ദത എന്നെ നാട്ടിലെ പഴയ ആഴ്ചച്ചന്തകളിലെ ബഹളങ്ങളിലേക്കു കൊണ്ടുപോയി. ഹൃദ്യമായ ശബ്ദകോലാഹലങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. നാട്ടുവർത്തമാനങ്ങൾ. വിലപേശലുകൾ. ചില്ലറ വഴക്കുകൾ. ചൊവ്വയും ശനിയുമായിരുന്നു കാട്ടൂരങ്ങാടിയിലെ ചന്തദിവസങ്ങൾ. നിരത്തിവെച്ച നേന്ത്രവാഴക്കുലകൾക്കിടയിൽനിന്ന് കാറളത്തെ എഴുത്തച്ഛന്മാർ ഒച്ചവെക്കുന്നത് ഇപ്പോഴും എന്റെ ചെവികളിലുണ്ട്.
മൺകലങ്ങൾ, പനമ്പുകൾ, പായകൾ, മരച്ചീനിക്കൂമ്പാരങ്ങൾ. വൃത്തിയാക്കി അടക്കി അലങ്കരിച്ചു വെച്ച ഉണക്കമീൻ തട്ടുകൾ. റാവുത്തന്മാർ അലറുന്ന ആട്ടിറച്ചിക്കടകൾ. രക്തരൂക്ഷിതമായ പോത്തറവു കേന്ദ്രങ്ങൾ. പഴയ കാലത്തെ ഒരു പ്രധാന ജലപാതയായിരുന്ന കാനോലിക്കനാലിന്റെ കരയിലാണ് ഞങ്ങളുടെ കാട്ടൂരങ്ങാടി. വറ്റൽമുളകിന്റേയും ബാർസോപ്പിന്റെയും സമ്മിശ്രഗന്ധം ഉയരുന്ന അങ്ങാടിത്തെരുവിന് പിന്നിലായി കനാലിന്റെ ഓരത്തു തന്നെയാണ് ചന്ത കൂടുക പതിവ്.
ചുറ്റുമുള്ള നാനാദേശങ്ങളിൽനിന്നും മനുഷ്യർ അവരുടെ ഉൽപ്പന്നങ്ങളുമായി വരും. കിഴക്കുനിന്നാണ് വാഴക്കുലകൾ. ഹൈസ്കൂളിൽ പഠിക്കാനായി ഞാൻ കാറളത്തേക്ക് പോകുമ്പോൾ എതിർഭാഗത്തുനിന്ന് നിരനിരയായി കാവുകൾ വരുന്നുണ്ടാവും. ഭാരംകൊണ്ടുള്ള ആയാസം മൂലം അന്നേരം എഴ്ശ്ശന്മാർ നിശ്ശബ്ദരായിരിക്കും. നാലുമണിക്ക് സ്കൂൾ വിട്ടു മടങ്ങുമ്പോഴാണ് അവരുടെ തിരിച്ചുപോക്ക്. ഇത്തിരി മരനീര് ഉള്ളിൽ കിടക്കുന്നതിന്റെ സന്തോഷം ആ മുഖങ്ങളിൽ കാണും. എല്ലാവരും വാചാലരായിരിക്കും.
കരുവന്നൂരിൽ നിന്നാണ് മൺപാത്രങ്ങൾ വന്നിരുന്നത്. വെള്ളാനിയിലെ ചെറുനീലിയും സംഘവും മുളയും വട്ടിയും കുട്ടയുമായി വരും. വിൽപ്പന മാത്രമല്ല; മുളചിന്തലും കുട്ടമെടയലുമൊക്കെ അവിടെ നടക്കും. അക്കരെനിന്ന് കൈതോലപ്പയകൾ. കുട്ടികൾക്ക് ചന്തയിൽ കാര്യമായ സ്ഥാനമുണ്ടായിരുന്നു. പച്ചമുളക്, കോൽപ്പുളി, ആടിനുള്ള പ്ലാവില, കറിവേപ്പില എന്നിവ ചെറിയ പങ്കുകളായി നിരത്തിവെച്ച് വിൽപ്പന നടത്തുന്നത് അവരാണ്.
ചന്തദിവസങ്ങളിൽ ഞങ്ങളുടെ കാട്ടൂർ പോംപെ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ ക്ലാസുകളിൽ ഹാജർ വളരെ കുറവായിരിക്കും. പിറ്റേന്ന് ഒരുപാട് ജീവിതകഥകളുമായാണ് കൂട്ടുകാർ ക്ലാസിൽ വരിക.
‘മൈ യൂനിവേഴ്സിറ്റീസ്’ എന്നാണല്ലോ മാക്സിം ഗോർക്കി തന്റെ ആത്മകഥക്ക് പേരിട്ടിരിക്കുന്നത്. മനുഷ്യാനുഭവങ്ങളുടെ സർവ്വകലാശാലകളായിരുന്നു അക്കാലത്തെ നാട്ടുചന്തകൾ. ക്ലാസിലിരുന്ന് സമപ്രായക്കാരായ കൂട്ടുകാർ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ അവർക്കു മുന്നിൽ എത്ര ശിശുവാണ് ഞാനെന്നോർത്ത് ലജ്ജിക്കാറുണ്ട്.
അച്ഛന്റെയോ അച്ചാച്ചന്റെയോ കൂടെ വല്ലപ്പോഴും ഞാനും അങ്ങാടിയിൽ പോകാറുണ്ട്. അവിടത്തെ കാട്ടൂർ സർവ്വീസ് സഹകരണ സംഘത്തിൽ അച്ഛൻ ഓണററി സെക്രട്ടറിയായിരുന്നു. സൊസൈറ്റി കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്നാൽ ഇരമ്പുന്ന ചന്ത കാണാം. അച്ചാച്ചന്റെ കൂടെയാണ് പോകുന്നതെങ്കിൽ ആദ്യം കയറുക കാട്ടൂർക്കടവ് കള്ളുഷാപ്പിലായിരിക്കും. അന്നത്തെ കള്ളുഷാപ്പുകൾ ജനകീയ സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു.
കാട്ടൂരങ്ങാടി മാത്രമല്ല; കനോലിക്കനാലിന്റെ ഇരുകരകളിലുമായി നിരവധി അങ്ങാടികളും ചന്തകളും ഉണ്ട്. ഇന്നും അവയിൽ ചിലത് ബാക്കിയുണ്ട്. കനാലിലെ എല്ലാ കടവുകളും അങ്ങാടികളാണ് എന്നു പറയാം. തെക്ക് കോട്ടപ്പുറം ചന്തയും
കോട്ടപ്പുറം ചന്ത
വടക്ക് കണ്ടശ്ശാങ്കടവ് ചന്തയുമാണ് അതിൽ പ്രസിദ്ധം. തുറമുഖമായ കൊച്ചിയിൽ നിന്ന് മലബാറിലേക്കുള്ള ജലപാതയായതുകൊണ്ട് ഒരുകാലത്ത് കനാലിൽ ചരക്കുനീക്കം സജീവമായിരുന്നു. ഇറക്കുമതി മാത്രമല്ല, കയറ്റുമതിയും ഉണ്ടായിരുന്നു. ഓരോ കടവിൽ നിന്നും തനതു വിഭവങ്ങൾ കയറ്റി അയക്കും. കാട്ടൂരങ്ങാടിയിൽനിന്ന് പോയിരുന്നത് വെളിച്ചെണ്ണ, കൊപ്ര, പിണ്ണാക്ക്, വരട്ടോല തുടങ്ങിയ കേരോത്പ്പന്നങ്ങളായിരുന്നു.
ഇന്ന് എല്ലായിടത്തും എല്ലാം കിട്ടുന്ന കാലമാണല്ലോ. അഭിരുചികളുടെ വൈവിധ്യവും ഏറെക്കുറെ നഷ്ടപ്പെട്ടു. എന്റെ കുട്ടിക്കാലത്ത് ഓരോ ദേശത്തിനും അവരുടേതായ പ്രത്യേക ഉൽപ്പന്നങ്ങളും വിഭവങ്ങളും രുചികളുമുണ്ടായിരുന്നു. ഓരോ സ്ഥലത്തെ ആഴ്ചചന്തകളും വ്യത്യസ്ത വസ്തുക്കളാണ് വിൽപ്പനക്കായി ഒരുക്കിയിരുന്നത്. ചിലയിടങ്ങൾ ചിലവിഭവങ്ങൾക്ക് പ്രസിദ്ധമായിരുന്നു. ഉദാഹരണത്തിന് കാട്ടൂരങ്ങാടി ആട്ടിറച്ചിക്ക് പ്രശസ്തമായിരുന്നു.
മറ്റിടങ്ങളിൽ ഇറച്ചി ഇല്ലാഞ്ഞിട്ടല്ല. സംഗതി കാട്ടൂരിൽ പോയി വാങ്ങിച്ചാലേ തൃപ്തി വരൂ. എന്റെ അച്ചാച്ചൻ ചരുവിൽ അയ്യപ്പക്കുട്ടി എന്നയാൾ കോട്ടപ്പുറം ചന്തയിൽ പോയിട്ടല്ലാതെ ഉണക്കമീനും ചെമ്മീനും വാങ്ങിച്ചിട്ടില്ല. പോത്തിറച്ചി അദ്ദേഹം വാങ്ങിച്ചിരുന്നത് കരുവന്നൂർ പുഴക്കക്കരെയുള്ള ചിറക്കൽ അങ്ങാടിയിൽ നിന്നാണ്. ഓണമടുത്താൻ വീടിൻ്റെ ചുമരുകൾ വെള്ളപൂശണമല്ലോ. അതിനുള്ള നീറ്റുകക്ക വാങ്ങിക്കാൻ കാട്ടൂരങ്ങാടിയിൽ എത്തുന്ന നിരവധി പരദേശികളെ ഞാൻ കണ്ടിട്ടുണ്ട്.
കാനോലിക്കനാലിനപ്പുറത്ത് മലബാറാണ്. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് പഴയ മദ്രാസ് സ്റ്റേറ്റിൽപ്പെട്ട മലബാർ ജില്ലയുടെ തെക്കേ അറ്റം. സാമ്രാജ്യത്വവാഴ്ചയുടെ ശ്രദ്ധയൊന്നും അങ്ങോട്ട് എത്തിയിരുന്നില്ല. ജീവിതം അവിടെ അങ്ങേയറ്റം ദുസ്സഹമായിരുന്നു. മത്സ്യബന്ധനവും വിതരണവുമായിരുന്നു ജീവിതമാർഗം. ചങ്കൂറ്റക്കുറവും പിന്നെ ജാത്യാഭിമാനവും മൂലം ആ തൊഴിലിനിറങ്ങാൻ പലരും മടിച്ചിരുന്നു. ഫലം കൊടുംപട്ടിണി. ചില കുടുംബങ്ങൾ കൈതോല വെട്ടിയുണക്കി പായനെയ്ത് വിറ്റ് വല്ലതും വാങ്ങിക്കഴിച്ചാണ് ജീവൻ നിലനിർത്തിയിരുന്നത്.
സ്വാതന്ത്ര്യം കിട്ടിയിട്ടും സ്ഥിതിഗതികൾ മാറിയിരുന്നില്ല. നെയ്തുണ്ടാക്കിയ പായച്ചുരുളുമായി കടലോരത്തെ സ്ത്രീകൾ കാട്ടൂരങ്ങാടിയിൽ വരും. ദാരിദ്ര്യത്തെ അവരുടെ മുഖങ്ങളിൽ നിന്നു വായിച്ചെടുക്കാമായിരുന്നു. പായ വിറ്റ് പ്രധാനമായും അവർ വാങ്ങിച്ചിരുന്നത് മരച്ചീനിയാണ്. ഞങ്ങളുടെ നാട്ടിൽ കൊള്ളിക്കിഴങ്ങ് എന്നു പറയും.
എന്റെ കുട്ടിക്കാലം എന്നത് ഏതാണ്ട് അറുപത് / എഴുപതുകളാണ്. ഇന്ത്യാ ചൈന, ഇന്ത്യാ പാക്കിസ്ഥാൻ, ബംഗ്ലാദേശ് യുദ്ധങ്ങളുടെ കാലം. അതിന്റെ ഭാഗമായ ഭക്ഷ്യക്ഷാമമായിരുന്നു നാട്ടിലാകെ. റേഷൻ കടകൾക്കു മുന്നിൽ അരിയോ ഗോതമ്പോ വരുന്നത് കാത്ത് മനുഷ്യർ കൂട്ടംകൂടി നിന്നിരുന്നത് ഓർമയുണ്ട്. ഒട്ടുമിക്ക മനുഷ്യരേയും അന്ന് ജീവിപ്പിച്ചു നിറുത്തിയത് മരച്ചീനിയാണ്.
കാട്ടൂരങ്ങാടി മരച്ചീനിക്കച്ചവടത്തിന് പ്രസിദ്ധമായിരുന്നു. കിഴക്കൻ മലകളിൽനിന്നാണ് അത് വരുന്നത്. ഒന്നിനു പിറകെ ഒന്നായി ലോറികളിൽ കിഴങ്ങ് കൊണ്ടു വന്നിറക്കും. കൂട്ടിയിട്ട മരച്ചീനിക്കുന്നുകൾ മിനിറ്റുകൾ കൊണ്ട് അപ്രത്യക്ഷമാകും. കാൽതുലാൻ എന്ന അളവിലാണ് ആളുകൾ സാധാരണ വാങ്ങിച്ചിരുന്നത്. ടാപ്പിയോക്ക മർച്ചന്റ്സ് അസോസിയേഷൻ, ടാപ്പിയോക്ക വർക്കേഴ്സ് യൂണിയൻ എന്നിവയായിരുന്നു കാട്ടൂരിൽ അക്കാലത്തെ പ്രബല സംഘടനകൾ.
ശനിയാഴ്ചച്ചന്തയിൽ നിന്നാണ് ഞങ്ങൾ വിട്ടുസാമാനങ്ങൾ വാങ്ങിച്ചിരുന്നത്. അച്ചാച്ചനാണ് അതിന്റെ ചാർജ്ജ്. സഹായികളായി ഞങ്ങൾ കുട്ടികൾ ആരെങ്കിലും പോകും. വലിയവീട്ടിൽ ഇട്ടൂപ്പിന്റെ കടയിൽനിന്നാണ് പലചരക്ക് വാങ്ങിച്ചിരുന്നത്. നിരത്തിവെച്ച ചാക്കുകൾക്കിടയിലൂടെ ബനിയനും കള്ളിമുണ്ടുമുടുത്ത ‘എടുത്തുകൊടുപ്പു’കാർ ഓടിനടക്കുന്ന വിസ്തൃതമായ കട.
പാട്ടുപോലെ ഉറക്കെ പറഞ്ഞു കൊണ്ടാണ് ഇട്ടൂപ്പ് ബില്ലെഴുതുക. അത്യാവശ്യം രാഷ്ടീയമൊക്കെ പറയും. വിമോചനസമരം നടന്നുകഴിഞ്ഞ കാലമായതുകൊണ് കുറച്ച് കമ്യൂണിസ്റ്റ് വിരോധം ഉണ്ടായിരുന്നു. നക്സലൈറ്റ് അക്രമം നടന്ന കാലത്ത് അദ്ദേഹം പ്രവചിച്ചു: ‘ചൈനക്കാർ ഇന്ത്യ പിടിച്ചാൽ ഈ അജിതയാവും കേരളം ഭരിക്കുക.’ അറുപത്തേഴിലെ ഇലക്ഷൻ കഴിഞ്ഞ് മന്ത്രിസഭ അധികാരമേൽക്കുന്ന ദിവസം വെടിക്കെട്ടു നടത്താൻ സംഭാവന ചോദിച്ച് ഒരു സഖാവ് അദ്ദേഹത്തിന്റെ അടുത്തെത്തി. അവരുടെ സംഭാഷണങ്ങൾ ഞാൻ കേട്ടത് ഓർക്കുന്നു.
‘നൂറ്റിപ്പതിനാല് ഡയനയാണ് പൊട്ടിക്കുന്നത്.’ സഖാവ് പറഞ്ഞു.
‘എന്റെ നെഞ്ചത്തു വെച്ചാണോ പൊട്ടിക്കുന്നത്?’ ഇട്ടൂപ്പ് മുതലാളി ചോദിച്ചു.
തെങ്ങുകളായിരുന്നു അക്കാലത്ത് ഞങ്ങളുടെ ജീവിതത്തിന്റെ മൂലധനം. തേങ്ങ വിറ്റ ആഴ്ചയിലെ ചന്തയിൽ പോക്ക് ഉത്സാഹത്തോടെയായിരിക്കും. അന്ന് ആട്ടിറച്ചി വാങ്ങിക്കും. വിഷു, കർക്കട സംക്രാന്തി, എസ്എൻഡിപി ക്ഷേത്രോത്സവം എന്നീ ദിവസങ്ങളിലാണ് പോത്തിറച്ചി വാങ്ങിച്ചിരുന്നത്. പോത്തിനെ അറക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ പോവുക പതിവില്ല. ആടറവുകാരനായ അയൽവാസി റാവുത്തർ ഹനീഫണ്ണൻ ആളെ വിട്ട് വാങ്ങിച്ചു തരും. വാങ്ങൽപ്രക്രിയ കഴിഞ്ഞാൽ ചന്തക്കു പുറത്തുള്ള കൊളംബോ ഹോട്ടലിൽ കയറും. അവിടത്തെ പൊറോട്ടയും ആവിപറക്കുന്ന മട്ടൻ ചാപ്സുമാണ് പ്രേരണ. ഹൊ! അതൊരുഗ്രൻ ഭക്ഷ്യവിഭവമായിരുന്നു.
എസ്സെനിലെ ആഴ്ചചന്തയിലും ചൂടുള്ള ഭക്ഷ്യവിഭവങ്ങളുണ്ട്. പലയിനം സാൻഡ്വിച്ചുകളാണ് പ്രധാനം. ഫിഷ്, എഗ്ഗ് സാൻഡ്വിച്ചുകൾ എനിക്കിഷ്ടമാണ്. നമുക്ക് തീർത്തും അപരിചതമായ ഭക്ഷ്യപദാർത്ഥങ്ങളുമുണ്ട്. ആളുകൾ പായ്ക്ക് ചെയ്ത് വാങ്ങിച്ച് കൊണ്ടു പോകുന്നതു കണ്ടു. ഞങ്ങൾ പുറത്തു കടന്ന് ഒരു അമേരിക്കൻ റെസ്റ്ററാന്റിൽനിന്ന് ഭക്ഷണം കഴിച്ചു. ബീഫായിരുന്നു പ്രധാന വിഭവം.
പിന്നെ ബ്രെഡ്ഡ്, ഒരു കഷണം തക്കാളി. ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ പലവകഭേദങ്ങൾ ഭക്ഷ്യമേശകളിൽ കാണാനുണ്ടായിരുന്നു. മസാലകൾ കുറവായതുകൊണ്ടാവണം യൂറോപ്യൻ ഭക്ഷണം ഒരിക്കലും എന്റെ വയറിനെ കുഴപ്പത്തിലാക്കിയിട്ടില്ല .(തുടരും)
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..