കുവൈത്ത് സിറ്റി > കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ചൈനയിലെ ഹാങ്ഷൗവിലെ വെസ്റ്റ് ലേക്കിൽ കുടിക്കാഴ്ച നടത്തി . 50 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരു ജനതകളുടെയും അഭിവൃദ്ധി വർദ്ധിപ്പിക്കുന്നതിനും പുരോഗതിക്കും വികസനത്തിനും സംഭാവന നൽകുകയെന്ന ലക്ഷ്യത്തോടെ അവയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
കുവൈത്തും ചൈനയും തമ്മിൽ 2024– 2028 വരെ വിവിധ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല അൽ ജാബിർ അൽ സബാഹും കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും പാർട്ടിയുടെ വിദേശകാര്യ സമിതി ഡയറക്ടറുമായ വാങ് യിയുമാണ് ഉടമ്പടികളിൽ ഒപ്പുവെച്ചത്.
കുറഞ്ഞ കാർബൺ റീസൈക്ലിംഗ് ഗ്രീൻ സിസ്റ്റം സംബന്ധിച്ച് ദേശീയ വികസന പരിഷ്കരണ കമ്മീഷൻ ചെയർമാൻ ഷെങ് ഷാൻജിയുമായി ഷെയ്ഖ് സലേം അബ്ദുല്ല അൽ-സബാഹ് ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഊർജ സംവിധാനങ്ങളെക്കുറിച്ചും പുനരുപയോഗ ഊർജത്തെക്കുറിച്ചും കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. ജാസിം അൽ ഉസ്താദ് ചൈനീസ് ദേശീയ ഊർജ വകുപ്പുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു.മുബാറക് അൽ-കബീർ തുറമുഖവുമായി ബന്ധപ്പെട്ട് ഉപപ്രധാനമന്ത്രി, എണ്ണ മന്ത്രി, സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി ഡോ. സാദ് അൽ ബറാക്ക് ഗതാഗത മന്ത്രി ലി സിയാവോപെങ്ങുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
വിദേശകാര്യ മന്ത്രി കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയെ (കെഡിപിഎ) പ്രതിനിധീകരിച്ച് സാമ്പത്തിക, സ്വതന്ത്ര മേഖലകൾ സംബന്ധിച്ച് ചൈനീസ് വാണിജ്യ മന്ത്രി വാങ് വെന്റാവോയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഭവനകാര്യ സഹമന്ത്രി ഭവന ക്ഷേമത്തിനായുള്ള പൊതു അതോറിറ്റിയും ചൈനീസ് മന്ത്രാലയവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..