റിയാദ്> പത്ത് മാസം മുമ്പ് റിയാദിലെത്തി കുടുങ്ങിയ അഫ്സലും കുടുംബവും കേളി കലാ സാംസ്കാരിക വേദിയൂടെ സഹായത്തോടെ നാട്ടിലെത്തി.
കൊല്ലം ഇരവിപുരം സ്വദേശി അഫ്സൽ റിക്രൂട്ടിംഗ് ഏജൻസി വഴി തൊഴിൽ വിസയിലാണ് റിയാദിലെത്തുന്നത്. തരക്കേടില്ലാത്ത ജോലിയും വാഗ്ദാനം ചെയ്ത ശമ്പളവും ലഭിച്ചു തുടങ്ങിയതോടെ തന്റെ ജീവിതപങ്കാളിയേയും മൂന്ന് വയസ്സുള്ള മകനേയും വിസിറ്റിംഗ് വിസയിൽ കൊണ്ട് വരികയും ചെയ്തു. ആദ്യ മൂന്ന് മാസം കഴിഞ്ഞ് വിസ പുതുക്കുകയും ചെയ്തു.
ഈ അവസരത്തിലാണ് അഫ്സൽ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് വിസ മാറ്റാൻ റിക്രൂട്ടിംഗ് കമ്പനി ആവശ്യപ്പെടുന്നത്. ഒരു മാസത്തെ സമയ പരിധിയും നൽകി. എന്നാൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പ്രതിസന്ധികാരണം പറഞ്ഞ സമയത്തിനുള്ളിൽ വിസ മാറ്റാനായില്ല. തുടർന്ന് റിക്രൂട്ടിംഗ് ഏജൻസി ഉറൂബ് രജിസ്റ്റർ ചെയ്തതോടെ തൊഴിൽ നഷ്ടപ്പെട്ടു. ഈ പ്രതിസന്ധിഘട്ടത്തിൽ കുടുംബത്തിന്റെ വിസ പുതുക്കാൻ സാധിച്ചില്ല.
വിസ പുതുക്കാത്തതിനാലും അഫ്സലിന്റെ ഉറൂബും കാരണം കുടുംബത്തെ തിരിച്ചയയ്ക്കാനും കഴിഞ്ഞില്ല. വാടക കരാർ പുതുക്കാത്തതിനാൽ താമസ സ്ഥലത്തു നിന്നും ഇവരെ ഇറക്കി വിട്ടു. താമസ സ്ഥലത്തിനായി പലരേയും സമീപിച്ചെങ്കിലും കുടുംബസമേതമായതിനാൽ ആരും സഹായിച്ചില്ല.
കേളി കലാ സാംസ്കാരിക വേദി ബദിയ ഏരിയ ജീവകാരുണ്യ കൺവീനർ ജേർണറ്റ് നെൽസനെ സുഹൃത്തുക്കൾ വിവരം ധരിപ്പിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രവർത്തനങ്ങൾനടത്തുകയും ബദിയ ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര താമസ സൗകര്യം ഏർപ്പാടാക്കുകയും ചെയ്തു. കേളി പ്രവർത്തകർ ആവശ്യമായ ഭക്ഷണ സാമഗ്രികൾ എത്തിച്ചു നൽകി.
സൗദി പാസ്പോർട്ട് വിഭാഗത്തിൽ എംബസ്സിയുടെ നിരന്തര ഇടപെടലിന്റെ ഫലമായി 15 ദിവസത്തിനകം 700 റിയാൽ പിഴയൊടുക്കി കുടുംബത്തെ തിരിച്ചയയ്ക്കാനുള്ള രേഖകൾ ശരിയാക്കി. പിഴ തുകക്കും ടിക്കറ്റിനും ആവശ്യമായ സാമ്പത്തികം നാട്ടിൽ നിന്നും തരപ്പെടുത്തി. രണ്ടാഴ്ചക്കുള്ളിൽ അഫ്സലിന്റെ തിരിച്ച് പോക്കിനാവശ്യമായ രേഖകളും എംബസ്സി ശരിയാക്കി നൽകി.1700 റിയാൽ ട്രാഫിക്ക് പിഴയും ടിക്കറ്റും ശരിയാക്കി കഴിഞ്ഞ ദിവസം അഫ്സലും കുടുംബവും നാട്ടിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..