റിയാദ് > പ്രവാസ സ്മരണകളിൽ നിറഞ്ഞ് പ്രഥമ സംസ്ഥാനതല കേളി കുടുംബ സംഗമം നിലമ്പൂരിൽ സമാപിച്ചു. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളി കലാ സാംസ്കാരിക വേദിയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ പ്രവർത്തിച്ച് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് നിലമ്പൂരിൽ ഒത്തുചേർന്നത്.
അകമ്പാടം ഏദൻ കൺവെൻഷൻ സെൻററിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രവാസികളെ ഇത്ര അധികം ഹൃദയത്തോട് ചേർത്ത മറ്റൊരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും പ്രവാസികൾക്ക് കേരള സർക്കാർ നൽകുന്ന നിരവധി ആനുകൂല്യങ്ങൾ അതിനു തെളിവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിലമ്പൂർ എംഎൽഎ പി വി അൻവർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. നാടിൻറെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്നതിൽ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് എം എൽ എ പറഞ്ഞു.
കേളി അംഗമായിരിക്കെ മരണപ്പെട്ടവർക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി മരണപ്പെട്ട അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഗോപിനാഥൻ വേങ്ങര അധ്യക്ഷത വഹിച്ചു. കേളി മുൻ സെക്രട്ടറിയും കുടുംബ സംഗമ സംഘാടക സമിതി കൺവീനറുമായ ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഇ പത്മാക്ഷൻ, കേളി മുൻ രക്ഷാധികാരി സമിതി അംഗവും സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ ബി എം റസാഖ്, റിയാദ് കേളി രക്ഷാധികാരി സമിതി കൺവീനറും ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ്, നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലിം, പ്രവാസി സംഘം മലപ്പുറം ജില്ലാ സെക്രട്ടറിയും ജിദ്ദ നവോദയ മുൻ രക്ഷാധികാരിയുമായ വികെ റൗഫ്, പ്രശസ്ത കലാകാരി നിലമ്പൂർ ആയിഷ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. കേളി മുൻ രക്ഷാധികാരി സമിതി അംഗങ്ങളും ഭാരവാഹികളുമായിരുന്ന പി വൽസൻ, എം നസീർ, ദസ്തക്കീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേളി രൂപീകൃതമായ കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലം ബി എം റസാഖ് സദസ്സിനെ ഓർമ്മപ്പെടുത്തി.
കേളി കുടുംബാഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാസാംസ്കാരിക പരിപാടികൾ കുടുംബ സംഗമത്തിന്റെ ഭാഗമായി അരങ്ങേറി. ‘നിലമ്പൂർ നടനം നൃത്താലയം’ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, നിസ്സാർ മമ്പാടും സംഘവും അവതരിപ്പിച്ച ഗാനമേള എന്നീ പരിപാടികളും വേദിയിൽ അവതരിപ്പിച്ചു. കേളി മുൻ സെക്രട്ടറി റഷീദ് മേലേതിൽ ചടങ്ങിന് നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..