മധുര‐കൊല്ലം ദേശീയപാതയോട് ചേർന്ന് കിടക്കുന്ന ഗ്രാമമാണ് വണ്ണിവേലംപെട്ടി. ഒരു തനത് തമിഴ്നാടൻ ഗ്രാമം. അവിടെ ക്ഷേത്രക്കുളത്തിനോട് ചേർന്നുള്ള ചുവന്ന ചായമടിച്ച കെട്ടിടത്തിൽ തമിഴിൽ ഇങ്ങനെയെഴുതിയിരിക്കുന്നു, ‘ഇന്ത്യൻ കമ്യൂണിസ്റ്റ് കക്ഷി (മാർക്സിസ്റ്റ്) ഓഫീസ്.’ മുറ്റത്തെ വേപ്പുമരച്ചുവട്ടിലിരുന്ന ഒരാൾ ഞങ്ങളുടെ അടുത്തേക്കുവന്നു. കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അയാൾ സ്വയം പരിചയപ്പെടുത്തി, ‘‘നാൻ ഫിദൽ കാസ്ട്രോ”. അങ്ങ് ദൂരെ ക്യൂബയിൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെന്ന ഏകാധിപതിക്കെതിരായി പൊരുതിയ മനുഷ്യസ്നേഹിയുടെ പേരുമായി സമുദ്രങ്ങൾക്കും വൻകരകൾക്കുമിപ്പുറം ഇവിടെയീ ഉൾനാടൻ തമിഴ് ഗ്രാമത്തിൽ ഈ ചെറുപ്പക്കാരൻ ഞങ്ങളുടെ മുന്നിൽ ചിരിതൂകി നിൽക്കുന്നുണ്ടെങ്കിൽ അതുതന്നെയാണ് ഈ നാടിന്റെ പ്രത്യേകത. കാസ്ട്രോ മാത്രമല്ല, സ്വന്തം പേരിനെ രാഷ്ട്രീയ നിലപാടായി കൊണ്ടുനടക്കുന്ന ഏറെപ്പേരെ ഇനിയുമിവിടെ പരിചയപ്പെടാനുണ്ട്. വണ്ണിവേലംപെട്ടിയിൽ നാം കാണുന്ന രണ്ടിലൊരാളുടെ പേര് ലോകത്തിന്റെ വിവിധ കോണുകളിൽ നടന്ന കമ്യൂണിസ്റ്റ്/സോഷ്യലിസ്റ്റ് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ വിപ്ലവകാരികളുടേതാണ്
വണ്ണിവേലംപെട്ടി. മുൻപ് എപ്പോഴോ മനസ്സിൽ പതിഞ്ഞുപോയ പേരാണ്. മധുരയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് ആ ഉൾനാടൻ തമിഴ് ഗ്രാമത്തെക്കുറിച്ച് വീണ്ടും ഓർമിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കേട്ട ആവേശകരമായൊരു കഥ മനസ്സിൽ മായാതെ കിടക്കുന്നു. ഗൂഗിൾ മാപ്പ് തിരഞ്ഞപ്പോൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന മധുര – കൊല്ലം ദേശീയപാതയോട് ചേർന്ന് തന്നെയാണ് ഗ്രാമം. ഒരു മണിക്കൂർ യാത്ര മാത്രം. മധുരയിൽ നിന്ന് ഏതാണ്ട് 40 കിലോമീറ്റർ പിന്നിട്ട ശേഷം ദേശീയ പാത വിട്ടിറങ്ങി നാട്ടുവഴിയിലേക്ക് തിരിഞ്ഞു. റോഡിനിരുവശവും വിളഞ്ഞു നിൽക്കുന്ന ചോളപ്പാടങ്ങൾ. പകൽ മുഴുവൻ തമിഴകത്തെ പൊരിവെയിലത്തു നിർത്തിയ സൂര്യൻ പടിഞ്ഞാറേക്ക് ചാഞ്ഞുതുടങ്ങി. കത്തിക്കാളുന്ന വെയിലിലും ഊഷരമായ മണ്ണിനെ അത്യധ്വാനംകൊണ്ട് ഹരിതാഭമാക്കുന്ന മനുഷ്യർ പണിയായുധങ്ങളും നീളൻ കുഴയുള്ള ചോറ്റുപാത്രങ്ങളുമായി വീടുകളിലേക്ക് മടങ്ങുന്നു.
രണ്ട് കിലോമീറ്ററെങ്കിലും പിന്നിട്ടിട്ടുണ്ടാകും, മൈതാന സമാനമായൊരു ക്ഷേത്രമുറ്റത്ത് പാതയവസാനിച്ചു. ദ്രാവിഡ വാസ്തുവിദ്യയുടെ സൗന്ദര്യം തുളുമ്പുന്ന കാളിയമ്മൻ കോവിലിനു മുന്നിൽ വണ്ടി നിർത്തി. വണ്ണിവേലംപെട്ടിയെന്ന ഗ്രാമം ഇവിടെ തുടങ്ങുകയാണ്. ഇളംനീല ചായം പൂശി ഓടുപാകിയ ഉയരം കുറഞ്ഞ കടകളും വീടുകളും. പലചരക്കും പച്ചക്കറികളും പൂക്കളും വിൽക്കുന്ന കടകളുണ്ട് പാതയോരത്ത്. ടീ ഷോപ്പുകൾക്കു മുന്നിലെ നീളൻ ബഞ്ചിൽ ചായയും മുറുക്കും കഴിച്ചിരിക്കുന്ന വൃദ്ധർ, കൂടണയാൻ ഒന്നിനു പിന്നാലെ ഒന്നായി റോഡ് മുറിച്ചു കടക്കുന്ന ആട്ടിൻപറ്റങ്ങൾ, ഉയരം കൂടിയ സൈക്കിൾ ഏന്തിവലിഞ്ഞ് ചവിട്ടുന്ന കുട്ടികൾ. മൊരിയുന്ന ഉഴുന്നുവടയുടെയും ദോശയുടെയും പലതരം പൂക്കളുടെയും ഗന്ധം. ഒരു തനത് തമിഴ്നാടൻ ഗ്രാമത്തിന്റെ എല്ലാ ചേരുവകളുമുണ്ട്. അവിടെ ക്ഷേത്രക്കുളത്തിനോട് ചേർന്നുള്ള ചുവന്ന ചായമടിച്ച കെട്ടിട്ടത്തിൽ തമിഴിൽ ഇങ്ങനെയെഴുതിയിരിക്കുന്നു, ‘ഇന്ത്യൻ കമ്യൂണിസ്റ്റ് കക്ഷി (മാർക്സിസ്റ്റ്) ഓഫീസ്’ ഓഫീസിന് മുന്നിലേക്ക് നടന്നു. അപരിചിതരായ രണ്ടുപേരെ കണ്ടിട്ടാകണം ഓഫീസിന്റെ മുറ്റത്തെ വേപ്പുമരച്ചുവട്ടിലിരുന്ന ഒരാൾ ഞങ്ങളുടെ അടുത്തേക്കുവന്നു. കേരളത്തിൽ നിന്നാണെന്നും നാടുകാണാൻ വന്നതാണെന്നും പറഞ്ഞപ്പോൾ അയാൾ സ്വയം പരിചയപ്പെടുത്തി, ‘‘നാൻ ഫിദൽ കാസ്ട്രോ” ഞങ്ങളും കാസ്ട്രോയെയും സഖാക്കളെയും തിരക്കിത്തന്നെ ഇറങ്ങിയതാണെന്നറിഞ്ഞപ്പോൾ ആ ചെറുപ്പക്കാരന് അതിയായ സന്തോഷം. അങ്ങ് ദൂരെ ക്യൂബയിൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെന്ന ഏകാധിപതിക്കെതിരായി പൊരുതിയ മനുഷ്യസ്നേഹിയുടെ പേരുമായി സമുദ്രങ്ങൾക്കും വൻകരകൾക്കുമിപ്പുറം ഇവിടെയീ ഉൾനാടൻ തമിഴ് ഗ്രാമത്തിൽ ഈ ചെറുപ്പക്കാരൻ ഞങ്ങളുടെ മുന്നിൽ ചിരിതൂകി നിൽക്കുന്നുണ്ടെങ്കിൽ അതുതന്നെയാണ് ഈ നാടിന്റെ പ്രത്യേകത. കാസ്ട്രോ മാത്രമല്ല, സ്വന്തം പേരിനെ രാഷ്ട്രീയ നിലപാടായി കൊണ്ടുനടക്കുന്ന ഏറെപ്പേരെ ഇനിയുമിവിടെ പരിചയപ്പെടാനുണ്ട്. വണ്ണിവേലംപെട്ടിയിൽ നാം കാണുന്ന രണ്ടിലൊരാളുടെ പേര് ലോകത്തിന്റെ വിവിധ കോണുകളിൽ നടന്ന കമ്യൂണിസ്റ്റ്/സോഷ്യലിസ്റ്റ് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ വിപ്ലവകാരികളുടെതായിരിക്കും.
കമ്യൂണിസത്തെ ജീവനുതുല്യം സ്നേഹിക്കുന്ന മനുഷ്യരുടെ നാടാണിത്. നാലായിരത്തിനുമുകളിൽ ജനസംഖ്യയുള്ള ഗ്രാമത്തിൽ ബഹുഭൂരിപക്ഷവും മാർക്സിസ്റ്റ് പാർടി അംഗങ്ങളോ അനുഭാവികളോ ആണ്. മാർക്സിയൻ ദർശനങ്ങൾ പകർന്നു നൽകിയ മനുഷ്യസ്നേഹത്തിന്റെ പാഠങ്ങൾ ജീവിതമൂല്യങ്ങളായി ഹൃദയത്തിലേറ്റിയവരുടെ നാട്.
കാസ്ട്രോ ഞങ്ങളെ പാർടി ഓഫീസീലേക്ക് ക്ഷണിച്ചു. ഓഫീസിനോടു ചേർന്നു തന്നെയാണ് കാസ്ട്രോയുടെ മൂത്ത സഹോദരി ഗൗരിയമ്മയുടെ വീട്. ഗൗരിയമ്മയാണ് ഞങ്ങൾക്ക് ചായയുണ്ടാക്കി തന്നത്. ഗൗരിയമ്മയ്ക്ക് കാസ്ട്രോയെക്കൂടാതെ രണ്ട് അനുജന്മാർ കൂടിയുണ്ട്. ഓട്ടോ ഡ്രൈവറായ ഡിമിത്രോയും സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അലക്സാണ്ടറും. രണ്ട് പേരും ഇപ്പോൾ സ്ഥലത്തില്ല. തൊഴിൽപരമായ ആവശ്യങ്ങൾക്കായി ഗ്രാമത്തിന് വെളിയിലാണ്. ഗൗരിയമ്മ മകന് പേരിട്ടത് ഹോചിമിൻ എന്നാണ്. ഹോചിമിൻ മാധ്യമപഠനത്തിനു ശേഷം ഇപ്പോൾ നാട്ടിൽ ഒരു പ്രാദേശിക ചാനലിൽ ജോലി ചെയ്യുന്നു.
ചായ കുടിച്ചിരിക്കുമ്പോഴാണ് ഓഫീസിൽ തങ്ങൾക്ക് രണ്ട് അതിഥികളുണ്ടെന്നറിഞ്ഞ് കാൾ മാർക്സും ജ്യോതി ബസുവും അവിടേക്ക് വരുന്നത്. വണ്ണിവേലംപെട്ടിയിലെ തലമുതിർന്ന കർഷകരായ ഇരുവരും പാർടി അംഗങ്ങളുമാണ്. തൊഴിലാളിവർഗ വിമോചനത്തിനായുള്ള പ്രത്യയശാസ്ത്രത്തെ കരുപ്പിടിപ്പിക്കാൻ ജീവിതമുഴിഞ്ഞുവച്ച ജർമൻകാരന്റെ വെള്ളത്താടിയെ ഓർമിപ്പിക്കും വിധം ഞങ്ങളുടെ മുന്നിലിരിക്കുന്ന കർഷകനായ ഈ കാൾ മാർക്സിനും നെഞ്ചൊപ്പമെത്തുന്ന വെള്ളത്താടിയുണ്ട്. സമയം അഞ്ചാകുന്നതേയുള്ളു. ഗ്രാമത്തിലെ ഭൂരിഭാഗം പേരും ജോലികൾ കഴിഞ്ഞ് പാർടിയോഫീസിലെത്തി അൽപ്പനേരമെങ്കിലും ചെലവഴിക്കാറുണ്ടത്രേ. എല്ലാവരും എത്തുന്ന സമയമാകുന്നതേയുള്ളു. മറ്റ് സഖാക്കളെയും കണ്ടിട്ട് വേണം മടങ്ങാനെന്ന് മാർക്സിന് നിർബന്ധം. ഞങ്ങൾക്കും അത് സന്തോഷമുള്ള കാര്യമാണല്ലോ.
എല്ലാവരും എത്തുന്നതുവരെ ജ്യോതി ബസുവിന്റെ പരുത്തിത്തോട്ടത്തിലൂടെ ഞങ്ങളൊന്ന് നടക്കാൻ തീരുമാനിച്ചു. കുട്ടിരാജയെന്ന സഖാവും ഞങ്ങൾക്കൊപ്പം കൂടി. കുട്ടിരാജ ഏറെനാൾ കേരളത്തിലുണ്ടായിരുന്നു. മലയാളം നന്നായി അറിയാം. മാർക്സും ജ്യോതി ബസുവും പറഞ്ഞു തുടങ്ങിയ വണ്ണിവേലംപെട്ടിയുടെ പോരാട്ട കഥകളിൽ ഞങ്ങൾക്ക് മനസ്സിലാകാത്ത സെന്തമിഴ് വാക്കുകളും പ്രയോഗങ്ങളും കുട്ടിരാജയാണ് മൊഴിമാറ്റിത്തന്നത്.
പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ കമ്യൂണിസത്തിന്റെ പാത പിന്തുടർന്നു തുടങ്ങിയവരാണ് വണ്ണിവേലംപെട്ടിക്കാർ. അതിനു തുടക്കമിട്ടത് ആ നാട്ടുകാർ ബഹുമാനത്തോടെ അയ്യാവ് എന്ന് വിളിക്കുന്ന ടി വി വേമ്പുടു എന്ന തൊഴിലാളിയാണ്. തന്റെ യൗവ്വനകാലത്ത് തഞ്ചാവൂരിൽ തൊഴിൽ തേടിപ്പോയ വേമ്പുടു അവിടെ മുതലാളിമാരുടെയും കിങ്കരന്മാരുടെയും ചൂഷണങ്ങൾക്കെതിരെ നിരന്തരം പോരാടുന്ന ഒരുകൂട്ടം മനുഷ്യരെ പരിചയപ്പെട്ടു. സിഐടിയു പ്രവർത്തകരായിരുന്ന അവരുടെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടനായ വേമ്പുടു ട്രേഡ് യൂണിയനിൽ അംഗമായി. ഉശിരൻ കമ്യൂണിസ്റ്റായാണ് അയാൾ തഞ്ചാവൂരിൽ നിന്നും ഗ്രാമത്തിലേക്ക് മടങ്ങുന്നത്.
ഭൂവുടമകളും പ്രാദേശിക രാഷ്ട്രീയ നേതാക്കളും തന്റെ ജനതയോട് ചെയ്യുന്ന അനീതികൾക്കെതിരെ ശബ്ദമുയർത്താൻ വേമ്പുടു തീരുമാനിച്ചു. ഏക്കറുകണക്കിന് ഭൂമി സ്വന്തമായുള്ള അതിസമ്പന്നർ അടിമകളെപ്പോലെയായിരുന്നു തൊഴിലാളികളെ കണ്ടിരുന്നത്. കൃത്യമായ കൂലിയില്ല. പരാതി പറയാൻ ചെല്ലുന്ന പൊലീസ് സ്റ്റേഷനും രാഷ്ട്രീയ പാർടി ഓഫീസുകളും മുതലാളിമാർ വിലയ്ക്കെടുത്തിരിക്കുകയായിരുന്നു. ആ വരണ്ടമണ്ണിൽ ആശ്രയമേതുമില്ലാതെ മാടുകളെപ്പോലെ പണിയെടുത്തിരുന്ന മനുഷ്യരുടെ കൈകളിലേക്ക് അയ്യാവ് ചെങ്കൊടി കൈമാറി. സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും ബാലപാഠങ്ങൾ അയാൾ തന്റെ ജനതയെ പഠിപ്പിച്ചു, ഒപ്പം നിക്ഷേധിക്കപ്പെടുന്ന അവകാശങ്ങൾ നേടിയെടുക്കാൻ പോരാടാനും. കർഷക സംഘം രൂപീകരിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് സിപിഐ എം ബ്രാഞ്ച് രൂപീകരിച്ചു. തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാടെടുക്കുന്ന പാർടിയുടെയും സഖാക്കളുടെയും ഒപ്പം ഗ്രാമവാസികൾ ഒന്നൊന്നായി ചെങ്കൊടിക്കു പിന്നിൽ അണിനിരന്നു. ഇന്ന് വണ്ണിവേലംപെട്ടിയിലെ ഒരു സർക്കാർ ഓഫീസിലും ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കപ്പെടാറില്ല. കർഷകരെയും തൊഴിലാളികളെയും ചൂഷണം ചെയ്യാൻ ഒരു മുതലാളിയും ശ്രമിക്കാറില്ല. സന്ധിയില്ലാത്ത പോരാട്ടങ്ങളിലൂടെ കമ്യൂണിസ്റ്റുകാർ തമിഴ്നാട്ടിലെ ഒരു മാതൃകാ ഗ്രാമമാക്കി വണ്ണിവേലംപെട്ടിയെ മാറ്റി.
ഗ്രാമത്തിലെ ആളുകൾക്ക് എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് നേതാക്കളുടെ പേരിടുന്നതെന്ന ചോദ്യത്തിന് ഉത്തരം തന്നത് ജ്യോതി ബസുവാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നടന്ന വിപ്ലവങ്ങളും വിമോചനപോരാട്ടങ്ങളും സമരങ്ങളും വണ്ണിവേലംപെട്ടിക്കാർക്ക് മനഃപാഠമാണ്. ഗ്രാമത്തിലെ ആദ്യകാല സഖാക്കൾ ആ കഥകളിലൂടെയാണ് തങ്ങളുടെ വിമോചനസ്വപ്നങ്ങൾക്ക് കരുത്ത് പകർന്നത്. വേലകഴിഞ്ഞെത്തി രാത്രികളിൽ ഇത്തിരി വെട്ടത്തിന് ചുറ്റുമിരുന്ന് അവർ വ്ലാഡിമർ ലെനിനെക്കുറിച്ചും ലോകമാകെയുള്ള വിമോചന ജൈത്രയാത്രകളെ ഉത്തേജിപ്പിച്ച മഹത്തായ ഒക്ടോബർ വിപ്ലവത്തെക്കുറിച്ചുമറിഞ്ഞു. ഹോചിമിന്റെ വിയറ്റ്നാമെന്ന കൊച്ചു രാജ്യത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചറിഞ്ഞു. ബാറ്റിസ്റ്റയുടെ നീചഭരണത്തിനെതിരെ ക്യൂബൻ മണ്ണിൽ നടന്ന ഗറില്ലായുദ്ധത്തെക്കുറിച്ചും അതിന് നേതൃത്വം നൽകിയ ഫിദൽ കാസ്ട്രോയെക്കുറിച്ചും ഏണസ്റ്റോ ചെഗുവേരയെക്കുറിച്ചുമറിഞ്ഞു. സിയറ മിസ്ത്രയും ലാ പ്ലാറ്റയും വണ്ണിവേലംപെട്ടിയിലെ തെരുവുകളായി മാറി. പശ്ചിമഘട്ടത്തിനപ്പുറത്തെ പുന്നപ്ര – വയലാറും കയ്യൂരും കരിവെള്ളൂരും അവർക്ക് ഊർജമായി. അറിയുന്തോറും കൂടുതൽ കൂടുതലറിയാൻ അവരുടെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു. അറിഞ്ഞ ചരിത്രം അവർ പുതുതലമുറയ്ക്ക് പകർന്നു നൽകി.
‘‘വീരർകൾ, മക്കള്ക്കാകെ പോരാടിയവർ, അവരോടതല്ലാമൽ വേറെയെന്ത പേരെ സൊല്ലി നാങ്കൾ എങ്കൾ പുള്ളെങ്കളെ കുപ്പിട മുടിയും,” ബസുവിന്റെ വാക്കുകളിൽ ആവേശം നിറയുന്നു.
രാഷ്ട്രീയ എതിരാളികൾ പലവിധത്തിൽ ശ്രമിച്ചിട്ടും ഗ്രാമത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തെ ഇന്നോളം തടുക്കാനായിട്ടില്ല. ജാതിയും മതവും പണവും പലകുറി പ്രലോഭിപ്പിച്ചിട്ടും അതിനൊരു പോറൽപോലുമേറ്റില്ല. വർഷങ്ങൾക്ക് മുൻപ് ഒരു തെരഞ്ഞെടുപ്പ് കാലത്ത് തൊട്ടടുത്ത ഗ്രാമത്തിലെ കോൺഗ്രസ് നേതാവ് ഒരു സഞ്ചി നിറയെ പണവുമായി വണ്ണിവേലംപെട്ടിയിലെത്തി. കവലയിലെ മരച്ചുവട്ടിലിരുന്ന വൃദ്ധന് നോട്ടെടുത്ത് നീട്ടി ഇത്തവണ വോട്ട് കോൺഗ്രസിനാകട്ടെയെന്ന് പറഞ്ഞു. സഞ്ചി പിടിച്ചു വാങ്ങി അതിലെ നോട്ടുകെട്ടുകൾ ആ വൃദ്ധൻ നേതാവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. പിന്നൊരാളും പണവുമായി അവിടേക്ക് വന്നിട്ടില്ല.
ഞങ്ങൾ തിരികെ ഗ്രാമത്തിലേക്കെത്തിയപ്പോൾ പാർടി ഓഫീസിനു മുന്നിൽ വലിയ ആൾക്കൂട്ടം. കേരളത്തോട് വലിയ സ്നേഹവും ബഹുമാനവും വച്ചുപുലർത്തുന്ന ഗ്രാമക്കാർ തങ്ങളുടെ അതിഥികളെ കാത്തിരിക്കുകയാണ്. അതിൽ തൊണ്ണൂറു കഴിഞ്ഞ സീനിയമ്മാൾ മുതൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ചെഗുവേര വരെയുണ്ട്. ചെഗുവേരയുടെ ക്ലാസിൽ തന്നെയാണ് നൃപൻ ചക്രവർത്തിയും പഠിക്കുന്നത്. നൃപന്റെ അനുജത്തി ജാൻസി റാണി അഞ്ചാം ക്ലാസിലാണ്. ചെഗുവേരയുടെ ചിത്രമുള്ള ടീഷർട്ടുകളാണ് കുട്ടികളിൽ മിക്ക വരും ധരിച്ചിരിക്കുന്നത്. സീനിയമ്മാളും ഒപ്പമുള്ള മുത്തശ്ശിമാരും അവരുടെ വലതു കൈ നീട്ടി കാണിച്ചു. വാർധക്യം ചുളിവുകൾ വീഴ്ത്തിയ കൈത്തണ്ടകളിൽ അരിവാൾ ചുറ്റിക നക്ഷത്രം പച്ചകുത്തിയിരിക്കുന്നു. മുത്തശ്ശിമാർ ആവേശത്തോടെ പറഞ്ഞു.
‘‘സാമിയെല്ലാം കുലസാമി കടയാത്, എങ്കൾ തലൈവർ താൻ എങ്കളുക്ക് കുലസാമി,
എങ്കൾ രത്തത്തിലെ മാർസിസം താ ഓട്റ്ത്”
വീട്ടമ്മയായ ജെന്നി മഹിളാ അസോസിയേഷൻ പ്രവർത്തകയാണ്. വീട്ടുകാര്യങ്ങളും പൊതുകാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ജെന്നിയുടെ പക്ഷം. ഗ്രാമത്തിലെ സ്ത്രീ സഖാക്കളെ വിളിച്ചുകൂട്ടാനും അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കാണാനും മഹിളാ പ്രവർത്തകർ നിരന്തരം ഇടപെടുന്നു. ഇലക്ട്രീഷ്യനായ ലെനിൻ ദാസും സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ സുഖ്ദേവും അൽപ്പം വൈകിയാണ് പാർടി ഓഫീസിലേക്ക് എത്തിയത്. നഴ്സിങ് വിദ്യാർഥിയായ സ്റ്റാലിനും അവർക്കൊപ്പമുണ്ടായിരുന്നു. സീനിയമ്മാളും മുത്തശ്ശിമാരും നാടിന്റെ പോരാട്ടകഥകളുടെ ചെപ്പ് തുറന്നു.
എഴുപതുകളുടെ തുടക്കത്തിലാണ്, വരൾച്ചയും കൃഷിനാശവുംമൂലം ദുരിതത്തിലായിരുന്ന ഗ്രാമത്തിലെ കർഷകരുടെ വായ്പകൾ മുന്നറിയിപ്പില്ലാതെ തിരിച്ചുപിടിക്കാൻ ബാങ്കുകൾ ശ്രമമാരംഭിച്ചു. കൃഷി വലിയ നഷ്ടത്തിലായിരുന്നതിനാൽ ആർക്കും തിരിച്ചടവ് സാധ്യമായില്ല. ബാങ്കുകൾ ദയയില്ലാതെ ജപ്തി നടപടികൾ ആരംഭിച്ചു. എന്നാൽ കമ്യൂണിസ്റ്റ് പാർടി നേതാക്കളും പ്രവർത്തകരും ഓരോ കർഷകരുടെ വീട്ടിലും ചെങ്കൊടിയുമായി കാവൽ നിന്നു. ഉദ്യോഗസ്ഥർ പൊലീസുമായെത്തിയെങ്കിലും പ്രവർത്തകർ പിൻവാങ്ങിയില്ല. അവരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഒടുവിൽ ബാങ്ക് അധികൃതർക്ക് പിൻവാങ്ങേണ്ടി വന്നു.
ചിപ്കോ പ്രസ്ഥാനത്തിന് സമാനമായൊരു പോരാട്ടചരിത്രം വണ്ണിവേലംപെട്ടിക്കും പറയാനുണ്ട്. ഒരിക്കൽ ഗ്രാമത്തിലെ ജലസേചനപദ്ധതിക്കായി ഉപയോഗിച്ചിരുന്ന കുളത്തിനു ചുറ്റും തരിശു കിടന്ന ഭൂമിയിൽ ഒരു കർഷകൻ വാഴ നട്ടു. കുലവെട്ടാൻ പാകമായപ്പോൾ അധികാരികൾ കൈക്കൂലി ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ വാഴകൾ വെട്ടി നശിപ്പിക്കുമെന്നായിരുന്നു ഭീഷണി. സഖാക്കൾ ഒത്തുചേർന്ന് ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന് തീരുമാനിച്ചു. കൃഷി നശിപ്പിക്കാൻ ഗുണ്ടകളുമായി എത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ ഓരോ വാഴയിലും കെട്ടിപ്പിടിച്ച് കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർ അണിനിരന്നു, വാഴകൾ മുറിക്കണമെങ്കിൽ ആദ്യം തങ്ങളെ വെട്ടിമുറിക്കട്ടെയെന്ന പ്രഖ്യാപനവുമായി. വലിയ സംഘർഷമാണ് സ്ഥലത്തുണ്ടായത്. കടുകിട പിന്നോട്ട് മാറാൻ പ്രവർത്തകർ തയ്യാറായില്ല. സംഭവമറിഞ്ഞെത്തിയ സബ് കലക്ടർ ഉദ്യോഗസ്ഥരുടെ തട്ടിപ്പ് മനസ്സിലാക്കുകയും അവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. അന്ന് പത്ത് വയസ്സുമാത്രം പ്രായമുള്ള ജ്യോതി ബസു ആ സമരത്തിൽ താനും പങ്കാളിയായതിനെക്കുറിച്ച് അഭിമാനത്തോടെ ഓർക്കുന്നു.
തമിഴ്നാട് സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കുന്നതിനും മുൻപെ 1950കളിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ച ഗ്രാമമാണ് വണ്ണിവേലംപെട്ടി. കർഷകരിൽനിന്ന് സഹായങ്ങൾ സ്വീകരിച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. ഒരിക്കൽ പൊലീസ് സ്റ്റേഷനിൽവച്ച് ജാതി ചോദിച്ച പൊലീസുകാരനോട് തനിക്ക് ജാതിയില്ലെന്ന് പറഞ്ഞപ്പോഴുണ്ടായ കൊടിയ മർദനത്തെക്കുറിച്ച് കാൾ മാർക്സ് ഓർക്കുന്നു. ഇന്ന് കാര്യങ്ങൾ മാറി. ഗ്രാമത്തിലെ ഒരു സർക്കാർ ഓഫീസിലും ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടാറില്ല. പൊലീസ് സ്റ്റേഷനിൽനിന്നും ആർക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറില്ല.
നിരന്തരമായ പഠനവും ചർച്ചകളുമാണ് ഗ്രാമവാസികളെ കമ്യൂണിസത്തോട് ചേർത്തു നിർത്തുന്നത്. അന്ധമായ താരാരാധന സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനം എളുപ്പമാക്കുന്ന നാടാണ് തമിഴ്നാട്. എംജിആറും ജയലളിതയും കരുണാനിധിയുമെല്ലാം തിളങ്ങി നിന്ന അന്തകാലത്തും സംഘപരിവാർ ചട്ടുകങ്ങളായി നിന്നുകൊണ്ട് ചില സിനിമാക്കാർ രാഷ്ട്രീയ പ്രവേശനത്തിന് ശ്രമിക്കുന്ന ഇന്തകാലത്തും വണ്ണിവേലംപെട്ടിയിൽ അരാഷ്ട്രീയ ചിന്തകൾക്ക് സ്ഥാനമില്ല. സംഘപരിവാറെന്ന പൊതു ശത്രുവിനെതിരെയാണ് പുതിയ കാലത്തെ പോരാട്ടമെന്നും അതിന് ജനാധിപത്യ വിശ്വാസികളായ ഏവരും ഒന്നിച്ചണിനിരക്കേണ്ടതുണ്ടെന്നും മകൾ മാർക്സിയയെ ഒക്കത്തിരുത്തി മഹിളാ അസോസിയേഷൻ പ്രവർത്തക വെൺമണി പറയുന്നു. മഴകുറഞ്ഞതോടെ ഗ്രാമത്തിലെ ചിലയിടങ്ങളിൽ കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. അവിടങ്ങളിലേക്ക് ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കാനുളള ചർച്ചകളിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ.
പുതിയൊരുദയത്തിനു മുന്നിലെ ചെറിയൊരിടവേളയിൽ ആകാശത്തെ ചെഞ്ചോപ്പണിയിച്ച് സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ മറഞ്ഞു. നിറഞ്ഞ മനസ്സോടെയാണ് ഗ്രാമത്തിൽനിന്ന് മടങ്ങിയത്. സീനിയമ്മാൾ പാടിത്തന്ന പാട്ട് ഉള്ളിൽ മുഴങ്ങുന്നുണ്ട്,
‘ഏളൈ വ്യവസായികളെ, എൻട്രും ഉഴൈപ്പാളികളെ
നാളെയിന്ത മാനിലത്തെ ആളൈപ്പോകും മന്നർകളൈ…’
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..