ഷാർജ > ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിന്റെ 12-ാമത് എഡിഷൻ ഷാർജയിൽ ആരംഭിച്ചു. ‘ഇന്നത്തെ വിഭവങ്ങൾ.. നാളത്തെ സമ്പത്ത്’ എന്ന പ്രമേയത്തിൽ 2023 സെപ്തംബർ 13 മുതൽ 14 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഫോറത്തിൽ കമ്മ്യൂണിക്കേഷൻ പ്രൊഫഷണലുകൾ, ഉന്നത തല തീരുമാനങ്ങൾ കൈക്കൊള്ളുന്ന പ്രൊഫഷണലുകൾ, നയതന്ത്ര വിദഗ്ധർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, അന്താരാഷ്ട്ര സ്പീക്കർമാർ എന്നിവർ പങ്കെടുക്കുന്നുണ്ട്.
ദക്ഷിണ കൊറിയ, യുഎസ്എ, മഡഗാസ്കർ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, ഗാംബിയ, ഫിലിപ്പീൻസ്, ഇന്ത്യ, കാനഡ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈൻ, ജോർദാൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഈ വർഷത്തെ ഫോറത്തിലുണ്ട്.
ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ദ്വിദിന ഫോറത്തിൽ യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രിയും എമിറേറ്റ്സ് ഭക്ഷ്യ സുരക്ഷാ കൗൺസിൽ ചെയർപേഴ്സണുമായ മറിയം ബിൻത് മുഹമ്മദ് അൽമിഹെയ്രി ആതിഥേയത്വം വഹിക്കും. കാലാവസ്ഥാ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനും ഭക്ഷ്യ-ജല സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ഊർജ്ജസ്വലമായ ശ്രമങ്ങളിൽ നേതൃത്വം നൽകുന്ന അൽമിഹെയ്രി COP28 ന്റെ തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന ദേശീയ സുപ്രീം കമ്മിറ്റിയിലെ അംഗം കൂടിയാണ്.
‘ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി’ എന്ന് ലോകമെമ്പാടും അറിയപ്പെടുന്ന മുൻ യുഎസ് ചീഫ് ജഡ്ജ് ഫ്രാങ്ക് കാപ്രിയോ ഈ വർഷത്തെ ഫോറത്തിലെ പ്രമുഖ പ്രസംഗകരിൽ ഒരാളാണ്. ഫിലിപ്പീൻസിലെ പരിസ്ഥിതി, പ്രകൃതിവിഭവ വകുപ്പിന്റെ സെക്രട്ടറി മരിയ അന്റോണിയ, ദക്ഷിണ കൊറിയയിലെ ഡിജിറ്റൽ പ്ലാറ്റ്ഫോം ഗവൺമെന്റിന്റെ പ്രസിഡൻഷ്യൽ കമ്മിറ്റി ചെയർമാൻ കോ ജീൻ, ദക്ഷിണ കൊറിയയിലെ ഡിജിറ്റൽ പ്ലാറ്റ്ഫോം ടീം ലീഡർ ഡോ. ചാ ഇൻഹ്യൂക്ക്, ഈജിപ്തിലെ മുൻ പെട്രോളിയം, ധാതു-വിഭവ മന്ത്രി ഡോ. ഒസാമ കമാൽ, റോയൽ ചെയർമാൻ ഡോ. ജോർദാൻ കിംഗ്ഡത്തിലെ മൈനിംഗ് സെക്ടർ മേധാവി അയ്മാൻ അയ്യാഷ്, ബഹ്റൈൻ നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയുടെ സിഇഒ ശൈഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, ഗൾഫ് മോണിറ്ററി കൗൺസിലിന്റെ മുൻ പ്രസിഡണ്ടും, . ഐഎംഎഫിന്റെ മുൻ ഉപദേഷ്ടാവുമായ ഡോ. രാജ അൽ മർസൂഖി, പെക്കിങ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക വിദഗ്ദൻ ഡോ. ഫാൻ ഗാങ്, ചൈനീസ് സാമ്പത്തിക വിദഗ്ദൻ ഡേവിഡ് ദവോകുയി ലി, കനേഡിയൻ ഇന്ത്യൻ എഴുത്തുകാരൻ റോബിൻ ശർമ്മ, ജനിതകമാറ്റം വരുത്തിയ വിത്തിനെതിരായി ലോകമെമ്പാടുമുള്ള പോരാട്ടത്തിനു നേതൃത്വം നൽകിയ.ലോകത്തിലെ ഏറ്റവും ശക്തരായ ഏഴു വനിതകളിൽ ഒരാളായി ഫോബ്സ് മാഗസിൻ 2010 തിരഞ്ഞെടുത്ത ഇന്ത്യയിലെ സാമൂഹിക പ്രവർത്തക ഡോ. വന്ദന ശിവ എന്നിങ്ങനെ നിരവധി പ്രമുഖരാണ് ഫോറത്തിൽ പങ്കെടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..