ദുബായ്> യുഎഇ യിൽ രണ്ട് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം റദ്ദാക്കി. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ലൈസൻസ് റദ്ദാക്കിയത്.
ദുബായിലെ ഷമ്മ അൽ മഹൈരി ഗാർഹിക തൊഴിലാളി സേവന കേന്ദ്രവും അജ്മാനിലെ അൽ ബർഖ് ഗാർഹിക തൊഴിലാളി സേവന കേന്ദ്രവും നിയമ ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും തുടർനടപടികൾക്കായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഉടമകളോട് അവരുടെ തൊഴിലാളികളുടെ സ്റ്റാറ്റസ് തീർപ്പാക്കണമെന്നും തൊഴിലാളികളോടും, ഗാർഹിക തൊഴിലാളികളുടെ തൊഴിലുടമകളോടും ഉള്ള ബാധ്യതകൾ നിറവേറ്റണമെന്നും, ലൈസൻസ് റദ്ദാക്കുന്ന തീയതി വരെ കുടിശ്ശികയുള്ള പിഴ അടയ്ക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം.
യുഎഇയിലുടനീളമുള്ള ലൈസൻസുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികൾ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണെന്നും, എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇടപാടുകാർക്ക് ഏകീകൃത വിലനിർണ്ണയം ഉൾപ്പെടെ നിരവധി സേവനങ്ങൾ നൽകുന്നതിനും വ്യക്തമായ നിയന്ത്രണങ്ങൾക്കും സംവിധാനങ്ങൾക്കും കീഴിലാണ് പ്രവർത്തിക്കുന്നത് എന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന ഏജൻസികൾ ശിക്ഷിക്കപ്പെടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..