ഏകദേശം ഇരുപത് വർഷങ്ങൾക്കു മുമ്പാണ് അവർ ജർമനിയിലെത്തിയത്. പറഞ്ഞുകേൾക്കുമ്പോൾ അത് ഒഴുക്കിൽപ്പെട്ട ഒരു ഇലയുടെ യാത്രയായി നമുക്ക് തോന്നും. പലവഴികൾ താണ്ടി ജർമനിയിലെ ഈ നഗരത്തിൽ വന്നടിഞ്ഞതാണ്. ഇവിടെ വരുന്നതിന് മുമ്പ് ഇന്ത്യയിലായിരുന്നു.
2022 മെയ് 29. ഇന്ന് എസ്സെനിലെ വീട്ടിൽ ഞങ്ങൾക്ക് ഒരതിഥി ഉണ്ടായിരുന്നു. കവിയും ശ്രീലങ്കൻ തമിഴ് വംശജയുമായ കുബോധിനി. തമിഴ് / മലയാളം എഴുത്തുകാരനും നടനുമായ ഷാജി ചെന്നൈയുടെ സുഹൃത്താണ് കുബോധിനി. ഷാജി പറഞ്ഞാണ് ഞാൻ ജർമനിയിൽ ഉണ്ടെന്ന് അവർ അറിഞ്ഞത്.
എഴുത്തിന്റെ ഫലമായി എനിക്കു കിട്ടിയ വിലയേറിയ സൗഹൃദങ്ങളിൽ ഒന്നാണ് ഷാജി. ഇടുക്കിയിലെ മലയോരത്ത് ജനിച്ചു വളർന്ന് സിനിമാപ്രാന്ത് കയറി നാടുവിട്ട അദ്ദേഹം ഇന്ന് തമിഴ് സാംസ്കാരികലോകത്തെ സജീവ സാന്നിധ്യമാണ്. നടനും എഴുത്തുകാരനുമാണ്. തമിഴിൽ സംഗീതത്തെക്കുറിച്ചാണ് പ്രധാന എഴുത്ത്. മലയാളത്തിൽ ‘പാട്ടല്ല സംഗീതം’ എന്ന പുസ്തകമുണ്ട്. കൂടാതെ ‘ഒരു സിനിമാഭ്രാന്തിന്റെ നാൽപ്പത് വർഷങ്ങൾ’ എന്ന സ്വന്തം ജീവിതകഥയും.
ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ തമിഴ് എഴുത്തുകാർ എന്ന നിലയ്ക്കാണ് ഷാജിയും
ഷാജി ചെന്നൈ
കുബോധിനിയും തമ്മിലെ സൗഹൃദം. തമിഴ് എഴുത്തുകാരുടെ നിരവധി വാട്സാപ്പ് കൂട്ടായ്മകൾ ഉണ്ട്. ലോകത്ത് എല്ലായിടത്തും തമിഴനും തമിഴും ഉണ്ടല്ലോ. എല്ലായിടത്തും മലയാളി ഉണ്ടെങ്കിലും മലയാളമില്ല. കുബോധിനിയുടെ സന്ദർശനം സന്തോഷകരമായ അനുഭവമായി മാറി. ഞായറാഴ്ച ആയിരുന്നതുകൊണ്ട് രാജയും നാദിയയും വീട്ടിൽ ഉണ്ടായിരുന്നു.
കുബോധിനി താമസിക്കുന്നത് Altenessen എന്ന സ്ഥലത്താണ്. എസ്സെൻ നഗരത്തിന്റെ വടക്കേയറ്റമാണത്. ഏതാണ്ട് തെക്കേയറ്റത്ത് ഞങ്ങൾ താമസിക്കുന്നു. Altenessen മുതൽ Bredeney വരെ തീവണ്ടികളും ട്രാമുകളും നിരന്തരമായി ഓടിക്കൊണ്ടിരിക്കുന്നു. അതിനിടയിലാണ് എസ്സെൻ നഗരകേന്ദ്രം. സ്വന്തം നിലക്കുള്ള എന്റെ യാത്രകളിൽ പലതും ഈ റൂട്ടിലൂടെയായിരുന്നു. Altenessen ഞാൻ വന്നിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ കുബോധിനിക്ക് കൗതുകമായി.
‘എന്തിന്?’ അവർ ചോദിച്ചു.
‘വെറുതെ’.
അവിടെ യാത്രയവസാനിപ്പിക്കുന്ന ഒരു ട്രാമിലാണ് ഞാൻ പോയത്. ചെറിയൊരു പട്ടണപ്രാന്തമാണത്. പുറത്തിറങ്ങി പതിവുപോലെ ഒന്നു ചുറ്റിനടന്നശേഷം തിരിച്ചുപോന്നു. അൾട്ടനെസ്സനിലും ഒരു കോൾമൈൻ മ്യൂസിയം ഉണ്ടെന്ന് കുബോധിനി പറഞ്ഞു. Carl Mine. ഇപ്പോഴത് ഒരു കൾച്ചറൽ സെന്ററാക്കി മാറ്റിയിരിക്കുകയാണ്. സംഗീതപരിപാടികളും സെമിനാറുകളും ആർട്ട് വർക്ക്ഷോപ്പുകളും നിരന്തരം നടക്കുന്നു.
സ്വന്തമായി ഒരു പാനീയക്കട നടത്തുകയാണ് കുബോധിനി. പാനീയക്കടകൾ ജർമനിയിൽ സാധാരണമാണ്. ഞങ്ങൾ താമസിക്കുന്നതിന്റെ എതിർഭാഗത്തും ഒന്നുണ്ട്. എല്ലാത്തരം ഡ്രിങ്കുകളും ഉണ്ടെങ്കിലും ബിയർ ആണ് പ്രധാന വിൽപ്പന.
ലേഖകനും ശ്രീലങ്കൻ കവയിത്രി കുബോധിനിയും
ബിയർ ജർമനിയുടെ ദേശീയപാനീയം ആണെന്നു പറയാം. കുപ്പിവെള്ളത്തേക്കാൾ വില കുറവാണ്. ഒരോ ജർമൻ നഗരങ്ങൾക്കും അവരുടേതായ ബ്രാന്റുകൾ ഉണ്ട്. ബർളിനർ ആണ് തലസ്ഥാനനഗരത്തിന്റെ അഭിമാനമായ ഉല്പന്നം. Stander ആണ് എസ്സെൻ നഗരത്തിന്റേത്. ഫുട്ബോൾ ക്ലബ്ബുകൾ പോലെത്തന്നെയാണ്. ഒരോ നഗരവും തങ്ങളുടെ പാനീയത്തിന്റെ പേരിൽ അഭിമാനിക്കുന്നു.
പ്രതിസന്ധികളോട് പൊരുതി അധ്വാനിച്ച് മുന്നേറിയ ജീവിതമാണ് കുബോധിനിയുടേത്. അതിനിടെ രണ്ട് പെൺകുഞ്ഞുങ്ങളെ വളർത്തി വലുതാക്കി പ്രാപ്തരാക്കി. ഭർത്താവുമായി നേരത്തേ പിരിഞ്ഞു. അദ്ദേഹം ശ്രീലങ്കക്കാരനാണോ ജർമൻകാരനാണോ എന്നു ഞാൻ ചോദിച്ചില്ല. സ്വതന്ത്രയും നിർഭയയുമായി ജീവിതത്തെ അഭിമുഖീകരിക്കുന്ന ഒരു സ്ത്രീയോട് പിരിഞ്ഞുപോയ ഭർത്താവിനെപ്പറ്റി ചോദിക്കുന്നത് ശരിയല്ലല്ലോ.
ഏകദേശം ഇരുപത് വർഷങ്ങൾക്കു മുമ്പാണ് അവർ ജർമനിയിലെത്തിയത്. പറഞ്ഞുകേൾക്കുമ്പോൾ അത് ഒഴുക്കിൽപ്പെട്ട ഒരു ഇലയുടെ യാത്രയായി നമുക്ക് തോന്നും. പലവഴികൾ താണ്ടി ജർമനിയിലെ ഈ നഗരത്തിൽ വന്നടിഞ്ഞതാണ്. ഇവിടെ വരുന്നതിന് മുമ്പ് ഇന്ത്യയിലായിരുന്നു. തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പുകളിൽ. തിരുച്ചിറപ്പള്ളിയിലായിരുന്നു അധികകാലവും.
ശ്രീലങ്കയിലെ ജാഫ്നാ മുനമ്പിൽനിന്ന് യാത്രയാരംഭിച്ച് ജർമനിയിൽ എത്തിപ്പെട്ട ഒരാളോട് ജീവചരിത്രം വിശദീകരിക്കാൻ ആവശ്യപ്പെടേണ്ടതില്ല. ആ ആത്മകഥ ചരിത്രത്തിൽ അന്തർലീനമാണ്. വംശവേട്ടയും കലാപങ്ങളും മനുഷ്യനെ അവന്റെ സ്വാഭാവിക ജീവിതപരിസരത്തുനിന്ന് ആട്ടിയോടിക്കുന്നു. ഇന്ത്യയടക്കം ലോകത്തിന്റെ പല കോണുകളിലും ഹതാശമായ ആ പ്രയാണങ്ങൾ തുടരുകയാണ്.
സ്വന്തം ഇടം നഷ്ടപ്പെട്ട മനുഷ്യൻ തുടർന്ന് എങ്ങനെ ആയിത്തീരുമെന്ന് പ്രവചിക്കാനാവില്ല. അനുഭവങ്ങൾ അവരെ കൂടുതൽ നന്മയിലേക്ക് നയിച്ചേക്കാം. നമ്മുടെ നഗരങ്ങളിലെ അധോലോകങ്ങൾ മറ്റൊരു കഥയാണ് പറയുന്നത്. വർഗീയ ഭീകര രാഷ്ട്രീയവും പലായനങ്ങളുടെ ഉല്പന്നമാണ്.
കലാപങ്ങൾക്കിടയിൽനിന്ന് പഠനം തുടരണം എന്ന ആഗ്രഹത്തോടെയാണ് കുബോധിനി നാടുവിട്ടത്. അസംഖ്യം തമിഴ് വിദ്യാർഥികൾ ആ ഉദ്ദേശ്യത്തോടെ അക്കാലത്ത് തമിഴ്നാട്ടിൽ എത്തിയിരുന്നു. ശ്രീലങ്കയിലെ ഉന്നത വിദ്യാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ് ആയിരുന്നു ബോധനമാധ്യമം. തമിഴ് ജനതയെ തകർക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ അത് സിംഹളം ആക്കി മാറ്റി. നിരവധിപേർ വിദ്യാഭ്യാസപ്രക്രിയയിൽ നിന്ന് പുറത്തായി. ആത്മബലവും പണവുമുള്ള ചുരുക്കംപേർ തമിഴ്നാട്ടിലെത്തി.
സി എ രാജൻ മാസ്റ്റർ (നിൽക്കുന്നവരിൽ ആദ്യത്തെ ആൾ) കൊളംബോയിൽ എ കെ ജിക്കൊപ്പം
തമിഴ്നാട്ടിലെ അഭയാർഥി ക്യാമ്പുകളിലെ ജീവിതത്തെക്കുറിച്ച് ഞാൻ ചോദിച്ചു. നിസ്സംഗമായ ഒരു ചിരിയായിരുന്നു ഉത്തരം. തമിഴിലാണ് അവർ സംസാരിച്ചിരുന്നത്. ശ്രീലങ്കൻ തമിഴിന്റെ ഒരു പ്രത്യേകത നേരത്തേ ഷാജി എന്നോട് സൂചിപ്പിച്ചിരുന്നു. അതിൽ തമിഴ് / മലയാളം പൊതുവാക്കുകൾ കൂടുതൽ ഉണ്ട്. അതുകൊണ്ട് തമിഴ്നാട്ടിലെ തമിഴിനേക്കാൾ ശ്രീലങ്കൻ തമിഴ് മലയാളിക്ക് മനസ്സിലാവും.
ഞാൻ ഓർത്തു: ജീവിതത്തിന്റെ തുടക്കത്തിൽ കുറേക്കാലം കൊളംബോവിൽ ചെലവഴിച്ച എന്റെ അച്ഛന് ഒരുവിധം തമിഴ് സംസാരിക്കാനറിയാമായിരുന്നു. അച്ഛൻ മാത്രമല്ല. ഒരു കാലത്ത് ഞങ്ങളുടെ കുടുംബത്തിലെ കാരണവന്മാർ ഏതാണ്ട് മുഴുവനും അന്നത്തെ സിലോണിലായിരുന്നു.
ബന്ധത്തിലെ ഒരു മുത്തശ്ശി സിംഹള സ്ത്രീ ആയിരുന്നു. അവരുടെ കുഴഞ്ഞുമറിഞ്ഞ മലയാളം കൗതുകത്തോടെ കേട്ട ഓർമയുണ്ട്. ഞാൻ വളർന്നുവരുന്ന കാലത്ത് വീട്ടിലെ ഒട്ടുമിക്ക ഉപകരണങ്ങളും സിലോണിൽനിന്നു കൊണ്ടുവന്നതായിരുന്നു. കമ്യൂണിസ്റ്റ് പാർടി ഓഫ് സിലോൺ എന്നു രേഖപ്പെടുത്തിയ ഒരു സിറാമിക് പ്ലേറ്റ് ഉണ്ടായിരുന്നു. നിത്യവും അതിൽത്തന്നെ ഭക്ഷണം കഴിക്കണമെന്ന് ഞാൻ വാശിപിടിച്ചു.
‘എക്കാലവും ശ്രീലങ്ക കുഴപ്പത്തിലാണ്. വംശീയയുദ്ധം കഴിഞ്ഞപ്പോൾ സാമ്പത്തികക്കുഴപ്പം’ . കുബോധിനി പറഞ്ഞു.
ശ്രീലങ്കയെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വീണ്ടും വാർത്തകൾ വന്നുകൊണ്ടിരുന്ന സമയത്താണ് ഞങ്ങൾ സംസാരിച്ചിരുന്നത്. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സാഹചര്യങ്ങളിലൂടെയാണ് ആ രാജ്യം കടന്നുപോയിരുന്നത്. അന്താരാഷ്ട്ര കടബാധ്യതകൾ. സാമ്പത്തികക്കുഴപ്പം മൂർച്ഛിച്ച് രാജ്യം അരാജകാവസ്ഥയിൽ എത്തിയിരുന്നു.
മഹിന്ദർ രാജപക്സേ
ഇന്ധനക്ഷാമവും പവർകട്ടും അവശ്യസാധനങ്ങളുടെ ദൗർലഭ്യവും അമിതവിലയും ജനങ്ങളെ വലച്ചു. പണപ്പെരുപ്പനിരക്ക് അമ്പത് ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ഇറക്കുമതി ചെയ്യാൻവേണ്ട വിദേശ കറൻസി ഇല്ലാത്തതുകൊണ്ട് മരുന്നുകൾ കിട്ടാനില്ലാതായി.
ആരോഗ്യസേവനം നിലച്ചു. സ്കൂളുകൾ അടച്ചുപൂട്ടി. വാഹനങ്ങൾക്ക് പെട്രോളും ഡീസലും വിൽക്കുന്നത് പലപ്പോഴും നിരോധിക്കേണ്ടിവന്നു. ചികിത്സാസൗകര്യംപോലും ഇല്ലാതായപ്പോൾ ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങി. അവർ അധികാരകേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറുന്നതിന്റെ വാർത്തകൾ ഉണ്ടായിരുന്നു. പ്രസിഡന്റിന് രാജ്യംവിട്ട് ഓടിപ്പോകേണ്ടി വന്നു.
തമിഴരും സിംഹളരും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമടങ്ങുന്ന സാമാന്യജനതയാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത് എന്നോർക്കണം. വിശക്കുന്നവന് ഭാഷയും മതവും വംശവും വൈരവും പ്രശ്നമല്ല. തമിഴ് പുലികളെ അടിച്ചമർത്തിയതിന്റെ പേരിൽ വീരന്മാരായി വാഴ്ത്തപ്പെട്ടവരാണ് രാജപക്സേമാർ. മഹിന്ദർ രാജപക്സേയെ ചിലർ അക്കാലത്ത് മഹിന്ദ ചക്രവർത്തി എന്നു വാഴ്ത്തിയിരുന്നു. ടിയാനാണ് ജനങ്ങളെ ഭയന്ന് രാജ്യം വിട്ടോടിയത്.
ഒരു രാജ്യത്ത് വംശീയപ്രശ്നങ്ങൾ വെറുതെ പൊട്ടിമുളച്ച് ഉണ്ടാവുന്നതല്ല എന്ന പാഠമാണ് ശ്രീലങ്ക നൽകുന്നത്. വംശീയവിദ്വേഷവും മതസംഘർഷങ്ങളും ഭരണവർഗം തങ്ങളുടെ നിലനിൽപ്പിനുവേണ്ടി സൃഷ്ടിക്കുന്നതാണ്.
ഒരു രാജ്യത്ത് വംശീയപ്രശ്നങ്ങൾ വെറുതെ പൊട്ടിമുളച്ച് ഉണ്ടാവുന്നതല്ല എന്ന പാഠമാണ് ശ്രീലങ്ക നൽകുന്നത്. വംശീയവിദ്വേഷവും മതസംഘർഷങ്ങളും ഭരണവർഗം തങ്ങളുടെ നിലനിൽപ്പിനുവേണ്ടി സൃഷ്ടിക്കുന്നതാണ്. വിദ്വേഷത്തിന്റേയും വിഭജനത്തിന്റേയും അന്തരീക്ഷം നിലനിൽക്കുന്ന കാലത്ത് രാജ്യത്തെ സാമ്പത്തികക്കുഴപ്പവും അതുണ്ടാക്കുന്ന ജീവിതപ്രതിസന്ധികളും ജനങ്ങളിൽനിന്ന് മറച്ചുവെയ്ക്കാൻ ഭരണാധികാരികൾക്ക് കഴിയും. മാത്രമല്ല ന്യൂനപക്ഷ മത / വംശ / ഭാഷാവിഭാഗങ്ങളെ ശത്രുക്കളായി പ്രഖ്യാപിക്കുക വഴി അവരാണ് എല്ലാ പ്രശ്നങ്ങളുടേയും കാരണക്കാർ എന്നു സ്ഥാപിക്കാനും പറ്റും.
1938 ൽ എ കെ ജിക്കും എം പി ദാമോദരനും കൊളമ്പ് ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
ഹിറ്റ്ലർക്ക് ജൂതർ എന്ന പോലെയും നരേന്ദ്രമോദിക്ക് മുസ്ലിം എന്ന പോലെയും സിംഹള ഭരണവർഗത്തിന് സ്വന്തം കഴിവുകേടു മറച്ചുവെയ്ക്കാനുള്ള ഉപാധിയായിരുന്നു ശ്രീലങ്കൻ തമിഴ് ജനത. പക്ഷേ വംശീയകലാപങ്ങൾകൊണ്ട് മറച്ചുവെച്ചാലും സാമ്പത്തികക്കുഴപ്പങ്ങൾ അതിന്റെ വഴിയിൽ സഞ്ചരിച്ച് മൂർധന്യത്തിലെത്തും.
ഏറെക്കാലമായി മൂടിവെച്ചിരുന്ന പ്രതിസന്ധികളാണ് ശ്രീലങ്കയിൽ ഇപ്പോൾ പൊട്ടിത്തെറിക്കുന്നത്. ചരിത്രം പ്രതികരിക്കുകയാണ്. പരശതം കൂട്ടക്കൊലകൾ, കറുത്ത വെള്ളിയാഴ്ച, ജാഫ്നാ ഗ്രന്ഥശേഖരം തീവെപ്പ്. എത്ര മനുഷ്യരാണ് കൊല്ലപ്പെട്ടത്? എത്രയോ പേർ ആട്ടിയോടിക്കപ്പെട്ടു. ഭീമാകാരമായ ബുദ്ധപ്രതിമകളെ സാക്ഷിനിർത്തിയാണ് ചോരപ്പുഴകൾ ഒഴുകിയത്. അന്നത്തെ നിർഥകമായ വിദ്വേഷപ്രകടനത്തെക്കുറിച്ച് ശ്രീലങ്കൻ ജനത ആത്മപരിശോധന നടത്തുമോ?
നാടുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടില്ല എന്ന് കുബോധിനി പറഞ്ഞു. അച്ഛനും അമ്മയും ഇപ്പോൾ ജാഫ്നയിലുണ്ട്. അവരെ കാണാനായി ഇടയ്ക്ക് അങ്ങോട്ട് പോകും. താൻ ജർമൻ പൗരത്വം സ്വീകരിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. മക്കൾക്ക് ഇവിടത്തെ പൗരത്വമുണ്ട്. എന്റെ നാടിന്റേയും വീടിന്റേയും ശ്രീലങ്കൻ ബന്ധങ്ങൾ ഞാൻ കുബോധിനിയോട് പറഞ്ഞു.
ഒരു കാലത്ത് നാട്ടിലെ ആരോഗ്യവാന്മാരായ മുഴുവൻ പുരുഷന്മാരും കൊളംബോയിലും അനുബന്ധ നഗരങ്ങളിലുമായിരുന്നു. മലയാളികൾ സ്വന്തം നാടുപോലെയാണ് ആ രാജ്യത്തെ കരുതിയത്. ഒരിക്കൽ തിരിച്ചുപോരേണ്ടി വരുമെന്ന് അവർ കരുതിയിരുന്നില്ല. ദിനപത്രങ്ങളടക്കം നൂറുകണക്കിന് മലയാള പ്രസിദ്ധീകരണങ്ങൾ അവിടന്ന് ഇറങ്ങിയിരുന്നു. അനേകം നാടക / ഗായക സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. സാഹിത്യചർച്ചകൾ; സാംസ്കാരികസമ്മേളനങ്ങൾ. എന്റെ അച്ഛൻ അവിടന്നുള്ള ചില പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്ന വിവരവും ഞാൻ അവരെ അറിയിച്ചു.
കൊളംബോവിലെ ശ്രീനാരായണഗുരു സ്മാരക മന്ദിരം
ഏതാനും വർഷങ്ങൾക്ക് മുമ്പ് ശ്രീനാരായണഗുരുവിന്റെ സിലോൺ സന്ദർശനത്തിന്റെ ശതാബ്ദിയാഘോഷത്തിൽ പങ്കെടുക്കാൻ ശിവഗിരി സന്യാസിമാരുമൊത്ത് ശ്രീലങ്കയിൽ പോയ കാര്യം ഞാൻ അപ്പോൾ ഓർമിച്ചു.
ആ യാത്രയെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒരു ഓണപ്പതിപ്പിൽ വിശദമായി എഴുതിയിരുന്നു. ലയാർഡ് ബ്രോഡ്വേയിലുള്ള ഗുരുമന്ദിരവും കൊളംബ് പട്ടണവും ഗുരു വന്നിറങ്ങിയ മറദാന റെയിൽവേസ്റ്റേഷനും അന്നു സന്ദർശിച്ചു. നടരാജഗുരു പഠിച്ച ട്രിനിറ്റി കോളേജിലും പോയി. കാൻഡിയിലും നുവേര ഏലിയയിലും വിനോദയാത്ര നടത്തി. പ്രതികൂല സാഹചര്യമായതുകൊണ്ട് ജാഫ്നയിൽ പോകാൻ കഴിഞ്ഞില്ല.
അന്ന് മറദാന പട്ടണത്തിൽ മണിക്കൂറുകളോളം ഏകനായി തലങ്ങും വിലങ്ങും ചുറ്റിനടന്നത് ഓർക്കുന്നു. ‘മറദാന പുരോഗമന കലാസമിതി’ എന്ന ബോർഡ് എവിടെയെങ്കിലുമുണ്ടോ എന്നന്വേഷിച്ചതാണ്. ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടായിരുന്നു. കാലങ്ങൾ എത്ര കഴിഞ്ഞുപോയി. കൊളംബോയിലെ മലയാളി സാന്നിധ്യം നാമാവശേഷമായി. കെട്ടിടങ്ങൾ പുതുക്കിപ്പണിതു. തെരുവുകൾ തന്നെ മാറിപ്പോയി.
അന്ന് മറദാന പട്ടണത്തിൽ മണിക്കൂറുകളോളം ഏകനായി തലങ്ങും വിലങ്ങും ചുറ്റിനടന്നത് ഓർക്കുന്നു. ‘മറദാന പുരോഗമന കലാസമിതി’ എന്ന ബോർഡ് എവിടെയെങ്കിലുമുണ്ടോ എന്നന്വേഷിച്ചതാണ്. ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടായിരുന്നു. കാലങ്ങൾ എത്ര കഴിഞ്ഞുപോയി. കൊളംബോയിലെ മലയാളി സാന്നിധ്യം നാമാവശേഷമായി. കെട്ടിടങ്ങൾ പുതുക്കിപ്പണിതു. തെരുവുകൾ തന്നെ മാറിപ്പോയി. എങ്കിലും ഒരു പ്രതീക്ഷ. എവിടെയായിരിക്കും ആ ഓഫീസ് കെട്ടിടം ഉണ്ടായിരുന്നത്? എന്റെ അച്ഛനും സുഹൃത്തുക്കളും ചേർന്ന് നടത്തിയിരുന്ന കലാസമിതിയാണ്.
സിലോണിൽനിന്ന് അവസാനം മടങ്ങിയവരുടെ കൂട്ടത്തിൽ ഒരു ധർമപാലൻചേട്ടൻ ഉണ്ട്. അദ്ദേഹം തൃശൂർ എടമുട്ടത്ത് ഒരു പ്രസ് നടത്തിയിരുന്നു. എക്സ്പ്രസ്സ് എന്ന് പേര്. ഇതേ പേരിൽ അദ്ദേഹം കൊളംബോയിലും പ്രസ്സു നടത്തിയിരുന്നു. പിന്നീട് വാർധക്യത്തിൽ വീട്ടിൽ വിശ്രമിക്കുന്ന സമയത്ത് ഞാൻ ചെന്നു കണ്ടു.
മറുദാന കലാസമിതിയുടെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോഗ്രാഫുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. അക്കാലത്ത് ധർമ്മേട്ടന് കണ്ണിന്റെ കാഴ്ച ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു. എങ്കിലും ശ്രമപ്പെട്ട് അദ്ദേഹം ഫോട്ടോകൾ നിരത്തിവെച്ചു. അവ എടുത്തു നോക്കാൻ എന്നോട് ആവശ്യപ്പെട്ടു.
നാരായണഗുരു വന്നിറങ്ങിയ കെളംബോയിലെ മറദാന റെയിൽവേ സ്റ്റേഷൻ
‘ഏഴുപേരുള്ള ഫോട്ടോ അല്ലേ, അത്?’
‘അതെ.’
ഞാൻ പറഞ്ഞു.
‘മൂന്നുപേർ ഇരിക്കുന്നു. നാലുപേർ നിൽക്കുന്നു. അല്ലേ?’
‘അതെ’.
‘അതിൽ ഇടതുവശത്ത് നിൽക്കുന്നത് നിന്റെ അച്ഛനാണ്. ഇപ്പോഴത്തെ നിന്നെപ്പാലെ തോന്നുന്നില്ലേ? കലാസമിതിയുടെ ‘രക്തസാക്ഷികൾ’ എന്ന നാടകത്തിന്റെ റിഹേഴ്സൽ കാലത്ത് എടുത്ത പടമാണ്. ആ നാടകം എഴുതിയത് നിന്റെ അച്ഛനാണ്’ . ധർമപാലൻചേട്ടൻ വിദൂരതയിലേക്കു നോക്കുകയാണ്. ‘ഒരിക്കൽ ഇന്ത്യയിലേക്ക് വരണമെന്നുണ്ട്’.
കുബോധിനി പറഞ്ഞു: ‘ട്രിച്ചിയിലും പോകണം’.
‘അപ്പോൾ കേരളത്തിലേക്കും വരൂ.’ഞാൻ അവരെ ക്ഷണിച്ചു.
ബാൾട്ടിക്കിന്റെ തീരങ്ങളിൽ
ഇന്ന് 2022 ജൂൺ 5. ഞാൻ റോസ്റ്റാക്ക് നഗരത്തിനടുത്തുള്ള കുലംഗ്സ്ബോൺ എന്ന ബീച്ചിൽ നിൽക്കുകയാണ്. മുന്നിൽ ബാൾട്ടിക് കടൽ. ഇവിടെ ഒരു കടൽപ്പാലമുണ്ട്. Kulungsborn Pier എന്നു പറയും. കടലിൽനിന്ന് വല്ലാതെ കാറ്റടിക്കുന്നുണ്ട്. സമുദ്രങ്ങളുടെ കരയിൽ നിൽക്കുമ്പോൾ നമുക്ക് ദൂരങ്ങളെക്കുറിച്ച് ഓർമ വരും. ദൂരമെന്നാൽ പിറന്നമണ്ണിൽനിന്നുള്ള അകലമാണല്ലോ.
അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ഉൾക്കടലാണ് ബാൾട്ടിക്. മാനവപുരോഗതിക്കും ഇടയ്ക്കുണ്ടായ തകർച്ചകൾക്കും ലോകയുദ്ധങ്ങൾക്കും സാക്ഷിയായ ജലാശയം. മാർട്ടിൻ ലൂതറേയും കാൾ മാർക്സിനേയും കണ്ടതിന്റെ പ്രസരിപ്പുണ്ട്.
അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ഉൾക്കടലാണ് ബാൾട്ടിക്. മാനവപുരോഗതിക്കും ഇടയ്ക്കുണ്ടായ തകർച്ചകൾക്കും ലോകയുദ്ധങ്ങൾക്കും സാക്ഷിയായ ജലാശയം. മാർട്ടിൻ ലൂതറേയും കാൾ മാർക്സിനേയും കണ്ടതിന്റെ പ്രസരിപ്പുണ്ട്. ഒപ്പം അഡോൾഫ് ഹിറ്റ്ലർ എന്ന ദുരന്തത്തെ അഭിമുഖീകരിച്ചതിന്റെ വ്യസനവും. ബാൾട്ടിക്കിന്റെ തെക്കൻ തീരത്താണ് ജർമനി സ്ഥിതിചെയ്യുന്നത്. ചുറ്റും ജർമനി കൂടാതെ റഷ്യ, പോളണ്ട്, ഡെന്മാർക്ക്, എസ്തോണിയ, ഫിൻലാന്റ്, ലിത്വാനിയ, ലാത്വിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളാണ്. ഇതിൽ എസ്തോണിയയും ലിത്വാനിയയും ലാത്വിയയും ബാൾട്ടിക് രാജ്യങ്ങൾ എന്നറിയപ്പെടുന്നു. ഞാൻ നിൽക്കുന്ന കുലംഗ്സ്ബോൺ ബീച്ചിന്റെ മറുകരയിൽ ഡെന്മാർക്ക് ആണ്.
രണ്ടാമത്തെ മകൻ ഹരികൃഷ്ണൻ ഗവേഷണം നടത്തുന്നത് കുലംഗ്സ്ബോണിലെ Leibniz Institute Of Atmospheric Physics എന്ന സ്ഥാപനത്തിലാണ്. അയാളോടൊത്ത് താമസിക്കുന്നതിനുവേണ്ടി ഞങ്ങൾ ഞാനും രാജയും നാദിയയും ഇന്നലെ ഇവിടെ എത്തി. കഴിഞ്ഞ യാത്രയിൽ ഞാൻ കുലംഗ്സ്ബോണിൽ പോയിരുന്നില്ല. ബർലിനിൽനിന്ന് അങ്ങോട്ടുള്ള യാത്രയായിരുന്നു പ്രശ്നം. കുന്നും കാടും കടലും ചേർന്ന ജർമനിയിലെത്തന്നെ അസാധാരണമായ പ്രദേശമാണിത്. അന്ന് രഞ്ജിനി കൂടെയുണ്ടായിരുന്നല്ലോ. അവരുടെ കാലിൽ സർജറി കഴിഞ്ഞ് അധികകാലമായിരുന്നില്ല. വാക്കറും വീൽച്ചെയറും വാക്കിങ് സ്റ്റിക്കുമൊക്കെ ഉപയോഗിച്ചായിരുന്നു സഞ്ചാരം.
ഹരികൃഷ്ണന്റെ വർത്തമാനങ്ങളിൽനിന്ന് ഏറെ കേട്ടറിഞ്ഞ ദേശമാണ് കുലംഗ്സ്ബോൺ. ജർമനിയിലെ ഏറ്റവും പ്രധാനപ്പെട്ട വേനൽക്കാല സുഖവാസകേന്ദ്രം. സമ്പന്നരുടെ കേളീകേന്ദ്രമാണെന്നു പറയാം. ജി ഡിആറിന്റെ കാലത്ത് ഇവിടത്തെ റിസോർട്ടുകൾ തൊഴിലാളികളുടെ വിശ്രമകേന്ദ്രമാക്കി മാറ്റിയിരുന്നു. അന്നത് വലിയ കോലാഹലമായത്രെ! ചിലർക്ക് ജനാധിപത്യം അങ്ങനെയാണ്. അവർ സ്വർഗമെന്ന് കരുതുന്ന ഇടങ്ങളിലേക്ക് പണിയെടുക്കുന്നവർ കയറിവരാൻ പാടുള്ളതല്ല.
വേനൽക്കാലത്തു മാത്രമേ ഇവിടത്തെ ബീച്ചുകൾ സജീവമാവുകയുള്ളു. തണുപ്പുകാലത്ത് പൊതുവെ റിസോർട്ടുകളും കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. സമ്പന്നരായ അപ്പൂപ്പന്മാരും അമ്മൂമ്മമാരുമാണ് ഇവിടത്തെ സ്ഥിരതാമസക്കാർ എന്നാണ് ഹരികൃഷ്ണന്റെ നിരീക്ഷണം. അവർ ശിഷ്ടജീവിതം എങ്ങനെ ചെലവഴിക്കേണ്ടു എന്നറിയാതെ നടന്നും നിന്നും വഴിവക്കിലെ ബഞ്ചുകളിൽ ഇരുന്നും സമയം കഴിക്കും.
തന്നെ കാണുമ്പോൾ അവർ സംസാരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കാറുണ്ടെന്ന് അവൻ പറയുന്നു. പക്ഷേ ഭാഷാപ്രശ്നം ഉള്ളതുകൊണ്ട് അവരെ നിരുത്സാഹപ്പെടുത്തേണ്ടി വരുന്നു. വേനൽ ആരംഭിക്കുന്നതോടെ കുലംഗ്സ്ബോൺ ഉത്സവാന്തരീക്ഷം കൈവരിക്കുന്നു. കടകളിലും റിസോർട്ടുകളിലും വലിയ ജനത്തിരക്കാണ്. തെരുവുഭക്ഷണശാലകൾ ധാരാളമുണ്ട്.
ഓപ്പൺ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ നടക്കും. വളരെ പഴയ ടൂറിസ്റ്റ് സങ്കേതമായതുകൊണ്ട് പുരാതനമായ നിരവധി സത്രങ്ങളുണ്ട്. അതിൽ The Grand Hotel Heiligendmm വളരെ പ്രസിദ്ധമാണ്. 1793ൽ ആരംഭിച്ച റിസോർട്ടിന്റെ തുടർച്ചയാണത്രെ ഇത്. രാഷ്ട്രത്തലവന്മാർ വന്നു താമസിക്കാറുണ്ട്. 2007ലെ ജി 8 ഉച്ചകോടി സമ്മേളനം ഇവിടെയായിരുന്നു. ആ ഉച്ചകോടിക്കാലത്ത് 25000 പേർ പങ്കെടുത്ത ആഗോള സാമ്രാജ്യവിരുദ്ധ പ്രകടനം ഇതിനുമുന്നിൽ നടന്നു.
ബീച്ചിലെമ്പാടും സമ്പന്നതയുടെ തേർവാഴ്ചയാണ്. വെള്ളനിറക്കാരെയല്ലാതെ മറ്റാരെയും കാണാനില്ല. ഭക്ഷണത്തിനും താമസത്തിനുമെല്ലാം വലിയ പണച്ചെലവായതുകൊണ്ട് ഇവിടത്തെ സ്ഥിരതാമസം ദുഷ്കരമാണത്രെ.
ബീച്ചിലെമ്പാടും സമ്പന്നതയുടെ തേർവാഴ്ചയാണ്. വെള്ളനിറക്കാരെയല്ലാതെ മറ്റാരെയും കാണാനില്ല. ഭക്ഷണത്തിനും താമസത്തിനുമെല്ലാം വലിയ പണച്ചെലവായതുകൊണ്ട് ഇവിടത്തെ സ്ഥിരതാമസം ദുഷ്കരമാണത്രെ. കടൽത്തീരത്ത് സൂര്യസ്നാനം ചെയ്യുന്നവർക്കുള്ള ബീച്ച് ബാസ്കറ്റുകൾ നിരനിരയായി സ്ഥാപിച്ചിരിക്കുന്നു. ഇവിടത്തെ പരമ്പരാഗത Strandkorb കൾ പ്രസിദ്ധമാണ്. രണ്ടുപേർക്ക് കഴിഞ്ഞുകൂടാവുന്ന ഒരിനം കുടിലുകളാണത്. സൂര്യസ്നാനം തുടങ്ങിയെങ്കിലും ആരും കടലിലിറങ്ങുന്നത് കണ്ടില്ല. കടൽ അപ്പോഴും തണുത്തു കിടക്കുകയാണ്. ഒരാഴ്ച കൂടി കഴിയേണ്ടിവരും ജലകേളികൾ ആരംഭിക്കാൻ.
ഞങ്ങൾ ഇന്നലെ രാത്രി ഇവിടെ എത്തി. രാജയും നാദിയയും രണ്ടുദിവസം ഇവിടെ തങ്ങും. ഞാൻ രണ്ടാഴ്ച താമസിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
എസ്സെനിൽനിന്ന് തീവണ്ടിയിലായിരുന്നു ഞങ്ങളുടെ യാത്ര. അത് പക്ഷേ കുഴപ്പം പിടിച്ചതായി. തീവണ്ടികൾ വൈകുന്നതും ട്രിപ്പ് മുടങ്ങുന്നതും ജർമനിയിലും പതിവാണെന്ന് സൂചിപ്പിച്ചിരുന്നല്ലോ. ഹംബർഗ്ഗ് വരെ ഒരു ട്രെയിൻ; അവിടെനിന്ന് മാറിക്കയറി റോസ്റ്റോക്കിലേക്ക് എന്നായിരുന്നു പ്ലാൻ. പക്ഷേ ഹംബർഗ്ഗിലേക്കുള്ള വണ്ടി അനിശ്ചിതമായി വൈകി. അതിൽ പുറപ്പെട്ടാൽ കണക്ഷൻ ട്രെയിൻ കിട്ടില്ലെന്ന് ഉറപ്പ്. റിസർവ്വ് ചെയ്തവർക്ക് യാത്രാപ്ലാൻ മാറ്റാൻ ഇവിടെ
ബാഡ് ഡൊബറാൻ ബസ്സ്റ്റേഷൻ
സൗകര്യമുണ്ട്. അങ്ങനെ യാത്ര ബർലിൻ വഴിക്കാക്കി. ബർലിനിൽനിന്ന് അടുത്ത വണ്ടിയിൽ റോസ്റ്റാക്കിലേക്ക് പോകണം.
പക്ഷേ ഇടയ്ക്ക് എവിടെയോ പിടിച്ചിട്ടതുകൊണ്ട് വണ്ടി ബർലിനിൽ എത്താൻ വൈകി. ട്രെയിനിറങ്ങി ഭാണ്ഡക്കെട്ടെടുത്ത് ഞങ്ങൾ ഓടി എന്നു പറയാം. എസ്കലേറ്ററുകൾ ഒന്നിനു പിറകെ ഒന്നായി ഇറങ്ങിയും കയറിയും നിശ്ചിത പ്ലാറ്റ്ഫോമിലേക്കെത്തിയപ്പോഴേക്കും റോസ്റ്റോക്ക് വണ്ടി വിട്ടിരുന്നു. വണ്ടി പോകുന്നത് കാണാൻ കഴിഞ്ഞു എന്നു മാത്രം.
ഇനിയെന്ത്? ഇങ്ങനെ അനിശ്ചിതത്വത്തിലാവുന്ന യാത്രക്കാർക്ക് ഹോട്ടൽ സൗകര്യം തരാൻ റെയിൽവേക്ക് മടിയില്ല. പക്ഷേ മൂന്നു മണിക്കൂർ കഴിഞ്ഞുള്ള ഒരു ഓർഡിനറി ട്രെയിനിൽ അന്നുതന്നെ റോസ്റ്റാക്കിലേക്ക് പോകാനാണ് ഞങ്ങൾ നിശ്ചയിച്ചത്. സ്റ്റേഷനിലും പരിസരത്തും ചുറ്റിയടിച്ചു സമയം നീക്കി. മെല്ലെപ്പോക്കു വണ്ടിയിൽ റോസ്റ്റാക്കിലെത്തിയപ്പോൾ അർധരാത്രിയായിരുന്നു. ഹരികൃഷ്ണൻ താമസിക്കുന്ന ബാഡ് ഡൊബറാനിലേക്ക് ഇനി ട്രെയിനോ ബസ്സോ ഇല്ല. ഭാഗ്യത്തിന് ഒരു ടാക്സി കിട്ടി.
റോസ്റ്റോക്കിനും കുലംഗ്സ്ബോണിനും ഇടയ്ക്കുള്ള ചെറുപട്ടണമാണ് ബാഡ് ഡൊബറാൻ.(Bad Dobran) അടുത്ത കാലത്താണ് ഹരികൃഷ്ണൻ ഇവിടേക്ക് താമസം മാറ്റിയത്. കുലംഗ്സ്ബോണിലേത് ഒരു ഒറ്റമുറി വീടായിരുന്നു. ഇതിനിടയ്ക്ക് അയാളുടെ വിവാഹം കഴിഞ്ഞു. ആ പെൺകുട്ടി ജർമനിയിലേക്ക് വരുന്നുണ്ട്. സൗകര്യമുള്ള വീട് അന്വേഷിച്ചു കിട്ടിയത് ബാഡ് ഡൊബറാനിലാണ്. ജർമനിയിൽ വാടകവീടുകൾ കിട്ടണമെങ്കിൽ ചില കടമ്പകൾ ഉണ്ട്. നിങ്ങൾക്ക് വീട് ഇഷ്ടമായാൽ മാത്രം പോര. വാടകയുടെ കാര്യത്തിൽ ധാരണയായാലും പ്രശ്നം തീരുന്നില്ല. വീട്ടുടമയ്ക്ക് നിങ്ങളെ ബോധിക്കണം. സംസ്കാരം, ശീലങ്ങൾ, മനോഭാവം. അതിനായി വിശദമായ ഇന്റർവ്യു ഉണ്ടായിരിക്കും. ഭാഗ്യത്തിന് വർണവിവേചനം ഇപ്പോൾ ഇല്ല. പണ്ട് തന്റെ കറുത്ത ഇന്ത്യൻ ശരീരവുമായി എസ് കെ പൊറ്റെക്കാട്ട് ലണ്ടനിൽ വീടന്വേഷിച്ച് നടന്നലഞ്ഞത് ഞാൻ ഓർത്തു.
കുലംഗ്സ്ബോൺ ബീച്ചിലേയ്ക്കുള്ള യാത്രക്കാരുടെ ഇടത്താവളമാണ് ബാഡ് ഡൊബറാൻ. അതിനുള്ള ഒരു കാരണം ഇവിടെനിന്നു പുറപ്പെടുന്ന ‘മോളി’(Molly) എന്ന ട്രെയിനായിരിക്കും.
ബാഡ് ഡൊബറാനിൽനിന്നും കുലംഗസ്ബോണിലേക്കുള്ള കൽക്കരി തീവണ്ടി, ‘മോളി’
കുലംഗ്സ്ബോണിന്റെ ആകർഷണങ്ങളിലൊന്നാണ് ഈ കുഞ്ഞു കൽക്കരിത്തീവണ്ടി. പുകതുപ്പിയും മണിയടിച്ചും അത് നീങ്ങുന്നതു കാണാൻ രസമുണ്ട്. കേരളത്തിൽ കെ റെയിൽ എന്ന അതിവേഗ തീവണ്ടിപ്പാത പദ്ധതിക്കെതിരെ യുഡിഎഫ് / ബിജെപിയും തീവ്രപരിസ്ഥിതിവാദികളും എതിർപ്പുന്നയിച്ച കാലത്തായിരുന്നു എന്റെ ജർമൻ യാത്ര.
‘‘ഇത്രവേഗം പോയിട്ടെന്തിനാ?’’ എന്നമട്ടിൽ കവിതകൾ വരുന്ന കാലം. ഞാൻ ‘മോളി’യെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയത് അവരിൽ ചിലരെ ചൊടിപ്പിച്ചു. സ്വപ്നങ്ങൾ കണ്ടും പുസ്തകം വായിച്ചും മെല്ലെ യാത്ര ചെയ്യേണ്ടവർക്ക് പറ്റിയ വണ്ടിയാണെന്നാണ് ഞാൻ എഴുതിയത്. അതിവേഗത്തീവണ്ടികൾക്ക് ഒരു പ്രശ്നമുണ്ടല്ലോ. പുസ്തകത്തിലെ ഒരധ്യായം വായിച്ചുതീരുമ്പോഴേക്കും എത്തേണ്ടിടത്തെത്തും.
ജർമനിയിലെ ആദ്യകാല ഗതാഗതത്തിന്റെ ഓർമകളുണർത്തുന്ന തീവണ്ടിയാണ് മോളി. പട്ടണത്തെരുവിൽ കച്ചവടപ്പീടികകൾക്കരികിലൂടെ; പിന്നെ വയലുകൾക്കിടയിലൂടെയുമാണ് യാത്ര. ഏറ്റവും പ്രധാനം അതിന്റെ മെല്ലെപ്പോക്കു തന്നെ
ജർമനിയിലെ ആദ്യകാല ഗതാഗതത്തിന്റെ ഓർമകളുണർത്തുന്ന തീവണ്ടിയാണ് മോളി. പട്ടണത്തെരുവിൽ കച്ചവടപ്പീടികകൾക്കരികിലൂടെ; പിന്നെ വയലുകൾക്കിടയിലൂടെയുമാണ് യാത്ര. ഏറ്റവും പ്രധാനം അതിന്റെ മെല്ലെപ്പോക്കു തന്നെ. സുഹൃത്തിനെ കണ്ടാൽ വണ്ടിയിൽ നിന്നിറങ്ങി സൗഹൃദം പ്രകടിപ്പിച്ച് തിരിച്ചു കയറാൻ പറ്റും. എന്നുവെച്ച് അതൊരു കളിത്തീവണ്ടിയാണെന്ന് കരുതരുത്.
1890ൽ തുടങ്ങിയതാണ്. ബാഡ് ഡൊബറാനിൽ നിന്നു പുറപ്പെട്ടാൽ അടുത്ത സ്റ്റേഷൻ Bad Dobran Stadtmitte. ഇതിനടുത്താണ് ഹരികൃഷ്ണന്റെ താമസസ്ഥലം. മോളിക്ക് കുലംഗ്സ്ബോണിൽ തന്നെ മൂന്നു സ്റ്റേഷനുകളുണ്ട്. Doberan – Heilingendammer (DHE) എന്ന റെയിൽ കമ്പനിയാണ് ഇത് നടത്തുന്നത്. ആദ്യകാലത്ത് വേനലിൽ മാത്രമായിരുന്നു സർവ്വീസ്. ഇപ്പോൾ വർഷം മുഴുവൻ ഓടുന്നുണ്ട്. ഇതിനിടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇവൾ ഇടം പിടിക്കുകയും ചെയ്തു.
സാമാന്യം നല്ല ടിക്കറ്റ് നിരക്കുണ്ടത്രെ. ടിടി മാരുടെ കർശന പരിശോധനയും. പക്ഷേ ഇപ്പോൾ ഒമ്പതു യൂറോ പ്രതിമാസ സീസൺ ടിക്കറ്റ് വന്നതുകൊണ്ട് പ്രശ്നമില്ല. ആ സൗകര്യം ഉപയോഗപ്പെടുത്തി ബാഡ് ഡൊബറാനിലുണ്ടായിരുന്ന കാലത്ത് ഒട്ടുമിക്ക ദിവസവും ഞാൻ മോളിയിൽ സഞ്ചരിച്ചിരുന്നു. സ്റ്റേഷനുകളിൽ ഇറങ്ങി ബീച്ചിലും പരിസരങ്ങളിലും ചുറ്റിയടിച്ച് തിരിച്ചുപോരും. കുലംഗ്സ്ബോണിന്റെ മറ്റൊരു സൗഭാഗ്യം കടൽതീരത്തു തന്നെയുള്ള വിസ്തൃതമായ വനമാണ്. ഇത് Diedrichs Hagener മലനിരകളുടെ ഭാഗമായ Kuhlung വനപ്രദേശമാണ്. ഇടതൂർന്ന മരങ്ങൾ. വഴിച്ചാലുകളുണ്ട്. ചെറിയ ഇരുട്ടും. പാമ്പും വന്യമൃഗങ്ങളും ഇല്ലാത്തതുകൊണ്ട് യഥേഷ്ടം നടക്കാം.
ഒരു ദിവസത്തെ യാത്ര ഹരികൃഷ്ണന്റെ അറ്റ്മോഫെറിക് ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കായിരുന്നു. പത്തോ പന്ത്രണ്ടോ കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് അദ്ദേഹം പതിവായി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോകുന്നതെന്ന് അറിഞ്ഞിരുന്നു. പക്ഷേ ചെന്നുകണ്ടപ്പോഴാണ് അതൊരു ഭീകരയാത്രയാണെന്ന് മനസ്സിലായത്. ഇരുണ്ട വിജനമായ വനവീഥിയിലൂടെയാണ് യാത്ര. വീതി കുറഞ്ഞ വഴി. ഒരു ഭാഗത്തേക്കുള്ള ദൂരം മുഴുവൻ കയറ്റമാണ്. ഇന്ന് ഞാൻ കൂടെയുള്ളതുകൊണ്ട് ഒരു സുഹൃത്തിന്റെ കാർ ഏർപ്പാട് ചെയ്തു. പെറുവിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥിയാണ് അദ്ദേഹം. വനമേഖലയിൽ തന്നെ ഒരു കുന്നിന് മുകളിലായിട്ടാണ് ഇൻസ്റ്റിറ്റ്യൂട്ട്.
ഹരികൃഷ്ണന്റെ നിരന്തര വിവരണങ്ങൾ മനസ്സിലുള്ളതുകൊണ്ട് ‘സ്ഥലം അപരിചിതമായി തോന്നിയില്ല’. കാടുകൾക്കിടയിൽ ചെറുതും വലുതുമായ കുറെ കെട്ടിടങ്ങൾ. റഡാറുകൾക്കുള്ള ഏരിയ പ്രത്യേകമായുണ്ട്. ഒരു ഗസ്റ്റ് ഹൗസുണ്ട്. ചുറ്റും നോക്കിയാൽ മനോഹരമായ പ്രകൃതിദൃശ്യമാണ്. പച്ച വനങ്ങൾക്കപ്പുറത്ത് നീലസമുദ്രം. തൊട്ടടുത്തെങ്ങും ഒരു മനുഷ്യജന്തു താമസിക്കുന്ന ലക്ഷണം കണ്ടില്ല. കടകളും ഇല്ല. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കുമുള്ള ഉച്ചഭക്ഷണം പുറത്തുനിന്ന് കൊണ്ടുവരികയാണത്രെ പതിവ്. തൊട്ടുമുന്നിലുള്ള വനപാതയിലൂടെ ഒരു ബസ് രണ്ടോ മൂന്നോ സർവ്വീസ് നടത്തുന്നുണ്ട്. പണ്ട് തെക്കേത്തൊറവിലേക്ക് വന്നു പോയിരുന്ന ‘പരാശക്തി’’പോലെ ഒരു ശകടം.
ഭൗമാന്തരീക്ഷത്തെ പല ലെയറുകളാക്കി തിരിച്ച് റഡാർ ഉപയോഗിച്ച് നിരീക്ഷിച്ചുള്ള പഠനമാണ് ഇവിടെ നടക്കുന്നതെന്ന് ഈ വിഷയത്തിൽ തീർത്തും നിരക്ഷരനായ എനിക്ക് സാമാന്യമായി പറയാം. കോംപൗണ്ടിൽ ഒന്നു ചുറ്റിനടന്നശേഷം ഹരിയുടെ ഓഫീസിൽ ചെന്നിരുന്നു.
ഭൗമാന്തരീക്ഷത്തെ പല ലെയറുകളാക്കി തിരിച്ച് റഡാർ ഉപയോഗിച്ച് നിരീക്ഷിച്ചുള്ള പഠനമാണ് ഇവിടെ നടക്കുന്നതെന്ന് ഈ വിഷയത്തിൽ തീർത്തും നിരക്ഷരനായ എനിക്ക് സാമാന്യമായി പറയാം. കോംപൗണ്ടിൽ ഒന്നു ചുറ്റിനടന്നശേഷം ഹരിയുടെ ഓഫീസിൽ ചെന്നിരുന്നു. അയാൾ തന്റെ ഗവേഷണപ്രബന്ധം തയ്യാറാക്കിയിരുന്നു.
പ്രബന്ധത്തിന്റെ പകർപ്പ് കണ്ടു. ഹൃദ്യമായ ഭാഷയിലാണ് ആമുഖം എഴുതിയിരിക്കുന്നത്. ജീവിതയാത്രയിൽ തന്നെ പിന്തുണച്ചവർക്കെല്ലാം നന്ദി പറഞ്ഞിട്ടുണ്ട്. പ്രബന്ധം സമർപ്പിച്ചിട്ടുള്ളത് വിട്ടുപോയ അമ്മയുടെ ഓർമക്കാണ്. രഞ്ജിനി മരിച്ച ദിവസം ഇരുവരും വിളിച്ച് തങ്ങൾ നാട്ടിലേക്ക് പുറപ്പെടാൻ ശ്രമിക്കയാണെന്ന് പറഞ്ഞതും ഞാൻ നിരുത്സാഹപ്പെടുത്തിയതും അന്നേരം ഓർത്തു. ജർമനിയിലും ഇന്ത്യയിലും കോവിഡ് മഹാമാരി മൂർധന്യത്തിലെത്തിയിരുന്ന സമയമായിരുന്നു അത്. എങ്ങനെ, ഏതുവാഹനത്തിൽ വരാനാണ്? എമ്പസിയെ സമീപിച്ചാൽ എന്തെങ്കിലും മാർഗം തുറന്നു കിട്ടും എന്ന് അവർ പറഞ്ഞു.
കർശനമായ ഭാഷയിൽ ഞാനത് വിലക്കി. തലേദിവസത്തെ രാത്രിയിൽപോലും മെസഞ്ചർ വീഡിയോയിൽ അവർ അമ്മയോട് സന്തോഷത്തോടെ സംസാരിച്ചതാണ്. പിന്നെ അത്രയൊക്കെ കഷ്ടപ്പെട്ട് വരുന്നതെന്തിന് എന്ന് ഞാൻ കരുതി. അവരെ തടഞ്ഞത് ശരിയായിരുന്നോ എന്ന് പിന്നീട് പലപ്പോഴും കുറ്റബോധത്തോടെ ആലോചിക്കാറുണ്ട്. ഒരുപക്ഷേ ആ ദിവസം നൽകിയ വിഭ്രാന്തിയാവാം അവരെ തടയാൻ എന്നെ പ്രേരിപ്പിച്ചത്. കാൻസർ ആന്തരാവയവങ്ങളെയെല്ലാം ബാധിച്ചു കഴിഞ്ഞിരുന്നുവെങ്കിലും ജീവിതം സാധാരണ മട്ടിൽ മുന്നോട്ടു പോയിരുന്നു.
വേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നില്ല. താലേ ദിവസം രാത്രി ഷുഗർലെവൽ താഴ്ന്നതുകൊണ്ടുള്ള ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് കാലത്ത് ഇരിഞ്ഞാലക്കുട സഹകരണ ആസ്പത്രിയിൽ പോയി ഡോക്ടറെ കാണാൻ തീരുമാനിച്ചു. വീട്ടിൽ നിന്നിറങ്ങുമ്പോൾ മീൻ വാങ്ങാനുള്ള പണം സഹായിയായ സ്ത്രീയെ ഏൽപ്പിക്കാൻ എന്നോട് ആവശ്യപ്പെട്ടു. തികച്ചും സ്വാഭാവികമായി. പക്ഷേ കാറിൽ കയറും മുമ്പെ പോർട്ടിക്കോയിൽവച്ച് കുഴഞ്ഞുവീണു. ഒരു ഇല കൊഴിയുന്നപോലെ.
കുലംഗ്സ്ബോണിലെ അറ്റ്മോഫെറിക് ഇൻസ്റ്റിറ്റ്യൂട്ടിലേക്കു തിരിച്ചു വരാം. വിവിധ ഓഫീസ് മുറികളിൽ കയറി ഹരിയുടെ സഹപ്രവർത്തകരേയും അധ്യാപകരേയും കണ്ടു പരിചയപ്പെട്ടു. അധികവും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇന്ത്യക്കാരുമുണ്ട്. ബംഗാളിൽ നിന്നുള്ള പ്രിയ എന്ന പെൺകുട്ടിയെക്കുറിച്ചും തമിഴനായ അവരുടെ ഭർത്താവ് ശിവനെക്കുറിച്ചും ഹരി സ്ഥിരമായി പറയാറുണ്ട്. കൈക്കുഞ്ഞിനെയും കൊണ്ടാണ് അവർ ഗവേഷണത്തിനെത്തിയത്. അക്കാലത്ത് ഹരിയായിരുന്നു അവരുടെ പ്രധാന സഹായി. അവരുടെ കുഞ്ഞ് ഞങ്ങളുടെ പ്രതിദിന വിഡിയോ കോൺഫ്രൻസുകളിലെ പ്രധാന കൗതുക വിഷയമായിരുന്നു.
പ്രിയ വീട്ടിലേക്ക് ചെല്ലണമെന്ന് നിർബന്ധിച്ചു.
‘മോട്ടുവിനെ കാണണ്ടേ? ഹരിയാണ് അവന്റെ ഏറ്റവുമടുത്ത കൂട്ടുകാരൻ.’ അവർ പറഞ്ഞു. തമിഴുനാട്ടുകാരനാണെങ്കിലും ശിവൻ നന്നായി മലയാളം സംസാരിക്കുന്നുണ്ടായിരുന്നു.
ഉച്ചസമയം വരെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചെലവഴിച്ചു. ബസ്സിൽ ഞാൻ ഒറ്റക്ക് മടങ്ങാനായിരുന്നു തീരുമാനം. സമയംനോക്കി റോട്ടിൽ വന്ന് കാത്തുനിന്നു. മരങ്ങൾക്കിടയിലൂടെ ‘പരാശക്തി’ മന്ദമന്ദം കടന്നുവന്നു. ബീച്ചിലേക്കുള്ള ബസ്സാണ്. കൈയും കലാശവും കാണിച്ച് ഞാൻ ബസ്സിനെ തടഞ്ഞുനിർത്തി.
ഒരു കാര്യം പറയട്ടെ. ജർമനിയിൽ ബസ്സുയാത്ര രസകരമാണ്. ട്രെയിനുകളെ അപേക്ഷിച്ച് ബസ്സുകൾ സമയക്രമം പാലിക്കുന്നതായാണ് അനുഭവം.
ഏത് ബസ്സ് ഏതു സ്റ്റോപ്പിൽ ഏതു സമയത്ത് എത്തിച്ചേരുമെന്നറിയാൻ ആപ്പുകളുണ്ട്. അതുനോക്കി വിശ്വാസമർപ്പിച്ച് ഏതു ഗ്രാമീണമൂലയിലെ സ്റ്റോപ്പിലും നമുക്ക് കാത്തുനിൽക്കാം. ഹരികൃഷ്ണൻ താമസിക്കുന്ന വീടിനു തൊട്ടുതന്നെ ഒരു ബസ്സ്റ്റോപ്പുണ്ട്. Stadtmitte. പക്ഷേ ഞാൻ ഒരു കിലോമീറ്റർ അകലെയുള്ള ബസ് സ്റ്റേഷനിൽ പോയാണ് കയറുക പതിവ്. ആൾത്തിരക്കും ബഹളവുമില്ലാത്ത ഒരു സ്റ്റേഷൻ. നമ്മുടെ നാട്ടിലുള്ളതുപോലെ കച്ചവടപ്പീടികകളുമില്ല. ബസ്സിന്റെ സമയമാവുമ്പോൾ നാലഞ്ച് യാത്രക്കാർ വരും.
ലേഖകന്റെ ജന്മഗ്രാമത്തിലെ ചാത്രാപ്പ് കായൽ
ബസ്സുകളിൽ ദിശാസൂചകമായ ബോർഡുകളുണ്ട്. അകത്തെ ഡിസ്പ്ലേയിൽ അടുത്ത സ്റ്റേഷൻ ഏതെന്ന് എഴുതിക്കാണിക്കും. ഭാഷ ജർമനാണെങ്കിലും ലിപി റോമൻ ആയതുകൊണ്ട് നമുക്ക് വായിക്കാം. ഡ്രൈവർ മാത്രമേ അധികാരിയായിട്ട് ബസ്സിൽ ഉണ്ടാവൂ. അദ്ദേഹം ഇരിക്കുന്ന വശത്തെ വാതിലിൽ കൂടിയാണ് നമ്മൾ കയറേണ്ടത്. അദ്ദേഹത്തെ ഒമ്പതു യൂറോ ടിക്കറ്റ് കാണിക്കുന്നു. വേറെ വർത്തമാനമൊന്നും ആവശ്യമില്ല. യുവാക്കൾ പലരും തങ്ങളുടെ സൈക്കിളും കൊണ്ടാണ് ബസ്സിൽ കയറുന്നത്. അതു കെട്ടിവെക്കാൻ അകത്ത് സൗകര്യമുണ്ട്.
പകൽ മുഴുവൻ ബീച്ചുകളിൽ ചുറ്റിക്കറങ്ങി ഏതാണ്ട് രാത്രിയിലാണ് ഞാൻ മടങ്ങുക പതിവ്. സന്ധ്യയാവുമ്പോൾ കടൽപ്പക്ഷികളുടെ കരച്ചിൽ കേൾക്കാൻ തുടങ്ങും. തീരത്തെ കാട്ടിലുള്ള മരങ്ങളിലാണ് അവ ചേക്കേറുന്നതെന്ന് തോന്നുന്നു. രാത്രിനേരത്തുള്ള പക്ഷികളുടെ കരച്ചിൽ ഒരു ആഗോളപ്രതിഭാസമാണ്. കൂടണയുന്നവർ ഇണകളെ വിളിക്കുന്നതാവാം.
ഞാൻ ജനിച്ചത് ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള പൊറത്തിശേരി എന്ന കർഷകഗ്രാമത്തിലാണ്. അമ്മയുടെ വീടാണ് അവിടെ. ഇന്നത് മുനിസിപ്പൽ പ്രദേശമാണ്. പക്ഷേ അന്നുമിന്നും ഒരു വിദൂര മൂകഗ്രാമം. ‘ആലും തറയും വിളക്കുമായി’ ഒരു കാവ് ഇല്ലാതില്ല.
ഞാൻ ജനിച്ചത് ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള പൊറത്തിശേരി എന്ന കർഷകഗ്രാമത്തിലാണ്. അമ്മയുടെ വീടാണ് അവിടെ. ഇന്നത് മുനിസിപ്പൽ പ്രദേശമാണ്. പക്ഷേ അന്നുമിന്നും ഒരു വിദൂര മൂകഗ്രാമം. ‘ആലും തറയും വിളക്കുമായി’ ഒരു കാവ് ഇല്ലാതില്ല. പറമ്പിനുചുറ്റും വിസ്തൃതമായ കായൽനിലങ്ങളാണ്. രാത്രിയായാൽ വിദേശികളും സ്വദേശികളുമായ ഒരുപാട് പക്ഷികൾ മുളങ്കൂട്ടങ്ങളിലും മറ്റു മരങ്ങളിലും ചേക്കേറും. പിന്നെ അവരുടെ ശബ്ദപ്രകടനങ്ങളാണ്.
പല രാഗങ്ങൾ കലരുമ്പോൾ അതൊരു ജുഗുൽബന്ദി ആയി മാറും. ഓരോ ശബ്ദത്തിനും കൃത്യമായ താളവും ഇടവേളകളുമുണ്ട്. ചെറിയ ശബ്ദം. വലിയ ശബ്ദം. പിന്നെ ഒന്നിച്ച്. താരാട്ടുപോലെ അതു കേട്ടുകൊണ്ടാണ് ഞങ്ങൾ ഉറങ്ങുക. ചില പക്ഷികളുടെ ശബ്ദം കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ വരും. ഇടശ്ശേരി എഴുതിയ പോലെയുള്ള ‘ഇരവിലെ ഭീകരമൂകത’യിൽ നിന്ന് രക്ഷിച്ചത് ആ ശബ്ദങ്ങളാണല്ലോ. ഒപ്പം അമ്മമ്മയുടെ എണ്ണതേച്ച മുടിയുടെ വാസനയും. (തുടരും)
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..